Top
22
Wednesday, November 2017
About UsE-Paper

എനിക്ക് അവര്‍ അമ്മ

Tuesday Sep 12, 2017
എന്‍ എസ് സജിത്

2017 സപ്തംബര്‍ ഏഴ്. ബംഗളൂരു ടൌണ്‍ഹാളിനടുത്തുള്ള രവീന്ദ്ര കലാക്ഷേത്രയുടെ മുറ്റം. തൊട്ടുതലേന്ന് അവിടെ നടന്ന ചരമോപചാരങ്ങളുടെ ഒന്നും അവശേഷിച്ചിട്ടില്ല അവിടെ.ഒരു പൂവിതളോ. പുഷ്പചക്രങ്ങളുടെ അരികില്‍ പിടിപ്പിച്ച തൊങ്ങലുകളുടെയോ വര്‍ണനൂലുകളുടെയോ തുമ്പുപോലും ആ മുറ്റത്തില്ല.
കലാക്ഷേത്രയുടെ കാന്റീനോട് ചേര്‍ന്നുള്ള ഹാളിനുള്ളില്‍ പലരുമുണ്ട്. അവര്‍ വലിയൊരു പ്രതിഷേധത്തിന്റെ ഒരുക്കത്തിലാണ്. എഴുത്തുകാരിയായ കെ നീലയാണ് എല്ലാറ്റിനും മുന്നില്‍. വിങ്ങുന്ന മുഖവുമായി ഹാളിലേക്ക് വരുന്നവരെ സ്വീകരിക്കുന്നു. വന്നവര്‍ ചിലര്‍ ഗാഢമായി ആശ്ളേഷിച്ച് പരസ്പരം ആശ്വസിപ്പിക്കുന്നു. വിങ്ങുന്ന മുഖങ്ങളില്‍ രോഷത്തിന്റെ ചൂട്.

കര്‍ണാടകത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുണ്ട്, കവികളുണ്ട്, മഹിളാ- ദളിത് സംഘടനകളുടെ നേതാക്കളുണ്ട്, മുന്‍ നക്സലൈറ്റുകളുണ്ട്. ഗൌരി ലങ്കേഷിനെ രണ്ടുദിവസം മുമ്പ് വെടിവച്ചുകൊന്ന സംഭവത്തെക്കുറിച്ച് അവര്‍ യോഗത്തില്‍ വാചാലരായി. പൊടുന്നനെ ഉയരംകൂടിയ, നരച്ച താടിയുള്ള ഒരാള്‍ മുഖം പൊത്തി പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്കുവന്നു. അതുവരെ നിയന്ത്രിച്ചു നിര്‍ത്തിയ ദുഃഖം ഉരുള്‍പൊട്ടിയൊഴുകുകയാണ്. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമാണ് വേഷം. നെഞ്ചില്‍ ചെഗുവേരയുടെ ചിത്രം.

ഞങ്ങള്‍ക്ക് ആളെ പിടികിട്ടിയില്ലെന്ന് അറിഞ്ഞതുകൊണ്ടാവും തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞു, ചെ ബാലു. ഗൌരിക്ക് അവന്‍ മകനെപ്പോലെയാണ്. ബാലുവിന്റെ സങ്കടമൊന്നടങ്ങിയപ്പോള്‍ ഞങ്ങള്‍ അടുത്തുചെന്നു. ക്യാമറ മിന്നുന്നതു കണ്ടപ്പോള്‍ ഞങ്ങളെ മുഷിപ്പിക്കാതെ മുഖം തിരിച്ചു. അടുത്തെത്തിയപ്പോള്‍ കണ്ണീരിന്റെ സ്ഫടിക തിരശ്ശീലയിലൂടെ ബാലു ചിരിച്ചു. വിക്സ് പുരട്ടിയ സിഗരറ്റ് ചുമച്ചുകൊണ്ട് കത്തിച്ചു. സിഗരറ്റ് കൂട് ഞങ്ങള്‍ക്കുനേരെ നീട്ടി. സുഹൃത്തുക്കളാരോ കൊണ്ടുവന്ന കടലാസുകപ്പിലെ ചായ കുടിച്ചുകൊണ്ട് കാന്റീനിന്റെ ചുമരില്‍ മുഖം താങ്ങിയ ബാലു സംസാരിക്കാന്‍ തുടങ്ങി.
ഒന്നും രണ്ടും കൊല്ലമല്ല, ഇരുപത്തഞ്ചു കൊല്ലമായി അവര്‍ക്കൊപ്പം. അവരോടൊപ്പം എല്ലാ വൃദ്ധിക്ഷയങ്ങളിലും. ജേണലിസം എം എ പൂര്‍ത്തിയാക്കിയ കാലത്ത് പരിചയപ്പെട്ടതാണ്. അന്നു മുതല്‍ അവര്‍ക്ക് ഞാന്‍ മകന്‍. എനിക്ക് അവര്‍ അമ്മ. രോഗം വന്നപ്പോള്‍ എനിക്ക് ഭക്ഷണം വാരിത്തരുമായിരുന്നു. എന്റെ എല്ലാ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്നു.

സങ്കടം മാറിയില്ലെങ്കിലും സംസാരത്തില്‍ ബാലു പതുക്കെ താളം കണ്ടെത്തിയിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ എംഎ ഉണ്ടായിരുന്നെങ്കിലും ആ പണി ചെയ്തിട്ടില്ല. അരുണ പബ്ളിക്കേഷന്‍ എന്ന പേരില്‍ ഒരു സമാന്തര പുസ്തക പ്രസിദ്ധീകരണശാല നടത്തുകയാണ്. പത്രപ്രവര്‍ത്തനത്തെ എങ്ങനെ ജനകീയമാക്കാമെന്ന് കാണിച്ചുതന്ന അവരുടെ പ്രവര്‍ത്തനം കണ്ടുനില്‍ക്കുകയായിരുന്നു. അവരെ സഹായിക്കുന്നതിലൂടെ പത്രപ്രവര്‍ത്തനത്തിന്റെ പുതിയ മേഖലകള്‍ പഠിക്കുകയായിരുന്നു ഞാന്‍.  ഇംഗ്ളീഷ് പത്രപ്രവര്‍ത്തനത്തില്‍ കഴിവു തെളിയിച്ച ശേഷമാണ് അവര്‍ കന്നഡ പത്രപ്രവര്‍ത്തനത്തിലേക്ക് മാറിയത്. ഗൌരിയെ പത്രപ്രവര്‍ത്തക എന്നു മാത്രം വിശേഷിപ്പിക്കുന്നത് തെറ്റാണ്. ആക്ടിവിസ്റ്റ് ആയ ജേര്‍ണലിസ്റ്റ് എന്നാണ് അവര്‍ സ്വയംവിശേഷിപ്പിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലും ഇടിവിയിലും സണ്‍ഡേയിലുമൊക്കെ ശ്രദ്ധേയമായ വാര്‍ത്തകളും ലേഖനങ്ങളുമെഴുതിയ അവര്‍ കാര്‍ഗില്‍ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. കന്നഡ പത്രപ്രവര്‍ത്തനത്തിലേക്ക് അതും ഒരു ടാബ്ളോയ്ഡ് നടത്തിപ്പുകാരിയായതിനെ സാഹസികമെന്നേ വിശേഷിപ്പിക്കാനാവൂ.

ബാബാ ബുധനഗിരി എന്ന പ്രസിദ്ധമായ ദര്‍ഗ ദത്താത്രേയ ക്ഷേത്രമാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിച്ചപ്പോള്‍, നക്സലൈറ്റുകളെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗൌരിയിലെ സാമൂഹിക പ്രവര്‍ത്തകയുടെ വീര്യം കണ്ടറിയാനായി. രണ്ടുവര്‍ഷം മുമ്പ് കലബുര്‍ഗിയെ കൊന്നതോടെ അവരുടെ എഴുത്തിന് വാളിന്റെ മൂര്‍ച്ചയായി. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഇത്ര രൂക്ഷമായി എഴുതിയ മറ്റൊരാള്‍ കര്‍ണാടകത്തിലില്ല. താന്‍ കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് ഗൌരി ലങ്കേഷ്. രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് അവരുടെ വ്യക്തിത്വം രൂപീകരിച്ചത്. ഭര്‍ത്താവ് ചിദാനന്ദ് രാജ്ഘട്ടയുമായി അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം പിരിഞ്ഞെങ്കിലും അദ്ദേഹവുമായി ഊഷ്മള സൌഹൃദം പുലര്‍ത്തി അവര്‍.

വാഷിങ്ടണില്‍നിന്ന് വരുമ്പോഴൊക്കെ ദീര്‍ഘമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടു അവര്‍. ചിദാനന്ദിന്റെ ഭാര്യയുമായും അവര്‍ അടുത്ത സൌഹൃദം പുലര്‍ത്തി.
ആരാവും ഗൌരിയെ കൊല്ലാന്‍ ആളെ വിട്ടതെന്ന ചോദ്യത്തോട് ബാലു ഇങ്ങനെ പറഞ്ഞു: 'നാഗ്പുരില്‍നിന്ന്. മോഡിയുടെ ആള്‍ക്കാര്‍ തന്നെ. ആര്‍എസ്എസ്സിനല്ലാതെ മറ്റാര്‍ക്കും ഗൌരി ലങ്കേഷിനോട് പകയുണ്ടാവില്ല. മനസ്സുകളെ ഭിന്നിപ്പിക്കുന്ന അസഹിഷ്ണുത മാത്രമായിരുന്നു ഗൌരിയുടെ ശത്രു. അവരോട് വിട്ടുവീഴ്ചയില്ലാതെ പോരാടി, ജീവിതത്തിലും. മറ്റെല്ലാവരെയും നിറഞ്ഞ സ്നേഹം കൊണ്ട് കീഴടക്കി- ബാലു പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »