18 September Tuesday

കാടുതേടി, കൂടുതേടി...

പ്രബീഷ് നയ്യാർUpdated: Tuesday Feb 6, 2018

അവളുടെ പതിനാലാം വയസിൽ അച്ഛൻ ഒരു ഫിലിം ക്യാമറ സമ്മാനിച്ചു. അതിരറ്റ ആഹ്ലാദത്തോടെ ഏറെ കൗതുകത്തോടെ അവൾ അതുമായി വീട്ടിലെ പൂന്തോട്ടത്തിലെത്തി. സുന്ദരമായ പൂക്കളെയും പൂമ്പാറ്റകളെയും മരങ്ങളെയും ചെടികളെയും അവൾ പകർത്തി.

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ച അവളുടെ നിയോഗം ഫോട്ടോഗ്രാഫർ ആകാനായിരുന്നു. അതും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഈ രംഗത്ത് അപൂർവ്വ സ്ത്രീസാന്നിധ്യമായ രാധികാരാമസ്വാമിയാണ് ആ പെൺകുട്ടി. മണിക്കൂറുകളോളം കാത്തിരുന്ന് പകർത്തിയ അപൂർവ്വങ്ങളായ നിരവധി ചിത്രങ്ങൾ...  അതെ കാടുതേടി, കൂടുതേടി രാധിക യാത്രകളിലാണ്.

റോൾമോഡൽ അച്ഛൻ

ഡിഫൻസ് ഓഫീസറായിരുന്ന അച്ഛൻ ചെറുപ്പത്തിലേതന്നെ ആത്മവിശ്വാസവും ധൈര്യവും അവൾക്ക് പകർന്നുനൽകി. അതിനാൽതന്നെ സ്വതന്ത്രമായി ചിന്തിക്കുവാനും എന്തും തെരഞ്ഞെടുക്കുവാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും മാതാപിതാക്കൾ ഒറ്റ പുത്രിയായ അവൾക്കുനൽകി. പഠനത്തിനുശേഷം 2003ലാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫിയെ രാധിക ഗൗരവമായി സമീപിച്ചുതുടങ്ങിയത്. അതിൽതന്നെ പക്ഷികളെ പകർത്തുന്നതിലാണ് അവർക്ക് കൂടുതൽ താൽപര്യം. കൂടാതെ ഒഖാല പക്ഷിസങ്കേതത്തിലേക്ക് രാധികയുടെ വീട്ടിൽനിന്നും 15 മിനിറ്റ് യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽതന്നെ അവസരം കിട്ടുമ്പോഴൊക്കെ അവിടെ പോകാനും മണിക്കൂറുകൾ ചെലവഴിക്കുവാനും പക്ഷിവൈവിധ്യങ്ങളെ പകർത്തുവാനും അവർക്ക് കഴിഞ്ഞു. ശൈത്യകാലത്ത് ദേശാടനപക്ഷികളുടെ പറുദീസയായിരുന്നു അവിടം.

അതിനുംപുറമേ വേനൽപക്ഷികളെയും ധാരാളം. ഇതെല്ലാം രാധികയ്ക്ക് പക്ഷികളിൽ അധിക താൽപര്യം വളർത്തി. പക്ഷികളുടെ വൈവിധ്യത്തിലും ഫോട്ടോഗ്രാഫിയിലും തന്റെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷൻ ഭരത്പൂർ നാഷണൽ പാർക്കാണെന്ന് അവർ പറയുന്നു. അതുപോലെ നാഷണൽ പാർക്കുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനവും.

ക്ഷമ ഏറെ പ്രധാനം

ഓരോ മനോഹരവും അപൂർവ്വവുമായ ദൃശ്യങ്ങൾക്കു പിന്നിലും മണിക്കൂറുകളുടെ കാത്തിരിപ്പുണ്ട്. അതിനാൽതന്നെ ആദ്യമായി വേണ്ടത് എപ്പോഴും മൃഗങ്ങളെയും പക്ഷികളെയും അവയുടെ സ്വഭാവരീതികൾ, വാസസ്ഥലങ്ങൾ, പ്രത്യേകതകൾ തുടങ്ങിയവ ആഴ ത്തിൽ മനസിലാക്കുകയാണ്. ഒപ്പം ആ സ്ഥലത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, മറ്റുപ്രത്യേകതകൾ എന്നിവയെകുറിച്ചും അറിയണം. കൂടാതെ, സ്ഥലം സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സീസൺ, കാലാവസ്ഥ, അതിനുവേണ്ട ഒരുക്കങ്ങൾ, പ്രദേശിക ഗൈഡുകളുടെ സഹായം, അവിടേക്ക് കടന്നുചെല്ലാനാവശ്യമായ അനുവാദം, അതിന്റെ നടപടിക്രമങ്ങൾ അങ്ങനെ പലതും ഏറെ പ്രധാനമാണ്. ഇതെല്ലാം ഒത്തുചേരുമ്പോഴാണ് ഒരു അപൂർവ്വ ചിത്രത്തിന്റെ പിറവി, രാധിക പറയുന്നു.


അവിസ്മരണീയമായ മുഹൂർത്തങ്ങളും  ചിത്രങ്ങളും


ഒരിക്കൽ ജിംകോർബറ്റ് നാഷണൽ പാർക്കിൽ ഒരു കടുവ അതിന്റെ ഇരയെ വകവരുത്തുന്ന ദൃശ്യം, സുവർണ്ണശോഭയാർന്ന അസ്തമയത്തിന്റെ പശ്ചാത്തലത്തിൽ രാംഗംഗാ നദിയുടെ തീര ത്ത് നിൽക്കുന്ന ആനക്കൂട്ടങ്ങളുടെ ചിത്രം, മയിലുകൾ പോരാടുന്ന ചിത്രം, ഹരിയാനയിലെ സുൽത്താൻപൂരിൽനിന്നും പകർത്തിയ കൊച്ചുമൂങ്ങകൾ ഇണചേരലിന് മുമ്പായി ചിറകുകൾ പരസ്പരം വൃത്തിയാക്കുന്ന ദൃശ്യം, ഭരത്പൂരിൽവച്ച് ചിത്രീകരിച്ച സാരസ കൊക്കുകൾ നൃത്തം ചെയ്യുന്ന നിമിഷങ്ങൾ, ആറ് മാസം മാത്രം പ്രായമായ കടുവക്കുഞ്ഞുങ്ങളെയും അവയുടെ കുസൃതികളും പകർത്തിയ ചിത്രങ്ങൾ തുടങ്ങിയവയാണ് രാധികയ്ക്ക് പ്രിയപ്പെട്ടവ.


ആത്മവിശ്വാസം പ്രധാനം

വൈൽഡ്‌ലൈഫ് ഫോേട്ടാഗ്രാഫി രംഗത്ത് ആർതർ മോറിസ്, മൂസ് പീറ്റേഴ്‌സൺ എന്നിവരാണ് രാധികയുടെ പ്രിയപ്പെട്ടവർ. ഈ രംഗത്ത് ആൺപെൺ വ്യത്യാസമില്ല. ആത്മവിശ്വാസവും ധൈര്യവും ഒടുങ്ങാത്ത താൽപര്യവുമാണ് ഏറെ പ്രധാന്യം. പിന്നെ ഇവിടെ രണ്ടാമത് ഒരു അവസരം ലഭിക്കുകയില്ലെന്നതിനാൽ ഓരോ നിമിഷവും വേണ്ട തയ്യാറെടുപ്പുകളോടെ സജ്ജരായിരിക്കണം പരിചയസമ്പന്നയായ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറുടെ വാക്കുകൾ.
കാടുവിളിക്കുമ്പോൾ ഇടയ്ക്കിടെ തന്റെ ക്യാമറയുംതൂക്കി രാധിക അവിടെയെത്തുന്നു, അവിടെ അവൾക്കായി ഒട്ടേറെ കാഴ്ചകൾ കാത്തിരിപ്പുണ്ടാകും. അമ്മയ്ക്കും ഭർത്താവിനുമൊപ്പം ഡൽഹിയിലാണ് അവരുടെ താമസം.
 

പ്രധാന വാർത്തകൾ
Top