19 October Friday

സ്ത്രീസ്വത്വ നിര്‍ണയം: ജെര്‍മെന്‍ ഗ്രീറിന്റെ ശൈലി

വി സുകുമാരന്‍Updated: Friday Sep 4, 2015

കിടയറ്റ ഫെമിനിസ്റ്റ് ക്ളാസിക് പുസ്തകങ്ങളിലൊന്നാണ് ജെര്‍മെന്‍ ഗ്രീറിന്റെ 'The Female Eunuch '. സ്തുതിയും നിന്ദയും ഏറെ ഏല്‍ക്കേണ്ടി വന്ന ആ പുസ്തകത്തെയും അതിന്റെ കര്‍ത്താവിനെയും പരിചയപ്പെടുത്തുന്നു.

The Female Eunuch  (പെണ്‍ നപുംസകം) വെളിച്ചത്തുവന്നിട്ട് അരനൂറ്റാണ്ട് തികയാന്‍ അഞ്ചു വര്‍ഷം ബാക്കി. ആ ഗംഭീര രചന നിര്‍വഹിച്ച ജെര്‍മെന്‍ ഗ്രീര്‍ എന്ന ഓസ്ട്രേലിയന്‍ അക്കാദമിക്കിന് വയസ്സ് എഴുപത്താറ്. 1970 ലാണ് മുന്‍ചൊന്ന, പ്രഹരശേഷി കലശലായുള്ള, പുസ്തകത്തിന്റെ ഔപചാരികമായ അരങ്ങേറ്റം ലണ്ടനില്‍ നടന്നത്. കോപ്പികള്‍ പെട്ടെന്നു വിറ്റഴിഞ്ഞു. ഒരുപാട് പതിപ്പുകള്‍ ആവശ്യമായിവന്നു. മിക്ക യൂറോപ്യന്‍ ഭാഷകളിലേക്കും ഇത് കാലവിളംബമെന്യേ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്കംവെട്ടാനൊരുങ്ങിയെത്തിയ ഈ പെണ്‍കൊടിയുടെ കൈയ്യിന് മൈലാഞ്ചി വേണ്ടിവരില്ലെന്ന് പാതപ്പള്ള യില്‍ പുച്ഛച്ചിരിയോടെ നിന്നിരുന്ന പുരുഷ സൂകരങ്ങള്‍ക്ക് ബോധ്യമായി. താടിയില്ലാത്ത ഈയമ്മയെ സ്വല്‍പം പേടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് തല്‍പരകക്ഷികള്‍ മനസ്സിലാക്കി.


'

The Female Eunuch ' എന്ന കിടയറ്റ ഫെമിനിസ്റ്റ് ക്ളാസിക്കിന്റെ പ്രഭാവം ഇന്നും സ്ത്രീപക്ഷ വിചാരങ്ങളില്‍ പ്രകടമത്രെ. ഈ പുസ്തകത്തെ ഉന്തിമാറ്റിക്കൊണ്ട്, പെണ്‍വിമോചന വേദാന്ത ത്തിന്, ജന്‍ഡര്‍ സംവാദത്തിന് മുന്നോട്ടുപോവുക സാധ്യമല്ല. സിമണ്‍ ദി ബൊവെയുടെ `The Second Sex'  നോടും കേറ്റ്മില്ലെറ്റിന്റെ Sexual Politics' ' നോടും ബെറ്റി ഫ്രീഡന്റെ `The Feminine Mystique' നോടും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാവും ജന്‍ഡര്‍ സമത്വത്തെ പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ ശീലിക്കുന്ന പുത്തന്‍തലമുറ ഈ വിലപ്പെട്ട ടെക്സ്റ്റ് വായിക്കുക.

`The change Daddy',' We hardly knew you', `The Boy', `The whole  woman', `Jump up and Shekespeare's wife', 'The Mad woman's under clothes', `Shakespeare: A Very short Introduction'  എന്നീ കനമുള്ള പുസ്തകങ്ങള്‍ വഴിയെ വന്നു. ഫെമിനിസ്റ്റ് ആക്ടിവിസവും സാഹിത്യസിദ്ധാന്ത വിചാരവും ഒന്നിച്ചുകൊണ്ടുപോകുന്ന ജെര്‍മെന്‍ ഗ്രീര്‍ എപ്പോഴും നടക്കുന്നത് ഒറ്റയ്ക്കാണ്.


ആണ്‍സമൂഹത്തിന് അത്യന്തം അരോചകവും പെണ്‍സമൂഹത്തിന് അങ്ങേയറ്റം അപകടകരമെന്നു തോന്നുന്നതുമായ കറുത്ത സത്യങ്ങള്‍: അവയാണ് ജെര്‍മെന്‍ ഗ്രീര്‍ പുരപ്പുറത്തു കയറി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. അവരുടെ വാ മൂടിക്കെട്ടാന്‍ എസ്റ്റാബ്ളിഷ്മെന്റ് നടത്തിയ ഗൂഢാലോചനകളൊന്നും വിലപ്പോയില്ല. അവരുടെ പ്രഖ്യാതമായ ഒരു പ്രസ്താവമുണ്ട്. ` Women have very little idea of how much men hate them'' (ആണുങ്ങള്‍ അവരെ എത്രമാത്രം വെറുക്കുന്നുവെന്നതിനെക്കുറിച്ച് പെണ്ണുങ്ങള്‍ക്ക് ഒരു ധാരണയുമില്ല). തേനേ, പാലേ, പൂന്തിങ്കളേ, പച്ചപ്പനന്തത്തേ, എന്നൊക്കെ ആണുങ്ങള്‍ കൊഞ്ചിക്കുമ്പോള്‍ പെണ്ണറിയുന്നില്ല അവന്റെ 'നെഞ്ചില്‍ കിഞ്ചില്‍ക്കിടക്കും കൊടിയ കുടിലത'യെക്കുറിച്ച്. വീട്ടമ്മ, ഗൃഹേശി, കുടുംബനാഥയെന്നു വ്യവഹരിക്കപ്പെടുന്നവര്‍ വാസ്തവ ത്തില്‍ ആരാണ്? ഗ്രീര്‍ തറപ്പിച്ചു പറയുന്നു.''The housewife is an unpaid employee in her husband's house in return for the security of being a permanent employee'' (വീട്ടമ്മ തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ കൂലിയില്ലാത്ത വേലക്കാരിയാകുന്നു. ഒരു സ്ഥിരം ജോലിക്കാരി എന്ന സുരക്ഷിതത്വത്തിനുവേണ്ടിയാണ് അവള്‍ ശമ്പളമില്ലാതെ പണിയെടുക്കുന്നത്). ഗ്രീര്‍ എടുത്തുകാട്ടിയ മറ്റൊരു വാസ്തവമുണ്ട്. ``All societies on the verge of death are masculine. A society can survive with only  one man; no society will survive a shortage of  women''. (എല്ലാ മരണോന്മുഖ സമൂഹങ്ങളും പുരുഷപരമാകുന്നു. ഒരു ആണ്‍ മതി ഒരു സമൂഹത്തിനു നിലനില്‍ക്കാന്‍. എന്നാല്‍ പെണ്ണുങ്ങളുടെ കുറവുള്ള ഒരു സമൂഹത്തിന് നിലനില്‍പ്പില്ല, അതിജീവനമില്ല). ഇംഗ്ളീഷ് സമൂഹത്തെപ്പറ്റി അവര്‍ നടത്തിയ അവലോകനവും ആംഗ്ളോസാക്സണ്‍ അലംഭാവത്തെ പിടിച്ചുകുലുക്കി. ഗ്രീര്‍ പറഞ്ഞു:''English culture is  basically homo sexual in the sense that the men only really care about other  men'''. (ഇംഗ്ളീഷ് സംസ്കാരമെന്നത് അടിസ്ഥാനപരമായി സ്വവര്‍ഗ കേന്ദ്രിതമാകുന്നു. ആണുങ്ങള്‍ മറ്റ് ആണുങ്ങളെക്കുറിച്ച് മാത്രമെ ആലോചിക്കുന്നുള്ളൂ എന്ന അര്‍ഥത്തില്‍).

ഈ സ്ത്രീ മൈക്കിനു മുമ്പിലെത്തുമ്പോള്‍, പേന കൈയ്യിലെടുക്കുമ്പോള്‍ പലരും പേടിക്കുന്നത് അവരുടെ പ്രസ്താവങ്ങളിലെ

സത്യസന്ധതയെയാണ്. വെണ്ണ പുരട്ടിയ വാക്ക് അവരുടെ വായില്‍നിന്നു വരില്ല. വരുന്ന വാക്കിന് കരിങ്കല്‍ച്ചീളിന്റെ മൂര്‍ച്ചയാണ്. കൊള്ളുന്നേടത്ത് തോലു പൊട്ടും, ചോര കിനിയും. മുറിവു ണങ്ങിയാലും ദീര്‍ഘകാലം നീറ്റല്‍ നില്‍ക്കും.
ആരാണീ മഹിഷാസുര മര്‍ദിനി? എന്താണവര്‍ ചെയ്തത്? നമുക്കൊരു സാമാന്യാവലോകനമാവാമെന്നു തോന്നുന്നു.


നേരത്തെ പറഞ്ഞുവല്ലോ ജെര്‍മെന്‍ ഗ്രീര്‍ ക്യാങ്ഗരുവിന്റെ നാട്ടില്‍നിന്നാണ് വരുന്നത്. 1939ല്‍ മെല്‍ബേണിലാണ് ജനനം. അച്ഛന്‍ റെജിനാള്‍ഡ് ഗ്രീര്‍, അമ്മ പെഗ്ഗി.ഒരു കോണ്‍വെന്റിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിന്നീട് സ്കോളര്‍ഷിപ്പിന്റെ ബലത്തില്‍ മെല്‍ബേണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനെത്തി. വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ ജെര്‍മെന്‍ പിന്നീട് കുടുംബത്തിലേക്ക് മടങ്ങുകയുണ്ടായില്ല. സ്വന്തംകാലില്‍ ഉറച്ചുനിന്നുകൊണ്ടാണ് അവരെല്ലാം നേടിയത്.


മെല്‍ബേണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ജെര്‍മെന്‍ ഗ്രീര്‍ ബിരുദമെടുത്തു. ഇംഗ്ളീഷ് സാഹിത്യത്തിലും ഫ്രഞ്ചുസാഹിത്യത്തിലും. അവിടന്ന് അവര്‍ സിഡ്നിയിലേക്ക് നീങ്ങി. അവിടെ ചില അനാര്‍ക്കിസ്റ്റ് ഗ്രൂപ്പുകള്‍ അക്കാലത്ത് സജീവമായിരുന്നു. ബുദ്ധിജീവികളുടെ കൂട്ടായ്മകള്‍. അവരുടെ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കാനാണ് ഗ്രീറിനു തോന്നിയത്. രാഷ്ട്രീയ വിദ്യാഭ്യാസം ആ കളരിയിലാണ് നടന്നത്. വിചാരധാരയില്‍ ഗ്രീര്‍ ഒരു റാഡിക്കലായി മാറി. മാര്‍ക്സിസ്റ്റ് ചിന്തകളോടും അവര്‍ അടുത്തു. അനാര്‍ക്കിസവും മാര്‍ക്സിസവും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന്, വിരുദ്ധതയുണ്ടെന്ന് ഗ്രീര്‍ തിരിച്ചറിഞ്ഞു. മാര്‍ക്സിസം പ്രത്യയശാസ്ത്രത്തെ മുഖ്യമായിക്കണ്ടു; എന്നാല്‍ അനാര്‍ക്കിസ്റ്റുകള്‍ എല്ലാ ആശയശാസ്ത്ര ങ്ങളെയും ബന്ധനങ്ങളായാണ്, സ്ഥാപനങ്ങളായാണ് വീക്ഷിച്ചത്. താനെവിടെ നില്‍ക്കണമെന്ന കാര്യത്തില്‍ ഈ ചെറുപ്പക്കാരിക്ക് നല്ല തീര്‍ച്ചയില്ലായിരുന്നു.


എം എ ഡിഗ്രിക്കുവേണ്ടി തീസിസ് തയ്യാറാക്കുന്ന കാലത്ത് ഗ്രീര്‍ സിഡ്നി യൂണിവേഴ്സിറ്റിയില്‍ ഒരു ടീച്ചിങ് ജോലി ചെയ്തിരുന്നു. ഇംഗ്ളീഷായിരുന്നു പഠിപ്പിച്ചിരുന്നത്. `The development of Byron's satiric mode' ' എന്ന അവരുടെ ഗവേഷണ പ്രബന്ധമാണ് ഗ്രീറിനു ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് ഒരു സ്കോളര്‍ഷിപ്പ് സമ്പാദിച്ചുകൊടുത്തത്. ന്യൂഹാം വിമന്‍സ് കോളേജില്‍ പ്രവേശനം കിട്ടി. ഷേക്സ്പിയറിലായിരുന്നു റിസര്‍ച്ച്. 1947ല്‍ ഡോക്ടറേറ്റ് നേടിയപ്പോള്‍ നല്ലൊരു അക്കാദമിക് ജീവിതത്തിലേക്ക് വഴി തുറന്നുകിട്ടി.warwick (വാറിക് എന്ന് ഉച്ചാരണം) യൂണിവേഴ്സിറ്റിയില്‍ ലെക്ചററാവാന്‍ വിശേഷിച്ചു പ്രയാസമൊന്നുമുണ്ടായില്ല. തന്നെ ലോകശ്രദ്ധയിലും വിവാദങ്ങളുടെ ചുഴികളിലുമെത്തിച്ച കനപ്പെട്ട പുസ്തകം `The Female Eunuch'' ഗ്രീര്‍ രചിച്ചത് വാറിക്കില്‍ അധ്യാപനം നടത്തുമ്പോഴാണ്.

ഫെമിനിസത്തിന്റെ രണ്ടാം വേലിയേറ്റ കാലത്തെ ഏറ്റവും മുഖ്യമായ ആശയപാഠങ്ങളിലൊന്നായി ഈ പുസ്തകം അംഗീകരിക്കപ്പെട്ടു. ലൈംഗികമായ സ്വാതന്ത്യ്രം Sexual Liberty ഉറപ്പാവുമ്പോള്‍ മാത്രമെ സ്ത്രീ യഥാര്‍ഥത്തില്‍ മോചിതയാവുന്നുള്ളു എന്നതാണ് ഗ്രീറിന്റെ തീസിസ്. സാമ്പ്രദായിക കുടുംബവ്യവസ്ഥ, ഗാര്‍ഹിക ജീവിതം, പെണ്ണിനെ പലതരത്തില്‍ അടിച്ചമര്‍ത്തുന്നു. സാമൂഹ്യമായി, സാമ്പത്തികമായി, രാഷ്ട്രീയമായി, അപകടകരമാംവിധം അവളുടെ ലൈംഗികതയെ (sexuality)  ആണാധിപത്യം അമര്‍ച്ച ചെയ്യുന്നു. ലൈംഗിക ത്വരകളുള്ള ജീവികളാണ് സ്ത്രീകളുമെന്ന സത്യത്തെ മറച്ചുപിടിക്കാനാണ് സമൂഹം ശ്രമിക്കുന്നത്. ശക്തിമത്തായ പ്രതിസ്പന്ദങ്ങള്‍ പെണ്ണിനു പാടില്ലെന്നത് ഒരു പാരമ്പര്യമായി. അവള്‍ ആണിനെക്കാള്‍ ഗ്രേഡ് കുറഞ്ഞ സൃഷ്ടിയാണ്. കീഴ്പ്പെടാന്‍ വിധിക്കപ്പെട്ടവളാണ്, ഉറക്കെ ശബ്ദിക്കാന്‍ അവകാശമില്ലാത്തവളാണ്, വഴങ്ങിക്കൊടുക്കലാണ് (submission) കുലീനത എന്നീ ധാരണകള്‍ ചെറുപ്പം മുതലേ സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷാധിപത്യത്തിന്റെ അതിസമര്‍ഥമായ രീതികളേയും തന്ത്രങ്ങളേയും തുറന്നുകാട്ടുകയാണ് ഗ്രീര്‍ ചെയ്യുന്നത്. താന്‍ സംഭോഗമാഗ്രഹിക്കുന്നുവെന്നു ആണിന് ഉറക്കെപ്പറയാം. പെണ്ണിന് അക്കാര്യം പറയാന്‍ പാടില്ല. അത് സംസ്കാരവിരുദ്ധം; സദാചാരനിഷേധം. ആര്‍ത്തികളെ, ദാഹങ്ങളെ, ലൈംഗിക പ്രേരണകളെ തുറന്നു പ്രഖ്യാപിക്കാന്‍ സ്ത്രീക്കു സാധിക്കുന്ന സമയത്ത് മാത്രമെ അവളുടെ സ്വത്വവികാസം, മോചനം സാധ്യമാവൂ. ഗ്രീര്‍ ഇങ്ങനെ എഴുതി: ``Women have somehow been separated from their libido, from their faculty of desire, from their sexuality. They've become suspicious about it''. . (പെണ്ണുങ്ങള്‍ എങ്ങനെയോ അവരുടെ കാമവാസനയില്‍നിന്ന് വേര്‍തിരിക്കപ്പെടുന്നു; അവരുടെ തൃഷ്ണയുടെ പ്രാഭവത്തില്‍നിന്ന്, അവരുടെ ലൈംഗികതയില്‍നിന്ന്. അതിനെ അവര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്). വൃഷണച്ഛേദം സംഭവിച്ച (Castration) വീട്ടുമൃഗത്തിന്റെ അവസ്ഥയിലേക്ക് ആണ്‍കോയ്മ പെണ്ണിനെ തള്ളിമാറ്റുന്നു. ഈ നില അട്ടിമറിക്കപ്പെട ണമെന്നാണ് ഗ്രീറിന്റെ വാദം.


ഗ്രീര്‍ തന്റെ വിപ്ളവതീക്ഷ്ണമായ കാഴ്ചപ്പാടുകളെ നിര്‍ഭയമായും സയുക്തികമായുമാണ് പൊതുജനസമക്ഷം അവതരിപ്പിച്ചത്. അവരുടെ ആഖ്യാനശൈലിയില്‍ ഒരു വളച്ചുകെട്ടുമുണ്ടായിരുന്നില്ല. അത് മര്‍മഭേദിയായിരുന്നു, സത്യസന്ധമായിരുന്നു, സദാചാരികളുടെ കണ്ണില്‍ സഭ്യേതരമായിരുന്നു. ജന്‍ഡര്‍ അസമത്വത്തെക്കുറിച്ച് ഒരു രാഷ്ട്രീയ സംവാദം ഉടന്‍ വേണമെന്നു വിചാരിക്കുന്ന സ്ത്രീകളുടെ ഒരു വലിയ സദസ്സിനോടാണ് ജെര്‍മെന്‍ ഗ്രീര്‍ ആവശ്യമില്ലാത്ത മുഖവുരകള്‍ ഒഴിവാക്കിക്കൊണ്ട് മാര്‍ദവലേശമെന്യേ സംസാരിച്ചത്. തന്റെ ശരീരത്തോടും തന്റെ ദാഹങ്ങളോടും നീതിപുലര്‍ത്താന്‍ തയ്യാറാവുന്ന സ്ത്രീക്ക് ഒരു പുതിയ വൊക്കാബുലറിയുടെ പദസഞ്ചയത്തിന്റെ അത്യാവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയത് ഗ്രീര്‍ ആണ്. ബൂര്‍ഷ്വാ പരിപ്രേക്ഷ്യങ്ങളുടെ, സാമ്പ്രദായിക ലൈംഗിക വ്യാകരണത്തിന്റെ പൊളിച്ചെഴുത്ത് അവര്‍ ആവശ്യപ്പെട്ടു.


തന്തവാഴ്ച സമൂഹത്തിന്റെ നിഷ്ഠുരവും നീതിനിഷേധപരവുമായ സാമൂഹ്യധര്‍മശാസ്ത്രം, സബര്‍ബന്‍ (പ്രാന്തനഗര)സംസ്കാരം അണുകുടുംബം എന്നിവയൊക്കെ ഈ എഴുത്തുകാരി വിചാരണ ചെയ്യുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ പെണ്ണിന്റെ sexual repression (ലൈംഗികമായ അടിച്ചമര്‍ത്തല്‍) തന്നെയാണ് കാതലായ സംവാദമേഖല. ഗ്രീറിന്റേത് തുറന്ന ഫെമിനിസ്റ്റ് വിശ്ളേഷണമാകുന്നു. ഒരു ക്ഷമാപണവും അവര്‍ നടത്തുന്നില്ല. വര്‍ത്തമാന പരിസരങ്ങളില്‍ സ്ത്രീക്ക് സ്വന്തം സ്വത്വം കൈമോശം വന്നിരിക്കുന്നു, അവള്‍ ഒരു നപുംസകമായി (eunuch) മാറുന്നു എന്ന് വെറുതെ പറയുകയല്ല, തക്കതായ തെളിവുകളോടെ, ഉദാഹരണങ്ങളോടെ, സ്ഥാപിക്കുകയാണ് ഗ്രീര്‍ ചെയ്യുന്നത്. ആശയസംവാദത്തിന്റെ വിപുലമായ ഒരു പ്ളാറ്റ്ഫോം അവര്‍ തുറന്നിടുന്നു. തുടര്‍ന്നുണ്ടായ അഭിപ്രായ കലാപങ്ങളില്‍ ഫെമിനിസ്റ്റുകളും സൈദ്ധാന്തികരും മാത്രമല്ല ആയിരക്കണക്കിന് സാധാരണ വായനക്കാരും പങ്കെടുത്തുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പുസ്തക ത്തിന്റെpolemical character (താര്‍ക്കിക സ്വഭാവം) അതിന്റെ ഉപരിപ്ളവമല്ലാത്ത, വായനയെ അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റുന്നുണ്ട്.

ഈ പുസ്തകത്തെ ആസ്വാദ്യമാക്കിച്ചെയ്യുന്ന ഒരു ഘടകമുണ്ട്. ഗ്രീറിന്റെ നൈസര്‍ഗിക നര്‍മം, പരിഹാസോക്തി, കുസൃതി കലര്‍ന്ന നിരീക്ഷണം. ഇത്തരം ഗൌരവപൂര്‍ണമായ പാഠങ്ങളുടെ പൊതുസ്വഭാവമായ മസിലുപിടിത്തം, ''The  Female Eunuch'' ല്‍ തെല്ലുമില്ല. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗരിമയെ എഴുത്തുകാരിയുടെ നര്‍മനിവേദനം ഒട്ടും ബാധിക്കുന്നില്ലതാനും. Body (ശരീരം), Soul (ആത്മാവ്), Love (പ്രണയം) Hate (വിദ്വേഷം) എന്നൊരു അധ്യായം ഈ പുസ്തകത്തിലുണ്ട്. അതില്‍ എഴുത്തുകാരി താന്‍ (self) എന്നതിനെക്കുറിച്ചുള്ള പെണ്‍ബോധത്തിന്റെ ചരിത്രപരമായ നിര്‍വചനങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കാനാണ് ശ്രമിക്കുന്നത്. `female' normality (പെണ്‍ സാധാരണത) എന്ന സങ്കല്‍പവും ആധുനിക ഉപഭോക്തൃ സംസ്കാരവും വിസ്തരിക്കപ്പെടുന്നു. സിഗ്മണ്ട് ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങളേയും കണ്ടെത്തലുകളേയും ഒട്ടും ബഹുമാനമില്ലാതെയാണ് അവര്‍ പരിശോധിക്കുന്നത്. സിമണ്‍ ദി ബൊവെയുടെ `The second sex'' ഗ്രീര്‍ നിഗമന ങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നത് വ്യക്തം. ഏറെ ശ്രദ്ധേയമായ ഒരു നിരീക്ഷണം /പ്രസ്താവം അവര്‍ നടത്തുന്നു. ``The world has lost its soul and I my sex'' (ലോകം അതിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഞാന്‍ എന്റെ ലിംഗവ്യത്യസ്തതയേയും).

പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത് പരിണാമത്തിലൂടെയല്ല, വിപ്ളവത്തിലൂടെയാണെന്ന് ജെര്‍മെന്‍ ഗ്രീര്‍ തറപ്പിച്ചുപറയുന്നുണ്ട്. (`Not through  evolution, but through revolution''). സ്ത്രീ അവളുടെ ശരീരത്തെ തിരിച്ചറിയണം. സ്വന്തം ആര്‍ത്തവ രക്തത്തിന്റെ രുചി അവളറിയണമെന്ന ഞെട്ടിപ്പിക്കുന്ന പ്രസ്താവവും ഗ്രീര്‍ നടത്തുന്നുണ്ട്. Virginity /കന്യാത്വം എന്നു വാഴ്ത്തപ്പെടുന്ന സങ്കല്‍പത്തെ അവര്‍ നിരാകരിക്കുന്നു.Monogamy  (ഏകപത്നി/ഏകഭര്‍തൃവൃതം) അവര്‍ അംഗീകരിക്കുന്നില്ല. ഈ പ്രാമാണികഗ്രന്ഥത്തിന്റെ അവസാന ഭാഗത്തിനു ഗ്രീര്‍ സമുചിതമായ ഒരു പേരാണ് നല്‍കിയത്. `Revolution''. വിപ്ളവ സ്വഭാവമുള്ള സര്‍ഗാത്മകമായ സ്ത്രീ വിമോചന പ്രസ്ഥാനം 1970 കളില്‍ പൊങ്ങിവരികയായിരുന്നു. അതിന്റെ വീര്യവത്തായ മാനിഫെസ്റ്റോ ആയി ഈ പുസ്തകത്തെ കാണുന്നതില്‍ ഒരു തെറ്റുമില്ല. കയ്പേറിയ വാസ്തവങ്ങളെയാണ് ഗ്രീര്‍ ഈ കൃതിയില്‍ ആകാവുന്നത്ര ശക്തിയോടെ അവതരിപ്പിക്കുന്നത്. ആണ് പെണ്ണിനെ വെറുക്കുന്നു. പക്ഷേ പെണ്ണ് അത് മനസ്സിലാക്കുന്നില്ല. മാത്രമല്ല സ്വയം വെറുക്കാന്‍ അവള്‍ ശീലിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തുറന്നടിക്കാന്‍ ഈ എഴുത്തുകാരിക്കേ കഴിയൂ. അതേസമയം വലിയ ഒച്ചപ്പാടുണ്ടാക്കിയ Burn the bra' പ്രസ്ഥാനം (മുലക്കച്ച ചുട്ടെരിക്കുക) നിഷേധാത്മകമാണെന്നും അതിനു താല്‍ക്കാലിക തരംഗങ്ങള്‍ മാത്രമെ സൃഷ്ടിക്കാന്‍ കഴിയൂ എന്നും ജെര്‍മെന്‍ ഗ്രീര്‍ അഭിപ്രായപ്പെട്ടു.

1989ല്‍ തന്റെ ഇരുപതുകൊല്ലം മുമ്പെഴുതിയ പുസ്തകത്തിന്റെ ആഘാതത്തെ തീര്‍ത്തും വസ്തുനിഷ്ഠമായി ഗ്രീര്‍ പരിശോധിക്കുകയുണ്ടായി. യൂറോപ്പില്‍ കമ്യൂണിസത്തിനുണ്ടായ തകര്‍ച്ച സ്ത്രീമോചന മുന്നേറ്റങ്ങളെ പിറകോട്ടു പിടിച്ചുവലിച്ചുവെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പറേറ്റ് ക്യാപ്പിറ്റലിസത്തിന്റെ ആസുരമായ വളര്‍ച്ചക്ക് തടയിടാന്‍ ആരുമില്ലെന്ന അവസ്ഥ വന്നു. കണ്‍സ്യൂമര്‍ സമൂഹസംവിധാനത്തിന്റെ ഭാഗമായി സ്ത്രീ ഒതുങ്ങി. സമരങ്ങളിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടു. പെണ്ണിനു നാവില്ലാതായി. അവരെഴുതി: '''The freedom I pleaded for twenty years ago was freedom to be a person with dignity, integrity, nobility, passion,  pride that `Constitute' personhood.  Freedom to run, Shout , talk loudly and sit with your knees apart. Freedom to know and love the earth, and all that swims, lies and crawls upon it. Most of the women in the world are still afraid, still hungry. Still mute and loaded by religion with all kinds of fetters masked, muzzled, mutilated and beaten''.. (ഇരുപതുകൊല്ലം മുമ്പ് ഞാന്‍ വാദിച്ചത് (സ്ത്രീയുടെ) വ്യക്തി എന്ന നിലയ്ക്കുള്ള സ്വാതന്ത്യ്രത്തിനു വേണ്ടിയായിരുന്നു. അന്തസ്സുള്ള, ആര്‍ജവമുള്ള, ഉല്‍കൃഷ്ടതയുള്ള, വികാരമുള്ള, അഭിമാനമുള്ള വ്യക്തിയുടെ സ്വാതന്ത്യ്രം. ഓടാനുള്ള സ്വാതന്ത്യ്രം, ആക്രോശിക്കാനുള്ള സ്വാതന്ത്യ്രം, ഉറക്കെ സംസാരിക്കാനുള്ള സ്വാതന്ത്യ്രം, കാലുകള്‍ അകത്തിയിരിക്കാനുള്ള സ്വാതന്ത്യ്രം, ഈ ഭൂമിയെ അറിയാനും സ്നേഹിക്കാനും ഭൂമുഖത്ത് നീന്തുകയും കിടക്കുകയും ഇഴയുകയും ചെയ്യുന്ന എല്ലാറ്റിനേയും സ്നേഹിക്കാനുള്ള സ്വാതന്ത്യ്രം. ഈ ലോകത്തെ പെണ്ണുങ്ങളില്‍ ഭൂരിഭാഗവും ഭയന്നാണ് ജീവിക്കുന്നത്. അവര്‍ ഇപ്പോഴും വിശക്കുന്നവരാണ്. ഇപ്പോഴും നാവില്ലാത്തവരാണ്. മതം അണിയിക്കുന്ന ചങ്ങലകള്‍, മുഖംമൂടികള്‍, ചുമക്കുന്നവരാണ്, വായ് മൂടിക്കെട്ടപ്പെട്ടവരാണ് അംഗഛേദത്തിനു വികലമാക്കപ്പെടുന്നതിനു വിധേയരായവരാണ്, താഡിക്കപ്പെടുന്നവരാണ്). പെണ്‍മോചനം ക്യാപിറ്റലിസ്റ്റ് സമൂഹത്തില്‍ സാക്ഷാത്കരിക്കപ്പെടാന്‍ സാധ്യത വിരളമാണെന്ന നിരാശാബോധം ഗ്രീറിന്റെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്.

The Female Eunuch' ' നെ ആവേശപൂര്‍വം വരവേറ്റിയവരുണ്ട്, അടക്കാനാവാത്ത ധര്‍മരോഷത്തോടെ തള്ളിപ്പറഞ്ഞവരുണ്ട്. മുന്‍വിധികള്‍ മാറ്റിവച്ചുകൊണ്ട്, സഹിഷ്ണുതയോടെ, സമചിത്തതയോടെ ഗ്രീറിന്റെ സൃഷ്ടി ആദ്യാവസാനം വായിച്ച് അതിനു ഉയര്‍ന്ന മാര്‍ക്ക് നല്‍കിയവരുമുണ്ട്. പുസ്തകം തുറന്നുനോക്കാതെതന്നെ അതിനെ തെറിവിളിച്ച വിമര്‍ശകരുമുണ്ട്. ഒരു കാര്യം തീര്‍ച്ച. ഈ ഗ്രന്ഥം ഒട്ടും സാധാരണമല്ല. അതിന്റെ പ്രഹരശേഷി ആര്‍ക്കും നിഷേധിക്കാനാവില്ല. സ്ത്രീ വിമോചന സംബന്ധിയായ ഏതു സംവാദത്തിലും എക്കാലത്തും ജെര്‍മെന്‍ ഗ്രീറിന്റെ 'പെണ്‍ നപുംസകം' ഇടം കാണുമെന്നതിന് യാതൊരു സംശയവുമില്ല.


കടലാസില്‍ക്കൂടി മാത്രമല്ല പ്ളാറ്റ്ഫോമുകളില്‍ക്കൂടിയും ദൃശ്യമാധ്യമങ്ങളില്‍ക്കൂടിയും അവര്‍ തനിക്കു ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ അവരുടേതു മാത്രമായ സ്വരത്തില്‍, ശൈലിയില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീബിംബത്തെ ആദര്‍ശവല്‍ക്കരിക്കുക എന്നതല്ല അവരുടെ നീതി. ഗ്രീറിന്റെ ശരങ്ങള്‍ പലപ്പോഴും ലക്ഷ്യമാക്കുന്നത് ഫെമിനിസ്റ്റുകളെയാണ്.

ഏതെങ്കിലും രാഷ്ട്രീയ കക്ഷിയില്‍ പ്രൊഫസര്‍ ജെര്‍മെന്‍ ഗ്രീര്‍ അംഗമായിരുന്നതായി അറിവില്ല. താനൊരു സ്ഥാപനവിരുദ്ധയായ പ്രക്ഷോഭകയാണെന്നും തന്റെ പ്രത്യയശാസ്ത്രത്തില്‍ അനാര്‍ക്കിസത്തിന്റേയും മാര്‍ക്സിസത്തിന്റേയും ചേരുവകളുണ്ടെന്നും അവര്‍ പറയുന്നു.


'The Female Eunuch'  ന്റെ പിന്‍തുടര്‍ച്ച തീര്‍ച്ചയായും അവകാശപ്പെടാവുന്ന ഒരു മേജര്‍ രചനയാണ് `The whole woman'.. 1991ലാണ് ഈ പുസ്തകം പുറത്തുവന്നത്.'The Female Eunuch' ഇറങ്ങി രണ്ടു പതിറ്റാണ്ടിനുശേഷം. അതിനിടക്ക് ഈ ലോകത്തിന്റെ രാഷ്ട്രീയസാമൂഹ്യസാമ്പത്തിക സംവിധാനങ്ങളില്‍ അടിമുടി മാറ്റങ്ങളുണ്ടായി. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ വ്യത്യസ്തമായി. ധാരാളം ആശയകലാപങ്ങളും സിദ്ധാന്ത സംവാദങ്ങളും പല വിതാനങ്ങളില്‍ നടന്നു. ശാസ്ത്ര സാങ്കേതികവിദ്യ ഏതാണ്ടു മുഴുവനായും നമ്മെ കീഴ്പ്പെടുത്തി. ആണ്‍പെണ്‍ ബന്ധ ങ്ങള്‍ പലതവണ പുനര്‍നിര്‍വചിക്കപ്പെട്ടു. വിവാഹമെന്ന സ്ഥാപനം പൊളിച്ചെഴുത്തിനു വിധേയമായി. താലികെട്ടാതുള്ള ഇണജീവിതം യൂറോപ്പില്‍ ഒരു രീതിയും ഏതാണ്ടൊരു സംസ്കാരവുമായി.Unwed mother (അവിവാഹിതയായ അമ്മ) ഒരു ദീന കഥാപാത്രമല്ലാതായി. Single parent എന്ന ആശയം വലിയതോതില്‍ പ്രചരിച്ചു. Gay/Lesbian  വേഴ്ചകള്‍ക്കു പല നാടുകളിലും നിയമപരമായ അംഗീകാരം കിട്ടി. ലൈംഗികതയെ സംബന്ധിച്ചുള്ള പല വിലക്കുകള്‍/നിഷിദ്ധ കല്‍പനകള്‍ /വര്‍ജനങ്ങള്‍) അപ്രത്യക്ഷമാവുന്ന അവസ്ഥയുണ്ടായി. ആഗോള മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിനു മുറുക്കം കൂടി. ആണും പെണ്ണും commodify (ഉല്പന്നവത്കരണം) ചെയ്യപ്പെട്ടു.


ഈ ഇളകിമറിയലിന്റെ, സ്വത്വപ്രതിസന്ധികളുടെ പുനര്‍നിര്‍ണയങ്ങളുടെ ബിംബത്തകര്‍ച്ചകളുടെ വര്‍ത്തമാന പശ്ചാത്തലത്തിലാണ് ജെര്‍മെന്‍ ഗ്രീര്‍ പെണ്ണ് എന്ന തന്റെ പഴയ വിഷയത്തെ ഒരു രണ്ടാം ആലോചനക്ക് തിരിച്ചുവിളിച്ചത്. ഉണ്ണിയാര്‍ച്ച വീണ്ടും അങ്കത്തട്ടിലേക്കു മടങ്ങിവരികയായിരുന്നു. ഉറുമിയുടെ മൂര്‍ച്ചയും തിളക്കവും അതെടുത്തു വീശുന്ന അഭ്യാസിയുടെ മെയ്‌വഴക്കവും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് The whole woman'' വായന നമ്മെ ബോധ്യപ്പെടുത്തുന്നു. It is time to get angry again'' (ക്ഷോഭിക്കാന്‍ വീണ്ടും സമയമായി) എന്ന മുന്നറിയിപ്പാണ് ഈ ഗ്രന്ഥത്തിലൂടെ ഗ്രീര്‍ പെണ്‍സമൂഹത്തിനു നല്‍കുന്നത്. അവരുടെ ആഖ്യാനഭാഷ അല്‍പം മയപ്പെട്ടിട്ടില്ലേ എന്നു സംശയമുണ്ട്; പക്ഷേ അതുല്‍പാദിപ്പിക്കുന്ന ഉഷ്ണം തീക്ഷ്ണം തന്നെ. വര്‍ത്തമാന ഫെമിനിസത്തിന്റെ അലംഭാവത്തിനു നേര്‍ക്കുള്ള രൂക്ഷമായ ആക്രമണം കൂടിയാകുന്നു അവരുടെ പ്രബന്ധം.


ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജന്‍ഡര്‍ സമത്വത്തെപ്പറ്റി മാത്രം സംസാരിക്കുകയും അടിസ്ഥാന സംഗതിയായ മോചനത്തെപ്പറ്റി (liberation) മിണ്ടാതിരിക്കുകയും ചെയ്യുന്നുവെന്നാണ് ഗ്രീറിന്റെ ആക്ഷേപം. പ്രസ്ഥാനത്തിന്റെ പല്ലും നഖവും നഷ്ടപ്പെട്ടതായി അവര്‍ ആവലാതിപ്പെടുന്നുണ്ട്. ലിംഗസമത്വത്തെക്കുറിച്ചുള്ള വാചാടോപം അര്‍ഥശൂന്യവും ആത്മാര്‍ഥത യില്ലാത്തതുമാണെന്ന് ഗ്രീര്‍ കുറ്റപ്പെടുത്തുന്നു. ലോകത്ത് എല്ലായിടത്തും ആയിരക്കണക്കിന് പെണ്ണുങ്ങള്‍ അടിമത്തമനുഭവിക്കുന്നുണ്ട്. അവര്‍ വലിയ കഷ്ടപ്പാടുകള്‍, ദുരിതങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍, നീതിനിഷേധങ്ങള്‍നിത്യവും സഹിക്കുന്നു. അവരെ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ്, അവര്‍ക്ക് ഇപ്പോളും നാവില്ലെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് ഫെമിനിസ്റ്റുകള്‍ മറ്റു പലതിനേയുംകുറിച്ച് വാചാലരാകുന്നത്. ഫെമിനിസം സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ഉപഭോക്തൃ സംസ്കാരത്തിന്റെ പെരുംചുഴിയില്‍ ചെന്നുചാടുകയും ചെയ്യുന്നു.


ജെര്‍മെന്‍ ഗ്രീര്‍ തന്റെ അധ്യായങ്ങള്‍ക്കു നല്‍കുന്ന ശീര്‍ഷക ങ്ങള്‍ ശ്രദ്ധിക്കുക. Food, Breast, shopping, Estrogen, Testosterone, Wives, Loathing, Girl power, Mutilation. സ്വാഭാവികമായും ഗ്രീര്‍ ചര്‍ച്ചക്കെടുത്ത കാര്യങ്ങള്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. അവരുടെ അഭിപ്രായങ്ങള്‍, പ്രസ്താവങ്ങള്‍, offensive' (നിന്ദ്യം/ആക്രമണോത്സുകം/അരോചകം) ആണെന്ന് ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സിന്റെ ഒരു കമ്മിറ്റി വിലയിരുത്തുകയുണ്ടായി. സത്യം തുറന്നുപറയാനുള്ള അന്തരീക്ഷം ഒരിടത്തുമില്ലെന്ന് സാരം. പറഞ്ഞാല്‍ കല്ലേറ് നിശ്ചയം. വിസ്മയകരമായ ഉള്‍ക്കാഴ്ചയോടും അഗാധമായ ദുരന്തബോധത്തോടും കൂടിയാണ് ഈ നിര്‍ഭയയായ എഴുത്തുകാരി വിവാദപൂര്‍ണമെന്ന് അവര്‍ക്കുതന്നെ നല്ല ബോധ്യമുള്ള അഭിപ്രായങ്ങള്‍, അവലോകനങ്ങള്‍ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ അവസ്ഥക്ക് സ്വത്വപ്രതിസന്ധി ''The Female Eunuch' നുശേഷമുള്ള കാലഘട്ടത്തിലും കാര്യമായ മാറ്റം വന്നുചേര്‍ന്നിട്ടില്ല. ദുഃഖകരമായ വാസ്തവത്തെ ഗ്രീര്‍ ഈ പുസ്തകത്തില്‍ വീണ്ടും വിളംബരം ചെയ്യുന്നു. `Castrated woman'  (വൃഷണച്ഛേദം സംഭവിച്ച സ്ത്രീ) ഇപ്പോഴും ഒരു യാഥാര്‍ഥ്യമായിത്തുടരുന്നുണ്ടെന്നാണ് ഗ്രീറിന്റെ കണ്ടെത്തല്‍.


''The Female Eunuch'' ല്‍ നിഷേധാത്മകത മുന്തിനിന്നിരുന്നു, പക്ഷേ 'The whole woman' അമ്ളഗന്ധമുള്ളതാണെങ്കിലും താരതമ്യേന positive -വാസ്തവികം ആണെന്നു പറയാം. പുരുഷനെ പ്രീതനാക്കുക എന്നതല്ല തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ പെണ്ണിന്റെ എണ്ണം കൂടിവരുന്നുണ്ടെന്ന് ഗ്രീര്‍ നിരീക്ഷിക്കുന്നുണ്ട്. അത് മുക്തിയുടെ മാര്‍ഗമാണ്.


ഈ രണ്ടു പുസ്തകങ്ങള്‍ക്കുമിടക്ക് മറ്റു രചനകള്‍ ഉണ്ടായി. `The Obstacle Race: The Fortunes of Women Painters and Their Work', `Shakespeare', `The Madwoman's Underclothes', `Daddy', 'We Hardly Knew You', `The Change: Women', 'Ageing and the Menopause'. ഇവ കൂടാതെ ഒരുപാട് സാന്ദര്‍ഭിക ലേഖനങ്ങളും സാഹിത്യനിരൂപണങ്ങളും ഈ എഴുത്തുകാരി നമുക്ക് തന്നു. അമ്മനാടായ ഓസ്ട്രേലിയ ജെര്‍മെന്‍ ഗ്രീറിന്റെ ആഗോള പ്രശസ്തിയില്‍ ആഹ്ളാദിക്കുകയും അവര്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ദുഃഖിക്കുകയും ചെയ്തു. ബ്രിട്ടനിലേയും അമേരിക്കയിലേയും ബുദ്ധിജീവി സമൂഹം അവരെ ഉള്‍ക്കൊള്ളാന്‍ വൈകിയാണെങ്കിലും തയ്യാറായി.


സല്‍മാന്‍ റുഷ്ദി `The satanic verses'' എഴുതിയപ്പോള്‍ യാഥാസ്ഥിതിക പൌരോഹിത്യം ചന്ദ്രഹാസമിളക്കിയത് ചരിത്രമാണല്ലോ. റുഷ്ദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമുള്ള ഒരു ഭീമ പ്രസ്താവം ബ്രിട്ടനിലെ എഴുത്തുകാരും ബുദ്ധിജീവികളും തയ്യാറാക്കിയപ്പോള്‍ അതില്‍ ഒപ്പുവെക്കാന്‍ ജെര്‍മെന്‍ ഗ്രീര്‍ വിസമ്മതിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി. അതൊക്കെ റുഷ്ദിയുടെ സ്വന്തം കാര്യമാണെന്നാണ് അവര്‍ പറഞ്ഞത്. ഓസ്ട്രേലിയയിലെ ആദിവാസിഗോത്രങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അതിശക്തമായി വാദിക്കുന്ന അവര്‍ ഈ പിന്‍തിരിപ്പന്‍ നിലപാട് എന്തിന് സ്വീകരിച്ചു? നമുക്കറിയില്ല.


1968 ല്‍ പോള്‍ ഡു ഫെന്‍ എന്നുപേരായ വെല്‍ഷ് മരപ്പണിക്കാരന്‍െ അവര്‍ വിവാഹം ചെയ്തു. ആ ബന്ധം മൂന്നാഴ്ചയാണ് നീണ്ടുനിന്നത്. ആദ്യരാത്രി താന്‍ കസേരയിലിരുന്നാണ് വെളുപ്പിച്ചതെന്ന് പിന്നീട് ഗ്രീര്‍ എഴുതുകയുണ്ടായി .

പ്രധാന വാർത്തകൾ
Top