21 April Saturday

എമിലി ബ്രോണ്ടി; വിശ്വസാഹിത്യത്തിലെ അതുല്യ വനിത

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

“There is not room for Death,
Nor atom that his might could render void:
Thou - Thou art Being and Breath,
And what Thou art may never be destroyed.”

എമിലി ബ്രോണ്ടിയുടെ 'No coward soul is mine' എന്ന കവിതയിലെ ഒടുവിലത്തെ വരികളാണിവ. മരണമില്ലാത്ത  അനശ്വരമായ ജീവിതത്തെ കുറിച്ചാണ് കവയിത്രി ഇവിടെ പ്രതിപാദിക്കുന്നത്. 'വതറിംഗ് ഹൈറ്റ്സ്' എന്ന ഒരൊറ്റ നോവലും കുറച്ചു കവിതകളും മാത്രം രചിച്ച എമിലി  വിശ്വസാഹിത്യത്തില്‍ അമരത്വം നേടിയപ്പോള്‍ ഈ വരികള്‍ യാഥാര്‍ഥ്യമാവുകയായിരുന്നു. അതിനാലാകാം, എമിലി ഡിക്കിന്‍സണ്‍ തന്റെ മൃതശരീരം അടക്കുന്നതിനുമുന്‍പ് മേല്‍പ്പറഞ്ഞ കവിത ആലപിക്കണം എന്ന് ആവശ്യപ്പെട്ടത്.

ബ്രോണ്ടി സഹോദരികള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട സാഹിത്യ ത്രയത്തിലെ രണ്ടാമത്തെയാളാണ് എമിലി. ഷാര്‍ലറ്റ് ബ്രോണ്ടിയും ആനി ബ്രോണ്ടിയും സഹോദരിമാര്‍. 1818 ജൂലായ് 30ന് ബ്രിട്ടനിലെ തോര്‍ട്ടണ്‍ ഗ്രാമത്തില്‍ പാട്രിക്ക് ബ്രോണ്ടിയുടെയും മരിയ ബ്രാന്‍വെല്ലിന്റെയും ആറ് മക്കളില്‍ അഞ്ചാമതായാണ് എമിലി ജനിച്ചത്. ആനിയുടെ ജനനത്തെ തുടര്‍ന്ന് അവരുടെ കുടുംബം ഹാവോര്‍ത്തിലേക്ക് താമസം മാറ്റി. എമിലി ജീവിച്ചു മരിച്ച ഹാവോര്‍ത്തിലെ ചതുപ്പുനിലങ്ങള്‍ (moors) അവരുടെ സര്‍ഗശക്തിക്ക് മുഖ്യപ്രചോദനം ആയിരുന്നു. എമിലിക്ക് മൂന്ന് വയസ്സ് ആയിരുന്നപ്പോള്‍ തന്നെ അവരുടെ അമ്മ മരിയ മരിച്ചു. ഹാവോര്‍ത്തില്‍ ഒരു ഗ്രന്ഥശാലയുടെ മേല്‍നോട്ടക്കാരന്‍ ആയി പാട്രിക്കിന് ജോലികിട്ടിയത് എമിലിയില്‍ സാഹിത്യാഭിരുചി സൃഷ്ടിച്ചു.

തങ്ങളുടെ മൂത്ത സഹോദരിമാരായ മരിയയും എലിസബത്തും ടൈഫോയിഡ് പിടിപെട്ടു മരിച്ചതിനെ തുടര്‍ന്ന് ഷാര്‍ലെറ്റിനും എമിലിക്കും സ്‌കൂള്‍വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. അതേത്തുടര്‍ന്ന് ബ്രോണ്ടി സഹോദരിമാരും സഹോദരനായ പാട്രിക്ക് ബ്രാന്‍വെല്ലും അവരുടെ അച്ഛന്റെയും അമ്മയുടെ സഹോദരിയായ എലിസബത്ത് ബ്രാന്‍വെല്ലിന്റെയും കീഴില്‍ ആണ് പഠിച്ചത്.  ബ്രാന്‍വെല്ലിനു സമ്മാനമായി ലഭിച്ച പട്ടാളക്കാരുടെ കളിപ്പാട്ടങ്ങളെവെച്ചു അവര്‍ angria എന്ന സാങ്കല്പികലോകം സൃഷ്ടിച്ചു. അതുകൂടാതെ, ആനിയും ആയി ചേര്‍ന്ന് gondal  എന്ന  സാങ്കല്പികലോകത്തിനും എമിലി രൂപം നല്‍കി. എമിലിയുടെ ആദ്യകാല കവിതകള്‍ ഈ ലോകത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.

പിന്നീട്, ഷാര്‍ലെറ്റ് പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ എമിലി ഔപചാരിക വിദ്യാഭ്യാസത്തിന് ഒരിക്കല്‍ കൂടി ശ്രമിച്ചെങ്കിലും വീട്ടില്‍ തിരിച്ചെത്താനുള്ള അതിയായ ആഗ്രഹം മൂലം തിരിച്ചുപോന്നു. അവിടുത്തെ സാഹചര്യങ്ങളുമായി ചേര്‍ന്നുപോകാന്‍ കഴിയാതെ എമിലി പട്ടിണി കിടന്നിരുന്നു. 20 വയസ്സായപ്പോള്‍ ഹാലിഫാക്സിലെ ലോ ഹില്‍ സ്‌കൂളില്‍ അധ്യാപികയായും എമിലി പ്രവര്‍ത്തിച്ചു. ദിവസവും 17 മണിക്കൂര്‍ ജോലിചെയ്യേണ്ടിവന്നത് അവരുടെ ആരോഗ്യം വഷളാക്കി. ഇതിനുശേഷം വീട്ടിലെ ജോലികളില്‍ ശ്രദ്ധ ചെലുത്തിയ എമിലി ജര്‍മന്‍ ഭാഷയിലും പിയാനോ വായിക്കുന്നതിലും പ്രാഗല്‍ഭ്യം നേടി.
ഫ്രഞ്ച്, ജര്‍മന്‍ ഭാഷയിലെ പ്രാവീണ്യം മെച്ചപ്പെടുത്തി സ്വന്തമായി സ്‌കൂള്‍ തുടങ്ങുക എന്ന ലക്ഷ്യവും ആയി ബെല്‍ജിയത്തിലെ ഒരു ഗേള്‍സ് അക്കാദമിയില്‍ എമിലിയും ഷാര്‍ലെറ്റും ചേര്‍ന്നു. അവിടെ 9 മാസം പഠിച്ചു തിരിച്ചെത്തിയിട്ടും വേണ്ടത്ര കുട്ടികള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് സ്‌കൂള്‍ തുടങ്ങാനായില്ല.

1845ലെ ശിശിരകാലത്ത് എമിലി രഹസ്യമായി എഴുതിയിരുന്ന കവിതകള്‍ ഷാര്‍ലെറ്റ് കണ്ടെത്തി. ഇതറിഞ്ഞ എമിലി തന്റെ സ്വകാര്യതയില്‍ കൈകടത്തിയതിന് ക്ഷുഭിതയായെങ്കിലും പിന്നീട് ആ കവിതകള്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യത്തിന് വഴങ്ങി. അടുത്തവര്‍ഷം Poems by Currer, Ellis, and Acton Bell എന്ന പേരില്‍ ബ്രോണ്ടി സഹോദരികള്‍ അവരുടെ കവിതകള്‍ പ്രസിദ്ധീകരിച്ചു. Ellis എന്ന പേരിലാണ് എമിലിയുടെ കവിതകള്‍ പുറത്തുവന്നത്. എന്നാല്‍ നല്ല അവലോകനങ്ങള്‍ നേടിയിട്ടും, ഈ കവിതാസമാഹാരത്തിന്റെ രണ്ട് കോപ്പികള്‍ മാത്രം ആണ് വിറ്റത്.

1847ല്‍ ആണ് എമിലിയുടെ ഏക നോവല്‍ ആയ വതറിംഗ് ഹൈറ്റ്സ് പ്രസിദ്ധീകരിച്ചത്. ആനിന്റെ ആഗ്നസ് ഗ്രേയ് ഉള്‍പ്പെടുന്ന മൂന്നു വാള്യം അടങ്ങുന്ന സെറ്റിലെ ആദ്യ രണ്ട് വാള്യങ്ങളായാണ് നോവല്‍ അവതരിപ്പിച്ചത്. പ്രണയകഥ എന്ന നിലയിലാണ് വതറിംഗ് ഹൈറ്റ്സ് പ്രസിദ്ധി ആര്‍ജിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്  പ്രതികാരത്തിന്റെ കഥയാണ്. അനാഥനായ ഹെത്ക്ലിഫിനെ മിസ്റ്റര്‍ ഏണ്‍ഷോ എടുത്തുവളര്‍ത്തുന്നു. അദ്ദേഹത്തിന്റെ മകളായ കാതറിനുമായി ഹെത്ക്ലിഫ് പ്രണയത്തിലാവുന്നു. എന്നാല്‍ ഹെത്ക്ലിഫിനെ വിവാഹം കഴിച്ചാല്‍ തന്റെ അന്തസ്സിനു കോട്ടം തട്ടുമെന്ന് കരുതി കാതറിന്‍ ലിണ്ടന്‍ കുടുംബത്തിലെ എഡ്ഗാറിന്റെ വിവാഹാഭ്യര്‍ഥന അംഗീകരിക്കുന്നു. അവിടെനിന്നും അപ്രത്യക്ഷനാവുന്ന ഹെത്ക്ലിഫ് ആ രണ്ട് കുടുംബങ്ങളെയും തകര്‍ക്കുക എന്ന ഉദ്ദേശവുമായാണ് തിരിച്ചെത്തുന്നത്.

വിക്ടോറിയന്‍ ജനതയെ നടുക്കാന്‍തക്ക ഹിംസയും ലൈംഗികവികാര തീവ്രതയും ഉണ്ടായിരുന്നു വതറിങ് ഹൈറ്റ്സില്‍. അക്കാലത്തു കാര്യമായ പതികരണം നേടാതിരുന്ന നോവല്‍ പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക് ആയി അംഗീകരിക്കപ്പെട്ടു. സദാചാരഭ്രംശം സംശയിക്കപ്പെടുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമായ നോവല്‍ അതിന്റെ ഗോത്തിക് പ്രതീകാത്മകതയാലും ശ്രദ്ധേയമാണ്. കവിതയോട് അടുത്തുനില്‍ക്കുന്ന രചനാരീതിയാണ് എമിലി  വതറിങ് ഹൈറ്റ്സില്‍ സ്വീകരിച്ചത്.
തൊട്ടടുത്ത വര്‍ഷം സഹോദരനായ ബ്രാന്‍വെല്ലിന്റെ മരണത്തോടെ തീവ്രമായ പനിയും അതുമൂലം ക്ഷയവും പിടിപെട്ട എമിലി 1848 ഡിസംബര്‍ 19ന് നിര്യാതയായി. 30 വയസ്സ് ആയിരുന്നു അപ്പോള്‍ എമിലിയുടെ പ്രായം.


 

പ്രധാന വാർത്തകൾ
Top