Top
24
Saturday, February 2018
About UsE-Paper

സലാല: മണലാരണ്യത്തിലെ ഹരിത സ്വർഗ്ഗം

Monday Jan 22, 2018
ഡോ. ദിലീപ് എം ആർ

ഡോ. ദിലീപ് എം ആര്‍ ഡോ. ദിലീപ് എം ആര്‍
മരുഭൂമിയില്‍ പച്ചപ്പിന്റെ വിസ്മയം തീര്‍ക്കുന്ന ഭൂഭാഗമാണ് ഒമാന്റെ തെക്കേ അറ്റത്തെ സലാല. ലോകത്തിലെ ഏറ്റവും മുന്തിയ കുന്തിരിക്കത്തിന്റെ നാട് കൂടിയായ സലാലയിലെ കാഴ്‌‌‌‌ച്ചകളിലൂടെ ...ഡോ. ദിലീപ് എം ആർ എഴുതുന്നു

മരുഭുമിയിൽ ഇതൊരു അദ്ഭുതം തന്നെ.. ഇത്ര ഹരിതാഭയുള്ള, വശ്യസുന്ദരമായ മറ്റൊരു പ്രദേശം ഈ വിശാലമായ മണലാരണ്യത്തിൽ എങ്ങുമേ ഇല്ല. ഖരീഫ് കാലത്ത് ആകാശത്തുനിന്നുള്ള സ്നേഹ സന്ദേശവുമായി എത്തുന്ന മഴത്തുള്ളികൾ തെങ്ങോലകളെയും പച്ച പുതപ്പു വിരിച്ചു നില്ക്കുന്ന കുന്നിൻ ചരിവുകളെയും നെല്പ്പാടങ്ങളെയുമൊക്കെ ഈറനണിയിച്ചു നിർത്തിയിരിക്കുന്നത് കാണേണ്ട കാഴ്ച്ചതന്നെയാണ്. സൂര്‍യൻ അങ്ങ് ഉച്ചസ്ഥായിയിലെത്തിനിൽക്കുമ്പോൾ പരത്തുന്ന പ്രകാശം പുൽനാമ്പുകളിലെ ജലകണങ്ങളെ രത്നങ്ങളാക്കി മാറ്റുന്നു.

ഒമാന്റെ  തെക്കേയറ്റത്തു  കിടക്കുന്ന സലാല ഒരു സമതല പ്രദേശമാണ്. അതിനു ചുറ്റാകെയും നിരനിരയായി മാമലകൾ. ആ പ്രദേശം ദോഫാർ എന്നാണു അറിയപ്പെടുന്നത്. ഒട്ടു മിക്ക മലകളിലും പല ഗോത്ര കുടുംബക്കാരുടെ ആധിപത്യം ആണ്. അറബ് ലോകത്ത് അറബി കാര്‍യമായി  അറിയാതിരുന്നവരാണവർ. ഒമാൻ എന്ന രാജ്യം പുരോഗതിയിലേക്ക് കടന്നതോടെയാണ് അവരും അറബി സ്വായത്തമാക്കിതുടങ്ങിയത്. ജബാലി എന്നതാണ് അവരുപയോഗിക്കുന്ന ഭാഷ. മഴക്കാലത്ത് മലകയറാൻ ആയിരങ്ങളാണ്  എത്തുക. മലകളിലേക്കുള്ള സാഹസികമായ യാത്രയിൽ പലപ്പോഴും വഴി മുടക്കാനായി ഒട്ടകകൂട്ടങ്ങൾ കടന്നുപോകും. നമ്മളൊക്കെ ഏതോ അന്യഗ്രഹ ജീവികൾ എന്ന നിലയ്ക്കാണ്  അവരുടെ ഒരു പോക്ക്. നമ്മുടെ  കാറിനടുത്ത് വന്നു തലയുയർത്തി, മുഖം നീട്ടി നീ ആരെടാ മനുഷ്യാ എന്ന  ഒരു പുച്ഛഭാവത്തോടെ നോക്കും, പിന്നെ തൂങ്ങിക്കിടക്കുന്ന കീഴ്ത്താടി ഒന്നുകൂടെ ഒന്നുലച്ചു ചവച്ചു കാണിക്കും . പിന്നെ  മന്ദം മന്ദമായി, ഓളങ്ങളിലൂടെ കളിവള്ളം ആടി ഉലഞ്ഞു പോകുന്നത് പോലെ, അങ്ങു നടക്കും. ഒന്നിന് പിന്നാലെ ഒന്നായി. അവർ കടന്നു പോയി തീരുന്നവരെ കാത്തിരിക്കുക മാത്രമേ നിർവാഹമുള്ളൂ. എങ്കിലും ആ  കാഴ്ച ഒരു രസം തന്നെയാണ്.


മലകൾ കയറി ക്ഷീണിച്ച് പിന്നെ ഇങ്ങു സമതലത്തിലെത്തുമ്പോൾ പീലിവിരിച്ചു വീശിയാടുന്ന തെങ്ങുകൾ നമ്മെ സ്വീകരിക്കാൻ നില്ക്കും. നാട്ടിലെ പോലെ മണ്ടരിയും മഞ്ഞിപ്പും പിടിച്ചു ക്ഷയിച്ച തെങ്ങുകൾ  ഒന്നുമല്ല. നല്ല ഇരുണ്ട പച്ച നിറത്തിൽ, ഇളം പച്ച കുടങ്ങൾ കമഴ്ത്തിയിരുക്കുന്ന  പോലുള്ള കരിക്കിൻ കുലകൾ പേറിയാണ് തെങ്ങിൻ തോപ്പുകൾ കാണുക. ഇടയ്ക്കിടയ്ക്കു മരതകപച്ച പരത്തി കിടക്കുന്ന നെൽപ്പാടങ്ങളും പപ്പായ തോപ്പുകളും വാഴത്തോട്ടങ്ങളും ഒക്കെ കണ്ണിനാനന്ദം കൂട്ടുന്ന കാഴ്ചകൾ തന്നെ. പിന്നെ. റോഡിനു ഇരുവശവും പല നിറത്തിലുള്ള വാഴപ്പഴങ്ങളും കരിക്കും ഒക്കെ വിൽക്കുന്ന വഴിയോര കച്ചവടശാലകൾ കാണാം. ഒട്ടുമിക്കതും മലയാളികളുടെതാണ്. ഇവിടെ വരുന്ന എല്ലാ യാത്രികരും കരിക്ക് കുടിക്കാനായി ഒന്നു നില്കാറൂണ്ട്.

ആയിരക്കണക്കിന് മലയാളികളുടെ സ്വപ്നഭൂമി കൂടി ആണ് സലാല. കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ ആയി സലാലയുടെ വികസനത്തിൽ ഇവരുടെ വിയർപ്പും കൂടിയിട്ടുണ്ട്. പകരം അവരുടെ ജീവിതവും പച്ചപിടിച്ചു. ഓരോ പ്രവാസിക്കും ഓരോ കഥകൾ പറയാനുണ്ട്. ദുഖത്തിന്റെ, കഠിനാദ്ധ്വാനത്തിന്റെ, വേർപാടിന്റെ ഒക്കെ ഹൃദയഭേദകമാകുന്ന കഥകൾ. എങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ടത് സലാലയിലെ പച്ചപ്പ്‌ നല്കുന്നു. കൂലിപ്പണി എടുക്കുന്നവർ മുതൽ ബിസിനസ്സ് സാമ്രാജ്യങ്ങൾ തീർത്ത് രാജകീയ ജീവിതം നയിക്കുന്നവർ വരെ ഉണ്ടിവിടെ. 


കേരളവും സലാലയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. സലാലയുടെ തെക്കു കിഴക്ക് ഉണ്ടായിരുന്ന പുരാതന നഗരങ്ങളായിരുന്ന അൽ ബലീദും സംഹറവും ഒക്കെ ഇന്ത്യ യിലേക്കും ഉള്ള കപ്പൽ  സഞ്ചാര കേന്ദ്രങ്ങളുമായിരുന്നു. അവിടങ്ങളിൽ നിന്നും അറബികുന്തിരിക്കവും ഈത്തപ്പഴവും ഒക്കെ കപ്പൽ മാർഗം ഇന്ത്യയിലേക്ക് എത്തിയിരുന്നു. പകരം അരിയും തുണിയും ഒക്കെ നിറച്ച്‌ കപ്പൽ സലാല തീരത്തേയ്ക്കും പോയിരുന്നു.

വിശുദ്ധ മക്കയിൽ എത്തി ഇസ്‌ലാം മതം സ്വീകരിച്ചു തിരുച്ചു പോകുന്ന വേളയിൽ  ചേരമാൻ പെരുമാൾ എത്തിപ്പെട്ടത് സലാലയിലായിരുന്നു.  ഇവിടെ വച്ച് കാലം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കബർ പവിത്രമായി ഇവിടെ സൂക്ഷിച്ചു പോരുന്നു. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെയും ഫ്യൂഡലിസത്തിനെതിരെയും ധീരമായി പോരാടിയിരുന്ന മലബാർ കാരൻ  മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ സലാലയുടെയും ദോഫാറിന്റെയും ഭരണാധികാരിയായി പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാന കാലത്ത്അഞ്ചു വർഷത്തോളം കാലം ഇവിടെ ഉണ്ടായിരുന്നു. അങ്ങനെയും ഒരു മലയാളി ബന്ധം സലാലയ്ക്ക് ഉണ്ട്.

ലോകത്തിലെ ഏറ്റവും മുന്തിയ കുന്തിരിക്കത്തിന്റെ നാടാണിത്. യൂറോപ്പുകാരെയും ചൈനക്കാരെയും മറ്റു അറബു നാട്ടുകാരെയും ഒക്കെ ചരിത്രാതീതകാലം തൊട്ടു ആകര്‍‍ഷിച്ചുകൊണ്ടിരിക്കുന്നതാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കുന്തിരിക്കം. ദോഫാറിലെ കുന്തിരിക്കത്തിന്റെ പ്രശസ്തി അലക്സാണ്ടർ ചക്രവർത്തിയെ പോലും ഇവിടം  കീഴടക്കാൻ പ്രേരിപ്പിച്ചിരുന്നു. സലാലയ്ക്ക  ചുറ്റുമുള്ള മലകളിൽ താമശിച്ചിരുന്ന ഗോത്ര കുടുംബങ്ങളുടെ വരുമാന മാര്‍‍ഗമായിരുന്നു കുന്തിരിക്ക കൃഷി. കാലം മാറി, ജീവിത രീതി മാറി, എണ്ണ പാടങ്ങൾ സ്വർണ്ണ ഖനികളായി, കുന്തി രിക്ക കൃഷി അങ്ങനെ നാമമാത്രമായി.

യാത്രികർക്ക്‌ കാണുവാൻ ഇവിടെ ധാരാളം കേന്ദ്രങ്ങളുണ്ട്. ധാരിസും ഹാഫ്ഫായും മുഖ്സൈലും അടങ്ങുന്ന ഒട്ടനവധി ബീച്ചുകൾ ഉണ്ടിവിടെ. മുഖ്സൈലിൽ കടലിലേക്ക്‌ ഉന്തി നില്ക്കുന്ന പാറ കൂട്ടങ്ങൾ ക്കിടയിലൂടെ കാറ്റിനെറെ ഗതിയ്ക്കനുസരിച്ചു കടൽ വെള്ളം വളരെയധികം ഉയര്‍‍ന്നു ഒരു ജല ഫൗണ്ടൻ പോലെ രൂപപ്പെടുന്നത് കാണാം. ഇത് ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. അൽ ബാലീദ് എന്ന പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ അറബുനാടുകളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. സംഹറവും ഷിസറും ഇത്തരത്തിലുള്ള പുരാതന നഗരങ്ങളുടെ അവശേഷിപ്പുകളാണ്. ഇത് മൂന്നും ചേർന്നത്‌ യുനെസ്കോ വേൾഡ് ഹെറിറ്റെജ് കേന്ദ്രമാണ്.

ഇസ്ലാം മത പരമായ പല കേന്ദ്രങ്ങളും ഉണ്ടിവിടെ. ഈസാ നബിയുടെ പിതാമഹനും മറിയം ബീവിയുടെ പിതാവുമായിരുന്ന ഇമ്രാന്റെ ഖബറിടം ഇതിലൊന്നാണ്. ജബൽ അയൂബ് മലനിരകളിൽ അയ്യൂബ് നബിയുടെ ഖബറിടവുമുണ്ട്. ചേരമാൻ പെരുമാളിന്റെ ഖബറിടമാണ് മറ്റൊന്ന്. സലാല നഗര മദ്ധ്യത്തെ സുൽത്താൻ ഖാബൂസ് മസ്ജിദും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.

വാദി ദർബാത് മറ്റൊരു ആകർഷണ കേന്ദ്രമാണ്. ചെറു വനങ്ങളും  തെളിനീർ നല്കുന്ന തടാകവും ഏവരുടേയും കണ്‍ കുളിർപ്പിക്കുന്ന കാഴ്ചയാണ്. സലാലയിൽ നിന്നും 80 കിലോമീറ്റർ സഞ്ചരിച്ചാൽ മിർബാത്തിൽ എത്താം. അവിടെ ഉള്ള  പുരാതന ഒമാന്റെ ജീവിത ശൈലി യെ ഓര്‍മ്മിപ്പിക്കുന്ന ഓപ്പണ്‍ എയർ മ്യൂസിയവും മീൻപിടിത്ത കേന്ദ്രവും ബീച്ചും ഒക്കെ അറിവും ആനന്ദവും നല്കുന്നവയാണ്.അവിടേയ്ക്കഉള്ള വഴിയിലുള്ള  ഥാക്ക എന്ന പ്രദേശത്തും മനോഹരമായ ബീച്ചും സംരക്ഷിക്കപ്പെട്ടിട്ടുള്ള ചെറിയ ഒരു കൊട്ടാരവും കാണാം. ഇതിനടുത്താണ് ആൻറി ഗ്രാവിറ്റി പോയിൻറ് പ്രധാനമായിട്ടു കാണുന്നത്. അവിടെ നിർത്തിയിട്ടിരിക്കുന്ന  വാഹങ്ങൾ പരസഹായമോ യന്ത്ര സഹായമോ ഇല്ലാതെ കയറ്റത്തിലേക്ക് നീങ്ങുന്നത്‌ കാണുവാനാകും. അതീവ കൌതുകം ജനിപ്പിക്കുന്നതാണ് അവിടെ കാണുന്ന ഈ പ്രതിഭാസം. ആയിൻ അർസാത് എന്നയിടത്തും നീരുറവയും കനാലും കാണുവാനാകും. ഒപ്പം കുന്നിൻ ചരുവിൽ പ്രകൃതി സൃഷ്ടിച്ച ഒരു ഭീമാകാരൻ ഗുഹയും കാണുവാനാകും. സലാല ഒരു നല്ല മീൻപിടിത്ത കേന്ദ്രവുമാണ്. രാത്രികാലങ്ങളിൽ സലാലയിലെ പ്രവാസികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണിത്. ഒരു ചൂണ്ടയുമായി ഏതൊരു കടൽത്തീരത്ത്‌ പോയാലും ഇത് സാധ്യമാകുമത്രേ. മാത്രമല്ല ഡോൾഫിൻ കാണുവാനുള്ള  സൗകര്യങ്ങളും ഉണ്ടിവിടെ.

സലാലയിലെ കാഴ്ചകൾ ഇവ മാത്രമല്ല. ഏതു ദിശയിൽ സഞ്ചരിച്ചാലും ഒട്ടനവധി അത്ഭുതം ജനിപ്പിക്കുന്ന കാഴ്ചകൾ കാണുവാനാകും. പ്രകൃതി ഇത്രത്തോളം കനിഞ്ഞ് അനുഗ്രഹിച്ച മറ്റൊരു പ്രദേശവും ഈ ഗൾഫ്‌ മേഖലയിൽ ഇല്ലതന്നെ.

(കോഴിക്കോട് സര്‍വ്വകലാശാലയില്‍ പഴശ്ശിരാജ കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം വകുപ്പ് മേധാവിയായ ലേഖകന്‍ ഗ്രന്ഥ രചയിതാവും പംക്തികാരനുമാണ് )