20 January Sunday
ലോകശക്തികളില്‍ നിര്‍ണായക സ്ഥാനമാണ് ചൈനക്കുള്ളത്. നമ്മുടെ അയല്‍രാജ്യമായ ചൈനയെക്കുറിച്ച് ചില വിവരങ്ങള്‍

വന്മതിലിന്റെ നാട്ടില്‍

ബിജു കാര്‍ത്തിക്Updated: Wednesday Dec 13, 2017

ചൈനയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നതെന്താവാം. വന്മതിലോ? ജനസംഖ്യയിലെ ഒന്നാംസ്ഥാനമോ? രണ്ടായാലും ചൈന അത്ഭുതമാണ്. ലോകചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാനത്തിലും ഭാവിയിലുമെല്ലാം ചൈന നിറഞ്ഞുനില്‍ക്കുന്നു. ചരിത്രംകൊണ്ട് അതിസമ്പന്നരായ ചൈന ഇന്ന് വന്‍സാമ്പത്തിക ശക്തിയാണ്.

സമ്പദ് വ്യവസ്ഥ
ലോകശക്തികളില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. വാങ്ങല്‍ശേഷിയനുസരിച്ച് ലോകത്തെ രണ്ടാമത്തെ സമ്പദ്ഘടന ചൈനയുടേതാണ്. ഇന്ത്യന്‍ വിപണിയുള്‍പ്പെടെ ലോകവിപണി വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുമായി മത്സരിക്കുകയാണ്.
ചൈനയുടെ തൊഴില്‍ ശക്തിയുടെ പകുതിയും വ്യാപരിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. രാജ്യത്തെ 15.4% ഭൂമിയും കൃഷിയോഗ്യമാണ്. നെല്ല്, ഗോതമ്പ്, ഉരുളക്കിഴങ്ങ്, ബാര്‍ളി, കടല, തേയില, പരുത്തി, എണ്ണക്കുരുക്കള്‍ തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നു. പന്നി, കോഴി, മീന്‍വളര്‍ത്തല്‍ എന്നിവയിലും കര്‍ഷകര്‍ വ്യാപരിക്കുന്നു.
വ്യവസായ മേഖലയിലും ചൈനയുടെ കുതിപ്പ് എടുത്തു പറയേണ്ടതാണ്. 1999 അവസാനം 79,30,000 വ്യവസായ സംരംഭങ്ങള്‍ ചൈനയിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനങ്ങളില്‍ രണ്ടരക്കോടി തൊഴിലാളികളാണ് പണിയെടുക്കുന്നത്. ജോലിയെടുക്കാനാവുന്നവര്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നുവെന്നതും ചൈനയുടെ സവിശേഷതയാണ്. ഊര്‍ജസ്രോതസ്സുകളില്‍ പ്രധാനപ്പെട്ടത് ഇന്നും കല്‍ക്കരിതന്നെ.

ചൈനയുടെ ദുഃഖം
4700കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന മഞ്ഞനദിയാണ് ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്നത്. ഹുയാങ് ഹു എന്നും ഇതിന് പേരുണ്ട്. നദീതടം ഫലഭൂയിഷ്ഠമെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കം ചൈനയുടെ തീരാശാപമാണ്. നദീജലം തടഞ്ഞുനിര്‍ത്തി തോടുകളിലൂടെ കൃഷിയിടങ്ങളിലെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. ടിബറ്റന്‍ പീഠഭൂമിയിലെ പര്‍വതത്തിന്റെ വടക്കന്‍ ചരിവില്‍നിന്ന് ഉത്ഭവിക്കുന്ന മഞ്ഞനദി മഞ്ഞക്കടലിലാണ് പതിക്കുന്നത്. ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിലാണ് ഈ നദിയുടെ തീരങ്ങള്‍. വെള്ളത്തിന്റെ മഞ്ഞ നിറമാണ് ഈ പേരുണ്ടാകാന്‍ കാരണം. ലീസ് പീഠ ഭൂമിയിലെ പൊടി നദിയില്‍ കലരുന്ന തിനാലാണ് നിറഭേ ദമുണ്ടാക്കുന്നത്.

ചൈന ചരിത്ര വഴികള്‍
* ബിസി-65,000ല്‍ ആഫ്രിക്കയില്‍നിന്നാണ് ആധുനിക മനുഷ്യന്‍ ചൈനയിലെത്തിയത് എന്ന് കരുതുന്നു. 1923ല്‍ ചൈനയില്‍ കണ്ടെത്തിയ പീക്കിങ് മനുഷ്യാവശിഷ്ടത്തിന് അത്രയും വര്‍ഷത്തെ പഴക്കമുണ്ട്. * ബിസി-25,000: പുരാതനശിലായുഗത്തിലെ ആധുനിക മനുഷ്യന്‍ ചൈനയില്‍വാസം തുടങ്ങി. * ബിസി-5000: നവീനശിലായുഗത്തിലെ കാര്‍ഷിക സമൂഹം ആവിര്‍ഭവിച്ചു. * ബിസി-1766-1122: ആദ്യത്തെ മുഖ്യരാജ്യവംശമായ ഷാങ് ആവിര്‍ഭവിച്ചു. * ബിസി-1122-256: പടിഞ്ഞാറന്‍ ചൈനയില്‍നിന്നുള്ള ജൌ വംശം ഷാങ് വംശത്തെ പുറത്താക്കി. * ബിസി-500: കണ്‍ഫ്യൂഷിയസിന്റെ തത്വശാസ്ത്രം ചൈനീസ് സമൂഹത്തെയും ഭരണസംവിധാനത്തെയും സ്വാധീനിക്കാന്‍ തുടങ്ങി. * ബിസി-403-221: ജൌ സാമ്രാജ്യം ചെറുരാജ്യങ്ങളായി ചിതറി പരസ്പരം പോരടിച്ചു തുടങ്ങി. * ബിസി-221-206: ചിന്‍ വംശം മറ്റ് നാട്ടുരാജ്യങ്ങളെ തോല്‍പിച്ച് ശക്തമായ കേന്ദ്രഭരണമുള്ള സാമ്രാജ്യം സ്ഥാപിച്ചു. ഈ വംശത്തിലെ ശക്തനായ രാജാവായിരുന്ന ഷിഹ്വാങ്തിയാണ് വന്മതിലിന്റെ നിര്‍മാണം തുടങ്ങിയത്. * എഡി-202-220: കണ്‍ഫ്യൂഷിയന്‍ സിദ്ധാന്തം പൂര്‍ണമായി സ്വീകരിച്ച ഹാന്‍ രാജവംശം ആവിര്‍ഭവിച്ചു. ഇക്കാലത്താണ് ബുദ്ധമതം ഇന്ത്യയിലെത്തിയത്. കലയിലും ശാസ്ത്രത്തിലും ഏറെ മുന്നേറ്റങ്ങളുണ്ടാക്കി. മധ്യേഷയിലേക്ക് സാമ്രാജ്യം വ്യാപിച്ചതും യൂറോപ്പുമായും ഇറാനുമായും വ്യാപാരം ആരംഭിച്ചതും ഇക്കലാത്താണ്. * എഡി-221-581- ഇക്കാലത്തുണ്ടായ കലാപങ്ങളും യുദ്ധങ്ങളും ഹാന്‍ സാമ്രാജ്യത്തെ തകര്‍ത്തു. ബുദ്ധമതവും താവോയിസവും മേല്‍ക്കൈ നേടിയതും ഇക്കാലത്തായിരുന്നു. * എഡി-960-1279: പലതായി കിടന്ന ചൈനയെ സോങ് രാജവംശം ഏകീകരിച്ചു. ജനസംഖ്യ 10 കോടി കടന്നു. * 1368: ചൈന കീഴടക്കിയ മംഗോളിയന്മാരെ മിങ് വംശം പുറത്താക്കി ബെയ്ജിങ് ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടങ്ങി.  * 1851-64: മാനവചരിത്രത്തിലെ ഏറ്റവും വലിയ കലാപമായ തയ്പിങ് കലാപം നടന്നത് ഇക്കാലത്താണ്. 15വര്‍ഷംനീണ്ട കലാപത്തില്‍ രണ്ടുകോടിയിലേറെപേര്‍ക്ക് ജീവന്‍ നഷ്ടമായി. * 1894-95 ജപ്പാനുമായി യുദ്ധത്തിലേര്‍പ്പെട്ട ചൈന കൊറിയയില്‍നിന്ന് പുറത്താക്കപ്പെട്ടു. * 1911- ഡോ. സണ്‍യാത് സെന്നിന്റെ കുമിന്താങ് പാര്‍ടി ചൈന റിപ്പബ്ളിക് പ്രഖ്യാപിച്ചു. ജനാധിപത്യ വിപ്ളവമായി ഇത് അറിയപ്പെടുന്നു. * 1917ല്‍- സണ്‍യാത്സെന്‍ സര്‍വസൈന്യാധിപനായി തെക്കന്‍ ചൈന ഒന്നാംലോകമഹായുദ്ധത്തിന്റെ ഭാഗമായി. * 1921- ഷാങ് ഹായില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപിതമായി. * 1934-35 മാവോ സേ തുങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ലോങ്മാര്‍ച്ച് നടത്തി.

യാങ്ടിസി നദി
ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയാണ് യാങ്ടിസി. ലോകത്ത് മൂന്നാമതും. 6211കിലോമീറ്റര്‍ നീളമുള്ള ഈ നദി കിഴക്കന്‍ ചൈനക്കടലിലാണ് പതിക്കുന്നത്. യാങ്ടിസിക്ക് ചൈനയില്‍ ഓരോദേശത്തും ഓരോ പേരാണുള്ളത്.

ചരിത്ര മതില്‍
ചൈനയിലെ  വന്മതില്‍ യഥാര്‍ഥത്തില്‍ നെടുനീളത്തില്‍ കെട്ടിയ ഒരൊറ്റ മതിലല്ല. വടക്കുനിന്നുള്ള മംഗോള്‍, തുര്‍ക്കിക് നാടോടി ഗോത്രങ്ങളുടെ ആക്രമണം തടയുകയായിരുന്നു വന്മതിലിന്റെ നിര്‍മാണലക്ഷ്യം. വിവിധ കാലഘട്ടങ്ങളില്‍ വിവിധ പ്രദേശങ്ങളിലായി പണിത വ്യത്യസ്ത മതിലുകള്‍ സംയോജിപ്പിച്ചതാണ് വന്മതില്‍ എന്നറിയപ്പെടുന്നത്. ഇതില്‍തന്നെ പലതും നശിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. 14ാം നൂറ്റാണ്ടുമുതല്‍ 17ാം നൂറ്റാണ്ടുവരെയുള്ള കാലത്ത് മിങ് രാജവംശം ഇതിനെ ബലിഷ്ഠമാക്കി. 6325 കിലോമീറ്റര്‍ നീളമാണ് ഇന്ന് കാണുന്ന മതിലിന്റെ രൂപം. മണ്ണുകൊണ്ട് നിര്‍മിച്ച മതിലുകള്‍ മിങ് രാജവംശകാലത്ത് കല്ലുപയോഗിച്ച് പുതുക്കി. എങ്കിലും ബിസി 218-202 കാലത്ത് ചിന്‍വംശത്തിലെ ഷിഹ്വാങ് തി രാജാവാണ് വന്മതിലിനെ വലിയൊരു രൂപമാക്കിയത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വന്മതിലിന്റെ നിര്‍മാതാവായി പറയാറുണ്ട്. 1987ല്‍ യുനെസ്കോ വന്മതിലിനെ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു.

സംസ്കാരം
ലോകത്തെ ഏറ്റവും പ്രാചീനമായ നാഗരികതകളിലൊന്നാണ് ചൈനയുടേത്. കല, സാഹിത്യം, കരകൌശലം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയിലെല്ലാം പൌരാണിക കാലത്തുതന്നെ ചൈന ഉന്നതസ്ഥാനംനേടി. ചില പാത്രങ്ങള്‍ക്ക് ഇന്നും നമ്മുടെ നാട്ടില്‍ ചീനച്ചട്ടി എന്നുപയോഗിക്കുന്നതില്‍നിന്ന് തന്നെ ഈ സ്വാധീനം വ്യക്തമാവും. അബാക്കസ്, അച്ചടിവിദ്യ, ചെമ്പ്, വടക്കുനോക്കിയന്ത്രം, ഘടികാരം, വെടിക്കെട്ട്, വെടിമരുന്ന്, ടൂത്ത്ബ്രഷ്, ചൂണ്ട, പട്ടം, തീപ്പട്ടി, കുട, നാണയങ്ങള്‍, കടലാസ് തുടങ്ങിയവയെല്ലാം കണ്ടുപിടിച്ചത് ചൈനക്കാരാണെന്ന് കരുതപ്പെടുന്നു. കായികശക്തിയിലും ചൈന പിറകിലല്ല. ഒളിമ്പിക്സ് നേട്ടങ്ങളിലും ചൈനയുടെ കുതിപ്പ് കാണാം.

വെളിച്ചം പകര്‍ന്നവര്‍

ലാവോത്സി
താവോയിസത്തിന്റെ ആചാര്യനാണ് ലാവോത്സി. ചൈനയിലെ ഗൌതമബുദ്ധന്‍ എന്നറിയപ്പെട്ട ഇദ്ദേഹം ബുദ്ധനെപോലെതന്നെ പ്രവാചകനായും ദൈവമായും കരുതപ്പെട്ടു. മുതിര്‍ന്ന അധ്യാപകന്‍ എന്ന് അര്‍ഥമുള്ള ലാവോത്സി എന്ന പേര് ഒരുപക്ഷേ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേരായിരിക്കില്ലെന്ന് ചിലര്‍ കരുതുന്നു. ക്രി. മു. ആറാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ലാവോത്സിയുടെ വിശ്രുതമായ ഗ്രന്ഥം 'താവോ തെയിങ്' ആണ്. ഒറ്റരാത്രികൊണ്ടാണ് ലാവോയിസത്തിന്റെ ഈ പ്രാമാണിക ഗ്രന്ഥം രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.

കണ്‍ഫ്യൂഷ്യസ്
കണ്‍ഫ്യൂഷസിന്റെ ജീവിത ദര്‍ശനങ്ങളും ഉപദേശങ്ങളും ചൈനയുടെ ജീവിതത്തെ ആഴത്തില്‍സ്വാധീനിച്ചിട്ടുണ്ട്. ബിസി 551ലാണ് ഇദ്ദേഹത്തിന്റെ ജനനമെന്ന് വിശ്വസിക്കുന്നു. കണ്‍ഫ്യൂഷസിന്റെ പ്രബോധനങ്ങള്‍ നാലുപുസ്തകങ്ങള്‍ എന്നറിയപ്പെടുന്ന കൃതികളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു. കണ്‍ഫ്യൂഷസിന്റെ വചനങ്ങളുടെ സമാഹാരമായ ലൂണ്‍യു, രാഷ്ട്രീമീമാംസാപഠനമായ തു ഹ്സ്യു, ധര്‍മതത്ത്വങ്ങളായ ഷോങ്യോങ് മെങ്സി എന്നിവയാണവ.

മാവോസേതുങ്
ചൈനയെ കമ്യൂണിസ്റ്റ് വിപ്ളവത്തിലേക്ക് നയിച്ച മാവോസേതുങ് ഇന്നും ലോകത്തിന് പ്രചോദനമാണ്. 1943ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാംസെക്രട്ടറി സ്ഥാനത്ത് എത്തിയ മാവോ മരണംവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1893 ഡിസംബര്‍ 26ന് കര്‍ഷകകുടുംബത്തില്‍ ജനിച്ചു. 1921 ജൂലൈയില്‍നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാംകോണ്‍ഗ്രസില്‍ ഹുനാനില്‍നിന്നുള്ള പ്രതിനിധിയായ അദ്ദേഹത്തെ ആ ഘടകത്തിന്റെ സെക്രട്ടറിയായും നിയമിച്ചു. 1923ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രസമിതിയംഗമായി.  1943ല്‍ അദ്ദേഹം പാര്‍ടി ചെയര്‍മാനായി. 1946ല്‍ ആഭ്യന്തര കലാപത്തില്‍ കമ്യൂണിസ്റ്റുകാര്‍ അന്തിമ വിജയംനേടിയതോടെ 1949 ഒക്ടോബര്‍ ഒന്നിന് ബെയ്ജിങില്‍ മാവോ ചൈനാ ജനകീയ റിപ്പബ്ളിക് വന്നതായി പ്രഖ്യാപിച്ചു. 1949 മുതല്‍ 1976ല്‍ മരിക്കുന്നതുവരെ പാര്‍ടി തലവനായും രാഷ്ട്രത്തലവനായും മാവോ തുടര്‍ന്നു. തീര്‍ത്തും ദരിദ്രമായ രാജ്യത്തെ അദ്ദേഹം ലോകശക്തികളിലൊന്നാക്കി. 

പ്രധാന വാർത്തകൾ
Top