Top
24
Saturday, June 2017
About UsE-Paper

ആ സ്വപ്നത്തിലേക്ക് ഈ ചുവടുകള്‍

Thursday Apr 20, 2017
ജിജോ ജോര്‍ജ്
ജിസ്നയും ടിന്റുവും ഉഷക്കൊപ്പം

കാന്തലാട് മലയുടെ മുകളില്‍ ഉദിച്ചുവരുന്ന പൊന്‍സൂര്യന് ഇപ്പോള്‍ തിളക്കമേറെയാണ്. ഈ മലയുടെ താഴ്‌വാരത്താണ് കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ ഊര്‍ജം തേടുന്നത്. ബാലുശേരിക്കയ്ടുത്ത് കിനാലൂര്‍ എസ്റ്റേറ്റിന് നടുവില്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരം പി ടി ഉഷയും ശിഷ്യകളും കുതിച്ചു പായുകയാണ്, ഒളിമ്പിക്സ് മെഡലെന്ന സ്വപ്നത്തിലേക്ക്. ഒരു വിയര്‍പ്പു തുള്ളിയുടെ വ്യത്യാസത്തില്‍ പി ടി ഉഷയ്ക്ക് നഷ്ടപ്പെട്ട ഒളിമ്പിക്സ് മെഡല്‍. ആ സ്വപ്നം യഥാര്‍ഥ്യമാക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.

ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തിന് രണ്ട് ഒളിമ്പ്യന്മാരെ സമ്മാനിച്ച സ്കൂളിന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ വേഗം കൈവരാന്‍ പോകുന്നു. സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന ദീര്‍ഘകാലത്തെ ആവശ്യം യഥാര്‍ഥ്യമായി. സിന്തറ്റിക് ട്രാക്കിന്റെ ഉ്ദഘാടനം മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിക്കും. സ്വന്തം ട്രാക്കില്‍ ദീര്‍ഘകാലം പരിശീലനം നടത്തിയ സ്കൂളിലെ താരങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം. രാവിലെയും വൈകിട്ടും മൂപ്പത് കിലോമീറ്ററിലധികം താണ്ടിയുള്ള ആ യാത്രയ്ക്ക് അറുതിയായി.

ട്രാക്ക് സജ്ജം
എട്ട് ലൈനുള്ള സിന്തറ്റിക് ട്രാക്കാണ്. ജമ്പിങ്, ത്രോയിങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. ജര്‍മനിയിലെ പോളിടാന്‍ എന്ന കമ്പനി ടി ആന്‍ഡ് എഫ് സ്പോര്‍ട്സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയാക്കിയത്. 8.28 കോടി രൂപയാണ് നിര്‍മാണ ചെലവ്. 2011 ഒക്ടോബറില്‍ അന്നത്തെ കേന്ദ്രമന്ത്രി അജയ് മാക്കനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ ചുമതല. സായിയായിരുന്നു മേല്‍നോട്ടം.

നിര്‍മാണം പൂര്‍ത്തിയാക്കിയ സിന്തറ്റിക് ട്രാക്ക്നിര്‍മാണം പൂര്‍ത്തിയാക്കിയ സിന്തറ്റിക് ട്രാക്ക്

ഗ്യാലറിയും ഫ്ളഡ്‌ലിറ്റും വരണം
സിന്തറ്റിക് ട്രാക്ക് യഥാര്‍ഥ്യമായെങ്കിലും പ്രയോജനം പൂര്‍ണമായും ലഭിക്കാന്‍ ഇനിയും സൌകര്യങ്ങള്‍ വേണം. ആയിരം പേര്‍ക്കെങ്കിലും ഇരിക്കാവുന്ന ഗ്യാലറി, അത്ലീറ്റുകള്‍ക്ക് ചെയ്ഞ്ചിങ് റൂം എന്നിവ വരണം. രാത്രി പരിശീലനത്തിന് ഫ്ളഡ്ലൈറ്റുകള്‍ വേണം. പുല്ല് പരിപാലനത്തിന് മികച്ച നിലവാരമുള്ള സ്പ്രിങ്കര്‍ സംവിധാനവും ജലം സംഭരിക്കാന്‍ ഓവര്‍ഹെഡ് ടാങ്കും വേണം. 12 കോടിയോളം രൂപയുടെ ബൃഹദ് പദ്ധതിയാണ് സ്കൂള്‍ വിഭാവനം ചെയ്തത്. പദ്ധതി യഥാര്‍ഥ്യമാകാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണം.

നിലവില്‍ ഫിറ്റ്നസ് സെന്ററിന്റെ നിര്‍മാണമാണ് നടക്കുന്നത്. കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം രൂപ ചെലവഴിച്ചു. നിര്‍മാണം പൂര്‍ത്തിയാവാന്‍ 1.10 കോടി രൂപ കൂടി വേണം. സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധോദ്ദേശ്യ ജിം, യോഗ, ഫിസിയോ തെറാപ്പി എന്നീ സൌകര്യങ്ങളുള്ള ഫിറ്റ്നസ് സെന്ററാണ് വരുന്നത്.

നിലവിലെ ഹോസ്റ്റലിനോട് ചേര്‍ന്ന് രാജ്യാന്തര നിലവാരമുള്ള നീന്തല്‍ക്കുളത്തിനും പദ്ധതിയുണ്ട്. പരിശീലനത്തിന് ശേഷം ശാരീരികക്ഷമത വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഹെഡ്രോതെറാപ്പി സംവിധാനത്തോടെയാണ് നീന്തല്‍ക്കുളം വിഭാവനം ചെയ്യുന്നത്. ഉഷാ സ്കൂളില്‍ പുറത്ത് പരിശീലനത്തിന് എത്തുന്ന ആണ്‍കുട്ടികള്‍ക്ക് താമസിക്കാനും പരിശീലിക്കാനും സൌകര്യമുള്ള ഹോസ്റ്റലും പദ്ധതിയിലുണ്ട്.

ചരിത്രത്തിന്റെ ട്രാക്ക്
1999ല്‍ കൊയിലാണ്ടി എ കെ ജി സ്പോര്‍ട്സ് സെന്റര്‍ ഭാരവാഹികളാണ് ഉഷയുടെ കീഴില്‍ കായിക പരിശീലനമെന്ന ആശയത്തിന് വിത്തുപാകിയത്. കൊയിലാണ്ടി കേന്ദ്രീകരിച്ച് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് തുടങ്ങാനായിരുന്നു തീരുമാനം. പി ടി ഉഷയ്ക്ക് ജന്മനാടിന്റെ സ്നേഹോപഹാരമായാണ് ഇത് വിഭാവനം ചെയ്തത്. നാട്ടുകാരുടെ ആ സ്നേഹവായ്പുകള്‍ ഉഷയും ഭര്‍ത്താവ് വി ശ്രീനിവാസനും ഹൃദയത്തോട് ചേര്‍ത്തുവെച്ചു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. ആ സ്വപ്നം പൂവണിയാന്‍ 2002 വരെ കാത്തിരിക്കേണ്ടി വന്നു.

പി ടി ഉഷ പ്രസിഡന്റും പി എ അജനചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും വി ശ്രീനിവാസന്‍ ട്രഷററുമായി ഉഷ സ്കൂള്‍ സ്ഥാപിതമായി. പി ടി ഉഷയെ സംബന്ധിച്ചിടത്തോളം മുടിനാരിഴയ്ക്ക് നഷ്ടപ്പെട്ട ഒളിമ്പിക്സ് മെഡല്‍ എന്നും നീറുന്ന ഓര്‍മയാണ്. തനിക്ക് നഷ്ടപ്പെട്ട ആ നേട്ടം തന്റെ ശിഷ്യരിലൂടെ കൈവരിക്കാനുള്ള ഉഷയുടെ ശ്രമങ്ങള്‍ക്ക് ആദ്യം താങ്ങായി നിന്നത് എ കെ ജി സ്പോര്‍ട്സ് സെന്ററായിരുന്നു. പിന്നീടും സര്‍ക്കാരും കായിക ലോകവും നാടാകെയും ഉഷ സ്കൂളിന് പിന്നില്‍ അണിചേര്‍ന്നു.

കൊയിലാണ്ടിയിലെ പരിമിതമായ സൌകര്യങ്ങളില്‍ തുടക്കം കുറിച്ച ഉഷ സ്കൂള്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. 2008 ഏപ്രിലില്‍ സ്കൂള്‍ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നുമുതലുള്ള ആവശ്യമാണ് സ്വന്തമായൊരു സിന്തറ്റിക് ട്രാക്ക്. ഒടുവില്‍ ആ സ്വപ്നവും യാഥാര്‍ഥ്യമായി.

ലക്ഷ്യം കായിക ഗവേഷണ കേന്ദ്രം
രാജ്യാന്തര നിലവാരമുള്ള അത്ലറ്റിക് ഗവേഷണ കേന്ദ്രമാണ് ലക്ഷ്യമെന്ന്  പി ടി ഉഷ പറയുന്നു. താന്‍ പരിശീലിക്കുന്ന കാലത്ത് ലഭിക്കാതെ പോയതൊക്കെ ശിഷ്യര്‍ക്ക് ലഭിക്കണം. സ്കൂളിലെ ഓരോ താരത്തിന്റെയും പരിശീലനം, പ്രകടനം, ഭക്ഷണക്രമം എന്നിവ അടക്കം എല്ലാ കാര്യങ്ങളും സ്കൂളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കാനും വിശകലനം നടത്താനും കഴിയുന്ന സംവിധാനമാണ് ലക്ഷ്യം. രാജ്യാന്തര നിലവാരമുള്ള സ്പോര്‍ട്സ് ലാബും സ്കൂളിന്റെ സ്വപ്നമാണ്. താരങ്ങളുടെ കായികമികവും ശാരീരികക്ഷമതയും പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഓരോ താരത്തിനും ശാസ്ത്രീയ പരിശീലനം നല്‍കുന്നതാണ് പദ്ധതി.നേട്ടങ്ങളുടെ നെറുകയില്‍

2002ല്‍ 12 കുട്ടികളുമായി തുടക്കം കുറിച്ച ഉഷ സ്കൂള്‍ 16 വര്‍ഷംകൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. 37 രാജ്യാന്തര മെഡലുകളും 354 ദേശീയ മെഡലും 463 സംസ്ഥാന മെഡലും സ്കൂള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യ ബാച്ചിലെ വിദ്യാര്‍ഥി ടിന്റു ലൂക്ക രണ്ട് ഒളിമ്പിക്സില്‍ പങ്കെടുത്തു. 2015 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ടിന്റു സ്വര്‍ണം നേടി. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്ററില്‍ സ്വര്‍ണവും 800 മീറ്റില്‍ വെള്ളിയും നേടി. പ്ളസ് ടു വിദ്യാര്‍ഥിനിയായ ജിസ്ന മാത്യുവും ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തില്‍ ഇടംപിടിച്ചു. കഴിഞ്ഞ ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ജിസ്ന. അബിത മേരി മാനുവല്‍, ജെസി ജോസഫ്, ഷഹര്‍ബാന സിദ്ദീഖ് എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയവരാണ്.

ചിത്രങ്ങള്‍: കെ എസ് പ്രവീണ്‍കുമാര്‍