24 October Wednesday

ക്ഷേത്രനടയിൽ സ‌്ത്രീകളുടെ റൗക്ക അഴിപ്പിച്ചു

മഞ‌്ജു കുട്ടികൃഷ‌്ണൻUpdated: Sunday Oct 7, 2018

കൊച്ചി
നായർസ‌്ത്രീകൾ റൗക്ക ധരിച്ച‌് അമ്പലത്തിൽ കയറുന്നത‌് വിലക്കുകയും ധരിച്ചെത്തിയവരെക്കൊണ്ട‌് അഴിപ്പിക്കുകയും ചെയ‌്ത കാലമുണ്ടായിരുന്നു കേരളത്തിൽ. 113 വർഷംമുമ്പ‌് കൊച്ചി രാജ്യത്തായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ  ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ  അധികാരിയും അത‌് ശരിവച്ചുകൊണ്ട‌് അന്നത്തെ കൊച്ചി രാജാവുമാണ‌്  ഉത്തരവ‌് ഇറക്കിയത‌്. 1905 ഡിസംബറിൽ.  സ‌്ത്രീകൾക്ക‌് മാറുമറയ‌്ക്കാൻ വിലക്കുണ്ടായിരുന്ന കാലമായിരുന്നു അത‌്. നാലഞ്ചു നായർസ‌്ത്രീകൾ റൗക്ക ധരിച്ച‌് പൂർണത്രയീശ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇത‌് കണ്ട ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്തെ നമ്പൂതിരി അത‌് പാടില്ലെന്ന‌് പറഞ്ഞു. കൊച്ചി രാജാക്കന്മാരുടെ കുലദൈവമായി ആരാധിക്കുന്ന പൂർണത്രയീശന്റെ നടയിൽ രാജകുടുംബത്തിലെ സ‌്ത്രീകൾക്കുപോലും മാറുമറക്കാൻ അനുവാദമില്ലായിരുന്നു. ക്ഷേത്ര തന്ത്രി പറഞ്ഞത‌്  കൊച്ചി രാജാവും വേദപണ്ഡിതനുമായിരുന്ന രാജർഷി രാമവർമ സ്ഥിരപ്പെടുത്തി.  തുടർന്ന‌് സ‌്ത്രീകളെക്കൊണ്ട‌് റൗക്ക അഴിപ്പിച്ചു. നായർസ‌്ത്രീകളുടെ സംബന്ധക്കാർ ഇതുസംബന്ധിച്ച‌് ഹജൂർ കച്ചേരിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചു. 1905 ഡിസംബർ 23ന‌് ഇതുസംബന്ധിച്ചുള്ള അന്യായത്തെക്കുറിച്ച‌് മലയാളമനോരമ പത്രത്തിൽ ക്ഷേത്ര ദർശനം എന്ന തലക്കെട്ടോടെ വാർത്തകൾ വന്നു.

കെ പി പത്മനാഭമേനോന്റെ  ‘കൊച്ചി രാജ്യ ചരിത്ര’ത്തിലും ഇതുസംബന്ധിച്ച‌് വ്യക്തമായ സൂചനയുണ്ട‌്. അമ്പലത്തിൽ ഉത്സവം കാണാൻ വന്ന സ‌്ത്രീകളോട‌് ക്ഷേത്രവളപ്പിൽ കയറണമെങ്കിൽ റൗക്ക അഴിക്കണമെന്ന‌് പറയുകയും തയ്യാറാകാത്തവർ തിരിച്ചുപോകുകയും മറ്റു ചിലർ മടിച്ചുമടിച്ച‌് റൗക്ക അഴിക്കുകയും ചെയ‌്തതായി അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങൾ താൻ നേരിട്ടുകണ്ടതായാണ‌് കെ പി പത്മനാഭമേനോൻ പറയുന്നത‌്. കാലോചിതമല്ലാത്ത, കൊച്ചി രാജാവിന്റെ  ഉത്തരവിനെ രൂക്ഷ ഭാഷയിലാണ‌് പത്മനാഭമേനോൻ വിമർശിച്ചിട്ടുള്ളത‌്.

കേരള ഭാഷാ ഇൻസ‌്റ്റിറ്റ്യൂട്ട‌് പ്രസിദ്ധീകരിച്ച ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ‌്തകത്തിൽ ചരിത്ര ഗ്രന്ഥകാരൻ ഭാസ‌്കരനുണ്ണി ഇതേക്കുറിച്ച‌് വിശദമായി പ്രതിപാദിച്ചിട്ടുണ്ട‌്. കുടുമ മുറിച്ച‌് മുടി ക്രോപ്പ‌്  ചെയ‌്തുവരുന്ന പുരുഷന്മാരെയും ഓലക്കുട വെടിഞ്ഞ‌് ശീലക്കുടയുമായി വരുന്നവരെയും ക്ഷേത്രത്തിനകത്ത‌് കയറ്റരുതെന്നുകൂടി രാജാവ‌് ഉത്തരവിട്ടിരുന്നു. കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ‘‌എന്റെ സ‌്മരണകൾ’ എന്ന പുസ‌്തകത്തിലും ഇതേക്കുറിച്ച‌് പറയുന്നുണ്ട‌്.


പ്രധാന വാർത്തകൾ
Top