21 June Thursday

മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍ സൌരഭ്യമായ്- സുരഭി ലക്ഷമി സംസാരിക്കുന്നു

* ജിഷ അഭിനയUpdated: Tuesday Sep 12, 2017

ദേശീയ അവാര്‍ഡിന്റെ പൊന്‍തിളക്കത്തിന് ശേഷവും 'ദാ, നമ്മളിവിടൊക്കെ തന്നെയുണ്ടെ'ന്ന നിറഞ്ഞ ചിരിയുമായി മലയാളത്തിന്റെ സ്വന്തം സുരഭി ലക്ഷ്മി. സിനിമയിലെ സ്ത്രീ അടയാളപ്പെടുത്തലിന്റെ ശക്തമായ ചിത്രം തെളിയുകയാണ് സുരഭിയിലൂടെ വീണ്ടും. പുരുഷനായകാകാരത്തിന്റെ നിഴല്‍പാടുകളില്‍ അണഞ്ഞുപോയ പെണ്‍പക്ഷത്തെ തിരിച്ചുപിടിക്കുകയാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പരത്തി. യാത്ര തുടരാം സുരഭിയെന്ന പെണ്‍കരുത്തിനൊപ്പം, കലാകാരിക്കൊപ്പം.

അവാര്‍ഡിന് ശേഷം

അവാര്‍ഡിന് ശേഷം വരുന്ന ഭൂരിഭാഗം അവസരങ്ങളും ഏതാണ്ട് 'അവാര്‍ഡ് മോഡല്‍' കഥാപാത്രങ്ങളാണ്. അല്ലെങ്കില്‍ ഏതെങ്കിലും അവാര്‍ഡ് ലക്ഷ്യമാക്കിയുള്ളതാണ്. അത്തരം സിനിമകളെ സ്നേഹപൂര്‍വം നിരസിക്കുന്നു. കൂടുതല്‍ ആളുകള്‍ കാണാന്‍ തയ്യാറുള്ള സിനിമകള്‍ ചെയ്യാനാണ് ഏറെ ഇഷ്ടം. 'മിന്നാമിനുങ്ങ്' അവാര്‍ഡ് സമ്മാനിച്ചുവെങ്കിലും സിനിമ കണ്ടവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ആ സിനിമ തേടിപ്പോയി കാണുന്നുമുണ്ട്. മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസ്, മനോജ് റാം സിങ്ങ്, പിന്നെ ആ സിനിമയില്‍ കൂടെ നിന്ന എല്ലാവരോടുമുള്ള നന്ദിയും ഏറെ സ്നേഹത്തോടെ സുരഭി പങ്കുവെക്കുന്നു.  

ഒരു കുട്ടിയുടെ അമ്മയായി, 49 വയസുള്ള വിധവയായി മാറുമ്പോള്‍ മാനസികമായി ആ ചിന്തയിലേക്ക് ഞാന്‍ എത്തേണ്ടിയിരുന്നു. അത് അഭിനേത്രി എന്ന നിലയില്‍ വലിയൊരു ജോലിയാണ്. നമുക്ക് പരിചിതമല്ലാത്ത ചുറ്റിപാടിലൂടെയുള്ള സംസാരമാണത്, കാഴ്ചയാണത്. ആ പ്രായത്തിലൂടെയുള്ള സഞ്ചാരം കൂടിയാണത്്. എങ്കിലും മികച്ച രീതിയില്‍ അത് ചെയ്യാനായി. അഭിനേതാക്കളെക്കൊണ്ട് വര്‍ക്ക് ചെയ്യിക്കാന്‍ ധൈര്യപ്പെടുന്ന സംവിധായകര്‍ കുറവാണ്. അപൂര്‍വം ചിലരേ അക്കാര്യത്തില്‍ മുന്നിട്ട് വരുന്നുള്ളു. നിലനില്‍ക്കുന്ന ഒന്നിനെ എങ്ങനെ മറ്റൊന്നായി മാറ്റാമെന്നുള്ള വെല്ലുവിളി കൂടിയാണിത്.
ദേശീയ അവാര്‍ഡ് കിട്ടിയതോടെ എല്ലാമായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. വഴിയിലെ പ്രോത്സാഹനമായി കാണുന്നു. കൂടുതല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും കൂടുതല്‍ വര്‍ഷം ഈ രംഗത്ത് തുടരാനും സാധ്യമാവണമെന്നാണ് ആഗ്രഹം. സുരഭി പറയുന്നു.
സ്ത്രീകളുടെ വിവിധ ഭാവങ്ങളെ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കാനാവുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെയിഷ്ടം. പ്രത്യേകിച്ചും ഫൂലന്‍ദേവിയെപ്പോലെ ഒരു കഥാപാത്രത്തെ.

തുടക്കം മൂന്നര വയസില്‍


കോഴിക്കോട് നരിക്കുനിയാണ് സ്വദേശം. അന്നെല്ലാം നാട്ടില്‍ നാടോടി സര്‍ക്കസുകാര്‍ വരും. 'സൈക്കിള്‍ ബാലന്‍സുകാര്‍' എന്നും അവരെ പറയും. പാട്ടും നൃത്തവും മാജിക്കുമായി എട്ടോ പത്തോ ദിവസം അവരത് തുടരും. മൂന്നര വയസുള്ള എന്നെയും കൂട്ടി അച്ഛന്‍ അത് കാണാന്‍ പോയി. അതിനിടെ സദസില്‍ നിന്നും അവര്‍ കുട്ടികളെ ഉള്‍പ്പെടെയുള്ള കാണികളെ 'കടന്നുവരാം കടന്നു വരാം' എന്നു പറഞ്ഞു ക്ഷണിക്കും. അച്ഛന്‍ എന്നേയും സ്റ്റേജില്‍ കയറ്റി. 'കുഞ്ഞല്ലേ, പിഞ്ചു കുഞ്ഞല്ലേ' എന്ന പാട്ടിനൊപ്പം അന്ധയായ കുട്ടിയായി ഞാന്‍ അരങ്ങ് തകര്‍ത്ത് അഭിനയിച്ചു. സന്തോഷം കൊണ്ട് നാട്ടുകാര്‍ കൈ നിറയെ നിലക്കടലയും വത്തക്കയും സമ്മാനിച്ചു. എന്റെ ആദ്യത്തെ പുരസ്ക്കാരം.

ഞാനെന്ന കലാകാരി

നാട്ടില്‍ മുകുന്ദേട്ടന്‍ എന്ന നാടകകലാകാരനുണ്ടായിരുന്നു. ക്ളബ്ബുകളുടെയും അമ്പലങ്ങളുടെയുമെല്ലാം കലാപരിപാടികള്‍ക്ക് നാടകം ചെയ്തത് അദ്ദേഹമാണ്. നാടകം കളിക്കണമെന്ന എന്റെ ആഗ്രഹം സഫലമായത് അദ്ദേഹത്തിന്റെ നാടകത്തിലൂടെയാണ്.

സ്കൂള്‍ പഠനകാലത്താണ് ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവ ആദ്യം പരിശീലിച്ചത്. കലാമണ്ഡലം സത്യവ്രതന്‍ മാഷായിരുന്നു ഗുരു. പിന്നീട് സംസ്കൃതസര്‍വകലാശാലയിലെ നൃത്ത ബിരുദത്തെക്കുറിച്ചറിഞ്ഞു. അങ്ങനെയാണ് ഭരതനാട്യത്തില്‍ ബിരുദം നേടണമെന്ന മോഹം പൂര്‍ണമാകുന്നത്.
ബിരുദ പഠനകാലത്ത് സര്‍വകലാശാലയിലെ നാടകരംഗത്ത് നിന്ന് ലഭിച്ച പരിശീലനം പിന്നീട് ഒരു വഴി തുറക്കുകയായിരുന്നു അരങ്ങിന്റെ അനന്തമായ സാധ്യതകളിലേക്ക്. പിജി തീയേറ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷയുടെ ഭാഗമായിരുന്നു നാടകങ്ങള്‍. അതിനു വേണ്ടിയുള്ള ശ്രമങ്ങളിലെല്ലാം നിരവധി വേഷങ്ങള്‍ ചെയ്യാനായി. പിന്നീട് തീയേറ്റര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സ്ഥിരം അഭിനേതാവായി. ഒരു വര്‍ഷം തന്നെ 15 ഓളം നാടകങ്ങളില്‍ അരങ്ങിലെത്തി.
സംസ്കൃത സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ ബിഎ ഭരതനാട്യം, തിയേറ്ററില്‍ ബിരുദാനന്തരബിരുദം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എംഫിലും പൂര്‍ത്തിയാക്കി. ഇപ്പോള്‍ നാടകത്തില്‍ ഗവേഷണം തുടരുന്നു.

കേരളത്തിലെ സര്‍വകലാശാലകളെ പ്രതിനിധീകരിച്ച് തഞ്ചാവൂര്‍, മൈസൂര്‍, പാറ്റ്ന തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. വിനോദ്കുമാറിന്റെ 'പച്ചമേഘങ്ങളുടെ ഗ്രാമം', ജോയ് മാത്യുവിന്റെ 'അതിര്‍ത്തികള്‍' എന്നീ നാടകങ്ങളാണ് അവതരിപ്പിച്ചത്. സംവിധാനരംഗത്തും തനത് മുദ്ര പതിപ്പിച്ചു. കെ ടി മുഹമ്മദിന്റെ സൃഷ്ടി, ഇബ്സന്റെ പ്രേതങ്ങള്‍, ബഷീറിന്റെ കഥാബീജം, ബ്രഹ്തിന്റെ കവിതകളെ മുന്‍ നിര്‍ത്തി മേരിഫറര്‍ ചോരക്കുഞ്ഞിനെ കൊന്ന കഥ തുടങ്ങിയ നാടകങ്ങള്‍ സുരഭി എന്ന സംവിധായകയിലൂടെ അരങ്ങിലെത്തിയവയാണ്.സിനിമയിലേക്ക്

സംസ്ഥാന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലിലും ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മോണോആക്ടിലുമെല്ലാം മത്സരിക്കാറുണ്ട്. എല്ലാത്തിനും പങ്കെടുക്കുന്നത് പണച്ചെലവുള്ളതാണ്. ഇതിനിടയിലാണ് അച്ഛന്റെ അപ്രതീക്ഷിത മരണം. സാമ്പത്തിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ ഓട്ടന്‍തുള്ളല്‍ ഗുരു പുന്നശ്ശേരി രാമന്‍കുട്ടിമാഷിന്റെ സഹായത്തോടെ ഞാന്‍ സംസ്ഥാനതലമത്സരത്തില്‍ പങ്കെടുത്തു.  ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പിറ്റേന്ന് പത്രത്തില്‍ വന്ന എന്റെ പടവും വാര്‍ത്തയും കണ്ട് സംവിധായകന്‍ ജയരാജ് സാര്‍ ഭാര്യ സബിത ചേച്ചിയോട് അടുത്ത ദിവസം നടക്കുന്ന എന്റെ മോണോആക്ട് കാണാനും പരിചയപ്പെടാനും പറഞ്ഞു. അങ്ങനെ ജയരാജ് സാറിന്റെ 'ബൈ ദ പീപ്പിളി'ല്‍ വേഷം ലഭിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി അവസരങ്ങള്‍.

പാത്ത്വോ......

എം 80 മൂസയിലെ പാത്തുമ്മയെന്ന കഥാപാത്രം അത്രമാത്രം ഗൃഹസദസുകളെ കീഴ്പ്പെടുത്തി. മാക്സി ധരിച്ച് നിരവധി കടകളുടെ ഉദ്ഘാടനത്തിന് പോയിട്ടുണ്ടെന്ന് സുരഭി പറയുന്നു. നടന്‍ വിനോദ് കോവൂരിനൊപ്പം കോഴിക്കോടന്‍ ശൈലിയിലുള്ള വര്‍ത്തമാനം പറച്ചില്‍ കൊണ്ട് പാത്തു അത്രമേല്‍ മലയാളിക്ക് പ്രിയപ്പെട്ടവളായി. 350 എപ്പിസോഡ് പൂര്‍ത്തിയാക്കിയാണ് എം 80 മൂസ അവസാനിപ്പിച്ചത്.

 ധന്യം, ജീവിതം

പരേതനായ കെ പി ആണ്ടിയുടെയും രാധയുടെയും മകളാണ് സുരഭി. ഓട്ടന്‍തുള്ളല്‍ കലാകാരി, നര്‍ത്തകി, അഭിനേത്രി, ഗവേഷക, ആക്ടിവിസ്റ്റ്, നാടകസംവിധായിക തുടങ്ങി എല്ലാ മേഖലകളിലും സുരഭിയുടെ ജീവിതം പടര്‍ന്നു കിടക്കുന്നു. ദേശീയ പുരസ്കാരത്തിനു പുറമേ അമൃത ടിവി ബെസ്റ്റ് ആക്ടര്‍ പുരസ്കാരം, ഫ്ളവേഴ്സ് ടിവി ബെസ്റ്റ് കൊമേഡിയന്‍ പുരസ്കാരം, ശാന്താദേവി പുരസ്കാരം, രണ്ട് തവണ കേരളസംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം, മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ക്രിട്ടിക് അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം തുടങ്ങിയവയും സുരഭിയെ തേടിയെത്തി. മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ബോംബെ ടെയ്ലേഴ്സ്, യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്നിവ ഏറെ ശ്രദ്ധേയമായ നാടകങ്ങളാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു 'ഇരകളോട് മാത്രമല്ല' എന്ന നാടകം.

ഇടതുപക്ഷ മനസ്സിനൊപ്പം എന്നും സുരഭിയുണ്ടായിരുന്നു. പഠനകാലത്ത് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം, സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, തുടങ്ങിയ നിലകളിലെല്ലാം തന്റെ പക്ഷത്തെ അടയാളപ്പെടുത്തിയിട്ടുണ്ട് സുരഭി.
മിന്നാമിനുങ്ങിലെ ആ അമ്മ അത്രമാത്രം ആസ്വാദകമനം നിറയ്ക്കുന്നു. പേരില്ലാത്ത ആ അമ്മ പറയുന്നു. 'നമ്മളെ മോഹിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളൊക്കെ ഉണ്ടാവും. പക്ഷേ അതൊന്നും ചെയ്യണ്ടാന്നല്ല അമ്മ പറയുന്നത്. നമ്മളൊരുപാട് കാലം ജീവിച്ച് കഴിയുമ്പോ നമ്മളിത്രയും കാലം ഞാനായിട്ടാണ് ജീവിച്ചത്, അതിനൊരര്‍ഥമുണ്ടായീന്നൊക്കെ തോന്നുന്നിടത്താണ് യഥാര്‍ഥത്തില്‍ ജീവിതത്തില്‍ സന്തോഷമുണ്ടാവുന്നത്.'

പ്രധാന വാർത്തകൾ
Top