12 December Wednesday

ഗുരുവിന്റെ ചൈതന്യത്തിൽ ആകൃഷ്ടനായി: എസ‌് രമേശൻനായർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കൊച്ചി
തന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചത‌് ശ്രീനാരായണഗുരുവിന്റെ ചൈതന്യമാണെന്ന‌് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് നേടിയ എസ‌് രമേശൻനായർ പ്രതികരിച്ചു. ശ്രീനാരായണ ഗുരുവിനെക്കുറിച്ച‌് നിരവധി പേർ കവിത എഴുതിയിട്ടുണ്ടെങ്കിലും താൻ അതൊന്നുമായിരുന്നില്ല ആധാരമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന‌് എന്ന‌് എല്ലാ കാലത്തേക്കും ലോകത്തിന‌ു മാതൃകയായി പറഞ്ഞ മഹദ‌്‌വ്യക്തിയാണ‌് ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കാളും ജീവിത പശ‌്ചാത്തലത്തെക്കാളും തന്നെ ആകർഷിച്ചത‌് ആ വചനങ്ങളാണ‌്. 40 വർഷത്തോളം മനസ്സിൽ കൊണ്ടുനടന്നിട്ടാണ‌് എഴുതിയത‌്. അത‌് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കവിയും ചലച്ചിത്രഗാനരചയിതാവുമായ രമേശൻനായർ, 1985-ൽ പുറത്തിറ ങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചാണ് മലയാള ചലച്ചിത്രഗാനരചനാരംഗത്ത് പ്രവേശിക്കുന്നത്.

450 ഓളം ഗാനങ്ങൾ സിനിമക്കായി എഴുതി. ഒട്ടേറെ ഹൈന്ദവ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 2010-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും  ലഭിച്ചിട്ടുണ്ട്. 1948 മെയ് മൂന്നിന‌് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമാതാവായും പ്രവർത്തിച്ചു.
പി രമയാണ് ഭാര്യ. സംഗീതസംവിധായകൻ മനു രമേശനാണ‌് ഏകമകൻ. ദീർഘകാലമായി എറണാകുളത്താണ‌് താമസം.


പ്രധാന വാർത്തകൾ
Top