21 May Monday

'സംഘി രഹസ്യ ഗ്രൂപ്പ്' ദേശാഭിമാനി വാര്‍ത്ത പിന്‍വലിച്ചതായി രാഹുല്‍ ഈശ്വറിന്റെ വ്യാജ പ്രചാരണം, മറുപടിയുമായി വായനക്കാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2017

കൊച്ചി > സംഘി രഹസ്യ ഗ്രൂപ്പിന്റെ നടത്തിപ്പുകാരനായി രാഹുല്‍ ഈശ്വര്‍ ഉണ്ടായിരുന്നതായി ദേശാഭിമാനി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത മുക്കിയെന്ന രാഹുലിന്റെ വ്യാജ പ്രചാരണം വായനക്കാര്‍ പൊളിച്ചു.

ലൌ ജിഹാദ് ഹെല്‍പ്പ് ഡസ്ക് എന്ന  സംഘപരിവാര്‍ മെസഞ്ചര്‍ രഹസ്യഗ്രൂപ്പിന്റെ നടത്തിപ്പുകാരാനായി രാഹുല്‍ ഈശ്വര്‍ ഉണ്ടായിരുന്നതായി ദേശാഭിമാനി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത സൈറ്റില്‍ നിന്ന് മുക്കിയതായി രാഹുലിന്റെ  പ്രചാരണമാണ് വായനക്കാര്‍ പൊളിച്ചത്. തനിക്കെതിരെ ദേശാഭിമാനി ഓണ്‍ലൈന്‍ ഫേക്ക് ന്യൂസ് നല്‍കിയെന്നും റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ ഫേസ്ബുക്ക് കവര്‍ ആയി നല്‍കിയ ചിത്രവും വാര്‍ത്തയും വ്യാജമാണെന്നുമാണ് രാഹുല്‍ വീഡിയോ പോസ്റ്റിലുടെ ആരോപിച്ചത്. പി എം മനോജിനെ പേര് എടുത്തു പറഞ്ഞും രാഹുല്‍ വിമര്‍ശിച്ചിരുന്നു.  എന്നാല്‍ രാഹുലിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്നും വാര്‍ത്ത സൈറ്റില്‍ നിലനില്‍ക്കുന്നുണ്ടെന്നും ചൂണ്ടികാട്ടി നിരവധി പേരാണ് രാഹുലിന് മറുപടി നല്‍കിയത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടുകളും, ലിങ്കുകളും രാഹുലിന്റെ പേജില്‍ കമന്റ് ചെയുകയും ചെയ്തു.

വാര്‍ത്ത അസത്യമാണെന്ന് ആദ്യം പറഞ്ഞ രാഹുല്‍ താന്‍ ഗ്രൂപ്പില്‍ ഒരു മോശം പരാമര്‍ശമോ, മുസ്ളിം വിരുദ്ധ പ്രസ്താവനയോ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് മലക്കം മറിയുകയും ചെയ്തു. വാര്‍ത്ത സത്യമാണെന്ന് സാധൂകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട എഴുത്തുകാരി വനജ വാസുദേവും രാഹുലിന്റെ വീഡിയോ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. വാര്‍ത്ത നിലനില്‍ക്കുന്നുവെന്ന് വ്യക്തമായിട്ടും തന്റെ വീഡിയോ പോസ്റ്റ് പിന്‍വലിക്കാനോ പ്രതികരിച്ചവര്‍ക്ക് മറുപടി നല്‍കാനോ രാഹുല്‍ തയ്യാറായിട്ടില്ല.

ലവ് ജിഹാദിനെതിരെയുള്ള സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നെന്നും എന്നാല്‍ വര്‍ഗ്ഗീയ പരമായ ഒരു കമന്റുകളും താന്‍ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

ഗ്രൂപ്പില്‍ താന്‍ അംഗമായിരുന്നു എന്നാല്‍ അതിന്റെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നില്ല. ഈ ഗ്രൂപ്പില്‍ പരസ്പരം രണ്ട് പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിനെ സംബന്ധിച്ച മറുപടിമാത്രമാണ് താന്‍ നല്‍കിയതെന്നും രാഹുല്‍ ഈശ്വര്‍  പറഞ്ഞു. ഗ്രൂപ്പില്‍ രണ്ട് പേര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോള്‍ തമ്മില്‍ തല്ലരുതെന്നേ താന്‍ പറഞ്ഞിട്ടുള്ളു.

ജയകാന്തനെതിരെ ഗ്രൂപ്പില്‍ മറ്റൊരാള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു ഇത്. ജയകാന്തന്‍ സീനിയര്‍ നേതാവാണെന്നായിരുന്നു താന്‍ ഗ്രൂപ്പില്‍ പറഞ്ഞത്. പ്രചരിക്കുന്ന പോലെ മതങ്ങള്‍ക്കെതിരെയോ വര്‍ഗ്ഗീയപരമായോ ഒരു കമന്റുകള്‍ പോലും താനിതുവരെ ലവ് ജിഹാദിനെതിരായ ഗ്രൂപ്പില്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

ലൌ ജിഹാദ് ഹെല്‍പ്പ് ഡസ്ക് എന്ന പേരില്‍ സംഘപരിവാര്‍ മെസഞ്ചറില്‍ സൃഷ്ടിച്ച രഹസ്യഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇന്നലെയാണ് ദേശാഭിമാനി ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയത്. (ആ വാര്‍ത്ത ഇവിടെ വായിക്കാം).  മത കലാപാഹ്വാനങ്ങള്‍ അടക്കം നിറയുന്ന ഗ്രൂപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കം അംഗമാണ്. ആര്‍എസ്എസ് ബന്ധം നിഷേധിച്ച് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ ഈശ്വര്‍ ഗ്രൂപ്പിന്റെ നടത്തിപ്പുകാരനായി രംഗത്തുണ്ട്. ലൌ ജിഹാദ് നേരിടാനെന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പില്‍ സംഘ പരിവാര്‍ അനുകൂലികള്‍ തമ്മില്‍ തന്നെ പോര്‍വിളികളും കാണാം. 

അതിനിടെ ലവ് ജിഹാദിനെ നേരിടാന്‍ സംഘി കേന്ദ്രങ്ങള്‍ സൃഷ്ടിച്ച മെസഞ്ചര്‍ ഗ്രൂപ്പില്‍, തന്നെ അനുമതിയില്ലാതെ ചേര്‍ത്തിരുന്നതായി  എഴുത്തുകാരി വനജ വാസുദേവ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.( വനജയുടെ പ്രതികരണം വായിക്കാം)

അവിടെ തിളച്ച് പൊന്തിയ ഹിന്ദു സഹോദരി സ്നേഹം താങ്ങാവുന്നതിലും അപ്പുറം ആയിരുന്ന തിനാല്‍ താന്‍ ഗ്രൂപ്പ് വിടുകയായിരുന്നുവെന്നു തെളിവിനു സ്ക്രീന്‍ ഷോട്ട് സഹിതം വനജ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ഗ്രുപ്പേ ഇല്ലെന്നു സംഘി പ്രമുഖര്‍ അവകാശപ്പെടുന്നതിനിടയിലാണ് വനജയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. ഇതു വാര്‍ത്തയായതോടെ മറുപടിയില്ലാതെ കുഴങ്ങുകയാണ് സംഘി പ്രമുഖര്‍. വാര്‍ത്തയ്ക്കെതിരായ രാഹുലിന്റെ പോസ്റ്റില്‍ തന്നെ ഗ്രൂപ്പ് സ്ഥിരികരിച്ച് വനജ വാസുദേവും വാര്‍ത്ത നിലനില്‍ക്കുന്നത് ചൂണ്ടികാട്ടി വായനക്കാരും എത്തിയതോടെ രാഹുല്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top