21 September Friday

ബൈക്കില്‍ ഫോണ്‍ ചെയ്ത് പൊലീസുകാരന്റെ യാത്ര; നിയമലംഘനം മൊബൈലില്‍ പകര്‍ത്തിയ വ്യക്തിക്ക് മര്‍ദ്ദനം: video

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2017

ചണ്ഡിഗഢ് > നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ക്ക് മര്‍ദ്ദനവും. ഫോണ്‍ ചെയ്ത് ബൈക്കില്‍ യാത്ര ചെയ്ത പൊലീസുകാരന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവാണ് ആക്രമണത്തിനിരയായത്. നിയമലംഘനം നടത്തിയ സുരീന്ദര്‍ സിംഗ് എന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഹെല്‍മെറ്റ് പോലും ഇയാള്‍ കൃത്യമായി ധരിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ച് ബൈക്കില്‍ യാത്ര ചെയ്യവേ പിന്തുടര്‍ന്നെത്തിയ  യാത്രക്കാര്‍ ചിത്രം പകര്‍ത്തുകയായിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ട സുരീന്ദര്‍ ബൈക്ക് നിര്‍ത്തി ഇയാളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അടിക്കുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സുരീന്ദറിനെതിരെ ചണ്ഡിഗഢ് പോലീസ് നടപടി സ്വീകരിച്ചു. സുരീന്ദര്‍ സിംഗിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും ട്രാഫിക് പൊലീസ് എസ്എസ്‌പി ശശാങ്ക് ആനന്ദ് പറഞ്ഞു. ചണ്ഡിഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

 സെക്യൂരിറ്റി വിംഗ് ജീവനക്കാരനായ സുരീന്ദര്‍ സിംഗിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും മൂന്ന് മാസത്തേക്കുള്ള വിലക്കേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയതായും ശശാങ്ക് വ്യക്തമാക്കി. നിയമലംഘനത്തിന്റെ വീഡിയോ മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരിയും ട്വീറ്റ് ചെയ്തു.
 


പ്രധാന വാർത്തകൾ
Top