15 November Thursday

അത്ഭുതം സൃഷ‌്ടിച്ച പ്രസാധകൻ

അഞ‌്ജുനാഥ‌്Updated: Thursday Jul 5, 2018



കൊച്ചി
പുസ‌്തക പ്രസാധന രംഗത്ത‌് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവർപോലും അത്ഭുതത്തോടെ വീക്ഷിച്ച പ്രസാധകൻ. ശുക്രനക്ഷത്രംപോലെ പൊടുന്നനെ ഉദിച്ചുയർന്ന‌് അതേവേഗത്തിൽ അസ‌്തമിച്ച പ്രതിഭാസം. പെൻ ബുക‌്സ‌് ഉടമ പോളി കെ അയ്യമ്പിള്ളിയെ പുസ‌്തക പ്രസാധക രംഗം അടയാളപ്പെടുത്തുന്നത‌് ഇങ്ങനെ.

സെക്കൻഡ‌് ഹാൻഡ‌് പുസ‌്തക വിൽപ്പന രംഗത്ത‌് വൻ വിപ്ലവം സൃഷ‌്ടിച്ചുകൊണ്ടാണ‌് പോളി കെ അയ്യമ്പിള്ളിയുടെ വരവ‌്. വലിയതോതിൽ പരസ്യം നൽകി മുംബൈ, ചെന്നൈ തുടങ്ങിയ വൻ നഗരങ്ങളിൽ നിന്നുവരെ സെക്കൻഡ‌് ഹാൻഡ‌് പുസ‌്തകങ്ങൾ വാങ്ങി. രണ്ടു പതിറ്റാണ്ടുമുമ്പ‌് എറണാകുളം ടൗൺ ഹാളിൽ ഇത്തരം പുസ‌്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു. അത്ഭുതാവഹമായ പ്രതികരണമാണ‌് ഇതിനുണ്ടായത‌്. തുടർന്ന‌് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.  കേരളത്തിൽ സെക്കൻഡ‌്ഹാൻഡ‌് പുസ‌്തക വിൽപ്പനയിൽ ഇത‌് ‘ട്രെൻഡ‌് സെറ്റർ’ആയി മാറിയെന്ന‌് ഓൾ കേരള പബ്ലിഷേഴ‌്സ‌് ആൻഡ‌് ബുക്ക‌് സെല്ലേഴ‌്സ‌് അസോസിയേഷൻ സെക്രട്ടറി സിഐസിസി ജയചന്ദ്രൻ ഓർക്കുന്നു.
‘ഇംഗ്ലീഷ‌് പഠിക്കാൻ ഒരു ഫോർമുല’ എന്ന ഗ്രന്ഥത്തിന്റെ  വിൽപ്പനയിലൂടെയാണ‌് പെൻ ബുക‌്സ‌് തുടർന്നും കേരളത്തിൽ തരംഗം സൃഷ‌്ടിച്ചത‌്.

മലയാളത്തിലെ മുൻനിര ദിനപത്രങ്ങളിൽ മുഴുപ്പേജ‌് പരസ്യം നൽകിയായിരുന്നു ഇതിന്റെ വിൽപ്പന സജീവമാക്കിയത‌്. പുസ‌്തകത്തിന്റെ കോപ്പികൾ കേരളമൊട്ടാകെ ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ഇത‌് കേരളത്തിലെ മറ്റു പ്രസാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പോളി കെ അയ്യമ്പിള്ളിയുടെ മാർക്കറ്റിങ്‌ തന്ത്രത്തെ മലയാളത്തിലെ കൈത്തഴക്കം വന്ന പ്രസാധകർ പോലും അത്ഭുതത്തോടെയാണ‌്  വീക്ഷിച്ചത‌്. തുടർന്ന‌് എല്ലാ ജില്ലകളിലും പുസ‌്തകശാലകളും തുറന്നു. മറ്റ‌് സ്ഥാപനങ്ങളെയൊക്കെ പിന്നിലാക്കി പെൻ ബുക‌്സ‌് കുതിച്ചുകൊണ്ടിരുന്നു.
 പ്രസാധന രംഗത്തുനിന്ന‌് മറ്റു പല ബിസിനസ‌് രംഗത്തേക്കും കളം മാറ്റി ചവിട്ടിയത‌് പോളി കെ അയ്യമ്പിള്ളിക്ക‌് തിരിച്ചടിയാവുകയായിരുന്നു. ഈ രംഗത്തെ കാപട്യങ്ങളെയും ചതിക്കുഴികളെയും തിരിച്ചറിയാൻ അദ്ദേഹത്തിന‌് കഴിഞ്ഞില്ല. ഇതേത്തുടർന്ന‌് നിരവധി കേസുകൾ ഉടലെടുത്തു. പെൻബുക‌്സ‌് നഷ‌്ടത്തിലേക്ക‌് കൂപ്പുകുത്തി. ആരോഗ്യവും ക്ഷയിച്ചു.  വർഷങ്ങളോളം അദ്ദേഹം കിടപ്പിലായിരുന്നു. ഇതിനൊടുവിലാണ‌് മരണം.

പ്രധാന വാർത്തകൾ
Top