20 July Friday

ദേ പോയി വി സി ഹാരിസ് !....ശ്രീചിത്രന്‍ എം ജെ എഴുതുന്നു

ശ്രീചിത്രൻ എം ജെUpdated: Tuesday Oct 10, 2017

''സ്നേഹാദരങ്ങളോടെ കേരളാദെരീദയെന്നു വിളിച്ച ഈ മനുഷ്യനോടും നമുക്കു പറയാം – ദാ പോയി വി സി ഹാരിസ്. പാതിയില്‍ പതറിനിര്‍ത്തി ഇറങ്ങിപ്പോയ ഈ മൂര്‍ച്ചയേറിയ ധൈഷണികജീവിതം അനേകരില്‍ ബൗദ്ധികായുധങ്ങളായി ഏറെക്കാലം പ്രവര്‍ത്തിക്കുമെന്നുറപ്പാണ്'' -എം ജെ ശ്രീചിത്രന്‍ എഴുതുന്നു.

ഹാരിസ് മാഷെ പരിചയമുണ്ടായിരുന്നു. പലതവണ സംസാരിച്ചു. പടിഞ്ഞാറന്‍ ചിന്തകളില്‍ വഴിമുട്ടി നിന്ന പലയിടങ്ങളിലും ഹാരിസ് മാഷോട് വിളിച്ചു ചോദിക്കാം എന്ന് ആശ്വസിച്ചു. നിഷ്കളങ്കമായ ചിരിയോടെ അല്‍പ്പം പോലും അധികാരഭാവമില്ലാതെ സുഹൃത്തുക്കളോടെന്ന മട്ടിലുള്ള സമഭാവനയോടെ മാഷ് കുരുക്കുകളഴിച്ചുതന്നു. അപൂര്‍വ്വം സന്ദര്‍ഭത്തില്‍ ബാലിശമായി തര്‍ക്കിച്ചപ്പോഴും അതേ ചിരിയും സമഭാവവും കൊണ്ട് തോല്‍പ്പിച്ചു.

വി സി ഹാരിസിനെക്കുറിച്ചുള്ള കുറിപ്പില്‍ വൈയക്തികാനുഭവം ഇവിടെ നിര്‍ത്തിയേ തീരൂ. കാരണം വി സി ഹാരിസ് തന്നെയും അതില്‍ക്കൂടുതല്‍ അദ്ദേഹത്തെക്കുറിച്ച് പാടിനീട്ടിയില്ല. താന്‍ തന്നെക്കുറിച്ചു നിര്‍വ്വഹിക്കുന്നൊരു മോണോലോഗ് ആയി ജീവിതത്തെ കണ്ടവരില്‍ വി സി ഹാരിസ് ഉള്‍പ്പെടില്ല. തന്നെക്കുറിച്ച് പറയാനുള്ള എഴുത്തുതട്ടകമായ ആത്മകഥയില്‍ പോലും ഏറ്റവും കുറച്ചെഴുതേണ്ടത് തന്നെക്കുറിച്ചാണ് എന്ന അസാധാരണബോദ്ധ്യത്തിന്റെ ആള്‍രൂപമായിരുന്നു വി സി ഹാരിസ്. തന്നെക്കുറിച്ചു പറയുമ്പോള്‍ തന്നെക്കുറിച്ചല്ല, തനിക്കു ചുറ്റുമുള്ളതിനേക്കുറിച്ചാണ് പറയേണ്ടതെന്നും പറയാനുള്ളതെന്നുമുള്ള തിരിച്ചറിവോളം മുതിര്‍ന്ന മലയാളത്തിലെ അപൂര്‍വ്വധിഷണ. അതുകൊണ്ട് വി സി ഹാരിസിന്റെ ആത്മകഥ വായിച്ചാല്‍ അത് ആത്മകഥയോ ഇന്നോളമുള്ള ആത്മകഥാലോകത്തോടുള്ള വിമര്‍ശമോ എന്ന് നാം പുകഞ്ഞുപോകും. ‘നരഹത്യയുടെ പാഠങ്ങള്‍’ പോലെ ആഴമുള്ള പ്രബന്ധവും ആത്മകഥയ്ക്കിടയില്‍ തിരുകിവെക്കുമ്പൊള്‍ എന്തായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്?  തന്നിലെ തന്മയെ സാക്ഷാത്കരിക്കുന്നതെന്തോ അവയുള്‍പ്പെടാതെ എന്ത് ആത്മകഥ എന്നായിരിക്കുമോ?

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൃതികളുടെ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് കൊണ്ടുപോകുന്ന .വി സി ഹാരിസ് മാഷ് , ചങ്ങമ്പുഴയുടെ പൌത്രന്‍ ഡോ .ഹരികുമാര്‍ ചങ്ങമ്പുഴ സമീപം  ഫോട്ടോ > എം എ ശിവപ്രസാദ്

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൃതികളുടെ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിച്ച് കൊണ്ടുപോകുന്ന .വി സി ഹാരിസ് മാഷ് , ചങ്ങമ്പുഴയുടെ പൌത്രന്‍ ഡോ .ഹരികുമാര്‍ ചങ്ങമ്പുഴ സമീപം ഫോട്ടോ > എം എ ശിവപ്രസാദ്നോക്കൂ, ഇയാള്‍ എഴുതിയവ വായിച്ചാല്‍ മാത്രമല്ല ഈ മനുഷ്യനെക്കുറിച്ച് എന്തെഴുതിയാലും ചോദ്യചിഹ്നങ്ങള്‍ വന്ന് നിരക്കും. ജീവിതത്തെക്കുറിച്ച് ചിന്തിച്ചാലും അങ്ങനെതന്നെയാണ്. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെ അവസാനത്തില്‍, ഇ പി രാജഗോപാല്‍ പറഞ്ഞതുപോലെ ഒരു സര്‍വ്വകലാശാലാബുദ്ധിജീവിയ്ക്കും ഇക്കാലത്ത് സംഭവ്യമല്ലാത്ത ഒരു ഓട്ടോറിക്ഷാ അപകടത്തില്‍ കടന്നുവന്ന ഈ മരണമടക്കം ബാക്കിനിര്‍ത്തുന്നുണ്ട് ചോദ്യങ്ങള്‍. അമ്പത്തൊമ്പത് വയസ്സില്‍, ഇനിയും ഔദ്യോഗികജീവിതത്തിലടക്കം ഏഴുവര്‍ഷങ്ങള്‍ ബാക്കിനില്‍ക്കേ തീര്‍ന്നുപോകേണ്ട കാര്യം എന്തായിരുന്നു? കുറ്റപ്പെടുത്തിയവരോടും കൂടെനിന്നവരോടും ഒരുപോലെ ചിരിക്കാനറിയാമായിരുന്ന ആ നിശിതബുദ്ധിയ്ക്ക് കാലം തന്നെ തിരിഞ്ഞുകൊത്തുന്നത് കാണാന്‍ മാത്രം കണ്ണുണ്ടാവാതെ പോയതെന്താണ്? അറിയില്ല. ഇനി വിളിച്ചു ചോദിക്കാനുമാവില്ല.

വി സി ഹാരിസിന്റെ രൂപം മലയാളിയുടെ വാര്‍പ്പുമാതൃകയായിരുന്നില്ല. എന്നാല്‍ തീര്‍ത്തും അപരിചിതവുമല്ല. ഫോര്‍ട്ട്കൊച്ചിയില്‍ , അനേകം യഹൂദരിലും ആംഗ്ലോ ഇന്ത്യന്‍ ശരീരങ്ങളിലും മലയാളി കണ്ട രൂപങ്ങളിലൊന്ന്. മാഹിയില്‍ ജനിച്ചുവളര്‍ന്ന ഹാരിസിന്റെ ഈ മെയ്യെഴുത്തില്‍ നിന്ന് ആ എഴുത്തും വായിച്ചെടുക്കാം. ( മാഹിക്കാരനാണെന്ന് പറഞ്ഞാല്‍ അപ്പുറത്തുനിന്ന് ‘ആണോ’ എന്നൊരു മദ്യഗര്‍ഭമായ മൂളല്‍ കേള്‍ക്കാം എന്ന് ആത്മകഥയില്‍)  മലയാളത്തിന്റെ പ്രതീക്ഷിതവും അനുശീലിതവുമായ ആകരങ്ങളില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്ന ഭാഷാരൂപം. എന്നാല്‍ തീര്‍ത്തും അപരിചിതമായൊരു നിഗൂഢഭാഷയല്ല അത്. വികാരാവിഷ്ടമോ   അലങ്കാരസമൃദ്ധമോ ഭാവഗാനാത്മകമോ അല്ല എന്നതിനൊപ്പം നിര്‍വ്വികാരമോ സ്നേഹരഹിതമോ അല്ല എന്നും ചേര്‍ത്തുപറയാം. നിഗൂഢതകളില്‍ നിന്നും കുതറിമാറാനുള്ള പ്രേരണ വി സി ഹാരിസിന്റെ എഴുത്തില്‍ എന്നും  അന്തര്‍നിഹിതമായിരുന്നു. ഏത് അക്കാദമികവ്യവഹാരങ്ങളിലും സൈദ്ധാന്തികവിശദീകരണങ്ങളിലും ഈ അവബോധം തെളിഞ്ഞുനിന്നു. സിദ്ധാന്തങ്ങളുടെ ഭൗതികാസ്തിത്വത്തെ ആഴത്തില്‍ തിരിച്ചറിയുകയും നിശിതമായ രാഷ്ടീയബോധത്തോടെ അവയെക്കുറിച്ച് സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു വി സി ഹാരിസ്. താന്‍ എഡിറ്ററായിരുന്ന നവസിദ്ധാന്തങ്ങള്‍ എന്ന ഗ്രന്ഥപരമ്പരയുടെ ആമുഖത്തില്‍ ഈ വസ്തുതയെ മറ്റാര്‍ക്കും വിശദീകരിക്കാനാവാത്തത്ര തെളിച്ചത്തോടെ വി സി ഹാരിസ് എഴുതി:

ഊര്‍ജ്ജസ്വലമായ ഒരു സൈദ്ധാന്തികപാരമ്പര്യം മലയാളവിമര്‍ശനത്തിന് അവകാശപ്പെടാനുണ്ടെങ്കിലും നമ്മുടെ വിമര്‍ശകരിലേറെയും സിദ്ധാന്തമുക്തമായ വായനാനുഭവങ്ങളിലൂന്നുന്നവരാണ്. ‘ശുദ്ധകല’,  ‘സഹജാവബോധം’, ‘നിഗൂഢത’. ‘വശ്യത’ തുടങ്ങിയ അനുഭവകേന്ദ്രിതമായ പ്രതികരണസൂചകങ്ങളിലാണ് പലപ്പോഴും സാഹിത്യകൃതിയുടെ ‘മൂല്യം’ നിശ്ചയിക്കപ്പെടുന്നത്. നൈസര്‍ഗികമായ ലാവണ്യാനുഭവത്തിന് തടയിടുന്ന, സംവേദനത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന എങ്കോണിപ്പുകളോ ഇടര്‍ച്ചകളോ ആയാണ് അവര്‍ സിദ്ധാന്തങ്ങളെ കാണുന്നത്. ഇതിനു ബദലായി, സൈദ്ധാന്തികാവബോധവും വിശകലനപാടവവും ഒത്തിണങ്ങിയ ഒരു വിമര്‍ശനസംസ്കാരം ഇവിടെ പരുവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ എഴുത്തിന്റെ സൈദ്ധാന്തികവിവക്ഷകളും വായനയുടെ രാഷ്ടീയവും ഇന്ന് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നു.”

മലയാളത്തിന് ഏറെക്കുറെ അപരിചിതവും പരിമിതവുമായിരുന്ന ഈ ദാര്‍ശനികമായ ഉള്‍ക്കാഴ്ച്ചയാണ് തൊണ്ണൂറുകള്‍ക്കു ശേഷം കൂടുതല്‍ തെളിയിച്ചെടുക്കപ്പെട്ടത്. തുടര്‍ന്നുവന്ന അനേകം സൈദ്ധാന്തികാന്വേഷണങ്ങള്‍ക്ക് അടിപ്പടവായി നിന്നത് ഈ ഉള്‍ക്കാഴ്ച്ചയാണ്. തീര്‍ച്ചയായും ഇത് വി സി ഹാരിസിന്റെ ഒരു മൗലികമായ കണ്ടെത്തലല്ല. സിദ്ധാന്തങ്ങളുടെ മിസ്റ്റിക് പരിവേഷത്തെ നിരാകരിക്കുകയും ഭൗതികാസ്തിത്വത്തെ കൃത്യമായി വിശകലനം ചെയ്യുകയും ചെയ്തുകൊണ്ട് പടിഞ്ഞാറന്‍ ദാര്‍ശനികര്‍  അപ്പോഴേക്കും വളര്‍ത്തിയെടുത്തു കഴിഞ്ഞ പ്രത്യയശാസ്ത്രധാരണയെ മലയാളത്തിലേക്ക് സൈദ്ധാന്തികമായ സൂക്ഷ്മതയോടെ ഉള്‍ച്ചേര്‍ക്കുകയായിരുന്നു വി സി ഹാരിസ്. ആശയങ്ങളെ വികാരസമതുലനത്തോടെ സംഗ്രഹിക്കുക, രാഷ്ടീയധാരണയോടെ വിശകലനം ചെയ്യുക, തുടര്‍വായനയ്ക്ക് സഹായകമാകുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുക, ഭിന്നതകളെ നിലനിര്‍ത്തുന്ന ബഹുസ്വരതയെ വായനയിലും എഴുത്തിലും ഉള്‍ക്കൊള്ളുക, പരിഭാഷപ്പെടുത്തുന്ന തത്വശാസ്ത്രനിരീക്ഷണങ്ങള്‍ക്ക് കൃത്യമായ റഫറന്‍സ് നല്‍കുക, വാക്കുകള്‍ക്ക് നല്‍കുന്ന ഉദ്ധരണികള്‍ക്ക് അടക്കം രാഷ്ടീയദര്‍ശനത്തിന്റെ അധികമാനം നല്‍കുക എന്നിങ്ങനെ മലയാളത്തിന്റെ വിമര്‍ശനപദ്ധതിയെ സാംസ്കാരികവിമര്‍ശനമായി ഉയര്‍ത്തുകയാണ് വി സി ഹാരിസിന്റെ രചനകള്‍ നിര്‍വ്വഹിച്ച മര്‍മ്മതലസ്പര്‍ശിയായ ദൗത്യം.

വായനയുടെ രാഷ്ടീയത്തെ അന്നുവരെ കണ്ടതില്‍ നിന്ന് സൂക്ഷ്മതലത്തില്‍ കാണാനുള്ള ശ്രമമാണ് തന്നെ ദരിദയില്‍ എത്തിച്ചതെന്ന് വി സി ഹാരിസ് പറഞ്ഞിരുന്നു. ഏതു വായനയിലും വായനയ്ക്ക് ആവശ്യമായ രീതിശാസ്ത്രം (protocols of reading ) ) അനിവാര്യമാണെന്ന ദരിദയുടെ നിലപാട് ഹാരിസ് ചിന്തകളുടെ അടിസ്ഥാനനിലപാടാണ്. വായനയുടെ രീതിശാസ്ത്രം കണ്ടെത്താനാവാത്തവയെ ദരിദ മാറ്റിവെച്ച പോലെ മാറ്റിവെക്കുകയാണ് നല്ലത് എന്ന നിലപാടും വി സി ഹാരിസിനുണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു. തന്റെ ഇടമേതെന്ന തന്റേടം അങ്ങനെയാണ് വി സി ഹാരിസില്‍ നിലനിന്നത്. അറിയുന്നതും അറിയാത്തതും അറിയാന്‍ സാദ്ധ്യതയില്ലാത്തതുമായ സകലതിനേക്കുറിച്ചും വാചാലരാവുന്ന അക്കാദമിക്ക് ലഗോണുകളില്‍ നിന്ന് വി സി ഹാരിസ് വ്യത്യസ്തനായതും അതുകൊണ്ടാണ്. അറിയുന്ന മുഴുവനും പറഞ്ഞുകൊള്ളണമെന്നില്ല എന്ന് അദ്ദേഹം എന്നേ നിശ്ചയിച്ചിരുന്നു. മാധവിക്കുട്ടിയുടെ ചന്ദനമരങ്ങള്‍ക്ക് ഹാരിസ് എഴുതിയ പരിഭാഷ വായിക്കുക,  മാധവിക്കുട്ടിയെ അതിലംഘിക്കുന്ന കവിത പരിഭാഷയില്‍ വിടരുന്നത് കാണാം. ജോണ്‍ എബ്രഹാമിന്റെ കഥകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുക, മലയാളത്തിലെ ഏതു ചെറുകഥാനിരൂപകനും ചെന്നുതൊടാന്‍ കഴിയാതെപോയ സൂക്ഷ്മസ്ഥാനങ്ങളെ കയ്യെത്തിപ്പിടിക്കുന്നത് കാണാം. കലകളുടെ ലാവണ്യവാദവും രാഷ്ടീയവും ചര്‍ച്ച ചെയ്യുക, കലാനിരൂപകര്‍  പഠനക്ലാസിനു പോയിരിക്കേണ്ട ഉള്‍പ്പിരിവുകളിലേക്ക് അനായാസം സഞ്ചരിക്കുന്നത് കാണാം. എന്നാല്‍ ഇവയൊന്നും വി സി ഹാരിസ് അധികം സംസാരിച്ച വിഷയങ്ങളല്ല. സൈദ്ധാന്തികാന്വേഷണങ്ങളിലും ചലച്ചിത്രനിരൂപണത്തിലും നാടകാഭിനയത്തിലും അല്‍പ്പം സിനിമാഭിനയത്തിലും ഉറച്ച വി സി ഹാരിസിന്റെ  പ്രവര്‍ത്തനസ്ഥലി  അദ്ദേഹം തന്നെ നിശ്ചയിച്ചതായിരുന്നു. അവയില്‍ സംശയരഹിതമായ ഉറപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. നിരന്തരം സ്വയം സന്ദേഹിയായി ചമയുമ്പോഴും അകമേ അടിതെളിഞ്ഞ ആശയദാര്‍ഢ്യം.

നരേന്ദ്രപ്രസാദിന്റെ സൗപര്‍ണികക്ക് വി സി ഹാരിസ് നല്‍കിയ പരിഭാഷ മലയാളത്തിന്റെ മിത്തില്‍ നിന്ന് ഭ്രമാത്മകതയെ ഇഴനീര്‍ത്തുന്ന രചനയാണ്. ഐതിഹ്യമാലയിലെ മിത്തിലേക്ക് ആധുനികനാടകസങ്കേതങ്ങളെ ഇണക്കിച്ചേര്‍ത്ത നരേന്ദ്രപ്രസാദിന്റെ കൃതിയെ സൂക്ഷ്മതലത്തില്‍ അനുഭവിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന തര്‍ജ്ജമ. ഏറ്റവും പ്രധാനമായ നാടകവിവര്‍ത്തനം സാമുവല്‍ ബക്കറ്റിന്റെ ‘ക്രാപ്സ് ലാസ്റ്റ് റ്റേയ്പ്’ തന്നെയായിരിക്കും. ക്രാപ്പായി വേഷമണിഞ്ഞ് ആ ഏകാംഗനാടകം ചെയ്ത വി സി ഹാരിസിന്റെ പ്രകടനത്തെക്കുറിച്ച് പിന്നീട് ധാരാളം കേട്ടിട്ടുണ്ട്.  തികച്ചും സംബന്ധങ്ങളില്‍ നിന്ന് ദാര്‍ശനികവ്യവഹാരങ്ങളിലേര്‍പ്പെട്ടപ്പോഴും വി സി ഹാരിസില്‍ അസംബന്ധനാടകങ്ങളോട് ഒരു അതിരില്ലാപ്രണയമുണ്ടായിരുന്നു. സാമുവല്‍ ബക്കറ്റ് ഒട്ടും യാദൃശ്ചികമായ തിരഞ്ഞെടുപ്പായിരുന്നില്ല. ക്രാപ്പിന്റെ വേഷം കണ്ട ഒരു മനുഷ്യന്‍ തുടര്‍ന്ന് ക്രാപ്പിനെ കാണാനായി ഹോട്ടല്‍മുറിയിലെത്തി വി സി ഹാരിസിനെക്കാണുന്ന ഒരു വിചിത്രപ്രമേയത്തില്‍ ഒരു ഹ്രസ്വസിനിമ കൂടി പിന്നീട് നിര്‍മ്മിക്കപ്പെട്ടു.

കാര്യമിങ്ങനെയൊക്കെയെങ്കിലും, സിദ്ധാന്തങ്ങളോട് കാണിച്ചിരുന്ന വൈകാരികസമതുലനം ഒരിക്കലും തന്റെ വ്യക്തിഗതനിലപാടുകളില്‍ കാണിച്ചിട്ടില്ല അദ്ദേഹം. സി കെ ജാനുവിനൊപ്പം ( പഴയ )  നില്‍ക്കാനുള്ള മനസ്സു മുതല്‍ അനേകവര്‍ഷം ജോലിചെയ്തൊരു തൂപ്പുകാരിയെ ഒരു സുപ്രഭാതത്തില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ താനൊപ്പിടില്ല എന്ന നിശ്ചയദാര്‍ഢ്യം വരെ, ആ മാനവികത കാത്തുസൂക്ഷിക്കാനും മറന്നില്ല. അതിവിചിത്രമായ ആരോപണങ്ങള്‍ ആണ് വി സി ഹാരിസിനെതിരെ അടുത്തിടെ ഉയര്‍ന്നിരുന്നത്. നാക് വിസിറ്റിനെത്തിയവരെ വിരട്ടിയോടിച്ചു എന്നായിരുന്നു അടുത്തകാലത്ത് കേട്ട ഒരു ആരോപണം. ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ ജനാധിപത്യവിരുദ്ധമായി പെരുമാറുമെന്ന് സങ്കല്‍പ്പിക്കാനാവാത്ത അദ്ദേഹത്തിനു മേല്‍ ആരോപിക്കപ്പെട്ട അപകീര്‍ത്തികളില്‍ അടക്കം അതിരുവിട്ട പ്രതികരണങ്ങള്‍ക്ക് മുതിരാതെ അദ്ദേഹം പിടിച്ചുനിന്നു. ഇതിനെല്ലാമൊടുവില്‍, തനിക്കു പ്രിയപ്പെട്ട ഏതോ അസംബന്ധനാടകത്തിലെ കഥാപാത്രമെന്ന പോലെ നിനച്ചിരിക്കാത്ത വേളയില്‍ അരങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി.

ദെരിദ മരിച്ചപ്പോള്‍ താരതമ്യപഠനസംഘത്തിന്റെ ഒരു ക്യാമ്പില്‍ നിന്നാണ് വി സി ഹാരിസ് പിന്നീട് പ്രസിദ്ധമായൊരു പ്രയോഗം നടത്തുന്നത്. ‘ദാ പോയി ദെരീദ’.Work of Mourning ല്‍ ദെരീദ അനന്യസാധാരണമായ നിര്‍മമതയോടെ എഴുതിവെച്ച മൃത്യുചിന്തകള്‍ അമര്‍ത്തിപ്പിടിച്ച ഉപഹാസത്തോടെയുള്ള വാചകം. ഇപ്പോള്‍ ശിഷ്യരും സ്നേഹിതരും  സ്നേഹാദരങ്ങളോടെ കേരളാദെരീദയെന്നു വിളിച്ച ഈ മനുഷ്യനോടും നമുക്കു പറയാം – ദാ പോയി വി സി ഹാരിസ്. പാതിയില്‍ പതറിനിര്‍ത്തി ഇറങ്ങിപ്പോയ ഈ മൂര്‍ച്ചയേറിയ ധൈഷണികജീവിതം എന്നേപ്പോലെ അനേകരില്‍ ബൗദ്ധികായുധങ്ങളായി ഏറെക്കാലം പ്രവര്‍ത്തിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തിരിച്ചും പറയാം – ‘ ദാ, പോവില്ല വി സി ഹാരിസ്.
 

 

പ്രധാന വാർത്തകൾ
Top