24 October Wednesday

ശപഥ സഞ്ചാരം

കൃഷ്ണ പൂജപ്പുരUpdated: Sunday Dec 31, 2017
(പുതിയ വർഷത്തിൽ സകല ദുശ്ശീലങ്ങളിൽനിന്നും ഗുഡ്‌ബൈ പറയുകയാണെന്ന് ഭാര്യയുടെ തലയിൽതൊട്ട് ശപഥം ചെയ്ത മിസ്റ്റർ പുരുഷോത്തമന്റെ ഡിസംബർ 31ലെ ഡയറിക്കുറിപ്പ്)
 
6 എഎം: ഉറക്കമുണർന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഒരു വർഷത്തിന്റെ അസ്തമയത്തിന്റെ ഉദയം കിഴക്കേ ചക്രവാളത്തിൽ. ഭാര്യ ചായയും പത്രവുമായി വന്നു. അതങ്ങിനെയാണ്. കണ്ണുതുറന്നാൽ ചായയും പത്രവും കിടക്കയിൽ കിട്ടണം. കല്യാണം കഴിഞ്ഞതുമുതലുള്ള ശീലം. തിരിഞ്ഞു നടക്കാൻ തുടങ്ങുന്ന ഭാര്യയോട് ഞാൻ പറഞ്ഞു. 
 
‘നിൽക്കുമോ?'അവൾ നിന്നു. എന്നിട്ട് കലണ്ടറിൽ നോക്കി. തുടർന്ന് എന്റെ അടുത്തുവന്ന് തല ഒന്നു കുനിച്ചുനിന്നു. ഒരു നിമിഷം എനിക്ക് ദേഷ്യം ഒന്ന് പാഞ്ഞു കയറി. അവൾ എന്നെ കളിയാക്കുന്നതാണ്. ഇന്ന് ഡിസംബർ 31 ആയതുകൊണ്ട് പതിവ് തലയിൽതൊട്ടുള്ള ശപഥം നടത്തിക്കോളൂ എന്ന അർഥത്തിലാണ് അവൾ തല നീട്ടി നിൽക്കുന്നത്.
 
“വേഗം വേണം. അടുക്കളയിൽ ദോശ കരിയും.'' ഞാൻ ദേഷ്യം അടക്കി. അവളെയും കുറ്റം പറയാൻ പറ്റില്ല. പാവം. ഭർത്താവ് സദ്ഗുണ സമ്പന്നനായിരിക്കുക, ഓഫീസ് വിട്ടാൽ കൃത്യമായി വീട്ടിലെത്തുക, മക്കൾക്ക് മാതൃകയാകുക,  ഇതൊക്കെ ഏതു ഭാര്യയുടെയും മിനിമം ആഗ്രഹമാണ്. ഇന്നു മുതൽ താൻ അടിമുടി മാറാൻ പോകുകയാണ്. അവളുടെ തലയിൽ കൈവച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. “എപ്പോഴും പറയുംപോലെ  അല്ല. ഇന്ന് ഉറപ്പിച്ചിട്ടാണ്. നാളെ പുതിയ വർഷമാണ്. പുതിയ വർഷത്തിന്റെ അർഥം അറിയാമല്ലോ. പുതിയ ചിന്തകൾ. പുതിയ തീരുമാനങ്ങൾ. ജീവിതത്തിൽ പുത്തൻ...'' ഞാൻ സെന്റൻസ് പൂർത്തിയാക്കും മുമ്പ് അവൾ പറഞ്ഞു. “ഒക്കെ അറിയാം. സത്യം സത്യം സത്യം എന്നുള്ളത് വേഗം പറഞ്ഞാൽ എനിക്ക് പെട്ടെന്ന്  പോകാമായിരുന്നു.'' ഒരു നിമിഷം എനിക്ക് വീണ്ടും ദേഷ്യം വന്നു. അതടക്കി. “ഇതുവരെ പറഞ്ഞതുപോലൊന്നുമല്ല മിനീ. ചില വീഴ്ചകൾ സംഭവിച്ചുപോയി. നിന്നാണെ സത്യം. ഇനി ഇല്ല. പുതിയ വർഷം മാറ്റത്തിന്റെ വർഷമാണ്.'' ഇപ്പോൾ അവളുടെ മുഖത്തും സന്തോഷം വന്നു. “ഈ വർഷമെങ്കിലും ശപഥം പാലിക്കണം ഏട്ടാ.'' അവൾ പറഞ്ഞു. പാവം താലി കെട്ടി കൂടെ കൊണ്ടുവന്നവൾ. ഞാൻ കുറെ വിഷമിപ്പിച്ചിട്ടുണ്ട്. ഇല്ല ഈ വർഷത്തോടെ സർവതിനും സ്‌റ്റോപ്പ്. അവൾ സന്തോഷത്തോടെ തിരിച്ചു നടന്നു. ഞാൻ ചായ ചുണ്ടോട് അടുപ്പിച്ചു. ചായ ഒരൽപംതണുത്തുപോയി. ശപഥത്തിന്റെ ഗ്യാപ്പിൽ സംഭവിച്ചതാണ്. “മോളേ ചായ ഒന്നു കൂടി ചൂടാക്കി കൊണ്ടുവാ.'' ചായ വെട്ടിത്തിളയ്ക്കണം. ഓരോരോ ശീലങ്ങൾ ഒക്കെ മാറ്റണം. 
 
11 എഎം: ഓഫീസിൽ കേക്കു മുറിക്കൽ. “ഹാപ്പി ന്യൂ ഇയർ'' എന്നതിനു പകരം “ഹാപ്പി ബർത് ഡേ'' എന്നായിപ്പോയി ഞാൻ പാടിയത്. കോറസിനിടയിൽ ആയതുകൊണ്ട് നോട്ട്‌ചെയ്യപ്പെട്ടില്ല. ഓഫീസിൽ പെന്റിങ് ഫയലുകൾ ഒക്കെ തീർത്തു. 
 
1.30. പിഎം: ഊണു കഴിച്ച് കഴിഞ്ഞപ്പോൾ ജോർജിന്റെ വിളി വന്നു: “അപ്പോൾ കൃത്യം ആറു മണിക്ക് റോയലിൽ എത്തുമല്ലോ.'' പതിവ് ചോദ്യം. 
 
ഞാൻ ഒന്നു പതറി. “അല്ല ജോർജേ... അത്...''
 
“ഏത്? ശപഥം ചെയ്തു അല്ലേ?'' ജോർജ് ത്രികാല ജ്ഞാനിയാണ്. നമ്മുടെ കണ്ണുചിമ്മലിന്റെ അർഥം പോലും അവിടെ കിട്ടും. വരികൾക്കിടയിൽ വായിച്ചെടുത്തുകളയും. 
 
“ഹാ. അതും പതിവുള്ളതല്ലേ...ഞാനും ശപഥം ചെയ്തിട്ടാ ഇറങ്ങിയത്. സ്ഥിരം ചെയ്യുന്നതായതുകൊണ്ട് ‘ഡു' എന്നുമാത്രമേ പറഞ്ഞുള്ളൂ. അവൾക്കും അതാ ഇഷ്ടം. ടൈം ലാഭിക്കാമല്ലോ. 
 
“അല്ല ജോർജേ, ഈ വർഷം മുതൽ ദുശ്ശീലങ്ങൾ ഒക്കെ നിർത്താൻ പോകുകയാ. നമ്മളല്ലേടോ മക്കൾക്ക് മാതൃകയാകേണ്ടത്. പിള്ളേർ വഴിതെറ്റിപ്പോയാലും നീ എന്തുകൊണ്ട് എന്നെക്കണ്ട് പഠിച്ചില്ല എന്ന് ചോദിക്കാൻ നമുക്ക് ഒരു അവകാശം വേണ്ടേടോ? ഞാൻ അച്ഛനെ കണ്ടാണ് ഇതു പഠിച്ചതെന്ന് അവരെക്കൊണ്ട് പറയാതിരിക്കണ്ടേടോ? 
 
“അതു ജീരകം ഇത്തിരികൂടുതൽ ചവച്ചാൽ മതി. സ്‌മെല്ല് കിട്ടൂല. ഹ! ഇതൊക്കെ ഇനി ഞാൻ പറഞ്ഞുതന്നിട്ടുവേണോ മനസ്സിലാക്കാൻ''.
 
“അതല്ല ഞാൻ ഇത്തവണ ഉറപ്പിച്ചിട്ടാ''. എന്റെ മനസ്സിന്റെ വിങ്ങൽ അടക്കി ഞാൻ പറഞ്ഞു.
 
“എടാ നോക്ക്. മധു, സുധീപൻ, ജോണി, അൻഷാദ്... എല്ലാരേം വിളിച്ച് കോർഡിനേറ്റ് ചെയ്തിട്ടാ നിന്നെ വിളിക്കുന്നെ. നിന്റെ വിളി ഇതിനിടയിൽ ഇങ്ങോട്ട് വരേണ്ടതായിരുന്നല്ലോ? നോക്ക് മധുവിന്റെ അളിയൻ ദുബായീന്ന് കൊണ്ടുവന്ന സാധനമുണ്ട്. അതുപോലെ രണ്ടുമണിക്കൂറെങ്കിലും നാടൻപാട്ട് പാടണം. നോക്ക് ചിക്കൻ സിക്‌സ്റ്റി...''
 
വർണനകൾ തുടർന്നാൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി ഞാൻ പറഞ്ഞു. ‘സോറി ജോർജേ'. ഫോൺ കട്ടുചെയ്തു. മനസ്സിൽ ഒരാശ്വാസമാണോ അതോ വിങ്ങലോ.
 

2.30

ജോലിയിൽ ഒരു കോൺസൺട്രേഷൻ കിട്ടാത്തതുപോലെ. കണ്ണിന്റെ മുമ്പിൽ റോയൽ ഹോട്ടലിലെ റൂം. കാതുകളിൽ അതാ ‘തിത്താരാ തൈതാരോ' എന്ന നാടൻപാട്ട് സുധീപന്റെയും അൻഷാദിന്റെയും ശബ്ദത്തിൽ. ഗ്ലാസുകൾ. സോഡ... പാടില്ല... എവിടെ മനസ്സ് ശക്തമായും നിർഭയമായും നിപ്രലോഭനമായും (ടെൻഷൻ കാരണം നിപ്രലോഭനം എന്നത് ശരിയായ പ്രയോഗമാണോ എന്നുപോലും അറിയാൻ പറ്റുന്നില്ല) നിൽക്കുന്നുവോ അവിടെയേ വിജയങ്ങൾ ഉണ്ടാകൂ. അതാ മധുവിന്റെ ഫോൺ. “എന്താടാ... നീ എന്തൊക്കെയോ നമ്പരിട്ടെന്ന് ജോർജ് പറഞ്ഞു''.
 
“നമ്പരല്ല മധൂ. സത്യമാ''.
 
“എടാ നോക്ക്. പറന്നുപോയ കിളിയെ വീണ്ടും പിടിച്ചിടാം. പക്ഷെ പുതുവർഷം പോയാൽ പോയതുതന്നെ. ആലോചിച്ചുനോക്ക്, നമ്മുടെ ജീവിതം ഒരു എഴുപതുവർഷം പോട്ടെ എന്ത് അല്ലെങ്കിൽ വേണ്ട തൊണ്ണൂറ്, വേണ്ട് റൗണ്ട് ചെയ്യാം നൂറ്. നൂറുവർഷം ജീവിതമുണ്ടെങ്കിൽ അവസാനത്തെ ഇരുപതുവർഷം സീറോ. ബാക്കി എമ്പതുവർഷം. അതിൽ ആദ്യത്തെ ഇരുപതുവർഷവും വിട്ടേയ്ക്ക്, ബാക്കി അറുപതുവർഷം. അതിൽ പകുതി രാത്രി. പിന്നെ മുപ്പതുവർഷം. അതിൽ പകുതിമണിക്കൂർ ഓഫീസിൽ പിന്നെ പതിനഞ്ചുവർഷം. അതിൽതന്നെ...''
 
“മധു പ്ലീസ്... എന്നെ നിർബന്ധിക്കരുത്''. ഞാൻ കട്ടുചെയ്തു. അവന്റെ കണക്കുകൾ എന്റെ തല പെരുപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നാമത് കണക്കിന് നൂറിന് മുപ്പതായിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ബുക്ക് അലമാരയുടെ രഹസ്യ അറയിൽ ഒളിച്ചാണ് വച്ചേയ്ക്കുന്നത്.

4.00 പി.എം

തലയ്ക്കകത്ത് ഒരുപാട് തിരിമറിയലുകൾ. ദുബായിൽനിന്നുകൊണ്ടുവന്ന ഐറ്റം നാടൻ പാട്ട്, ജീവിതം പതിനഞ്ചുവർഷമേയുള്ളൂ ചിക്കൻ സിക്‌സ്റ്റിഫൈവ് തമാശകൾ ഹൊ! ഈ മനസ്സ് എന്നുപറയുന്ന സാധനം എത്രവലിയ പ്രശ്‌നക്കാരനാണ്. കഴിഞ്ഞ വർഷവും ഇതുപോലെയായിരുന്നു. ഇല്ല പിടിച്ചുനിൽക്കണം.
 

4.30 പി.എം

സുധീപൻ ഓഫീസിൽ നേരിട്ടുവന്നു. കൂടുതൽ ഇൻട്രൊഡക്ഷനൊന്നുമില്ലാതെ പറഞ്ഞു. ‘ങും ഇറങ്ങ്'. അവൻ അവനങ്ങനെയാണ്. വെട്ടൊന്ന് മുറി രണ്ട്.
 
“അല്ല സുധീപാ. ഞാൻ ശപഥം''
 
“ദേ നീ എന്റേന്ന് വാങ്ങിക്കും''. ആ സമയം അൻഷാദും വന്നു.
 
“അല്ല ഞാൻ പറയുന്നതെന്താണെന്നുവച്ചാൽ''.
 
“ടോ താൻകൂടി ഇല്ലെങ്കിൽ രസം കിട്ടില്ല...''
“കറക്ട് നമ്മളിൽ ഒരാളില്ലെങ്കിൽ ടീമിന് രസം കിട്ടില്ല. അപ്പോൾ അതുപോലെ അല്ലേടോ നമ്മുടെ വീടുകളിലും. അവിടെ നമ്മളാണ് പ്രധാന അംഗം. നമ്മൾ ഇല്ലെങ്കിൽ അവർക്ക് രസം കിട്ടുമോ?''
 
സുധീപനും ഇർഷാദും പരസ്പരം നോക്കി. 
 
“തനിക്ക് എന്തുപറ്റിയെടോ''.
 
“ശപഥങ്ങൾ നിറവേറ്റാനുള്ളതാണ്. ഒരു മനുഷ്യൻ ജീവിക്കുന്നത് അവന്റെ സന്തോഷത്തിന് മാത്രമല്ല. മറ്റുള്ളവർക്കും കൂടിയാണ്. അപ്പോഴാണ് ജീവിതം സുന്ദരമാകുന്നത്''.
 
സുധീപനും അൻഷാദും രണ്ടുചുവട് പിറകോട്ട് നീങ്ങി. എന്റെ തലയ്ക്ക് അതിമാരകമായ എന്തോ സംഭവിച്ചെന്ന് അവർക്ക് തോന്നിക്കാണണം. ഞാൻ ആക്രമണകാരിയാകുമോ എന്നുപേടിച്ചിട്ടുമുണ്ടാവണം. കിലുക്കത്തിൽ രേവതിയോട് മോഹൻലാൽ ചോദിച്ചതുപോലെ സുധീപൻ ചോദിച്ചു.
 
“വട്ടാണല്ലേ''
 
“ശരിയായി ചിന്തിച്ചുതുടങ്ങുന്നവരെ വട്ടന്മാരായിട്ടു കരുതുന്നവരാണ് കൂടുതലും''. ഞാൻ പറഞ്ഞു. ഒന്നുംമിണ്ടാതെ അവർ ഇറങ്ങി. ഓടി എന്നുപറയുന്നതാണ് ശരി.
 

6.30 പി.എം.

വർഷങ്ങൾക്കുശേഷം ഡിസംബർ 31ന് വൈകുന്നേരം കൃത്യമായി വീട്ടിലെത്തുന്നു. ഭാര്യയ്ക്കും പിള്ളേർക്കും സന്തോഷം. ഞങ്ങൾ രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചു. പാട്ടുപാടി. പുതിയവർഷത്തെ ഒരുമിച്ച് വരവേറ്റു.
 
(പത്രാധിപർ: ഇത്രേ ഉള്ളൂ..?
 
ലേഖകൻ: അതെ സാർ.
 
പത്രാ: ഞാൻ കരുതി പുരുഷോത്തമൻ അഞ്ചുമണിയാകുമ്പോൾ മനസ്സിന്റെ നിയന്ത്രണമൊക്കെ വിട്ട് കമ്പനികൂടാൻ പോയി ശപഥം തെറ്റിയ്ക്കുമെന്ന്. സാധാരണ കഥകളിൽ അങ്ങനെയാണല്ലോ സംഭവിക്കുന്നത്
 
ലേഖകൻ: കുറേപേർ ശപഥം തെറ്റിക്കുമ്പോൾ ഒരാളെങ്കിലും പാലിക്കുന്നതായി കാണില്ലേ.
 
പുരുഷോത്തമൻ നന്നായി സാർ. പ്രലോഭനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആശാൻ തീരുമാനിച്ചു. 
 
പത്രാ: എങ്കിൽ ശരി. ഹാപ്പി ന്യൂ ഇയർ
 
ലേഖകൻ: ഹാപ്പി ന്യൂ ഇയർ)
പ്രധാന വാർത്തകൾ
Top