15 November Thursday

നല്ല മനസ്സുള്ളവർക്ക് സമാധാനം

ഡോ. ജോർജ് ഓണക്കൂർUpdated: Sunday Dec 24, 2017
വിവിധ കാലങ്ങളിൽ, ദേശാന്തരങ്ങളിൽ നിസ്സഹായരായി കഴിയാൻ വിധിക്കപ്പെട്ടവർ. നിരന്തരമായ നീതിനിഷേധങ്ങളിൽ സാധാരണ ജനം വലഞ്ഞു. പരാജിതരും ദുഃഖിതരുമായി അവർ ഒതുങ്ങി. സമൂഹനേതൃത്വം അവരുടെ നിലവിളികൾക്ക് കാതോർത്തില്ല. വിദേശഭരണകൂടങ്ങൾ ചൂഷണം തുടർന്നുകൊണ്ടിരുന്നു.
 
പലസ്തീന രാജ്യത്ത് പീഡനങ്ങൾക്ക് ഇരകളായി കഴിയേണ്ടിവന്നവർ എന്നും ഒരു വിമോചകനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇരുട്ടിൽ പ്രകാശനക്ഷത്രം ഉദയം ചെയ്യും എന്ന പ്രതീക്ഷ.
 
ഇടയ്ക്കിടെ ചില പ്രവാചകശബ്ദങ്ങൾ ആശ്വാസദായകമായി ഉയർന്നുവന്നു: ‘കാത്തിരിക്കുക. പ്രാർഥനകളും പരിഹാരബലികളും അർപ്പിക്കുക. രക്ഷകൻ വന്നുചേരും'.
 
ഒടുവിൽ കാത്തിരിപ്പിന് അവസാനമായി. സമാധാനദൂതൻ ഇറങ്ങിവന്നു; ഗലീലിയിൽ നസറേത്ത് എന്ന പട്ടണത്തിൽ യൗസേപ്പ് എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യകയുടെ അരികിലേക്ക്. അവളുടെ പേര് മറിയം എന്നായിരുന്നു. “നന്മനിറഞ്ഞവളേ, നിനക്ക് സമാധാനം!'' ദൂതന്റെ ആശംസകളിൽ മറിയം അമ്പരന്നു. ''ഭയപ്പെടേണ്ട. ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഒരു പുത്രന് ജന്മം നൽകും. അവന് യേശു എന്ന് പേര് വിളിക്കണം. അവൻ വലിയവനും ജനതകളുടെ വിമോചകനുമായിരിക്കും. അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും''.
 
മറിയം സംഭ്രമിച്ചു. ഇത് എങ്ങനെ സംഭവിക്കും? താൻ പുരുഷനെ അറിഞ്ഞിട്ടില്ലല്ലോ!
 
ദൂതൻ ആശ്വസിപ്പിച്ചു. ''ഭയപ്പെടേണ്ട. ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല''.
 
കാലത്തിന്റെ തികവിൽ മറിയം ഗർഭിണിയായി. പ്രസവസമയം സമീപിച്ച ഘട്ടത്തിൽ, ഓരോരുത്തരും തങ്ങളുടെ നഗരത്തിലെത്തി പേർ എഴുതിക്കണമെന്ന് അഗസ്റ്റസ് സീസറിൽനിന്ന് കൽപ്പന പുറപ്പെട്ടു. യൗസേപ്പ് ദാവീദിന്റെ വംശത്തിൽപ്പെട്ടവനായിരുന്നതുകൊണ്ട് നസറേത്തിൽനിന്ന് ബേത്‌ലഹേമിലേക്ക് ഗർഭിണിയായ മറിയത്തോടൊപ്പം യാത്രയായി.
 
തിരക്ക് നിമിത്തം സത്രത്തിൽ പാർക്കാൻ ഇടം ലഭിച്ചില്ല. ആടുമാടുകളുടെ ആലയിൽ പുൽത്തൊട്ടിയിലാണ് മറിയം യേശുവിന് ജന്മം നൽകുന്നത്. ശിശുവിനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് അരികിൽ കിടത്തി.
 
മഞ്ഞുപെയ്യുന്ന രാത്രി. ആ നേരത്ത് ആട്ടിടയന്മാർ ബേത്‌ലഹേം താഴ്‌വരയിൽ ബോവാസിന്റെ വയലിൽ തീകൂട്ടി തണുപ്പകറ്റാൻ ശ്രമിക്കുകയായിരുന്നു. അവർക്കുമുകളിൽ ആകാശത്തിൽ നക്ഷത്രശോഭ പരന്നു. ദിവ്യഗീതം അന്തരീക്ഷത്തിൽ അലയടിച്ചു:
 
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ നല്ല മനസ്സുള്ളവർക്ക് സമാധാനം'' ആട്ടിടയന്മാർ ആ പാട്ടിന്റെ പല്ലവിയിൽ ലയിച്ചു. അപ്പോൾ ക്രിസ്മസിന്റെ സന്ദേശം ദിഗ്മുഖങ്ങളിൽ മുഴങ്ങി.
 
“ഇതാ, സകലമനുഷ്യർക്കും വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത: ദാവീദിന്റെ പട്ടണത്തിൽ ദുഃഖിതർക്ക് ആശ്വാസമേകാൻ, ബന്ധിതർക്ക് മോചനമേകാൻ രക്ഷകൻ പിറന്നിരിക്കുന്നു!''
 
ആട്ടിടയന്മാർ ആഹ്ലാദപൂർവം ആ ഗാനം ഏറ്റുപാടിക്കൊണ്ട് ശിശുവിനെ തേടിയിറങ്ങി. കച്ചകൊണ്ട് പൊതിഞ്ഞ് സത്രത്തിലെ പുൽത്തൊട്ടിയിൽ അമ്മ മറിയത്തിന്റെ മടിയിൽ ‘രക്ഷകനെ' ദർശിച്ചു.
 
ഇത് വേദഗ്രന്ഥത്തിൽ ദർശിക്കുന്ന ആദ്യത്തെ ക്രിസ്മസ്. ആകാശത്തിൽ നക്ഷത്രം ഉദിച്ചുയർന്നിരിക്കുന്നു. ദിവ്യഗാനം ഏറ്റുചൊല്ലുന്ന ആട്ടിടയന്മാർ; കരോൾഗീതം.
 
മനുഷ്യമോചനത്തിനായി അവതരിച്ച ദൈവപുത്രനെ തേടി, ആകാശത്തിൽ നക്ഷത്രം കണ്ട് കിഴക്കുദിക്കിൽനിന്ന് പുറപ്പെട്ട ജ്ഞാനികളെക്കുറിച്ച് വേദഗ്രന്ഥത്തിൽ വിവരണം. പ്രകാശപഥം പിന്തുടർന്ന് അവർ യരുശലേമിൽ എത്തിച്ചേർന്നു. യൂദയായിലെ രാജാവ് ഹേറോദേശിന്റെ കൊട്ടാരം സന്ദർശിച്ച് രക്ഷകന്റെ ജന്മവൃത്താന്തം ആരായുന്നു. ജനതയെ നയിക്കാനുള്ളവൻ പിറക്കുക രാജകൊട്ടാരത്തിലാവും എന്ന സാമാന്യ യുക്തിചിന്ത; ചരിത്രബോധം.
 
പക്ഷേ, ഇവിടെ ചരിത്രം തിരുത്തിയെഴുതുന്നു. മനുഷ്യരാശിയെ പീഡാനുഭവങ്ങളിൽനിന്ന് മോചിപ്പിക്കാനുള്ളവൻ എളിമയുടെ മടിത്തട്ടിൽ ജന്മംകൊള്ളുകതന്നെ വേണം. പുൽത്തൊട്ടി ഒരു പ്രതീകമാണ്. ജന്മവൃത്താന്തം ആദ്യം വെളിപ്പെട്ടത് പാവപ്പെട്ട ആട്ടിടയർക്കാണ് എന്നതും അതിപ്രധാനം. ഒരു പുതിയ നിയമവും ദർശനവും സംഭവിക്കുകയാണ്.
 
ക്രിസ്മസ് സകലമനുഷ്യർക്കും അനുഭവപ്പെടാനിരിക്കുന്ന വലിയ സന്തോഷത്തിന്റെ അടയാളമാണ് എന്നതും ശ്രദ്ധേയം. അതുതന്നെയാണ് അതിന്റെ മഹത്വവും. അവിടെ ജാതിചിന്തകൾ ഇല്ല, മതഭേദങ്ങൾ ഇല്ല. പീഡിതർക്ക് മുഴുവൻ ആശ്വാസം. നല്ല മനസ്സുള്ള എല്ലാവർക്കും സമാധാനം. ഭയവും നിരാശയും ഒഴിഞ്ഞുപോകുന്നു. സംഗീതത്തിന്റെ മാധുര്യം നിറയുന്നു. പുതിയ യുഗപ്പിറവി അടയാളപ്പെടുത്തുകയാണ്.
 
മനുഷ്യമോചനത്തിനും ദുഃഖനിവാരണത്തിനുമായി ജന്മംകൊള്ളുന്ന മഹാത്മാക്കൾ പുൽത്തൊട്ടിയിലാണ് അവതരിക്കുന്നത്; കാരാഗൃഹത്തിനുള്ളിലാണ് ജാതരാകുന്നത്. അഥവാ കൊട്ടാരക്കെട്ടുകളിൽ പിറന്നാലും അവർ അത് ഉപേക്ഷിക്കുന്നു. മനുഷ്യസ്‌നേഹത്തിന്റെ മാധുര്യം മാത്രമാണ് ആ മഹജ്ജീവിതങ്ങളെ കാലാതിവർത്തിയാക്കുന്നത്; യുഗചൈതന്യമായി രൂപാന്തരപ്പെടുത്തുന്നത്. നഷ്ടപ്പെടലുകളിലൂടെ അവർ പുതിയ ജീവിതതത്വങ്ങൾ നിദർശനം ചെയ്യുന്നു. സ്വർണക്കിരീടങ്ങളോ രാജസിംഹാസനങ്ങളോ അല്ല, മുൾമുടികളും മരക്കുരിശുകളും ഭിക്ഷാപാത്രങ്ങളുമാണ് അവർക്ക് അഭിമതം. അവർ യുദ്ധംചെയ്യുകയോ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുകയോ അല്ല, മനുഷ്യഹൃദയങ്ങളെ സ്വന്തമാക്കാനും അവിടെ നക്ഷത്രപ്രകാശം നിറയ്ക്കാനുമാണ് ആത്മസമർപ്പണം നടത്തുന്നത്.
 
ക്രിസ്മസ് എളിമയുടെയും യഥാർഥമായ മനുഷ്യസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഹ്വാനമാണ്. നക്ഷത്രവിളക്കുകളും ശാന്തിപകരുന്ന കരോൾ ഗാനങ്ങളും ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കും അസത്യത്തിൽനിന്ന് സത്യത്തിലേക്കും മരണത്തിൽനിന്ന് ജീവനിലേക്കും മനുഷ്യനെ ആനയിക്കുവാൻമാത്രം.
 

പഴയ ക്രിസ്മസ് കാലം

 
ക്രിസ്മസ് കാലത്ത് നക്ഷത്രവിളക്കുകൾ ഒരുക്കുകയും ശാന്തിഗീതം ആലപിച്ചുകൊണ്ട് ഭവനസന്ദർശനങ്ങൾ നടത്തുകയും ചെയ്ത ബാല്യം ഇപ്പോഴും മനസ്സിൽ ആഹ്ലാദകരമായ ഓർമ. മുളംകമ്പിൽ വർണക്കടലാസുകൾ പതിപ്പിച്ച് നക്ഷത്രവിളക്കുകൾ ഓരോ വീട്ടിലും നിർമിക്കപ്പെടുകയായിരുന്നു. ഇന്നത്തെ മാതിരി കമ്പോളത്തിൽനിന്ന് വാങ്ങുകയായിരുന്നില്ല പതിവ്. രാത്രികാലങ്ങളിൽ കരോൾ ഗാനങ്ങൾ ആലപിച്ചെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും കപ്പയും കരുപ്പെട്ടിക്കാപ്പിയുമൊരുക്കി വീടുകളിൽ സ്വീകരണം. കേക്കും വൈനുമൊന്നും അന്ന് സാധാരണമല്ല. ഇന്നിപ്പോൾ ക്രിസ്മസ് കേക്കുകളും മുന്തിരിയും ശർക്കരയും ചേർത്ത് വാറ്റിയെടുത്ത വൈനും എവിടെയും.
ഡോ. ജോർജ് ഓണക്കൂർ

ഡോ. ജോർജ് ഓണക്കൂർ

അന്നും ക്രിസ്മസ് കാർഡുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾതന്നെ വർണപ്പെൻസിലുകൾകൊണ്ട് വരച്ചുണ്ടാക്കുന്ന ആശംസാകാർഡുകൾ. പിൽക്കാലത്ത് അതും വിപണിയുടെ ആകർഷണമായി. ഇപ്പോൾ ഇലക്ട്രോണിക് യുഗത്തിൽ കാർഡുകൾ വാങ്ങുന്നതും തപാലിൽ കൈമാറുന്നതുമൊക്കെ പഴങ്കഥയായിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഡിസൈൻചെയ്ത് അയക്കുന്ന സംവിധാനം നിലവിൽവന്നു. വലിയ വിലകൊടുത്ത് കടകളിൽനിന്ന് കാർഡുകൾ വാങ്ങേണ്ടതില്ല; പോസ്റ്റൽ സംവിധാനത്തിൽ സംഭവിക്കാവുന്ന കാലവിളംബവും ഒഴിവായിക്കിട്ടി.
 
നിർഭാഗ്യവശാൽ സമീപകാലത്തായി നാട്ടിൽ വളരുന്ന സാമൂഹ്യവിരുദ്ധ പ്രവണതകൾ നിമിത്തം ക്രിസ്മസ് അപ്പൂപ്പൻ നയിക്കുന്ന ആഘോഷപൂർണമായ കരോൾ യാത്രകൾക്ക് ചില നിയന്ത്രണങ്ങൾ സംഭവിക്കുന്നു. പലപ്പോഴും അത് ആരാധനാലയ പരിസരങ്ങളിലോ ഒറ്റപ്പെട്ട പൊതുവേദികളിലോ ഒതുക്കാൻ നിർബന്ധിതമാകുന്നു. ഈ പരിണാമം ആഘോഷസന്ധ്യകളുടെ നിറംകെടുത്തുന്നില്ലേ എന്ന് സന്ദേഹം. ഉത്സവാന്തരീക്ഷത്തെ ജാതിമത സങ്കുചിത ചിന്തകൾ ബാധിക്കുന്നത് ദുഃഖകരം. എല്ലാ വിലക്കുകൾക്കുമപ്പുറം ഭയരഹിതമായി, ശാന്തിമയമായി സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിക്കാൻ കഴിയേണ്ടതാണ്. അതിന് സംഭവിക്കുന്ന ഇടർച്ചകൾ മനുഷ്യപുരോഗതിയെ പിന്നോട്ടടിക്കുമെന്ന തിരിച്ചറിവ് എപ്പോഴാണ് പുനർജനിക്കുന്നത്?
 
ഓണവും ക്രിസ്മസും ബലിപ്പെരുന്നാളുമൊന്നും ജാതിമത വികാരങ്ങളുടെ ഹ്രസ്വദൃഷ്ടിയോടെ വീക്ഷിക്കേണ്ടതല്ല. അത് സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശവേളകളാണ്. സകല മനുഷ്യർക്കും സംഭവിക്കുന്ന വലിയ സന്തോഷത്തിന്റെ സംഗീതമായി അവ നിലനിൽക്കണം. കഠിനാധ്വാനം ചെയ്തും കഷ്ടപ്പാടുകൾ സഹിച്ചും അപമാനവീകരണത്തിന് കീഴ്‌പെട്ടും കഴിയുന്ന പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസത്തിന്റെ നക്ഷത്രം; ദേശാന്തരങ്ങളിൽ പാരതന്ത്ര്യവും പീഡനവും അനുഭവിക്കുന്നവർക്ക് വിടുതലും രക്ഷയും. ക്രിസ്മസിന്റെ പ്രകാശവും സംഗീതവും മാധുര്യവും മനുഷ്യമനസ്സുകളിൽ സ്വാതന്ത്ര്യവും ഐക്യവും പുരോഗതിയും സംജാതമാക്കട്ടെ എന്ന് പരസ്പരം ആശംസിക്കാൻ ഉതകുന്നതാകണം ഈ ആഘോഷങ്ങളുടെ പ്രചോദനം.
പ്രധാന വാർത്തകൾ
Top