20 May Sunday

ഒറ്റയാള്‍ പട്ടാളം

വിനോദ് പായംUpdated: Sunday Jun 18, 2017

കണ്ണൂര്‍ ടൌണില്‍നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ തളിപ്പറമ്പ് ആലക്കോട് ഭാഗത്തേക്ക് പോയാല്‍ വിളക്കന്നൂരായി. അവിടെയാണ് പയ്യാമ്പലത്ത് താമസിക്കുന്ന ലിയോണാഡ് ജോണിന്റെ റെഡ്സ്റ്റാര്‍ എസ്റ്റേറ്റ്. വലിയ കറുവപ്പട്ടത്തോട്ടമായിരുന്നു അത്. ഇപ്പോള്‍ നാല്‍പ്പതേക്കറില്‍ ഒതുങ്ങി. കേരളത്തിലെ പത്തില്‍താഴെമാത്രം വരുന്ന കറുവപ്പട്ട എസ്റ്റേറ്റിലൊന്ന്്. അരികത്തായി 60 ഏക്കര്‍  റബര്‍തോട്ടവുമുണ്ട്. റബറിന്റെയും കറുവപ്പട്ടയുടെയും വില കുത്തനെയിടിഞ്ഞ് മണ്ണുതൊട്ട ഇതേ മണ്ണില്‍നിന്നാണ് ലിയോണാഡ് ജോണിന്റെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത്. 'എലവര്‍ങം' എന്ന് ആയുര്‍വേദത്തില്‍ വിളിക്കുന്ന കറുവപ്പട്ടയുടെ, ഹാനികരമായ അളവില്‍ വിഷാംശമുള്ള വ്യാജന്‍ 'കാസിയ' വിപണിയില്‍ വിലസുന്നതിന്റെ കാരണംതേടിയാണ് അദ്ദേഹം യാത്ര തുടങ്ങിയത്. കാസിയ വിഷമാണെന്ന പ്രചാരണവുമായി അദ്ദേഹം കേരളത്തിലെയും കര്‍ണാടകത്തിലെയും പ്രസ്ക്ളബ്ബുകളില്‍ നിരന്തരം കയറിയിറങ്ങി. രാജ്യത്തെ തുറമുഖങ്ങളില്‍ പോയി കാസിയയുടെ വരവിനെക്കുറിച്ച് പഠിച്ചു. തുറമുഖങ്ങളിലെ ഉദ്യോഗസ്ഥരില്‍നിന്ന് വിവരാവകാശംവഴി നിരന്തരം ഉത്തരങ്ങള്‍ തേടി. ഒറിജിനല്‍ കറുവപ്പട്ടയ്ക്ക് 250 രൂപയ്ക്കുമേല്‍ ഉല്‍പ്പാദനച്ചെലവ് വരുമ്പോള്‍, കാസിയ വെറും 35 രൂപയ്ക്ക് ഇന്ത്യയില്‍ ഇറക്കുമതിചെയ്ത് ലഭിക്കുന്നുണ്ട്. ഈ സാമ്പത്തികതാല്‍പ്പര്യത്തില്‍ എല്ലാവരും കാസിയ വാങ്ങിയപ്പോള്‍ അരുതെന്ന് വിലക്കാന്‍ ലിയോണാഡ് എന്ന കര്‍ഷകന്‍ തന്റെ നേരവും പണവും അധ്വാനവും പത്തുവര്‍ഷത്തിലധികമായി ചെലവിട്ടുകൊണ്ടേയിരിക്കുകയാണ്.

വ്യവഹാരി

കറുവപ്പട്ടയുടെ വ്യാജനായ കാസിയ പ്രധാനമായും ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യയിലെത്തുന്നത്. യൂറോപ്പില്‍ നിരോധിച്ച കാസിയ, ഇപ്പോള്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്നതും നിരോധിച്ചു. അപ്പോഴേക്കും നമ്മുടെ വിപണിയില്‍ നാലുവര്‍ത്തേക്കെങ്കിലുമുള്ള കാസിയ, വ്യാപാരികള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് ലിയോണാഡ് പറയുന്നത്. കൊച്ചിമുതല്‍ വിശാഖപട്ടണംവരെയുള്ള തുറമുഖങ്ങളില്‍ വിവരാവകാശംവഴി ഉത്തരങ്ങള്‍ തേടിപ്പോയപ്പോള്‍ കിട്ടിയ വിവരമാണിത്. 2013ല്‍ 18,200 ടണ്‍, 2014 15ല്‍ 21,950 ടണ്‍, പോയവര്‍ഷം 19,405 ടണ്‍ കാസിയയാണ് നമ്മുടെ തുറമുഖങ്ങളിലെത്തിയത്. ഫലമോ, നമ്മുടെ ഒറിജിനല്‍ കറുവപ്പട്ടത്തോട്ടങ്ങള്‍ക്ക് എന്നെന്നേക്കുമായി പൂട്ടുവീണു. നാട്ടുമ്പുറത്തെ കല്യാണ ബിരിയാണികളില്‍വരെ കാസിയ എന്ന വ്യാജന്‍ നിരന്നു. ഇക്കാര്യം വിളിച്ചുപറയാന്‍ അദ്ദേഹം നിരന്തരം പ്രസ്ക്ളബ്ബുകള്‍ കയറിയിറങ്ങി. മൈസൂരു, ബംഗളൂരു, മടിക്കേരി, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവകൂടാതെ കേരളത്തിലെ എല്ലാ പ്രസ്ക്ളബ്ബുകളിലും കാസിയക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി. ആയിരം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ടാകുമെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള വിഭവങ്ങള്‍ വിവരാവകാശംവഴി ലിയോണാഡ് ജോണ്‍തന്നെ കണ്ടെത്തി. സ്റ്റാമ്പൊട്ടിച്ച ചോദ്യങ്ങള്‍ രാജ്യവ്യാപകമായി സുഗന്ധവ്യഞ്ജനവിളകളുടെ ഓഫീസുകളിലേക്ക് പറന്നു. തുറമുഖങ്ങളിലേക്ക് അയച്ചു. പത്തുവര്‍ഷത്തിലധികംനീണ്ട ഈ അത്യധ്വാനത്തിന് 20 ലക്ഷത്തിലധികം രൂപ ചെലവായെന്നാണ് ഈ കര്‍ഷകന്റെ കണക്ക്.

ലിയോണാഡ് ജോണ്‍

ലിയോണാഡ് ജോണ്‍


സ്പൈസസ് ബോര്‍ഡ്, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, വാണിജ്യവകുപ്പ്, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം, തുറമുഖവകുപ്പ് തുടങ്ങിയ ഓഫീസുകളുമായി ജോണ്‍ നടത്തിയ എഴുത്തുകുത്തുകള്‍ എണ്ണമറ്റതാണ്. ഈ ഓഫീസുകള്‍ക്ക് 'ശല്യക്കാരനായ വ്യവഹാരി'യാണ് ഇദ്ദേഹം. രാജ്യാന്തരബന്ധമുള്ള ആയുര്‍വേദമരുന്ന്, മസാലനിര്‍മാണ കമ്പനികളുടെ സമ്മര്‍ദവും പണക്കൊഴുപ്പുംമൂലമാണ്, കറുവപ്പട്ടയ്ക്ക് പകരം കാസിയ എന്നത് വലിയ പാതകമായി ഇന്ത്യയില്‍ തോന്നാത്തതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വികസിതരാജ്യങ്ങളില്‍ പൌരന്മാരുടെ ആരോഗ്യം വലിയ ഉത്തരവാദിത്തമുള്ള സംഗതിയായതിനാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പേ നിരോധിച്ചു. അപകടകരമെന്നുകണ്ട് ഇപ്പോള്‍ ഇന്ത്യയിലും ഇറക്കുമതിനിരോധനം വന്നു. പക്ഷേ എന്തുകൊണ്ട് സ്റ്റോക്കുള്ള കാസിയ പിടിച്ചെടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല എന്നിടത്താണ് തന്റെ പോരാട്ടം തുടരുന്നത് എന്നാണ് ലിയോണാഡ് വാദിക്കുന്നത്.
ലിയോണാഡിന്റെ നിരന്തര ഇടപെടല്‍ സഹിക്കാന്‍ കഴിയാഞ്ഞ്, ഒരിക്കല്‍ സിബിഐ ആരോഗ്യവിഭാഗം കാസിയ പരിശോധന നടത്തിയിരുന്നു. കാസിയയും കറുവപ്പട്ടയും നിരന്തരമായി പരിശോധിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സിബിഐ നിര്‍ദേശം നല്‍കിയതുമാണ്. 60 രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ക്ക് കാസിയയുടെ ദൂഷ്യത്തെക്കുറിച്ച് കത്തെഴുതി. വികസിതരാജ്യങ്ങളില്‍നിന്ന്, പരിശോധിക്കാം എന്ന നിലയില്‍ മറുപടിക്കത്തും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജഡ്ജി നേരിട്ട് അന്വേഷണം നടത്തി. കാസിയപരിശോധന കര്‍ശനമായി നടപ്പാക്കണമെന്ന് 2008ല്‍ കോടതി ഉത്തരവിട്ടു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടോയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യവുമായി ലിയോണാഡ് പിറകെയെത്തി. എണ്ണൂറോളം ആയുര്‍വേദ മരുന്നുല്‍പ്പാദകരെ പരിശോധിക്കാന്‍ രണ്ട് ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോളര്‍മാരേ ഉള്ളൂവെന്നും അവര്‍ക്ക് പിടിപ്പത് പണിയുണ്ടെന്നുമാണ് മറുപടി. തുടര്‍ന്ന് മനുഷ്യാവകാശ കമീഷനിലും ലിയോണാഡ് എത്തി. എട്ടാഴ്ചയ്ക്കകം പരിശോധന നടത്തണമെന്ന് ഉത്തരവുണ്ടായി. ജീവനക്കാരില്ലെന്ന മറുപടിയാണ് ഇതിനും കഴിഞ്ഞ മേയില്‍ കിട്ടിയതെന്ന് ലിയോണാഡ്. മരുന്നുപരിശോധകരെ പുതുതായി ഉടന്‍ നിയമിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ അദ്ദേഹത്തിന് വലിയ പ്രതീക്ഷയാണിപ്പോള്‍.
കാസിയ ആരോഗ്യത്തിന് ഹാനികരമാണെന്ന് കാട്ടി സ്പൈസസ് ബോര്‍ഡ് 2008ല്‍ത്തന്നെ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറലിന് കത്തെഴുതിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചും നിയമപോരാട്ടം സജീവമാക്കി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം 0.3 ശതമാനത്തില്‍ കൂടുതല്‍ കൊമറിന്‍ അളവുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമഭേദഗതി അംഗീകരിച്ചതുവരെയെത്തി നില്‍ക്കുന്നു ഇപ്പോള്‍ ആ പോരാട്ടം. ഇതിനിടയ്ക്ക് ഭീഷണി ഫോണ്‍ സന്ദേശങ്ങളും ഇഷ്ടംപോലെ വരാറുണ്ട്. ആരായിരിക്കും ഭീഷണിക്ക് പിന്നിലെന്ന ചോദ്യത്തിന് 'അജ്ഞാതര്‍' എന്നുമാത്രം മറുപടി.

കാസിയ

രൂപത്തിലും ഭാവത്തിലും മണത്തിലും നമ്മുടെ സാക്ഷാല്‍ കറുവപ്പട്ടയുടെ അതേപോലെയാണ് കാസിയ. പക്ഷേ ഇതില്‍ കൊമറിന്‍ എന്ന വിഷാംശം കറുവപ്പട്ടയേക്കാള്‍ വളരെ കൂടുതലാണ്. അഞ്ചുശതമാനത്തോളംവരും.  കറുവപ്പട്ടയില്‍ ഇത് 0.004 ശതമാനം മാത്രം (അവഗണിക്കാവുന്ന അളവ്). കൊമറിന്‍ വൃക്കയെയും കരളിനെയും നേരിട്ട് ബാധിക്കും. മികച്ച ജൈവ കീടനാശിനിയായതിനാല്‍ അമേരിക്കയില്‍ എലിവിഷമുണ്ടാക്കുന്നത് കാസിയ ഉപയോഗിച്ചാണത്രെ!... പോകുന്ന ഇടത്തെല്ലാം ലിയോണാഡ് പറയുന്ന കാര്യങ്ങളാണിവ. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് എന്ന് തോന്നുന്നതിനാല്‍, ആറുമാസത്തിലൊരിക്കലെങ്കിലും നടത്താറുള്ള വാര്‍ത്താസമ്മേളനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ വലുതായി ചെവികൊടുക്കാറില്ല. വിവരാവകാശപ്രകാരം കിട്ടിയ പുതിയ കാര്യങ്ങളോ ഏതെങ്കിലും ഓഫീസുകളുടെ പുതിയ ഉത്തരവോ വെളിപ്പെടുത്താനാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തുന്നത്. വലിയ വാര്‍ത്ത വന്നില്ലെങ്കിലും അദ്ദേഹത്തിന് വിരോധമില്ല. പ്രാദേശികപേജില്‍ ഒതുങ്ങുന്ന ഒറ്റക്കോളം വാര്‍ത്തയായാലുംമതി,  അത് വെട്ടിയെടുത്ത് സൂക്ഷിച്ച് അടുത്ത നിയമപോരാട്ടത്തിന് ഇന്ധനമാക്കും. കറുവപ്പട്ടയ്ക്ക് പകരം കാസിയ ഉപയോഗിക്കുന്നത് സംബന്ധിച്ച്, ലോകത്ത് എവിടെ വാര്‍ത്തയിറങ്ങിയാലും അത് ശേഖരിച്ചിരിക്കും. 'യഥാര്‍ഥ കറുവപ്പട്ടയും കാസിയ എന്ന വ്യാജനും' (ട്രൂ സിന്നമണ്‍ വേഴ്സസ് ടോക്സിന്‍ ഡ്യൂപ്ളിക്കേറ്റ് കാസിയ) എന്ന പേരില്‍ ഇംഗ്ളീഷില്‍ പുസ്തകവുമെഴുതി അദ്ദേഹം. സ്വയം അച്ചടിച്ചിറക്കിയ ഈ പുസ്തകം കൊണ്ടുനടന്ന് ചരക്കിറക്ക് ഇടങ്ങളിലും സുഗന്ധ വ്യഞ്ജന കടകളിലും ഉദ്യോഗസ്ഥപ്രമുഖരിലും  ഭരണകര്‍ത്താക്കളിലും എത്തിച്ചു. 'കാസിയ ഇറക്കുമതി നിരോധിച്ചത് വെറുതയല്ല, പ്രധാനമന്ത്രിയുടെ ഓഫീസ് എന്റെ പുസ്തകം വായിച്ചിട്ടുണ്ടാകും'' ലിയോണാഡ് ജോണ്‍ എന്ന കര്‍ഷകന്റെ പോരാടാനുള്ള ആത്മവിശ്വാസത്തോത് ഇതാ ഇത്രത്തോളം വരും.
ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിന് വര്‍ഷം 12,000 ടണ്‍ കറുവപ്പട്ടയാണ് വേണ്ടതെന്നാണ് സ്പൈസസ് ബോര്‍ഡിന്റെ കണക്ക്. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലായി 2000 ടണ്‍ കറുവപ്പട്ടത്തോലും അയ്യായിരം ടണ്‍ ഉണക്കിയ കറുവ ഇലയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ബാക്കിയുള്ളത് ശ്രീലങ്കയില്‍നിന്നാണ് എത്തിക്കുന്നത്. ആവശ്യത്തിന്റെ പകുതിപോലും ഉല്‍പ്പാദിപ്പിക്കാത്ത കാര്‍ഷികോല്‍പ്പന്നത്തിന്റെ വില നാള്‍ക്കുനാള്‍ താണ്, തോട്ടങ്ങള്‍ കര്‍ഷകര്‍ ഉപേക്ഷിക്കേണ്ട അവസ്ഥ എന്തുകൊണ്ടുണ്ടാകുന്നു എന്ന വലിയ ചോദ്യമാണ് ലിയോണാഡ് എന്ന കര്‍ഷകന്‍ ഒറ്റയ്ക്ക് ചോദിച്ചുകൊണ്ടേയിരിക്കുന്നത്. ശ്രീലങ്കയില്‍ 67,000 ഏക്കറിലായി അമ്പതിനായിരംടണ്‍ വരെ കറുവപ്പട്ട ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയും അവരുടെ പ്രധാന വിപണിയാണ്. രൂപയൂടെ മൂല്യം കുറവായതിനാല്‍, 200 രൂപയ്ക്കകത്ത് വിറ്റാല്‍ത്തന്നെ ശ്രീലങ്കക്കാര്‍ക്ക് പിടിച്ചുനില്‍ക്കാം.

തോട്ടം ഇപ്പോള്‍

ബ്രീട്ടീഷുകാരുടെ കാലത്ത് മലബാറില്‍ ഡിഎംഒ ആയിരുന്ന ഡോ. പി ഐ മാത്യുവിന്റെ കൊച്ചുമകനാണ് ബിരുദധാരിയായ ലിയോണാഡ് ജോണ്‍. ആലക്കോട് വിളക്കന്നൂരില്‍ മുത്തച്ഛന് ആയിരം എക്കര്‍ തോട്ടമുണ്ടായിരുന്നു. അതാണ് കൈമാറി, നുറേക്കറായി ജോണിന് കിട്ടിയത്. കടുത്ത വിലയിടിവിനെ തുടര്‍ന്ന് കറുവപ്പട്ട ഉല്‍പ്പാദനം നിര്‍ത്തി. തൊഴിലാളികള്‍ പലരും പണി നിര്‍ത്തിപ്പോയി. കറുവച്ചെടിയുടെ ശിഖരം വെട്ടിയെടുത്ത് തോലുരിഞ്ഞ് ഉണക്കിയെടുത്ത് സംസ്കരിച്ച് കറുവപ്പട്ടയാക്കാന്‍ നീണ്ട അധ്വാനം വേണ്ടതാണ്. ഇപ്പോഴത്തെ കൂലി നല്‍കി, സ്വന്തം തോട്ടത്തിലുണ്ടായിരുന്ന കറുവപ്പട്ടത്തൊഴിലാളികളെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാതെപോയി. തോട്ടത്തില്‍ ശേഷിക്കുന്നത് 60 ഏക്കറിലെ റബറാണ്. ഇവിടത്തെ തൊഴിലാളികള്‍ക്ക്, കിട്ടുന്ന ഷീറ്റ് തന്നെ കൂലി. പ്ളാന്റര്‍ ലിയോണാഡ് ഇപ്പോള്‍ വ്യവഹാരി ലിയോണാഡായി മാറിയിരിക്കുകയാണല്ലോ. തോട്ടത്തിന്റെ താഴ്വാരത്ത് ആറ് മത്സ്യക്കുളമുണ്ട്. അതില്‍ രണ്ടില്‍ അലങ്കാരമത്സ്യവളര്‍ത്തലാണ്. ഇനിയിപ്പോള്‍ ഈ മീനുകളെ ഞാനെന്ത് ചെയ്യും? അലങ്കാരമത്സ്യം വളര്‍ത്തലിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ഓര്‍മിപ്പിച്ച് ലിയോണാഡ് ചോദിച്ചു.
ഏക മകള്‍ റോസ്മേരി യുകെയിലെ ക്രാന്‍ഫീല്‍ഡ് സര്‍വകലാശാലയില്‍ എയ്റോസ്പേസ് എന്‍ജിനിയറിങ്ങില്‍ പിഎച്ച്ഡി ചെയ്യുകയാണ്. വിമാനത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് അപകടം മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് അവള്‍.

പ്രധാന വാർത്തകൾ
Top