Top
19
Tuesday, December 2017
About UsE-Paper

പൊരുതിപ്പിറന്ന ചിത്രങ്ങൾ

Sunday Oct 15, 2017
എം എസ് അശോകൻ

വയലാർ അവാർഡ് ജേതാവ് ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയെ ആസ്പദമാക്കിയുള്ള ഒരു ചിത്രത്തിന്റെ രചനയിലാണ് ബിനു കൊട്ടാരക്കര. പുത്തൂരിനടുത്തെ ഒരു ഗ്രന്ഥശാലയുടെ പരിപാടിക്ക് എത്തുമ്പോൾ അവാർഡ് ജേതാവിന് സമ്മാനിക്കാനുള്ള ചിത്രമാണ് ഒരുങ്ങുന്നത്. ലങ്കൻ വിമോചനപ്പോരാട്ടത്തിന്റെ കരുത്താവാഹിച്ച് തലമുറകളിലൂടെ ഉയിർത്തെഴുന്നേൽക്കുന്ന ദേവനായകിക്ക് ബിനുവിന്റെ ക്യാൻവസിൽ കരുത്തേറും. തന്റെ ആയുസ്സിനെ കാർന്നുതിന്നാനൊരുങ്ങിയ അർബുദരോഗത്തെ മരുന്നുകൊണ്ട് എന്നതിേനക്കാൾ വരയുടെ വിസ്മയംകൊണ്ട് തുരത്തിയ പോരാളിയുടെ മനക്കരുത്താണ് ബിനുവിനെക്കൊണ്ട് ഇപ്പോൾ ദേവനായകിയുടെ ചിത്രമെഴുതിക്കുന്നത്.

ബിനു കൊട്ടാരക്കരബിനു കൊട്ടാരക്കര
കൊട്ടാരക്കര തലവൂർ കൃഷ്ണകൃപയിൽ ബിനുവിന് ചിത്രംവര തന്റെ നീട്ടിക്കിട്ടിയ ആയുസ്സിന്റെ നീണ്ടവരകൂടിയാണ്. കൽപ്പണിക്കാരൻ മുത്തുവിന്റെയും ശാന്താമ്മാളിന്റെയും മകനായ ബിനുവിന് കുട്ടിക്കാലംമുതൽക്കെ ചിത്രംവരയോട് താൽപ്പര്യമുണ്ട്. കൊട്ടാരക്കരയിലെ സ്‌കൂൾ ഓഫ് ഫൈനാർട്‌സിൽ ചേർന്ന് ചിത്രകല അഭ്യസിച്ചുവന്നപ്പോഴേക്കും രക്താർബുദത്തിന്റെ പിടിയിലായി. പിന്നെ മരുന്നിന്റെയും മരണത്തിന്റെയും മണമുള്ള ആശുപത്രി അന്തരീക്ഷത്തിലായി ജീവിതം. മരണം ഇങ്ങെത്തി എന്ന് തോന്നിപ്പിച്ച ദിവസങ്ങൾ. ആർസിസിയിൽ ഡോ. വി പി ഗംഗാധരന്റെ മരുന്നിനും പരിചരണത്തിനുമൊപ്പമാണ് വീണ്ടും വരയ്ക്കാനുള്ള കരുത്ത് കൈവന്നതെന്ന് ബിനു. വരയ്ക്കാനുള്ളതെല്ലാം രോഗക്കിടക്കയ്ക്ക് അരികിലെത്തി. പിന്നെ ഒന്നിനുപുറകെ ഒന്ന് എന്ന നിലയിൽ ബിനു ചിത്രമെഴുതി. വേദനയും പ്രയാസങ്ങളും മറക്കാനായി. മരുന്നിേനക്കാൾ ആ ചിത്രങ്ങൾ ധൈര്യം നൽകി. എത്ര മണിക്കൂർ വേണമെങ്കിലും നിറങ്ങളോട് സല്ലപിച്ച് സാന്ത്വനം കണ്ടെത്താമെന്ന് മനസ്സിലായി. ഹൃദയത്തോട് സംവദിക്കുന്ന നിറങ്ങളിൽ ചുവപ്പിനെ കൂടുതൽ ഇഷ്ടപ്പെട്ടു. തന്റെ മനസ്സിനും ശരീരത്തിനും നഷ്ടപ്പെട്ട കരുത്തുമുഴുവൻ തിരിച്ചുവരുന്നത് ബിനു അത്ഭുതത്തോടെ അറിഞ്ഞു. സഹരോഗികൾക്കും ബിനുവിന്റെ ആശുപത്രിരചന ആശ്വാസം പകർന്നു. വൈകാതെ അർബുദബാധയെ ശരീരത്തിൽനിന്ന് കുടഞ്ഞെറിഞ്ഞ് ബിനു സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്നോളം മുടക്കമില്ലാതെ ചിത്രം വരയ്ക്കുന്നു. ആവശ്യക്കാർക്ക് വിൽക്കുന്നു. ബിനുവിന് ജീവിതം മടക്കിക്കൊടുത്ത ചിത്രരചനമാത്രമാണ് ഇന്ന് അദ്ദേഹത്തിന്റെ ജീവിതോപാധിയും.

ബിനു കൊട്ടാരക്കരയുടെ പെയിന്റിങ്‌ബിനു കൊട്ടാരക്കരയുടെ പെയിന്റിങ്‌
അക്രിലിക്കിലും ജലച്ചായത്തിലുമാണ് രചനകൾ. ആവശ്യമനുസരിച്ച് ചിത്രങ്ങൾ വരച്ചുകൊടുക്കുന്നതോടൊപ്പം സ്വതന്ത്രാവിഷ്‌കാരവും നിർവഹിക്കുന്നുണ്ട്. അത്തരം ചിത്രങ്ങൾ സ്‌കൂളുകളിലും വായനശാലകളിലുമൊക്കെ പ്രദർശിപ്പിക്കുന്നു. വർണങ്ങളുടെ കടുപ്പത്തിലുള്ള പ്രയോഗവും പ്രമേയപരമായ കരുത്തും ബിനുവിന്റെ അത്തരം രചനകളെ കൂടുതൽ ആസ്വാദ്യവും ശക്തവുമാക്കുന്നുണ്ട്. പ്രകൃതിയും മനുഷ്യനുമാണ് ഈ ചിത്രങ്ങളുടെയെല്ലാം പ്രമേയാടിത്തറ. പ്രകൃതിയെ എത്ര വരച്ചാലും മതിയാകില്ല, അത് കൂടുതൽക്കൂടുതൽ പ്രചോദനവും പ്രലോഭനവുമായി ചിത്രങ്ങളിലേക്ക് കൂടുതൽ കടന്നുവരികയാണെന്ന് ബിനു പറയുന്നു.
കൂടുതൽ പരീക്ഷണാത്മകമായ ജീവിതസാഹചര്യങ്ങളോട് മല്ലടിച്ചതിനാലാകണം ചിത്രംവരപോലെ ജീവകാരുണ്യപ്രവർത്തനവും ബിനുവിന്റെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്. വരച്ചു കിട്ടുന്നതിന്റെ ഒരു പങ്ക് അതിനായി ചെലവഴിക്കുന്നു. കലയപുരത്തെ ആശ്രയസങ്കേതമെന്ന പ്രസ്ഥാനവുമായി ചേർന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവിടത്തെ അന്തേവാസിയായിരുന്ന ശാന്തി എന്ന പെൺകുട്ടിയെയാണ് ബിനു ജീവിതസഖിയായി സ്വീകരിച്ചത്. രോഗങ്ങളോട് പൊരുതുന്ന പലരോടും ബിനു തന്റെ അതിജീവനത്തിന്റെ കഥ പറയാറുണ്ട്. അവരിൽ ചിലരൊക്കെ അതൊരു പ്രചോദനമായി സ്വീകരിച്ചിട്ടുമുണ്ട്. രണ്ടുകാലും ഒരു കൈയും നഷ്ടപ്പെട്ട ഒരു സുഹൃത്ത് ഇടതു കൈകൊണ്ട് ചിത്രം വരയ്ക്കുന്നത് അതേ പ്രത്യാശയോടെയാണ്. നഷ്ടമായെന്നു കരുതിയ ജീവിതം വർണത്തികവോടെ തിരിച്ചുകിട്ടുന്നതിന് മാത്രമായി.