14 November Wednesday

ചരിത്രവീഥികളിലൂടെ ചില യാത്രകൾ

എം സി രാജനാരായണൻUpdated: Sunday Jul 15, 2018

മരുഭൂമിയിലെ ഒട്ടകജീവിതം യാത്രാവിവരണം പുന്നയൂർക്കുളം സെയ്നുദ്ദീൻ ഒലീവ് പബ്ലിക്കേഷൻ വില: 80 രൂപ

ഏഷ്യയിലെയും യൂറോപ്പിലെയും മറ്റും യാത്രാവിവരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് മേഖലയിൽനിന്നുള്ള യാത്രാവിവരണങ്ങൾ വിരളമാണെന്ന് കാണാം. പേർഷ്യൻ രാജ്യങ്ങളിലെ മണലാരണ്യത്തിൽ യാത്രികനെ ആകർഷിക്കാനുള്ള സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും കുറവാണെന്ന തെറ്റിദ്ധാരണ തിരുത്തുന്ന  യാത്രാവിവരണ ഗ്രന്ഥമാണ് പുന്നയൂർക്കുളം സെയ്നുദീൻ രചിച്ച ' മരുഭൂമിയിലെ ഒട്ടകജീവിതം'. സമകാല ജീവിതത്തിലേക്കും ഗതകാല സ്മരണയുണർത്തുന്ന ഇന്നലെകളിലേക്കും  സഞ്ചരിച്ച് സെയ്നുദീൻ അനുഭവത്തിന്റെ മുത്തും പവിഴവും കോരിയെടുത്ത് അനുവാചകനുമുമ്പിൽ നിരത്തിവയ‌്ക്കുന്നു.
 
മരുഭൂമിയിലെ ഒട്ടകജീവിതത്തിൽ തുടങ്ങി ഷേബായിലെ രാജ്ഞിയിൽ അവസാനിക്കുന്ന 11 അധ്യായമാണ് പുസ‌്തകത്തിലുള്ളത്. മഹത്താവണമെങ്കിൽ ബൃഹത്താവണമെന്നില്ലെന്ന ചൊല്ല് അന്വർഥമാക്കുന്ന രചന. സെയ്നുദീൻ വളരെ ശ്രദ്ധാപൂർവം സൂക്ഷ്മമായ തെരഞ്ഞെടുപ്പിന് ശേഷമാണ് കാഴ്ചകളും അനുഭവങ്ങളും വായനക്കാരനു മുന്നിൽ അവതരിപ്പിക്കുന്നത്.  കഥാകൃത്തുകൂടിയായ അദ്ദേഹത്തിന് താൻ കണ്ട കാഴ്ചകളിൽ വായനാക്കാരനെക്കൂടി പങ്കാളിയാക്കാൻ കഴിയുന്നുണ്ട്. 'കാഫ് മരങ്ങളിൽ മഞ്ഞുപെയ്ത നവംബറിലെ കൊടുംതണുപ്പുള്ള പ്രഭാതത്തിലാണ് ഞങ്ങൾ മരുഭൂമിയുടെ ഹൃദയം അന്വേഷിച്ചുപുറപ്പെട്ടത്'  എന്ന തുടക്കത്തിൽത്തന്നെ ഗ്രന്ഥകാരന്റെ ഗൗരവപൂർവമുള്ള സമീപനം സ്പഷ്ടമാകുന്നു. മരുഭൂമിയിലെ ഒട്ടകജിവതത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രഥമ അധ്യായം. ഇതിലൂടെ കടന്നുപോകുമ്പോൾ ബെന്യാമിന്റെ ആടുജീവിതം  മനസ്സിലെത്തുന്നത് സ്വഭാവികം. വിജനമായ മരുപ്രദേശത്ത് ഒട്ടകത്തെ മേച്ചുനടക്കുന്നവരുടെ കാഴ്ചകളും അനുഭവങ്ങളും ലേഖകൻ പങ്കിടുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും മോഹവും മോഹഭംഗവുമായി കഴിയുന്ന ഒരുപിടി മനുഷ്യരെ നാം പരിചയപ്പെടുന്നു.
 
ഗൾഫിലെ മണലാരണ്യത്തിലും കോട്ടകൊത്തകങ്ങളോയെന്ന സംശയത്തിന് നിവൃത്തിയേകുന്നതാണ് ചരിത്രമുറങ്ങുന്ന ഫുജൈറയിലെ കോട്ടകൾ. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതാനുഭവം സെയ്നുദീൻ പറയുന്നു. ഫുജൈറയിലെ താരതമ്യേന വലിയ കോട്ടയെകുറിച്ച് വായിക്കുമ്പോൾ ഇന്ത്യയിലെ കോട്ടകളെക്കുറിച്ച് നാം ഓർത്തുപോകുന്നു (ഭീമാകാരമായ ഗ്വാളിയോർ ഫോർട്ടും രജസ്ഥാനിലെ കോട്ടകളും സഞ്ചരിച്ചിരുന്നത് വലിയ അനുഭവംതന്നെയായിരുന്നു). പാലക്കാടും കണ്ണൂരും കാസർഗോഡുമെല്ലാം നമുക്കുമുണ്ടല്ലോ കോട്ടകൾ. ഫുജൈറയിലെ കാളപ്പോരിന്റെ സവിശേഷത കാളകൾ തമ്മിലാണ് പോര് എന്നതാണ്. ചുവന്ന വസ്ത്രമണിഞ്ഞ് നിൽക്കുന്ന മെറ്റഡോർ ഇവിടെയില്ല. ഒരു കാള മറ്റൊന്നിനെ കീഴടക്കുന്നതോടെ പരാജിതൻ പിന്തിരിയുന്നു. കാളപ്പോരെന്ന് കേൾക്കുമ്പോൾ സ്പെയ്നിലെ മത്സരങ്ങളാണ് ഓർമ വരിക. അത് ഹെമിങ‌്വേയിലേക്കും നയിക്കുന്നു. ഐസൻസ്റ്റീൻ ക്ലാസിക്കായ 'ക്വി വിവാ മെക്സികോ' എന്ന പടത്തിലും കാളപ്പോരുണ്ട്. പിന്നെ സ്പാനിഷ് ചലച്ചിത്രാചാര്യനായ കാർലോ സോരയുടെ സൃഷ്ടികളിലും കാളപ്പോര് അതിശക്തമായി അവതരിപ്പിക്കുന്നു.
 
ചരിത്രമുറങ്ങുന്ന ജോർദാനിൽ പറയുന്ന ചാവുകടൽ അനുഭവം ഏറെ വ്യത്യസ്തമാണ് ‐ ചളി ചികിത്സയും. അമ്മാൻ സിറ്റാഡൽ, ഉമയ്യദ് കൊട്ടാരം, ലോക മഹാത്ഭുതമായ പെട്ര, മൂസാ പ്രവാചകൻ, ഹാറൂൺ നബി തുടങ്ങിയ ശീർഷകങ്ങളിലെ വിവരണങ്ങൾ വേറിട്ടുനിൽക്കുന്നു. "സ്വീഡിഷ് സഞ്ചാരിയായ ജൊഹാൻ ലുഡ്വിഗ് ആദ്യമായി പെട്ര കണ്ടെത്തിയ വിദേശിയാണ്. അദ്ദേഹത്തിലൂടെയാണ് പെട്ര എന്ന ലോകാത്ഭുതം പുറംലോകം അറിയുന്നത്''. സെയ്നുദീൻ വിവരിക്കുന്നു. വായനാസുഖം നൽകി കാഴ്ചയുടെ പൊരുൾ മനസ്സിൽ നിറയ്ക്കുന്ന അപൂർവ യാത്രാവിവരണ ഗ്രന്ഥമാണ് പുന്നയൂർക്കുളം സെയ്നുദീൻ രചിച്ച മരുഭൂമിയിലെ ഒട്ടകജീവിതം . ഇത് ഗൾഫ് മേഖലയെക്കുറിച്ച് കൂടുതൽ അറിയാനും ആസ്വദിക്കാനും അവസരം ഒരുക്കുന്നു.
പ്രധാന വാർത്തകൾ
Top