20 April Friday

സിനിമ എന്നെ നയിക്കുന്നു

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Feb 12, 2017

ആരുടെയും ഭീഷണിക്ക് മുന്നില്‍ ഞാന്‍ ഭയക്കുന്നില്ല. ഇത് വ്യക്തിപരമായി എന്റെ മാത്രം പ്രശ്നമല്ല.സ്വതന്ത്രമായി നിലപാട് എടുക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ സമൂഹം എന്തു ചെയ്യുന്നു എന്നാണ് ഞാന്‍നോക്കുന്നത്. - ഇന്ത്യയിലാദ്യമായി ടൈഗര്‍ പുരസ്കാരം നേടിയ 'സെക്സിദുര്‍ഗ' എന്ന സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു


ലോകത്തിലെ ഏറ്റവുംവലിയ ചലച്ചിത്രവിപണിയില്‍നിന്നെത്തിയ പാരമ്പര്യബന്ധിതമല്ലാത്ത തീര്‍ത്തും ആധുനികമായ രചന. ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ചലച്ചിത്രസംസ്കാരത്തില്‍നിന്നും ആണ്‍-പെണ്‍ ബന്ധങ്ങളില്‍നിന്നും സമൂലമായ മാറ്റം ഇവിടെ പ്രഖ്യാപിക്കപ്പെടുന്നു-റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ സനല്‍കുമാര്‍ ശശിധരന്റെ 'സെക്സി ദുര്‍ഗ'യെ അവതരിപ്പിക്കുന്ന വീഡിയോ അഭിമുഖത്തില്‍ ഡച്ച് ചലച്ചിത്രനിര്‍മാതാവ് ബെറോ ബേയര്‍ പറയുന്നു: "എങ്ങനെ ഒരു നല്ല സിനിമ ഉണ്ടാക്കാമെന്നതിന്റെ  മികച്ച ഉദാഹരണം. ഗംഭീരമായ ഒരു ആശയവും അതുചിത്രീകരിക്കാനുള്ള ചങ്കുറപ്പുമാണ് സംവിധായകനെ മുന്നോട്ടുനയിക്കുന്നത്. ഒരേസമയം ഉദ്വേഗവും ഉള്‍പ്പുളകവും ഭീതിയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന വിശിഷ്ടരചന. ഇത്രമാത്രം തീക്ഷ്ണത സിനിമയില്‍ ഉള്‍ക്കൊള്ളിക്കാനാകുന്നവര്‍ തുടക്കക്കാരില്‍ അപൂര്‍വം.''- പാരഡൈസ് നൌ  എന്ന ഉജ്വല പലസ്തീന്‍ സിനിമയുടെ നിര്‍മാണപങ്കാളികൂടിയായ ബെറോ ബേയറുടെ വാക്കുകളില്‍ ആദരവ്  പ്രകടം.

വടക്കുപടിഞ്ഞാറന്‍ യൂറോപ്യന്‍രാഷ്ട്രമായ നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമിലെ ചലച്ചിത്രമേള കച്ചവടസിനിമയുടെ ആഘോഷത്തിനെതിരായ പ്രതിരോധംതീര്‍ക്കലാണ്. ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമാസംരംഭകരുടെ ഒത്തുചേരല്‍വേദി. റോട്ടര്‍ഡാംമേളയിലെ  ഏറ്റവും മികച്ച എട്ടുസിനിമകളില്‍ ഉള്‍പ്പെടുന്നതുതന്നെ മികച്ച അംഗീകാരം.  2010ല്‍ ഇവിടെ മത്സരവിഭാഗത്തില്‍ വിപിന്‍ വിജയ്യുടെ 'ചിത്രസൂത്രം' ഇടംനേടി. ടൈഗര്‍ പുരസ്കാരം നേടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ആദ്യചിത്രമാണ് സെക്സി ദുര്‍ഗ. സമീപദശകങ്ങളില്‍ മലയാളസിനിമയ്ക്ക് അന്തര്‍ദേശീയതലത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പുരസ്കാരം. എന്നാല്‍, പുരസ്കാരം ഏറ്റുവാങ്ങി നാട്ടിലെത്തുംമുമ്പ് ഭീഷണികളും അപവാദപ്രചാരണങ്ങളുമാണ് സംവിധായകന് നേരിടേണ്ടിവന്നത്. സിനിമയുടെ പേരിന്റെപേരില്‍ വധഭീഷണിവരെയുണ്ടായി. നെതര്‍ലന്‍ഡ്സിലെ സിനിമാതിരക്കുകള്‍ക്കിടെ സനല്‍കുമാര്‍ ടെലിഫോണില്‍ സിനിമയുടെയും ജീവിതത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു.

കഥയില്ല, തിരക്കഥയില്ല

എഴുതപ്പെട്ട തിരക്കഥയുമായി ചിത്രീകരണം ആരംഭിച്ചാലും സെറ്റില്‍ മിക്കപ്പോഴും സിനിമയാണ് എന്നെ നയിക്കുന്നത്. തിരക്കഥയ്ക്ക് പുറത്തുകൂടി സഞ്ചരിച്ചാണ് ആദ്യസിനിമ 'ഒരാള്‍പൊക്കം' ഒരുക്കിയത്. ഉണ്ണി ആറിന്റെ കഥ മുന്നോട്ടുവച്ച ആശയമാണ്് 'ഒഴിവുദിവസത്തെ കളി' ചിത്രീകരിക്കുമ്പോള്‍ നയിച്ചത്. 'സെക്സി ദുര്‍ഗ'യിലെത്തുമ്പോള്‍ നിയതമായ ഒരു കഥപോലും ഇല്ലാതെ സിനിമ മുന്നോട്ടുപോകുന്നു. സിനിമതന്നെ അതിന്റെ ഗതി നിശ്ചയിക്കുന്ന യാത്ര സെറ്റില്‍വച്ച് ആരംഭിക്കുകയാണ്. സിനിമയെക്കുറിച്ച് മനസ്സിലുള്ള ആശയം നൈസര്‍ഗികമായി സ്വന്തം രൂപം കണ്ടെത്തുന്ന പ്രക്രിയയാണ് എനിക്ക് ഷൂട്ടിങ്.

രാത്രിയില്‍ ദുര്‍ഗയും കബീറും

 കേരളം പരസ്യവാചകത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും രാത്രിയില്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ പറ്റിയ ഇടമല്ല. പുരുഷന്മാരാണ് രാത്രിപാതകളുടെ ഭരണകര്‍ത്താക്കള്‍. സ്ത്രീകളെ  രക്ഷിക്കാനായി ജനിച്ചവരെന്ന മട്ടില്‍ അവര്‍ അവരെ അപമാനിക്കുന്നു. ദേവീഭക്തിയുടെപേരില്‍ ശരീരവും മനസ്സും സമ്പത്തും ഹോമിക്കാന്‍ സജ്ജരാകുന്നവരുമുണ്ട്. ഇത്തരം രണ്ട് ഇമേജുകളും ഒന്നിച്ചുകെട്ടി അതുല്‍പ്പാദിപ്പിക്കുന്ന വികാരം സിനിമയിലൂടെ പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്.
പേരിന്റെ പേരില്‍
ഒരുപക്ഷേ ഇന്നു കൊല്ലപ്പെട്ടവരില്‍ ഒരു സരസ്വതിയുണ്ടാകും. ബലാത്സംഗംചെയ്യപ്പെട്ടവരില്‍ ഒരു പാര്‍വതിയുണ്ടാകും. ഒരു ദുര്‍ഗ പട്ടിണികൊണ്ട് മരിച്ചിട്ടുണ്ടാകും. പെണ്ണിന് ദേവതാനാമങ്ങള്‍ നല്‍കിയാലും തെരുവിന് അവരോടുള്ള സമീപനം മാറുന്നില്ല. യഥാര്‍ഥത്തില്‍ 'സെക്സി ദുര്‍ഗ' സ്ത്രീകളെക്കുറിച്ചുള്ള സിനിമയോ സ്ത്രീപക്ഷസിനിമയോ അല്ല. ആണുങ്ങളെക്കുറിച്ചുള്ള സിനിമയാണിത്. മേളയില്‍ സിനിമ കണ്ട സ്ത്രീകള്‍ 'ഷോക്കിങ'് എന്നാണ് പ്രതികരിച്ചത്.

ഭീഷണികള്‍ക്ക് വഴങ്ങില്ല

ഒരുവര്‍ഷം മുമ്പ് സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പിന്നീടത് കെട്ടടങ്ങി. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 'സെക്സി ദുര്‍ഗ'എന്ന പേരിനെ ചൊല്ലി ചില പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഉമ്മന്‍ചാണ്ടി പരാതി സെന്‍സര്‍ ബോര്‍ഡിന് ഫോര്‍വേഡ് ചെയ്തുകൊടുത്തെന്ന് അറിയാന്‍കഴിഞ്ഞു. എന്നാല്‍, സിനിമ റോട്ടര്‍ഡാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം ലഭിക്കുകയും ചെയ്തതോടെ പലരും അസ്വസ്ഥരായി.

 അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നാണ് ചിലമലയാളികള്‍ വീട്ടില്‍ ഭാര്യയെ വിളിച്ച് ഭീഷണി മുഴക്കുന്നത്. നിന്നെ തീര്‍ത്തുകളയും എന്ന് എനിക്ക് ആംസ്റ്റര്‍ഡാമില്‍ വാട്സാപ് വഴി ഭീഷണി ലഭിച്ചു. 'ഹിന്ദു സ്വാഭിമാന്‍ സംഘം' പ്രസിഡന്റ് രാഹുല്‍ ശ്രീവാസ്തവ എന്ന പേരിലുള്ള വാട്സാപ്പിലൂടെയാണ് ഭീഷണി. സിനിമയുടെ പോസ്റ്റര്‍ കണ്ടു, പത്തു മിനിറ്റിനുള്ളില്‍ നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരവും എനിക്ക് കിട്ടി. അത്രയ്ക്ക് ശക്തമായ ടീമാണ് ഞങ്ങള്‍ക്കുള്ളത്. സംഘടനയുടെ ലീഗല്‍ സെല്‍ പൊതുതാല്‍പ്പര്യഹര്‍ജിയും എഫ്ഐആറും തയ്യാറാക്കുന്നുണ്ടെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

ആരുടെയും ഭീഷണിക്കുമുന്നില്‍ ഞാന്‍ ഭയക്കുന്നില്ല. ഇത് വ്യക്തിപരമായി എന്റെമാത്രം പ്രശ്നമല്ല. സ്വതന്ത്രമായി നിലപാട് എടുക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ സമൂഹം എന്തുചെയ്യുന്നു എന്നാണ് ഞാന്‍ നോക്കുന്നത്. സമൂഹത്തിന്റെ സംരക്ഷകസ്ഥാനം ഏറ്റെടുത്ത് ചിലര്‍ ലജ്ജാകരമായി രംഗത്തുവരുമ്പോള്‍ പ്രതികരിക്കേണ്ടത് സമൂഹമാണ്.

അടുത്ത സിനിമ


മെയ്-ജൂണ്‍ മാസങ്ങളിലായി പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കണമെന്ന് കരുതുന്നു. ചലച്ചിത്രകാരനും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സിനിമയാണ് മനസ്സില്‍.

'സെക്സി ദുര്‍ഗ'യില്‍നിന്ന്

'സെക്സി ദുര്‍ഗ'യില്‍നിന്ന്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top