20 January Sunday

കുട്ടിക്കളിയല്ല കുട്ടികളുടെ സിനിമ

സി അജിത്Updated: Sunday Feb 11, 2018

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (എസ്ഐഇടി) തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആറാമത് കുട്ടികളുടെ ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ രണ്ടു സിനിമകൾ മല്ലികയും ഒരുമയുടെ ശിൽപ്പവും. മികച്ച സിനിമയ്ക്കുള്ള ലക്ഷം രൂപയുടെ പുരസ്കാരമാണ് മല്ലികയ്ക്ക്. കുട്ടികൾക്കുവേണ്ടി നിർമിച്ച മികച്ച ചിത്രത്തിനുള്ള അരലക്ഷം രൂപയുടെ പുരസ്കാരമാണ് ഒരുമയുടെ ശിൽപ്പം നേടിയത്. ഒരു ദിവസത്തെ പത്രവാർത്തയിൽ ഒതുങ്ങിപ്പോകേണ്ടതല്ല ഈ ചിത്രങ്ങളുടെ മികവ്. ഇടുക്കി, പാലക്കാട് ജില്ലകളിലെ പിന്നോക്കമേഖലകളിലെ രണ്ടു പൊതുവിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ് ഈ രണ്ടു സിനിമയുടെയും പിന്നിൽ പ്രവർത്തിച്ചത്. രണ്ടു സ്കൂളിനും അവരുടെ സിനിമകൾ നൽകിയ ഊർജം ചെറുതല്ല. ഇടുക്കി ചിത്തിരപുരം ഗവ. ഹൈസ്കൂളിലെ ഒരു പെൺകുട്ടിയുടെ ദുരന്താനുഭവങ്ങളാണ് 'മല്ലിക'യ്ക്ക് പ്രേരണയെങ്കിൽ ഭിന്നശേഷിക്കാരനായ കുട്ടിയുടെ അതിരുകളില്ലാത്ത സ്വപ്നങ്ങളാണ് എലവഞ്ചേരി വട്ടേക്കാട് ഗവ. യുപി സ്കൂൾ ഒരുക്കിയ 'ഒരുമയുടെ ശിൽപ്പ'ത്തിലുള്ളത്. മികവിലേക്ക് കുതിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന സിനിമാനുഭവങ്ങളെക്കുറിച്ച് സിനിമയുടെ ശിൽപ്പികൾ 

 

മല്ലികയുടെ സൗരഭ്യം

ചിത്തിരപുരം ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപിക ഡോ. എം ആശയാണ് മല്ലിക ഒരുക്കി‌യത്. സിനിമയുടെ വിശേഷം അവർ പങ്കുവയ്ക്കുന്നു: 

മൂന്നാറിനടുത്ത് തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട സുന്ദരമായ പ്രദേശമാണ് ചിത്തിരപുരം. വർഷങ്ങൾക്കുമുമ്പ് ക്ലാസിലെ ഒരു പെൺകുട്ടിക്ക് ഒരു ദുരനുഭവമുണ്ടായി. ആകസ്മികമായി ജീവിതത്തിലുണ്ടായ തിരിച്ചടി നേരിടാനുള്ള കരുത്ത് ആ കുഞ്ഞുമനസ്സിനുണ്ടായില്ല. സമൂഹമാകെയും വീട്ടുകാരും കുറ്റപ്പെടുത്താൻ തുടങ്ങിയതോടെ അവൾ തളർന്നു. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി പഠനം നിർത്തി. സ്കൂളിൽ വരാതെയായി. ഒടുവിൽ ഞാൻ അവൾക്കൊരു കത്തെഴുതി. "നീ തിരിച്ചുവരണം. പ്രതിസന്ധിയിൽ തളരുകയല്ല; കൂടുതൽ കരുത്തോടെ പ്രതിരോധിക്കുകയാണ് വേണ്ടത്''. കത്ത് അവളിൽ മനംമാറ്റമുണ്ടാക്കി. ഒരു ദിവസം രാവിലെ ഏവരെയും അമ്പരപ്പിച്ച്് ആ പെൺകുട്ടി ക്ലാസിൽ. അവൾ പിന്നീട് നല്ല മാർക്കോടെ പാസായി സ്കൂൾ വിട്ടു. എന്നെ വല്ലാതെ സ്വാധീനിച്ചു ഈ സംഭവം.  

പിന്നീടൊരിക്കൽ, സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥികളുടെ മലയാളം ക്ലാസ്. പാഠഭാഗം 'മുല്ലവള്ളിയും മാൻകിടാവും'. അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് സസ്യങ്ങളും ജന്തുക്കളുമെല്ലാം എന്ന് പറയുന്ന കൂട്ടത്തിൽ ഞാൻ എന്റെ അനുഭവം അവരോട് പങ്കുവച്ചു. മിടുമിടുക്കിയായ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്ന ഒരു ദുരന്തത്തിന്റെ കഥ. ടീച്ചറുടെ സഹായത്തോടെ അവൾ ആ പ്രശ്നത്തെ ശക്തമായി നേരിട്ട കഥ. അവിടെയാണ് മല്ലിക എന്ന കുഞ്ഞു സിനിമയുടെ തുടക്കം. സിനിമയെന്ന ആശയം ആ ക്ലാസിൽനിന്നാണ് ഉണ്ടായത്. 

ഹ്രസ്വമെങ്കിലും ഒരു സിനിമ തയ്യാറാക്കി പുറത്തെത്തിക്കാനുള്ള ബദ്ധപ്പാടുകൾ അറിയാം. നേരത്തെ ഒരു ഷോർട്ട്ഫിലിം ചെയ്തുള്ള അനുഭവമാണ് കൈമുതൽ. പെൺകുട്ടികളാണ് സിനിമയുടെ ചാലകശക്തി. ആൻസി, നാൻസി, അപർണ, അൻസീന. അവർ എന്റെ ഒറ്റമുറി ക്വാർട്ടേഴ്സിലെ നിത്യസന്ദർശകരായി. വായിച്ചും പഠിച്ചും പഠിപ്പിച്ചും തിരക്കഥ പൂർത്തിയായി. തൊട്ടടുത്ത റിസോട്ടിന്റെ ഉടമ മാത്യു ചെലവിൽ ഒരുവിഹിതം നൽകി. 

സാമ്പത്തികബുദ്ധിമുട്ട് തീർന്നില്ല. ശമ്പളത്തിൽ മിച്ചംപിടിച്ച് ഞാനും കുറച്ച് തുക കണ്ടെത്തി. ക്യാമറയ്ക്കു മുന്നിൽ ഇതേവരെ നിന്നിട്ടില്ലാത്ത ഒരുകൂട്ടംപേരെ വച്ച് സിനിമയെടുക്കുകയെന്ന സാഹസം വേറെ. അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമാണ് അഭിനേതാക്കൾ. പുലരുവോളം നീണ്ട എഡിറ്റിങ്ങും ഡബ്ബിങ്ങും. പല കാരണംകൊണ്ട് ഷൂട്ടിങ് നീണ്ടപ്പോഴും പ്രതിസന്ധികൾ തരണം ചെയ്യാൻ സഹായിച്ചത് വിദ്യാർഥിനികളാണ്. നിഴൽപോലെ കൂടെനിന്ന് സഹായിച്ചവർ. അവർക്കാണ് ചിത്രം സമർപ്പിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുന്ന, അതിജീവിക്കുന്ന കഥയാണ് മല്ലിക.

സാമ്പത്തികബാധ്യതയെത്തുടർന്ന് ഫിലിം ഫെസ്റ്റിവലുകൾക്കു പോലും അയച്ചില്ല. പലപ്പോഴും രജിസ്ട്രേഷൻ ഫീസ് നൽകാൻ സാധിക്കാത്തതുകൊണ്ടാണ് ഇത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി സംഘടിപ്പിച്ച ഫെസ്റ്റിവലിൽ എൻട്രി ഫീസ് ഇല്ലായിരുന്നു. സിനിമ അയച്ചു. മൂന്നുവർഷം നെഞ്ചോട് ചേർത്തുപിടിച്ച മല്ലികയ്ക്ക് മികച്ച സിനിമയ്ക്കുള്ള ലക്ഷം രൂപയുടെ പുരസ്കാരമടക്കം 14 അവാർഡ്.  

(കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ നാടകഗവേഷണ വിദ്യാർഥിനിയായിരുന്നു ആശ. കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിൽ കഥാരചനയ്ക്ക് ഒന്നാംസ്ഥാനം ആശയ്ക്കായിരുന്നു.)

 

ഒരുമയുടെ ശിൽപ്പഭംഗി

കുട്ടിസിനിമയ്ക്ക് ഒരു പൊതുവിദ്യാലയത്തെ രക്ഷിച്ചെടുക്കാനാകുമോ? പാലക്കാട് എലവഞ്ചേരി വട്ടേക്കാട് ഗവ. യുപി സ്കൂളിലെ കുട്ടികളോട് ഇങ്ങനെ ചോദിച്ചാൽ അവർ ചിരിച്ചുകൊണ്ട് അതെ എന്ന് ഉത്തരം നൽകും. സിനിമ ഇവർക്ക് വിനോദമോ നേരമ്പോക്കോ കലാഭ്യസനമോ അല്ല. ഉയിർത്തെഴുന്നേൽക്കാനുള്ള ഊർജമായിരുന്നു. കുട്ടികൾ കുറഞ്ഞ്് പ്രതിസന്ധിയിലായ സ്കൂളിനെ രക്ഷിച്ചെടുത്തത് 'ഒരുമയുടെ ശിൽപ്പ'മാണ്. സിനിമയ്ക്ക് അവാർഡ് ലഭിക്കുമ്പോൾ ഈ സ്കൂളും അവിടത്തെ കുട്ടികളും ഒരുനാടിന്റെയാകെ അഭിമാനമാകുന്നു:   

സിനിമയെക്കുറിച്ച് സംവിധായകൻ ആർ പി എസ് ആഹ്ലാദ്: 

 പൊതുവിദ്യാലയത്തിന്റെ നിലനിൽപ്പിനും ഉന്നമനത്തിനുമായി നാട്ടുകാരും അധ്യാപകരുമെല്ലാം കൈകോർത്തതിന്റെ ഫലമാണ് ഈ സിനിമ. പിടിഎ പ്രസിഡന്റും സുഹൃത്തുമായ അനന്തകൃഷ്ണനാണ് സിനിമ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചത്.  

  രക്ഷിതാക്കളും അധ്യാപകരും കുട്ടികളുമെല്ലാം ഒരു മനസ്സോടെ നിന്നതോടെ പ്രോജക്ട് ഏറ്റെടുത്തു. കുട്ടികൾക്കും സാധാരണക്കാർക്കും മനസ്സിലാകുന്ന ലളിതമായ പ്രമേയംവേണം. പൊതുവിദ്യാലയം മുന്നോട്ടുവയ്ക്കുന്ന മത്സരബുദ്ധിയില്ലാത്ത, ഒത്തൊരുമയുടെ, തെളിമയാർന്ന സ്നേഹത്തിന്റെ സന്ദേശം ഇതിലൂടെ നൽകാനാകണം. സുഹൃത്ത് രൂപേഷിനൊപ്പം തിരക്കഥയൊരുക്കി.  

 കുട്ടികളെ സിനിമയ്ക്ക് ഒരുക്കിയെടുക്കാൻ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ മണിപ്രസാദിന്റെ നേതൃത്വത്തിൽ രണ്ടുദിവസത്തെ ശിൽപ്പശാല. ക്യാമറയ്ക്കു മുന്നിൽ ആദ്യമായി എത്തുന്നവരായിരുന്നു അഭിനേതാക്കളായ കുട്ടികളും അധ്യാപകരും. ലൊക്കേഷൻ സ്കൂളും പരിസരവും. പൂർവവിദ്യാർഥികളുടെയും മറ്റും  സഹകരണത്തോടെ ഫണ്ട് കണ്ടെത്തി. സാമ്പത്തികപരിമിതി മികവിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു.

 ഒരു സിനിമ എടുക്കാൻ എത്തുന്ന സംഘം സ്കൂളിലെ കുട്ടികളോട് ഭാവിയിൽ ആരാകാനാണ് ആഗ്രഹം എന്ന് ചോദിക്കുന്നതിലൂടെയാണ് 'ഒരുമയുടെ ശിൽപ്പം' തുടങ്ങുന്നത്. ഡോക്ടർ, എൻജിനിയർ, മമ്മൂട്ടി, മെസ്സി... മറുപടികൾ നിരവധി. കാലിന് ശേഷിക്കുറവുള്ള കുട്ടി അവന്റെ ആഗ്രഹം പറഞ്ഞു‐ 'സ്കൂളിലെ കൊടിമരത്തിനു മുകളിൽ കയറണം.' ഇതുകേട്ട സഹപാഠികൾ അവന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ കൈകോർക്കുന്നു. അതിരുകളില്ലാത്ത സ്നേഹത്തിന്റെ പ്രതീകമായി ആ വിദ്യാലയവും കുട്ടികളും മാറുന്നു. സ്കൂളിലെ സി ശ്രീജിത്താണ് കേന്ദ്രകഥാപാതത്തെ അവതരിപ്പിച്ചത്. ആദ്യപ്രദർശനം സ്കൂളിൽ പൂർത്തിയായപ്പോൾ കണ്ടിരുന്നവരുടെ കണ്ണുനിറഞ്ഞു. സ്വന്തം സിനിമയെ അവർ ഹൃദയത്തിൽ ഏറ്റുവാങ്ങി‐ ആഹ്ലാദ് പറഞ്ഞു.

കോർണർ പിടിഎ വിളിച്ചുചേർത്താണ് എലവഞ്ചേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ 'ഒരുമയുടെ ശിൽപ്പം' പ്രദർശിപ്പിച്ചതെന്ന് പിടിഎ പ്രസിഡന്റ് ബി അനന്തകൃഷ്ണൻ പറഞ്ഞു. സിനിമ കാണാൻ ജനം തടിച്ചുകൂടി. തങ്ങളുടെ മക്കളുടെയും കൂട്ടുകാരുടെയും മുഖം സ്ക്രീനിൽ തെളിയുമ്പോൾ അവർ അഭിമാനത്തോടെ ആർപ്പുവിളിച്ചു. ഈ സകൂളിലേക്ക് തങ്ങളുടെ മക്കളെയും അയക്കണമെന്ന് നാട്ടുകാർക്ക് തോന്നിത്തുടങ്ങി. ഇത് സ്കൂളിന് പകർന്ന ഊർജം ചെറുതല്ല. 

ഇപ്പോൾ രണ്ട് ഡിവിഷൻ കൂടുതലായി കിട്ടി. സിനിമയുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചു. കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് സ്കൂൾ നടത്തുന്നത്‐ അനന്തകൃഷ്ണൻ പറഞ്ഞു.

ദക്ഷിണേന്ത്യൻ മൂവി അസോസിയേഷന്റെ ഫെസ്റ്റിൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്കാരവും 'ഒരുമയുടെ ശിൽപ്പം' നേടിയിരുന്നു.

പ്രധാന വാർത്തകൾ
Top