19 October Friday

'ലോകത്തിലെ ഏറ്റവും വലിയ അലക്കുശാല'; മുംബൈയിലെ ധോബിഘാട്ടിന്റെ കൗതുകങ്ങളിലേക്കും വിസ്മയങ്ങളിലേക്കും ഒരു സഞ്ചാരം

അനിൽകുമാർ എ വിUpdated: Sunday Jan 7, 2018
പിഞ്ഞിപ്പറിയാൻ തുടങ്ങി, വലിച്ചെറിയുമെന്ന് തീർച്ചയായ വസ്ത്രം അവസാനമായി അലക്കുകാരനെ തേടിപ്പോകുന്നതിനെക്കുറിച്ച് ഹരിവൻശ് റായ് ബച്ചൻ വേദന ചാലിച്ചാണ് എഴുതിയത്. കെ ജി ശങ്കരപ്പിള്ളയുടെ ‘മുണ്ട്' എന്ന രചനയാകട്ടെ, അലക്കിപ്പിഴിയുമ്പോൾ രൂപമാറ്റം വരുന്ന നിറത്തെക്കുറിച്ചാണ് ആദ്യം ഉൽക്കണ്ഠപ്പെട്ടത്. കരയുടെ നിറം ഇളകുന്നുവെന്ന്  ധോബി പറഞ്ഞു. അത് അസാധാരണമാംവിധം വെളുത്ത് നാഗരികനെപ്പോലെ സുന്ദരനായതാണ് രണ്ടാം ഘട്ടം. എന്നാൽ, നിവർത്തുമ്പോൾ ആകെ കീറിപ്പറിഞ്ഞിരുന്നു. രക്തച്ചുവപ്പിന്റെ വേലിയേറ്റമുണ്ടായ ഓരോ ഞരമ്പും കരിമ്പാറയിലെ അടിയും തൊഴിയുമേറ്റ് വിളറി വെളുത്തുപോകുന്നത് മൂന്നാം ഖണ്ഡം. അവസാനം, കൂട്ടത്തിലുള്ളവ മുഴുവനും പിന്നെ പുഴകളും  തടാകങ്ങളും ചുവന്നുകഴിഞ്ഞിരുന്നു. 
 
രണ്ട് കവിതയുടെയും രൂപകങ്ങൾ എല്ലാ സാധ്യതകളോടും നിറഞ്ഞുതുളുമ്പുകയാണ് സ്വപ്‌നങ്ങളുടെ നഗരമായ മുംബൈയിലെ ധോബിഘാട്ടിൽ.  മഹാലക്ഷ്മി റെയിൽവേ സ്റ്റേഷനെ തൊട്ടുരുമ്മിക്കിടക്കുന്ന സാത്‌രാസ്ത റൗണ്ട് എബൗട്ടിലെ ആൾക്കടലിൽ മുങ്ങിനിവർന്നാൽ ലോകത്തിലെ ഏറ്റവും വലിയ അലക്കുകേന്ദ്രത്തിലെത്തും. നൂറുകണക്കിന് കൈകൾ ഭീമാകാരമായ മനുഷ്യ യന്ത്രം പോലെ. കൃത്യമായി പറഞ്ഞാൽ ഏഴായിരത്തഞ്ഞൂറ് തൊഴിലാളികൾ ദിവസം ഏഴര ലക്ഷം വസ്ത്രങ്ങൾ വെളുപ്പിക്കുന്നു. വർഷത്തിൽ നൂറു കോടിയിലധികം രൂപയാണ് ആ അലക്കുചേരിയിലെ വരുമാനം. പുലർച്ചെ മൂന്നരയ്ക്ക് തുടങ്ങുന്ന പണി 20 മണിക്കൂർ വരെ നീളും. ഒരിക്കലും ഉറങ്ങാത്തപോലെ. ദഹിസർ നദിക്കരയെ പുണർന്ന് പത്തേക്കറിൽ പരന്നുകിടന്ന ധോബിഘാട്ട്  ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1857ലാണ് സ്ഥാപിച്ചത്. ഇംഗ്ലീഷുകാരുടെയും ധനാഢ്യരായ പാഴ്‌സികളുടെയും ആവശ്യം മുൻനിർത്തിയായിരുന്നു തുടക്കം. ധോബി കല്യാൺ ആൻഡ് ഔദ്യോഗിക് വികാസ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംഘമാണ് അതിന്റെ നേതൃത്വത്തിൽ. 
 
ആദ്യകാലങ്ങളിൽ തെളിഞ്ഞൊഴുകിയ ദഹിസർ ഇപ്പോൾ മലിനം. മെലിഞ്ഞ് ശോഷിച്ചു. 12 കിലോമീറ്റർ നീളമുണ്ടെങ്കിലും വീതി 40 മീറ്റർ മാത്രം. 1928ൽ ബ്രിട്ടീഷുകാർ ധോബിഘാട്ട് ഒരു വ്യവസായ  ഗ്രൂപ്പിന്  പാട്ടത്തിനു നൽകി. പിന്നീടാണ് കോർപറേഷന്റെ ഉടമസ്ഥതയിലെത്തുന്നത്.

ധോബിഘാട്ടിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ. ഒരു വിദൂരദൃശ്യം/ ഫോട്ടോ: ഷഫീർ കുഞ്ഞുമൊഹമ്മദ്

ധോബിഘാട്ടിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ. ഒരു വിദൂരദൃശ്യം/ ഫോട്ടോ: ഷഫീർ കുഞ്ഞുമൊഹമ്മദ്

ഗിന്നസ്ബുക്കിൽ ധോബിഘാട്ടിന്റെ വെൺമ

സൈനിക യൂണിഫോമിന്റെ അലക്കുശാലയായി ആരംഭിച്ച ധോബിഘാട്ട് പിന്നീട് റെയിൽവേയുടെയും ആശുപത്രികളുടെയും റെസ്റ്റാറന്റുകളുടെയും ഫാക്ടറികളുടെയും വിവാഹ ചമയസ്ഥാപനങ്ങളുടെയും കാറ്ററിങ് യൂണിറ്റുകളുടെയും ആശ്രയമായി. 731 അലക്കുകല്ലുകളുണ്ട് ഇവിടെ. മലിനജല ഗട്ടറുകൾ നിർമിച്ച കല്ലുകളാണ് അലക്കുകല്ലുകളായി രൂപംമാറിയത്.  ഉത്തർപ്രദേശിൽനിന്നുള്ള കനോജിയ വിഭാഗത്തിലെ തൊഴിലാളികളാണ് ആദ്യമെത്തിയത്. പിന്നീട് ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ളവരും. ഈ തൊഴിലാളികളുടെ താമസം രണ്ടു കിലോമീറ്റർ ചുറ്റളവിൽതന്നെ. ഇപ്പോൾ 400 കുടുംബം.

ദാദർ, അന്ധേരി, ചെമ്പൂർ, കുർള, സാന്താക്രൂസ് എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികൾ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ എത്തിച്ച് അലക്കിയെടുത്ത് വിൽക്കുന്നുമുണ്ട് ഇപ്പോൾ. 1950ൽ  സ്വന്തം അലക്കു സംവിധാനമൊരുക്കുംവരെ റെയിൽവേ പൂർണമായും ആശ്രയിച്ചത് ധോബിഘാട്ടിനെ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ സൈക്കിളിലും ഉന്തുവണ്ടികളിലുമായി  മഹാലക്ഷ്മിയിൽ എത്തിക്കും. പഴയ കാലത്ത് കഴുതകളെയും ഉപയോഗിച്ചു. അലക്കുംമുമ്പ്  പ്രത്യേക കോഡ് നമ്പർ നൽകും. 160 കൊല്ലത്തെ ചരിത്രത്തിനിടയിൽ ഒരു വസ്ത്രംപോലും മാറിപ്പോയിട്ടില്ലെന്ന് അവർ അഭിമാനത്തോടെ പറയും. അലക്കുപൊടിയുടെ വില താങ്ങാനാകാത്തതിനാൽ തൊഴിലാളികൾ അത് സ്വയം തയ്യാറാക്കിയിരുന്നു. പിന്നീട് സോപ്പുകടകളായി. ഇന്ന് അരലക്ഷത്തിലധികം മനുഷ്യർക്ക് ആശ്രയമാണ് ധോബിഘാട്ട്. കൈകൊണ്ട് ഏറ്റവും കൂടുതൽ വസ്ത്രം അലക്കുന്നയിടമെന്ന നിലയിൽ 2011 മാർച്ച് എട്ടിന് ധോബിഘാട്ടിന്റെ വെൺമ ഗിന്നസ് ബുക്കിലുമെത്തി.  

കിരൺറാവുവിന്റെ ‘ധോബിഘാട്ട്'

ഇ എം ഫോസ്റ്റർ എഴുതിയ ‘ഹോവാർഡ്‌സ് എൻഡ്' നോവലിൽ 1920കളിലെ ഇന്ത്യൻ അനുഭവങ്ങൾ വിവരിച്ചപ്പോൾ ധോബിഘാട്ടിനെക്കുറിച്ചും വാചാലനായി. ഇൻഡോർ മഹാരാജാവ് തുകോജിറാവു ഹോൾക്കറുടെ പ്രൈവറ്റ് സെക്രട്ടറിയായ ഫോസ്റ്റർ, അക്കാലത്തെ വിചിത്രാനുഭവങ്ങൾ മുൻനിർത്തിയാണ് ആദ്യ നോവലായ ‘എ പാസേജ് ടു ഇന്ത്യ' രചിച്ചത്. 1896ൽ മാർക് ട്വയിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ അലക്കുകാരെ കണ്ട്  അത്ഭുതം കൂറി. ആ രീതിയിൽ വസ്ത്രം അക്കുന്നത് അതിനുമുമ്പ് കാണാതിരുന്ന അദ്ദേഹം, ഫലിതരൂപേണയാണ് യാത്രാവിവരണമായ 'ഇന്നസെന്റ്‌സ് അബ്രോഡി'ൽ എഴുതിയത്. പാറക്കഷണം അടിച്ചുപൊളിക്കാൻ ഉപയോഗിക്കുന്ന തദ്ദേശീയ ഉപകരണമാണ് ധോത്തി എന്നായിരുന്നു പരാമർശം. 
 
ധോബിഘാട്ടി

അഴുക്കുവസ്ത്രങ്ങൾ ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന  ധോബി: രഘു കാമത്തിന്റെ ഇല്യുസ്‌ട്രേഷൻ

അഴുക്കുവസ്ത്രങ്ങൾ ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ധോബി: രഘു കാമത്തിന്റെ ഇല്യുസ്‌ട്രേഷൻ

ന്റെ ഖ്യാതി ലോകത്തിന്റെ അതിരുകളിലേക്ക് പടർത്തിയത് ബോളിവുഡാണ്. അതിൽ എടുത്തുപറയേണ്ടതാണ് കിരൺ റാവു ആദ്യമായി സംവിധാനം ചെയ്ത ധോബിഘാട്ട് എന്ന ചിത്രം. മുംബൈ ഡയറീസ് എന്ന ഉപശീർഷകവുമുണ്ട് 2011ൽ റിലീസായ ഈ ആമിർഖാൻ ചിത്രത്തിന്. ഈ ചിത്രം ധോബിഘാട്ടിന് ശ്രദ്ധാഞ്ജലിയാണെന്ന് ഒരു അഭിമുഖത്തിൽ, കിരൺ റാവു പറഞ്ഞിട്ടുണ്ട്. ധോബിഘാട്ട് സിനിമ സച്ചിൻ ടെണ്ടുൽക്കർക്കായി പ്രത്യേക പ്രദർശനം നടത്തുകയുണ്ടായി. നസിറുദീൻ ഷാ, ആമിർ ഖാൻ,  ജെനീലിയ ഡിസൂസ, ഹെലെൻ, സലിംഖാൻ തുടങ്ങിയവർക്കൊപ്പമാണ് സച്ചിൻ സിനിമ കണ്ടത്. 

സിനിമയുടെ വിശിഷ്ട ലൊക്കേഷൻ

ബാന്ദ്രാ തുറമുഖവും ധാരാവിയും ഛത്രപതി ശിവജി ടെർമിനസും മറൈൻ ഡ്രൈവും അക്‌സ, ജുഹു ബീച്ചുകളും ഗേറ്റ്‌വേ ഓഫ് ഇന്ത്യയും പോലെ ധോബിഘാട്ട് സിനിമാ ചിത്രീകരണത്തിന്റെ വിശിഷ്ട ലൊക്കേഷൻ കൂടിയാണ്. സംഘട്ടന, ചെയ്‌സിങ് രംഗങ്ങൾക്ക് യോജിച്ച സ്ഥലം. മുന്നാഭായ് എംബിബിഎസ്, നായക്, ഘയാൽ, ഡോൺ തുടങ്ങിയവയും ചിത്രീകരിച്ചത് ഇവിടെ. വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദി ഒരുക്കുന്ന ‘ബിയോണ്ട് ദി ക്ലൗഡ്‌സ്' ദീപിക പദുക്കോണിനെ, നായികയായ അലക്കുകാരിയുടെ വേഷത്തിൽ  തീരുമാനിച്ച് ഫോട്ടാഷൂട്ട് ആരംഭിച്ചെങ്കിലും അവരെ മാറ്റി മലയാളിയായ മാളവിക മോഹനനെ സ്വീകരിച്ചത് വിവാദമായിരുന്നു. ന്യൂയോർക്ക് ടൈംസ്, ദി ഗ്ലോബ് ആൻഡ് മെയിൽ, സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഡോക്യുമെന്ററി സംവിധായകരും ഫോട്ടോഗ്രാഫർമാരും ധോബിഘാട്ടിലേക്ക് ആകർഷിക്കപ്പെട്ടവരാണ്. സൻജിത് ദാസ് പകർത്തിയ ഫോട്ടോകൾ പലരെയും സ്വാധീനിച്ചു. രഘു കാമത്തിന്റെ ഇല്യുസ്‌ട്രേഷൻ അലക്കുകാരുടെ ദൈന്യം ഒപ്പിയെടുത്തു. റിയാൻ മക്കീന്റെ യാത്രാവിവരണത്തിലും ആ നിശ്വാസങ്ങൾ പറ്റിക്കിടപ്പുണ്ട്. സൻജിത് ദാസിന്റെ അപൂർവ ചിത്രങ്ങൾ ഉൾപ്പെടുത്തി മെണോക്കിൾ മാഗസിന്റെ മുൻ എഡിറ്റർ പൗളിനെ ഈഫർമേൻ തയ്യാറാക്കിയ 'വാഷിങ് സിറ്റി' ഫോട്ടോഫീച്ചർ അതിഗംഭീരം. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ 2000ൽ ധോബിഘാട്ട് സന്ദർശിച്ചതും അന്താരാഷ്ട്ര ശ്രദ്ധ നേടി. വിമാനത്താ

അലക്കുജോലിയിലേർപ്പെട്ട തൊഴിലാളി

അലക്കുജോലിയിലേർപ്പെട്ട തൊഴിലാളി

വളത്തിൽനിന്ന് താമസമൊരുക്കിയ ഹോട്ടലിലേക്ക് പോകവെ മഹാലക്ഷ്മി പാലത്തിൽ കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അലക്കുകാരുടെ ചിത്രങ്ങൾ പകർത്താൻ നിർദേശിച്ചു.

വിരമിക്കൽ മത്സരത്തിലെ സച്ചിന്റെ ജേഴ്‌സി

സച്ചിൻ ടെണ്ടുൽക്കർ വിരമിക്കൽ മത്സരത്തിന് ധരിച്ച ജേഴ്‌സി ധോബിഘാട്ടിൽനിന്നാണ് അലക്കി വെടിപ്പാക്കിയത്. 2013ൽ വെസ്റ്റിൻഡീസിനെതിരെ വാംഖെഡ സ്റ്റേഡിയത്തിലായിരുന്നു വിടവാങ്ങൽ. സലാം സച്ചിൻ എന്ന യാത്രയയപ്പ് മത്സരത്തിന് കായികമേഖലയിലെയും ബോളിവുഡിലെയും രാഷ്ട്രീയസാമൂഹ്യസാംസ്‌കാരികരംഗങ്ങളിലെയും പ്രശസ്തർ എത്തി. സച്ചിന്റെ ജേഴ്‌സി അലക്കിനൽകിയ ധോബിഘാട്ടും പ്രതീകാത്മക വിടനൽകി. അവിടത്തെ എല്ലാ കുട്ടിക്കളിക്കാരും സച്ചിന്റെ ശരീരത്തിലെ അവയവം പോലെയായ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞായിരുന്നു ഗ്രൗണ്ടിൽ എത്തിയത്. കാൽനൂറ്റാണ്ടു മുമ്പ് കറാച്ചിയിൽ ആരംഭിച്ച ആ ജൈത്രയാത്രയ്ക്ക് വിരാമമിട്ടപ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കൊപ്പം ധോബിഘാട്ടും വിതുമ്പി.
 
വിദേശ വിനോദസഞ്ചാരികളുടെയും പ്രധാന ആകർഷണമായ ധോബിഘാട്ടിലേക്ക് ദിവസവും ടൂറിസ്റ്റ് ട്രിപ്പുണ്ട്. പ്രവേശന ഫീസ് ഇല്ലെങ്കിലും ഗൈഡുകൾക്ക് 100 രൂപ കൊടുത്താൽ അവർ സന്തുഷ്ടരാകും. 2012 ജൂലൈ 31ന് മുംബൈയുടെ ഹെറിറ്റേജ് സൈറ്റിൽ ഇടംനേടിയ ധോബിഘാട്ട് തദ്ദേശീയർക്ക് ഒരു അധോലോകം.  കൊതുകുവളർത്തുകേന്ദ്രമായും ചിലർ പരിഹസിക്കുന്നു. തെളിവായി അക്കൂട്ടർ നിരത്തുന്നത് കസ്തൂർബ
, നായർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന മലേറിയ, ഡെങ്കു രോഗികളിൽ മഹാഭൂരിപക്ഷവും അവിടെനിന്നുള്ളവരാണ് എന്നകാര്യം. 
ധോബികളെ കേന്ദ്രീകരിച്ചുള്ള ഫലിതങ്ങളും നാടൻ പ്രയോഗങ്ങളും മഹാലക്ഷ്മിയിൽ സുലഭം. മണ്ണിനും പിണ്ണാക്കിനും കൊള്ളാത്തവൻ എന്ന അർഥം തരുന്ന ‘ധോബി കാ കുത്ത നാ ഘർ കാ നാ ഘാട്ട് കാ' എന്ന പ്രയോഗം അതിലൊന്ന്. ബാർബർമാരും അലക്കുകാരും പഴയകാലത്തെ സാമൂഹ്യമാധ്യമങ്ങളായിരുന്നെന്നും പറയാറുണ്ട്. നാടൻ വർത്തമാനങ്ങളും ഗ്രാമീണ കുസൃതികളുമെല്ലാം നിറയുമായിരുന്നു അവരുടെ ഇടപെടലുകളിൽ. അലക്കുകാരികളാകട്ടെ, നാടൻ വയറ്റാട്ടിമാരായും പ്രവർത്തിച്ചുവന്നു.
പ്രധാന വാർത്തകൾ
Top