22 October Monday

മാധ്യമ വാണിജ്യം

സൂക്ഷ്മന്‍Updated: Sunday Dec 3, 2017

സെക്സി ദുര്‍ഗ, സെക്സി രാധ എന്നൊക്കെ ഉപയോഗിക്കുന്ന സിനിമാക്കാര്‍ എന്തുകൊണ്ടാണ് സെക്സി മേരി, ഫാത്തിമ, ആയിഷ എന്നീ പേരുകള്‍ ഉപയോഗിക്കാത്തതെന്ന ചോദ്യം ചാണക മസ്തിഷ്കത്തില്‍നിന്ന് ഉത്ഭവിക്കുന്നതാണ്. രാജ്യത്തെ തടവുപുള്ളികളുടെ പട്ടികയെടുത്താല്‍ കൂട്ട ബലാത്സംഗത്തിന് ശിക്ഷയനുഭവിക്കുന്ന കൃഷ്ണനെയും ബാലികയെ പീഡിപ്പിച്ചുകൊന്ന വിഷ്ണുവിനെയും മാതാവിനെ കൊന്ന പരമശിവത്തെയും കാണാം. കൊടുംക്രിമിനലുകള്‍ ദൈവങ്ങളുടെ പേരുമായി വിരാജിക്കുന്ന രാജ്യത്ത് സിനിമാപ്പേരുകള്‍ മതംനോക്കി തരംതിരിച്ച് ആക്രമിക്കുന്ന മാസികാവസ്ഥയില്‍ ഒരു മാധ്യമ ഉടമ എത്തിയാല്‍ വലിയ അപകടമാണ്. അയാള്‍ നിയമനിര്‍മാണ സഭയില്‍ അംഗംകൂടിയാകുമ്പോള്‍ ഗൌരവം പിന്നെയും വര്‍ധിക്കും. രാജീവം എന്നതിന് താമരയെന്നും ആനയെന്നും മറ്റും അര്‍ഥമുണ്ട്. ചന്ദ്രശേഖരന്‍ എന്നാല്‍ ശിവന്‍. രാജീവ് ചന്ദ്രശേഖര്‍ എന്ന പേരുംവച്ച് ഭൂമികൈയേറ്റവും വിടുവായത്തവും ആകാമോ എന്ന ചോദ്യവും അനുബന്ധമായി ഉയര്‍ത്താവുന്നതാണ്. അതിനും സംഘിമനസ്സ് വേണമെന്നുമാത്രം.

രാജീവ് ചന്ദ്രശേഖര്‍ മുമ്പ് ഒരു സാധാരണ വ്യവസായിയായിരുന്നെങ്കില്‍ ഇന്ന് രാഷ്ട്രീയനേതാവും പാര്‍ലമെന്റ് അംഗവും ഏഷ്യാനെറ്റ്, റിപ്പബ്ളിക് ചാനലുകളുടെ ഉടമയും സര്‍വോപരി കേന്ദ്ര മന്ത്രിപദമോഹിയുമാണ്. പാമ്പിനെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷണം കഴിക്കാന്‍ തയ്യാറുള്ള വാണിജ്യപ്രതിഭ. പ്രവചനങ്ങളിലാണ് ഒരു കമ്പം. സിപിഐ എമ്മിന്റെ അന്ത്യം അടുത്തെന്നതാണ് ഒടുവില്‍ കേട്ട പ്രവചനത്തിലൊന്ന്. പരിയാരത്ത് സിപിഐ എമ്മുകാര്‍ ആംബുലന്‍സ് ആക്രമിക്കുന്ന ദൃശ്യമെന്ന് ആരോപിച്ച് ആര്‍എസ്എസ് അക്രമത്തിന്റെ ചിത്രം പ്രചരിപ്പിച്ച് കുമ്മനത്തിനൊപ്പമെത്താന്‍ ശ്രമിച്ചു.

മോഡിയുടെയും അമിത് ഷായുടെയും പ്രിയ താരമാണ്. ജനനം അഹമ്മദാബാദിലായിരുന്നു. ആ സംഭവത്തിന് ഒരുകൊല്ലംമുമ്പ് ടി പി ജി നമ്പ്യാര്‍ പാലക്കാട്ട് തുടക്കമിട്ട ബിപിഎല്‍ എന്ന കമ്പനി 1991ല്‍ വിവാഹബന്ധം മുഖേന കൈയിലെത്തിയതോടെയാണ് ഇന്നത്തെ രാജീവ് ചന്ദ്രശേഖറിന്റെ സാമ്രാജ്യത്തിന് അടിത്തറ രൂപപ്പെടുന്നത്. ബിപിഎല്‍ ഇന്ത്യന്‍ വിപണിയില്‍ കുതിച്ചുകയറ്റം നടത്തിയപ്പോള്‍ 2005 ജൂലൈയില്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ ഓഹരികള്‍ എസ്സാര്‍ ഗ്രൂപ്പിനു വിറ്റു.  സ്ഥാപക ഉടമ ടി പി ജി നമ്പ്യാര്‍ക്ക് പിന്നെ വെറും 13 ശതമാനം ഓഹരിമാത്രം. രാജീവ് വളര്‍ന്നു; ബിപിഎല്‍ തളര്‍ന്നു. ഓഹരി വിറ്റ പണംകൊണ്ട് ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ എന്ന സ്ഥാപനം തുടങ്ങുന്നു. ഏഷ്യാനെറ്റ് അടക്കം അനേകം മാധ്യമസ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളുടെ ഓഹരികളും കൈയാളുന്ന സ്ഥാപനമാണിന്ന് രാജീവും പിതാവ് ചന്ദ്രശേഖറും ഡയറക്ടര്‍മാരായ ജൂപ്പിറ്റര്‍.

പണവും കമ്പനികളുമായാല്‍ അടുത്ത പടി രാഷ്ട്രീയമാണ്. ആദ്യം കര്‍ണാടകത്തിലെ വലിയ പാര്‍ടികളുടെ സമ്മതി നേടി. 2006ല്‍ രാജ്യസഭാംഗമായി. പബ്ളിക് റിലേഷന്‍സ് വിദ്യയുടെ ഗംഭീര പ്രയോഗത്തിലൂടെ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമൊരുക്കി. കേന്ദ്രത്തില്‍ മോഡി വന്നപ്പോള്‍ രാജീവിലെ സംഘി പുറത്തുചാടി. പണം, ചാനല്‍, പദവി- മൂന്നും മിക്സ് ചെയ്ത് കേരളത്തില്‍ എന്‍ഡിഎ ഉണ്ടാക്കാന്‍ കരാറെടുത്ത് സമുദായ പാര്‍ടി നേതാക്കളെ വലവീശിയതിന്റെ കാര്‍മികത്വം രാജീവിനായിരുന്നു. സേവനത്തിന് പ്രത്യുപകാരമായി പ്രതിരോധമടക്കമുള്ള പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗത്വം. അതിന്റെ ബലത്തില്‍ ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിന് പങ്കാളിത്തമുള്ള കമ്പനിക്ക് ഇന്ത്യന്‍ ആര്‍മിക്കും എയര്‍ഫോഴ്സിനും എയര്‍ക്രാഫ്റ്റ് റെക്കഗ്നേഷന്‍ ട്രെയ്നിങ് സിസ്റ്റം വിതരണം ചെയ്യുന്നതിനുള്ള കരാര്‍.  

2009-10ല്‍ ഏഷ്യാനെറ്റ് ബിജെപിക്ക് നല്‍കിയത് 10 കോടി രൂപ. അന്ന് ഭരണത്തിലുള്ള കോണ്‍ഗ്രസിന് കൊടുത്തത് രണ്ടരക്കോടി. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയില്‍ രാജ്യസഭാംഗത്വം നേടി കച്ചവടം മുതലാക്കി.

എന്‍ഡിഎയെ വിപുലപ്പെടുത്താനുള്ള കച്ചവടം നടന്നില്ല. എങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ നശിപ്പിച്ചുകൊടുക്കാനുള്ള ക്വട്ടേഷനാകട്ടെ എന്നുവച്ചു. ചാനലില്‍ ആര്‍എസ്എസുകാരെ എടുത്താല്‍ മതിയെന്ന തീരുമാനം അതിന്റെ ഭാഗം. ചാനല്‍ ജോലിക്കാര്‍ ഒന്നുകില്‍ അടിമയാകണം അല്ലെങ്കില്‍ സംഘിയാകണം. ഏക ലക്ഷ്യം മാര്‍ക്സിസ്റ്റ് വേട്ട. കോട്ടിട്ട കോമരത്തെ അതിന്റെ മുമ്പന്തിയിലിറക്കി. ഒരുകാലത്ത് മലയാളിയുടെ സ്വന്തമെന്നു കരുതിയ ചാനലിനെ കാവിയുടുപ്പിച്ച് ഉറഞ്ഞുതുള്ളാന്‍ വിട്ടുകൊണ്ട് കുശാഗ്രബുദ്ധിയായ കച്ചവടക്കാരന്‍ തനിനിറംകാട്ടി. എല്‍ഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയെ ഇടിച്ചു നിരപ്പാക്കാനായിരുന്നു ഒരു നിയോഗം. തുടര്‍ചര്‍ച്ചയും വാര്‍ത്തയുംകൊണ്ട് മന്ത്രിയെ കായല്‍ചാണ്ടിയാക്കി പുറത്തേക്ക് നയിച്ചു. അതിന്റെ നെഗളിപ്പിലും ആഹ്ളാദത്തിലും കഴിയവെയാണ് ഒരു നിരാമയ റിസോര്‍ട്ടിന്റെ കഥ പതുക്കെ പുറത്തേക്കുവന്നത്. രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം റിസോര്‍ട്ടാണ്. കൈയേറ്റവും അതിന്റെ അന്തസ്സില്‍ത്തന്നെ നടന്നിട്ടുണ്ട്. സര്‍ക്കാരും നാട്ടുകാരും പഞ്ചായത്തും കൈയോടെ പിടിച്ചു. കൊടുത്താല്‍ കുമരകത്തും കിട്ടുമെന്ന് അപ്പോള്‍ മനസ്സിലായി. ആരോ കയറി അടിച്ചുപൊളിച്ചെന്ന വിലാപത്തോടെയാണ് നിരാമയയുടെ കഥ നിരന്തര നിര്‍ഭയ ചാനലിലൂടെ ജനം അറിഞ്ഞത്. അടിച്ചുതകര്‍ക്കലില്‍ പല കോടികള്‍ പോയെന്നാണ് രാജീവ് ചന്ദശേഖര്‍ പറയുന്നത്. പക്ഷേ, സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ നഷ്ടം അഞ്ചുലക്ഷംമാത്രം.  സ്വന്തം ആസ്തി കുറച്ചുകാട്ടി നോമിനേഷന്‍ നല്‍കിയ ദേഹംതന്നെ നഷ്ടക്കണക്ക് മാന്ത്രികമായി പെരുപ്പിച്ചു- അതാണ് വൈരുധ്യം. സ്വഭാവത്തിന്റെ വിശേഷവും അതുതന്നെ.

പ്രധാന വാർത്തകൾ
Top