Top
19
Tuesday, December 2017
About UsE-Paper

എം സ്വരാജ് എംഎല്‍എ ഇടപെട്ടു; തെരുവില്‍ കഴിഞ്ഞ മലയാളിയുവതിക്കും മക്കള്‍ക്കും ട്രാവന്‍കൂര്‍ ഹൌസില്‍ അഭയം

Sunday Jul 30, 2017
സ്വന്തം ലേഖകന്‍
രേഖയും മക്കളും ട്രാവന്‍കൂര്‍ ഹൌസിലെ ഡോര്‍മിറ്ററിയില്‍

ന്യൂഡല്‍ഹി > ഭര്‍ത്താവ് ഉപേക്ഷിച്ച് മൂന്നുമാസമായി തെരുവില്‍ കഴിഞ്ഞ മലയാളി യുവതിക്കും രണ്ടു മക്കള്‍ക്കും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഹൌസില്‍ അഭയം ഒരുക്കി. പട്ടേല്‍ ചൌക്ക് മെട്രോസ്റ്റേഷനു മുന്നില്‍ കഴിഞ്ഞ ഇവരെ സാമൂഹ്യപ്രവര്‍ത്തകനും തൃശൂര്‍ സദേശിയുമായ കെ വി ബിജുവാണ് കണ്ടെത്തിയത്. തുടര്‍ന്ന് എം സ്വരാജ് എംഎല്‍എയുടെ സഹായത്തോടെ താല്‍ക്കാലിക താമസം ഒരുക്കുകയായിരുന്നു.

യുപി സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് തെരുവിലായതെന്ന് കോട്ടയം കൂട്ടിക്കല്‍ തേന്‍പുഴ സ്വദേശിയായ രേഖ ദേശാഭിമാനിയോട് പറഞ്ഞു. കുട്ടികളുമായി ബംഗ്ളാസാഹിബ് ഗുരുദ്വാരയ്ക്കു പിന്നിലുള്ള തെരുവിലാണ് കഴിഞ്ഞിരുന്നത്്. സാമൂഹ്യവിരുദ്ധരുടെ ശല്യത്തെതുടര്‍ന്നാണ് ഇവിടെനിന്ന് പട്ടേല്‍ചൌക്ക് മെട്രോസ്റ്റേഷന് മുന്നിലെത്തിയതെന്നും ഇവര്‍ പറഞ്ഞു.

ആറ് വര്‍ഷംമുമ്പ് വീട്ടുജോലിക്കായി ഡല്‍ഹിയിലെത്തിയതാണ്. പഞ്ചാബി ബാഗിലെ വീട്ടില്‍ ആയയായി ജോലി ചെയ്യുന്നതിനിടെയാണ് ഷാനവാസിനെ വിവാഹം കഴിച്ചത്. രണ്ടു വയസ്സുള്ള മകനും കൈക്കുഞ്ഞുമാണ് ഒപ്പമുള്ളത്. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചത്. തുടര്‍ന്നാണ് തെരുവില്‍ അഭയംതേടിയതെന്ന് യുവതി പറഞ്ഞു. അമ്മ വളരെമുമ്പ് മരിച്ചെന്നും അച്ഛനും സഹോദരിയും ഉണ്ടെന്നും യുവതി പറഞ്ഞു. അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചശേഷമാണ് ഡല്‍ഹിയിലേക്ക് ജോലിക്കു വന്നത്. പേക്കാവില്‍ ഹൌസ് എന്നാണ് വീട്ടുപേര്.

നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും രേഖ പറഞ്ഞു. വെള്ളിയാഴ്ച രാത്രി പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷനുമുന്നിലാണ് യുവതിയെയും കുട്ടികളെയും കര്‍ഷകസമരത്തില്‍ പങ്കെടുക്കാനെത്തിയ സ്വദേശി ആന്ദോളന്‍ അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറിയായ കെ വി ബിജു കണ്ടത്. തുടര്‍ന്ന് വിഷയം അഭിഭാഷകയായ രശ്മി ചന്ദ്രനെ അറിയിച്ചു. ഇവര്‍വഴിയാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ശനിയാഴ്ച യുവതിക്കും കുട്ടികള്‍ക്കും ട്രാവന്‍കൂര്‍ ഹൌസിലെ ഡോര്‍മിറ്ററിയില്‍ താമസം ഒരുക്കിയത്.

Related News

കൂടുതൽ വാർത്തകൾ »