20 April Friday

'നാവികന്' സമയം തെറ്റാതിരിക്കാന്‍ പകരം ക്ളോക്കുമായി ദൌത്യം

ദിലീപ് മലയാലപ്പുഴUpdated: Sunday Aug 27, 2017

തിരുവനന്തപുരം > ബഹിരാകാശത്തെ ഇന്ത്യന്‍ 'നാവികന്' സമയം തെറ്റാതിരിക്കാന്‍ പകരം ക്ളോക്കുമായി ഐഎസ്ആര്‍ഒ ദൌത്യം. തദ്ദേശീയ ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ 31ന് പിഎസ്എല്‍വി സി-39ന്റെ പ്രത്യേക വിക്ഷേപണം നടക്കും. ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹശൃംഖലയിലെ ആദ്യ ഉപഗ്രഹത്തിലെ അറ്റോമിക് ക്ളോക്കുകള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ഇത്്. വ്യാഴാഴ്ച വൈകിട്ട് 6.59ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐആര്‍എന്‍എസ്എസ്-1 എച്ച് ഉപഗ്രഹം കുതിക്കും.

അമേരിക്കന്‍ ജിപിഎസിനു ബദലായി ഐഎസ്ആര്‍ഒ രൂപപ്പെടുത്തിയ 'നാവിക്' ശൃംഖലയിലെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 എയിലെ മൂന്ന് റുബീഡിയം അറ്റോമിക് ക്ളോക്കുകളും സമീപകാലത്ത് പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നലുകളെ ബാധിച്ചു. സ്ഥാനനിര്‍ണയം, സമയം, ഭൂമിയില്‍നിന്നുള്ള ദൂരം, അക്ഷാംശം, രേഖാംശം തുടങ്ങി സുപ്രധാന കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ഉപഗ്രഹങ്ങളിലെ അറ്റോമിക് ക്ളോക്കാണ് സഹായകമാകുന്നത്. ഉപഗ്രഹത്തില്‍ ഒരെണ്ണം മതിയാകുമെങ്കിലും സാധാരണ മൂന്ന് ക്ളോക്കുണ്ടാകും. വിദേശനിര്‍മിതമായ അറ്റോമിക് ക്ളോക്കുകളാണ് ഇവ. ഈ ശൃഖലയയിലെ മറ്റ് ഉപഗ്രഹങ്ങളിലെ മൂന്ന് ക്ളോക്കും തകരാറിലായിട്ടുണ്ട്.

ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1 എ 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. തുടര്‍ന്ന് 1ബി, 1സി, 1ഡി, 1ഇ, 1എഫ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അവസാന ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്- 1ജി കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28ന്് ലക്ഷ്യത്തിലെത്തി. തദ്ദേശീയ ജിപിഎസ് സംവിധാനമായ നാവിക് പൂര്‍ണ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഉപഗ്രഹത്തിലെ ക്ളോക്കുകള്‍ തകരാറിലായത്.

പിഎസ്എല്‍വി സി-39ന്റെ വിക്ഷേപണത്തിനായുള്ള അവസാന തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. വിക്ഷേപണത്തിനു മുന്നോടിയായുള്ള കൌണ്ട് ഡൌണ്‍ ബുധനാഴ്ച തുടങ്ങും.

പ്രധാന വാർത്തകൾ
Top