20 September Thursday

പ്രക്ഷോഭകാരിയായ ഒറ്റയാന്‍

വിഷ്ണുപ്രസാദ്Updated: Thursday Jul 27, 2017


അനീതിക്കെതിരെ പോരാടുമ്പോള്‍ മാമ്മന് ആള്‍ക്കൂട്ടത്തിന്റെ അകമ്പടി ഉണ്ടായില്ല. ഇരുകൈയിലും പ്ളക്കാര്‍ഡുമേന്തി പ്രതിഷേധിക്കുന്ന അദ്ദേഹം തലസ്ഥാനത്തിന് പതിവ് കാഴ്ച. ഒരു ബോര്‍ഡുമേന്തി സെക്രട്ടറിയറ്റിന് മുന്നില്‍ ഒറ്റയ്ക്ക്് മുദ്രാവാക്യം മുഴക്കുന്ന പൊക്കമുള്ള മനുഷ്യനെ പുതിയ തലമുറയും തിരിച്ചറിഞ്ഞു. ആളെക്കൂട്ടി സമരം ചെയ്യാന്‍ നില്‍ക്കാതെ, അദ്ദേഹം ആശുപത്രികിടക്കയിലും സമൂഹത്തിനുവേണ്ടി കലഹിച്ചു. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെയാണ് മാമ്മന്‍ ജീവിച്ചത്. കൂട്ടിന് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മാത്രം. യുഡിഎഫ് ഭരണകാലയളവുകളില്‍ സെക്രട്ടറിയറ്റ് നടയില്‍ പതിവായി ഒറ്റയാന്‍ സമരത്തിനെത്തുന്ന മാമ്മനെ ഒരു തവണ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ആ ഗാന്ധിയന്‍ പിന്നെയും നടന്നു. 

1938ല്‍ തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായപ്പോള്‍  ആരെയും കൂസാത്ത മാമ്മനെ സി പി രാമസ്വാമി അയ്യര്‍ കണ്ടു. അന്ന്  വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് മാമ്മന്റെ നേതൃത്വത്തില്‍ പേട്ടയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. കലിപൂണ്ട ദിവാന്റെ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തിരുവിതാംകൂറിലെ പഠനം  അവസാനിച്ചു.

സത്യക്രിസ്ത്യാനിയായ തന്നെ സഭ അംഗീകരിച്ചിട്ടില്ലെന്ന് മാമ്മന്‍ പറഞ്ഞിരുന്നു. അവര്‍ക്ക് താന്‍ കമ്യൂണിസ്റ്റാണ്. എന്നാല്‍, അതില്‍ ദുഃഖമില്ല. എന്തെന്നാല്‍ ഇത് ക്രിസ്തുവില്ലാത്ത സഭയാണ്. ക്രിസ്തുവിനെ താന്‍ മനസ്സിലാക്കിയത് ഗാന്ധിജിയില്‍നിന്നാണ്. രാഷ്ട്രീയ സ്വാതന്ത്യ്രം മാത്രമായിരുന്നില്ല ഗാന്ധിജിയുടെ ലക്ഷ്യം. പട്ടിണിയും ചൂഷണവുമില്ലാത്ത വ്യവസ്ഥ ഉണ്ടാകണം. സ്വാതന്ത്യ്രപൂര്‍വകാലത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ കത്തിനിന്നു അവസാനകാലംവരെയും അദ്ദേഹത്തിന്റെ ഓര്‍മകളില്‍. തിരുവനന്തപുരത്തെ പുളിമൂട് ജങ്ഷനായിരുന്നു അന്ന് നേതാക്കളുടെ വിഹാരരംഗം. പട്ടം, കേസരി, ജുബ്ബാ രാമകൃഷ്ണപിള്ള തുടങ്ങിയവരെല്ലാം സ്ഥിരമായി ഒത്തുകൂടിയ സംവാദസദസ്സ്. അവിടെയുണ്ടായ കൂറ്റന്‍ പുളിമരമാണ് ആ പേരിന് കാരണമായത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും അവര്‍ പങ്കുവച്ചു. അവരെല്ലാം മറഞ്ഞുപോവുകയും പുളിമൂട് ജങ്ഷന്‍ കേസരി ജങ്ഷനാവുകയും ചെയ്തു. അപ്പോഴും അനീതിക്കെതിരായ അമര്‍ഷവുമായി വാര്‍ധക്യത്തിലും മാമ്മന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് അവിടം സാക്ഷിയായി.

പ്രധാന വാർത്തകൾ
Top