20 January Sunday

അലയടിച്ച് ചെങ്കടല്‍പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Jan 19, 2018

കൊച്ചി > ഫാസിസ്റ്റ് കൊലവിളിക്കും സാമ്രാജ്യത്വ ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് നഗരവീഥിയില്‍ മഹാപ്രവാഹമായ ചെമ്പടയണി സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തും കെട്ടുറപ്പും ഒരിക്കല്‍കൂടി വിളിച്ചറിയിച്ചു. ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും അട്ടിമറിക്കുന്ന സംഘപരിവാറിനെതിരെ രണഗീതങ്ങളും നിശ്ചല ദൃശ്യങ്ങളും ഒരുക്കി  മാനവ മോചനത്തിന്റെ രക്ത പതാകയുമേന്തി ലക്ഷങ്ങള്‍ അണിചേര്‍ന്നപ്പോള്‍ ഫിദല്‍ കാസ്ട്രോ നഗര്‍ (എറണാകുളം മറൈന്‍ ഡ്രൈവ്) ചെങ്കടലായി.

സംഘപരിവാറിന്റെ പിടിച്ചടക്കലിനെതിരെയുള്ള സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാരുടെ ധീരശബ്ദം 'ജനാധിപത്യം അപകടത്തില്‍' എന്ന പേരില്‍ ദൃശ്യാവിഷ്കാരമായി.  ചവിട്ട് നാടകം, തെയ്യം, തിറ, കരകാട്ടം, പൂക്കാവടി, വര്‍ണക്കുടകള്‍, പാര്‍ടി കോണ്‍ഗ്രസിന്റെ സന്ദേശമെഴുതിയ ബലൂണുകള്‍, സാംസ്കാരിക, നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്ളക്കാര്‍ഡുകള്‍, സംഘപരിവാറിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ എന്നിവയും പ്രകടനത്തെ മിഴുവുറ്റതാക്കി. ബാന്‍ഡും ചെണ്ടമേളവും നാസിക് ദോളും പ്രകമ്പനം സൃഷ്ടിച്ച അന്തരീക്ഷത്തില്‍, രക്തസാക്ഷിത്വങ്ങളും പോരാട്ടങ്ങളും  അവസാനിക്കില്ലെന്നും ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യമുയര്‍ന്നു. എതിര്‍ ശബ്ദമുയര്‍ത്തിയതിന് അരുംകൊല ചെയ്യപ്പെട്ട ഗൌരി ലങ്കേഷ്, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ചിത്രങ്ങളുമായും പ്രവര്‍ത്തകരെത്തി. കേരളം ചോരക്കളമാക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കും ദളിത്, ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ ഐക്യവും കരുതലും അനിവാര്യമാണെന്നറിയിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ നിറഞ്ഞു.  ഗതാഗതം  തടസ്സങ്ങളില്ലാതെയിരിക്കാന്‍ ചുവപ്പ് സേനയും സിറ്റിയിലെ പൊലീസ് സംവിധാനവും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.

സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് രാജേന്ദ്ര മൈതാനിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് മുന്‍നിരയില്‍ ജില്ലാ സെക്രട്ടറി പി രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രന്‍പിള്ള, സി എന്‍ മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, എം പി പത്രോസ്, ടി കെ മോഹനന്‍, എന്‍ സി മോഹനന്‍, സി കെ മണിശങ്കര്‍, കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, പി കെ സോമന്‍, ഗോപി കോട്ടമുറിക്കല്‍, പി എം ഇസ്മയില്‍, പി എന്‍ സീനുലാല്‍ എന്നിവരും മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങളും അണിചേര്‍ന്നു. പിന്നാലെ വിവിധ ഏരിയ കമ്മിറ്റികളുടെ കീഴില്‍ നൂറുകണക്കിന് സ്ത്രീകളും യുവജനങ്ങളും. പ്രായത്തിന്റെ അവശതകളെ അവഗണിച്ചും മുന്‍കാല പ്രവര്‍ത്തകര്‍ സമ്മേളനം വീക്ഷിക്കാനെത്തി. സമ്മേളനം ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി പിണറായിയുടെ പ്രസംഗം അവസാനിക്കുമ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം സുധാകരന്‍, എസ് ശര്‍മ, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

പൊതുമേഖലയ്ക്കെതിരായ നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തണം
കൊച്ചി > പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുന്ന ഇറക്കുമതിനയം, ഓഹരി വിറ്റഴിക്കല്‍, നിക്ഷേപം കുറയ്ക്കല്‍, അവഗണനാ മനോഭാവം തുടങ്ങിയവ തിരുത്തണമെന്ന് സിപിഐ എം ജില്ലാസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചി കപ്പല്‍ശാല പൊതുമേഖലയില്‍ നിലനിര്‍ത്തണം. പുതുതായി റിഫൈനറിക്കും അനുബന്ധവികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 650 ഏക്കര്‍ ഭൂമിക്ക് മതിയായ വില എഫ്എസിടിക്ക് ലഭിക്കണം. ഇത് പൂര്‍ണമായും സ്ഥാപനത്തിന്റെ വികസനത്തിന് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കേന്ദ്രം ഓരോ വര്‍ഷവും ഇറക്കുമതിനയം ഉദാരമാക്കുന്നു. ഇറക്കുമതിച്ചുങ്കം കുത്തനെ കുറയ്ക്കുന്നു.  ഇതുമൂലം നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ വില കിട്ടാതാവുന്നു. ഇതിനിടയ്ക്കാണ് കേന്ദ്ര പൊതുമേഖലാ നിക്ഷേപത്തിലെ കുത്തനെയുള്ള കുറവ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് 2012-13ല്‍ ലഭിച്ച വിഹിതം 2.2 ശതമാനം മാത്രമാണ്. ഇതുപോലും 2013-14ല്‍ 1.42 ശതമാനമായി ഇടിഞ്ഞു. ഈ അവഗണനാ മനോഭാവം മാറ്റാന്‍ കേന്ദ്രത്തിനുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം.

രണ്ടുഘട്ടമായി 53 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 77,000 കോടി രൂപ കണ്ടെത്താന്‍ നീതി ആയോഗ് ശുപാര്‍ശ വന്നുകഴിഞ്ഞു. എഫ്എസിടിയുടെ സഞ്ചിതനഷ്ടം 2144 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. സ്ഥാപനത്തെ സംരക്ഷിക്കാന്‍ ശരാശരി വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കണം. പുനരധിവാസ പാക്കേജും അംഗീകരിക്കണം. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, എച്ച്എംടി, കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് എന്നിവ പ്രതിസന്ധിയിലാണ്. കപ്പല്‍ചാലിന്റെ ആഴം നിലനിര്‍ത്താന്‍ വര്‍ഷംതോറും 180 കോടി രൂപവീതം കൊച്ചി തുറമുഖം ചെലവാക്കുന്നു. ഇതാണ് പോര്‍ട്ട്ട്രസ്റ്റിനെ തകര്‍ക്കുന്ന പ്രധാന ഘടകം. എച്ച്ഒസിഎല്‍ അടച്ചുപൂട്ടാനാണ് കേന്ദ്രം നിര്‍ദേശിച്ചത്. കേരള മുഖ്യമന്ത്രിയുടെയും എംപിമാരുടെയും നിരന്തര ഇടപെടലിന്റെ ഫലമായാണ് കേന്ദ്രം പിന്തിരിഞ്ഞത്. പുനരുദ്ധാരണ പാക്കേജിലൂടെയേ സ്ഥാപനത്തെ രക്ഷിക്കാനാവൂ. പ്രശ്നപരിഹാരത്തിന് മുന്‍ പാര്‍ലമെന്റ് സമിതി ശുപാര്‍ശപ്രകാരം കൊച്ചി റിഫൈനറിയില്‍ ലയിപ്പിക്കാനാവശ്യമായ നടപടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കൊച്ചിന്‍ റിഫൈനറി മെച്ചപ്പെട്ട നിലയിലാണ്. പുതിയ പ്ളാന്റ് വരുന്നതോടെ കൂടുതല്‍ സാധ്യത തെളിയും.

തൊഴില്‍സമരങ്ങളോ തൊഴില്‍ദിന നഷ്ടങ്ങളോ ഒന്നും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. പരിമിതിക്കുള്ളില്‍നിന്നാണെങ്കിലും ബദല്‍നയം മുന്‍നിര്‍ത്തി അടച്ചുപൂട്ടല്‍, ലേ ഓഫ്, പിരിച്ചുവിടല്‍ എന്നിവയെ ചെറുക്കാനും സ്ഥാപനങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ആവേശക്കൊടുമുടിയേറ്റി 'ഊരാളി'സംഗീതം

കൊച്ചി > സിപിഐ എം ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ചു നടന്ന പൊതുസമ്മേളനത്തിന് ആവേശംപകര്‍ന്ന് 'ഊരാളി'കളുടെ സംഗീതം. തൃശൂര്‍ ആസ്ഥാനമായുള്ള ഊരാളി ബാന്‍ഡ് ആണ് സ്വാതന്ത്യ്രവും പോരാട്ടവും സ്നേഹവും വിഷയമാക്കിയ പാട്ടുകളിലൂടെ വേദിയുണര്‍ത്തിയത്.

മരങ്ങളേ മനുഷ്യരേ, സ്വാതന്ത്യ്രം, ഇഞ്ഞീംവേണം, ഓടിച്ചോടിച്ച്  തുടങ്ങി ഊരാളി ബാന്‍ഡിന്റെ പ്രശസ്ത ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ആവേശമായി. കടമ്മനിട്ടയുടെ പ്രശസ്തമായ 'ചാക്കാല' എന്ന കവിതയും അവതരിപ്പിച്ചു. രാഷ്ട്രീയമുള്ള പാട്ടുകളാണ് പൊതുസമ്മേളനവേദിക്കായി തെരഞ്ഞെടുത്തതെന്ന് ബാന്‍ഡിന്റെ ഗാനരചയിതാവ് ഷാജി ഊരാളി പറഞ്ഞു. മനുഷ്യന്റെ സ്വാതന്ത്യ്രബോധം, നിരുപാധിക സ്നേഹം, നല്ല ഭൂമി, നല്ല ആകാശം എന്നീ ആശയങ്ങള്‍ അടങ്ങിയ പാട്ടുകളാണ് അവതരിപ്പിച്ചത്. ഗായകന്‍ മാര്‍ട്ടിന്‍ ഊരാളി, ഗിറ്റാര്‍വാദകരായ സജി ഊരാളി, ജെയ്ജെ ഡ്രംവാദകന്‍ സുധീഷ് എന്നിവരായിരുന്നു വേദിയില്‍. പേടികൊണ്ട് പാടാനാകാതെ മനുഷ്യര്‍ പേടിച്ചിരിക്കുന്ന ഇക്കാലത്ത് സ്നേഹത്തിന്റെ ഭാഷയില്‍ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നതായുള്ള പ്രഖ്യാപനത്തോടെയാണ് ഊരാളികള്‍ വേദിവിട്ടത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top