19 September Wednesday

ഇതുകണ്ടാല്‍ 'കുമ്പിടി'യും കുമ്പിടും; ഹര്‍ത്താലിനെതിരെ അവിടെയും കണ്ടു, അനുകൂലിച്ച് ഇവിടെയും കണ്ടു ഈ കോണ്‍ഗ്രസുകാരനെ

പ്രത്യേക ലേഖകന്‍Updated: Wednesday Oct 18, 2017

ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനത്തിന്റെ മുന്‍നിരയില്‍ നീങ്ങുന്ന സൈനുദ്ദീന്‍. (മനോരമ പ്രസിദ്ധീകരിച്ച ചിത്രം, )മാതൃഭൂമിയുടെ ഒന്നാം പേജില്‍ സൈനുദ്ദീനെപ്പറ്റി വന്ന വാര്‍ത്ത.

ആലപ്പുഴ > രാവിലെ ഹര്‍ത്താല്‍ പ്രകടനത്തിന്റെ മുന്‍നിരയില്‍ഉണ്ടാകുകയും തുടര്‍ന്ന് ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് സഹായഹസ്തവുമായി പ്രത്യക്ഷപ്പെടുകയും ചെയ്യുക. ഒരേ സമയം വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നന്ദനത്തിലെ ജഗതിയുടെ കഥാപാത്രമായ കുമ്പിടിയെപ്പോലെയാണ് ഈ കോണ്‍ഗ്രസുകാരന്‍.

ഹര്‍ത്താല്‍ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച് മുന്‍നിരയില്‍ നീങ്ങുന്ന പുത്തനങ്ങാടി സ്വദേശിയും  പലചരക്ക് വ്യാപാരിയുമായ സൈനുദ്ദീന്റെ ചിത്രം ചൊവ്വാഴ്ച 'മലയാള മനോരമ'യുടെ ആലപ്പുഴ എഡിഷന്റെ മൂന്നാം പേജിലുണ്ട്. ഇതേ സൈനുദ്ദീനെ ഹര്‍ത്താലില്‍ ഭക്ഷണവും വണ്ടിയും കിട്ടാതെ വലയുന്നവരെ സഹായിക്കുന്ന മാലാഖയായാണ് ആ ദിവസത്തെ തന്നെ 'മാതൃഭൂമി'യുടെ ഒന്നാം പേജില്‍ അവതരിപ്പിക്കുന്നത്.

'ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് സൈനുദ്ദീന്റെ സ്വാന്തനം' എന്ന തലക്കെട്ടില്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മെഡിക്കല്‍ കോളേജിനു സമീപം തലകറങ്ങിവീണ പെണ്‍കുട്ടിയെ സഹായിച്ചാണ് സൈനുദ്ദീന്റെ ഹര്‍ത്താല്‍ദിനം തുടങ്ങിയതെന്നാണ് പറയുന്നത്. കുറഞ്ഞത് 50 ഭക്ഷണപ്പൊതിയെങ്കിലും കരുതാതെ സൈനുദ്ദീന്‍ ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങാറില്ലെന്നും പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സൈനുദ്ദീന്റെ ഇരട്ടവേഷം പുറത്തുവന്നത്. സൈനുദ്ദീന്‍ രണ്ട് പത്രങ്ങളിലെ ചിത്രത്തിലും ഉള്ളത് ശ്രദ്ധയില്‍പെട്ട് ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് രണ്ട് ചിത്രവും ഉള്‍പ്പെടെ ഇദ്ദേഹത്തിന്റെ വാര്‍ത്ത ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തത്.

പഴയ രണ്ടാം ക്ളാസ് പാഠപുസ്തകത്തിലെ 'ആദാമിന്റെ മകന്‍ അബു'വിനെപ്പോലെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ സൈനുദ്ദീന്റെ പ്രവര്‍ത്തനമെന്നു വായനക്കാര്‍ക്കു തോന്നും. ഹര്‍ത്താലില്‍ ഇദ്ദേഹം സ്വന്തം വണ്ടിയില്‍ യാത്രക്കാരെ എത്തേണ്ടിടത്ത് എത്തിക്കും. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. വഴിയില്‍ പെട്രോളില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് അതും സംഘടിപ്പിച്ചുകൊടുക്കും. തിങ്കളാഴ്ച ആളുകളെ സഹായിക്കാന്‍ സൈനുദ്ദീന്‍ ബൈക്കുമായി എല്ലായിടത്തും ഓടിനടക്കുകയായിരുന്നുവെന്നാണ് പത്രവാര്‍ത്ത.


   അതേ സമയം സൈനുദ്ദീന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദേശാഭിമാനിയോട് വെളിപ്പെടുത്തി. കുറച്ചുനാള്‍ മുമ്പാണ് ഇയാള്‍ പിഡിപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top