Top
21
Thursday, September 2017
About UsE-Paper
സദാചാര ആക്രമണത്തിനെതിരെ വിദ്യാര്‍ഥിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'മുസ്ലിമായ നീയെങ്ങനെ തട്ടമിടാതെ പൊട്ട് തൊട്ട് തിയ്യന്മാരുടെ കൂടെ നില്‍ക്കുന്നു' നിയമ വിദ്യാര്‍ഥിക്കെതിരെ ലീഗ് പ്രചാരണം

Thursday Feb 16, 2017
വെബ് ഡെസ്‌ക്‌

നാദാപുരം >  സുഹൃത്തുക്കള്‍ക്ക് ഒപ്പം പൊട്ട് തൊട്ട് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിയമ വിദ്യാര്‍ഥിയായ മുസ്ലിം യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ലീഗ് പ്രവര്‍ത്തകരുടെ സദാചാരാക്രമണം.

ബംഗലൂരുവില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ അസ്നിയ ആഷ്മിനാണ് സ്വന്തം നാട്ടില്‍ താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തിഹത്യയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.  ചിത്രത്തിന്റ പേരില്‍ നാദാപുരത്തെ പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ തനിക്ക് എതിരെ വന്‍ പ്രചരണമാണ് നടന്ന് വരുന്നതെന്ന് ആരോപണവുമായി യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മത വെറിയുടെ ഇരയാണ് താനെന്നും മത വിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും യുവതി ചോദിക്കുന്നു.


'മത വെറിയുടെ ഇരയാണ് ഞാന്‍ ..അന്ന് ബാഖവിമാര്‍...ഇന്ന് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം മത സ്വത്വം പേറുന്ന വേട്ട നായ്ക്കള്‍... അതെ ഉള്ളൂ വ്യത്യാസം...എനിക്ക് ജീവിക്കണം.. എന്റെ പ്രിയപ്പെട്ടവര്‍...എന്റെ ഉമ്മയും ഉപ്പയും ബാക്കിയുള്ളവരും ആ മണ്ണില് തന്നെയുണ്ട്..പേടിയാണ്..ഏതു നിമിഷവും ഈ മത ഭ്രാന്ത് അസ്ഥിക്ക് പിടിച്ചവര്‍ അന്നൊരിക്കല്‍ നോമ്പിന് വീട്ടില് വന്ന സുഹൃത്തുക്കളെ വാപ്പ നോക്കി നില്‍ക്കെ പിടിച്ചോണ്ടു പോയി പള്ളിയില്‍ കെട്ടിയിട്ടത് പോലെ എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു....ശാരീരികമായും സാമ്പത്തികമായും അവരോടു ഏറ്റു മുട്ടാന്‍ തന്റെ വീട്ടിലുള്ളവര്‍ക്ക് കഴിയില്ല...അസ്നിയ പറയുന്നു.

സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ നാദാപുരം നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡന്റ് ഷാജഹാന്റെ നേതൃത്വത്തിലുള്ള ലീഗ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നതെന്ന്  അസ്നിയ ആരോപിക്കുന്നു. തിയ്യന്മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നൂ എന്ന അധിക്ഷേപത്തോട് കൂടിയ ഓഡിയോ ക്ളിപ്പുകള്‍ നാദാപുരത്തെ പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി ആസ്നിയ പഞ്ഞു. തനിക്കെതിരായ അധിക്ഷേപങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ പല ഗ്രൂപ്പുകള്‍ വഴി കൈമാറി പോകുകയാണ്.

ചിത്രത്തിന്റെ പേരില്‍ ദുബായിലുള്ള തന്റെ അനുജനെ വരെ ഇക്കൂട്ടര്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും തട്ടമിടാതെ നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ അടക്കം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇക്കൂട്ടര്‍ നിരന്തരം ചര്‍ച്ചാ വിഷയമാക്കുന്നൂവെന്നും ആസ്നിയ പറഞ്ഞു.
പ്രശ്നത്തില്‍ നാദാപുരം എസ്ഐക്ക് ആസ്നിയ പരാതി മെയില്‍ ചെയ്തിട്ടുണ്ട്. കൂടാതെ സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചതായും ആസ്നിയ വ്യക്തമാക്കി.