Top
27
Saturday, May 2017
About UsE-Paper

സഹകരണം കൈകൊടുത്തു; കണ്ണാറ സ്കൂളിന് പുതുജീവന്‍

Monday May 15, 2017
വി എം രാധാകൃഷ്ണന്‍
പാണഞ്ചേരി സഹകരണ ബാങ്ക് ഏറ്റെടുത്ത കണ്ണാറ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍

തൃശൂര്‍ > അടച്ചുപൂട്ടല്‍ ഭീഷണിനേരിടുന്ന പീച്ചി കണ്ണാറ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ സഹകരണമേഖല ഏറ്റെടുത്തു. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്കൂള്‍ പാണഞ്ചേരി സഹകരണ ബാങ്കാണ് ഏറ്റെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ ബാങ്ക് സ്കൂള്‍ ഏറ്റെടുക്കുന്നത്. സ്കൂള്‍ 21ന് നാടിന് സമര്‍പ്പിക്കും.

മലയോര മേഖലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1955ല്‍ തൃശൂര്‍ സ്വദേശിയും പൊതുകാര്യതല്‍പ്പരനുമായിരുന്ന കെ എസ് മാരാര്‍ ആരംഭിച്ചതാണ് കണ്ണാറ എയുപിഎസ്. തന്റെ കൃഷിയിടത്തോട് ചേര്‍ന്ന രണ്ട് ഏക്കറിലധികം സ്ഥലത്താണ് സ്കൂള്‍ തുടങ്ങിയത്. പണം വാങ്ങാതെ അധ്യാപകരെയും നിയമിച്ചു. പീച്ചി, വിലങ്ങന്നൂര്‍, ചെന്നായ്പാറ, കൊളാന്‍കുണ്ട്, ചേരുംകുഴി, പയ്യനം, മാരായ്ക്കല്‍, കണ്ണാറ, ആല്‍പ്പാറ തുടങ്ങി പാണഞ്ചേരി പഞ്ചായത്തിലെ നിരവധി ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പതിനായിരങ്ങള്‍ക്ക് സ്കൂള്‍ അക്ഷരവെളിച്ചം പകര്‍ന്നു. രണ്ടായിരത്തോളം വിദ്യാര്‍ഥികളും അമ്പതോളം  അധ്യാപകരുമുണ്ടായിരുന്ന പ്രതാപകാലവും സ്കൂളിനുണ്ട്.

അണ്‍ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകള്‍ വ്യാപകമായതോടെ ഈ മലയാളം മീഡിയത്തില്‍ കുട്ടികള്‍ കുറഞ്ഞു. ഇപ്പോഴള്ളത് നൂറില്‍ താഴെ കുട്ടികള്‍. ഒമ്പത് അധ്യാപകരും. 17 അധ്യാപകര്‍ ഉണ്ടായിരുന്നതില്‍ ഡിവിഷന്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മറ്റുള്ളവരെ വിദ്യാഭ്യാസ വകുപ്പ് പ്രൊട്ടക്ഷന്റെ ഭാഗമായി മറ്റ് സ്കൂളുകളില്‍ വിന്യസിച്ചു. ഇതിനിടെ 1994ല്‍ കെ എസ് മാരാര്‍ സ്കൂള്‍ കൈമാറി. നിലവില്‍ ബിപിഇ ട്രസ്റ്റാണ് സ്കൂള്‍ മാനേജ്മെന്റ്. അവരില്‍നിന്നാണ് 1.52 ഏക്കറിലുള്ള വിദ്യാലയം 1.20 കോടി രൂപയ്ക്കാണ് ബാങ്ക് ഏറ്റെടുത്തത്. പുതുക്കിയ ബൈലോ പ്രകാരം എല്‍ഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കിന്റെ പ്രസിഡന്റാകും മാനേജര്‍.

ജനപ്രതിനിധികള്‍ ഉള്‍പ്പടെ സ്കൂള്‍ വികസനസമിതിക്കും വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി. ക്ളാസ്മുറി നവീകരണംതുടരുകയാണ്. സര്‍ക്കാര്‍ സഹായവും എംഎല്‍എ, എംപി ഫണ്ടും ഉപയോഗിച്ച് നവീകരണം നടത്തും. പൊതുജന സഹകരണത്തോടെ കണ്ണാറ സ്കൂളിനെ പഞ്ചായത്തിലെ മികവുറ്റ വിദ്യാലയമാക്കാനുള്ള ശ്രമം തുടങ്ങിയതായി സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു നൈനാനും പ്രധാനാധ്യാപിക ബെറ്റിയും പറഞ്ഞു.

മാനേജ്മെന്റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച കിരാലൂര്‍, മാങ്ങാട്ടുമുറി, മലാപ്പറമ്പ്, പാലാട്ട് എന്നിവിടങ്ങളിലെ നാല് എയ്ഡഡ് സ്കൂളുകളെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റെടുത്തിരുന്നു. സഹകരണമേഖല ഈ രംഗത്തേക്ക് വരുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മന്ത്രി 21ന് രാവിലെ 10 ന് സ്കൂള്‍രേഖ ഏറ്റുവാങ്ങും. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സ്കൂള്‍ നാടിനു സമര്‍പ്പിക്കും. കെ രാജന്‍ എംഎല്‍എ അധ്യക്ഷനാകും.