25 June Monday

മനുഷ്യൻ ഓസോൺ പാളിയോട് ചെയ്യുന്നത്

സാബു ജോസ്Updated: Thursday Sep 14, 2017

സെപ്തംബര്‍ 16 അന്തര്‍ദേശീയ ഓസോണ്‍ദിനമാണ്. പ്രകൃതിയൊരുക്കിയ മാന്ത്രികക്കുട, ‘ഭൂമിയുടെ പുതപ്പ് എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള വളരെ നേര്‍ത്ത വാതകപടലമായ ഓസോണ്‍പാളിക്ക് മനുഷ്യനിര്‍മിത രാസവസ്തുക്കളുടെ ഉത്സര്‍ജനം ഗുരുതരമായ പരിക്കുകളാണ് ഉണ്ടാക്കുന്നത്.

ഉത്തരാര്‍ധഗോളത്തില്‍ ഓരോ ദശകത്തിലും ഓസോണ്‍പാളിയുടെ കട്ടി നാലുശതമാനം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന.  ദക്ഷിണാര്‍ധ ഗോളത്തില്‍ ആഗസ്ത്മുതല്‍ ഒക്ടോബര്‍വരെയാണ് സാധാരണയായി ഓസോണ്‍ തുളകള്‍ പ്രത്യക്ഷമാകുന്നത്. അന്റാര്‍ട്ടിക്കയുടെ ഭാഗത്താണ് ഈ പ്രതിഭാസം കൂടുതല്‍ തീവ്രമാകുന്നത്.

ഓസോണ്‍ തുളകള്‍ കൂടിവരുന്നതെങ്ങനെ?
പേരുസൂചിപ്പിക്കുന്നതുപോലെ ഓസോണ്‍ വാതകം തീരെ കാണപ്പെടാത്ത മേഖലയൊന്നുമല്ല ഓസോണ്‍ തുളകള്‍. ചുറ്റുപാടുകളെ അപേക്ഷിച്ച് ഓസോണ്‍സാന്ദ്രത കുറഞ്ഞ ‘ഭാഗം എന്നു മാത്രമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

എങ്ങനെയാണ് ഒരു മേഖലയെ ഓസോണ്‍ തുളയായി പരിഗണിക്കുന്നതെന്നു നോക്കാം. ഓസോണ്‍ വാതകത്തിന്റെ സാന്ദ്രത 220 ഡോബ്സണ്‍ യൂണിറ്റിലും (220 DU)  കുറഞ്ഞ മേഖലയെ ഓസോണ്‍ തുളയായി കണക്കാക്കാം. സൌരവാതങ്ങളുടെ ആക്രമണവും അഗ്നിപര്‍വത സ്ഫോടനങ്ങളും ഓസോണ്‍പുതപ്പിനെ ഛിന്നഭിന്നമാക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലും ഓസോണ്‍പാളിക്ക് ഗുരുതര കേടുപാടുകള്‍ വരുത്തുന്നുണ്ട്. നൈട്രിക് ഓക്സൈഡ്(NO), നൈട്രസ് ഓക്സൈഡ്(N2O), ഹൈഡ്രോക്സില്‍ (OH), ആറ്റമിക്ക്ളോറിന്‍(Cl),ബ്രോമിന്‍,ക്ളോറോഫ്ളൂറോകാര്‍ബണുകള്‍,ഹൈഡ്രോക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍ ബ്രോമോ ഫ്ളൂറോ കാര്‍ബണുകള്‍ (BrFC), ഹാലോണുകള്‍ എന്നിവയെല്ലാം ഓസോണ്‍പാളിയെ ദോഷകരമായി ബാധിക്കുന്ന മനുഷ്യനിര്‍മിത പദാര്‍ഥങ്ങളാണ്. ഇവയില്‍ റഫ്രിജറേറ്ററുകളിലും എയര്‍കണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകളും, നൈട്രസ് ഓക്സൈഡുമാണ് ഓസോണ്‍പാളിയുടെ മുഖ്യശത്രുക്കള്‍.ചില വികസിതരാജ്യങ്ങള്‍ സിഎഫ്സിയുടെ ഉല്‍പ്പാദനവും ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗം നിര്‍ബാധം തുടരുന്നുണ്ട്.

ഓസോണ്‍ പാളിയുടെ കട്ടി കുറയുന്നു
വാതകപ്രവാഹത്തോടൊപ്പം സ്ട്രാറ്റോസ്ഫിയറിലെത്തുന്ന ക്ളോറിന്‍, ബ്രോമിന്‍ തന്മാത്രകളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ പതിക്കുമ്പോള്‍ അവയില്‍നിന്ന് ആറ്റങ്ങള്‍ സ്വതന്ത്രമാക്കപ്പെടുകയും, ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്ന ആറ്റമിക ക്ളോറിനും ബ്രോമിനും ഓസോണ്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യും. ശൃംഖലാപ്രവര്‍ത്തനംവഴി ഒരു ക്ളോറിന്‍ പരമാണുവിന് ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാന്‍കഴിയും. ക്രമേണ അള്‍ട്രാവലയറ്റ് വികിരണങ്ങളെ ആഗിരണംചെയ്യുന്നതിനുള്ള കഴിവു നഷ്ടപ്പെടുകയും ഓസോണ്‍ പാളി മറികടന്ന് ഈ തീവ്രവികിരണങ്ങള്‍ ‘ഭൌമോപരിതലത്തില്‍ എത്തുകയും ചെയ്യും.

ഭൌമാന്തരീക്ഷത്തില്‍ ഓസോണ്‍വാതകത്തിന്റെ സാന്ദ്രത നിര്‍ണയിക്കുന്നത് നിരവധി ഘടകങ്ങളുടെ പ്രവര്‍ത്തനംവഴിയാണ്. ഭൂമധ്യരേഖാ പ്രദേശത്ത് ധ്രുവപ്രദേശങ്ങളെ അപേക്ഷിച്ച് ഓസോണ്‍ പാളിയുടെ കട്ടി കൂടുതലാകും. സൂര്യപ്രകാശം സുലഭമായി ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഓസോണ്‍ ഉല്‍പ്പാദനവും കൂടുതലായി നടക്കുന്നത്. സൌരവികിരണങ്ങള്‍ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നതിനൊപ്പം ഓക്സിജന്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് ഓസോണ്‍ തന്മാത്രകള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വാഭാവികമായി ഉണ്ടാകുന്ന ഈ ചാക്രിക പ്രവര്‍ത്തനത്തിന്റെ താളംതെറ്റിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉണ്ടാകുമ്പോഴാണ് ഓസോണ്‍ തുളകള്‍പോലെയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നത്.

അള്‍ട്രാവലയറ്റ് വികരണങ്ങള്‍ മൂന്നുതരമുണ്ടല്ലോ. അള്‍ട്രാവയലറ്റ് വേവ് ബാന്‍ഡില്‍തന്നെയുള്ള താരതമ്യേന കുറഞ്ഞ തരംഗദൈര്‍ഘ്യവും ഉയര്‍ന്ന ഊര്‍ജനിലയുമുള്ള യുവി-സി വികിരണങ്ങളാണ് അന്തരീക്ഷ ഓക്സിജനുമായി പ്രതിപ്രവര്‍ത്തിച്ച് ഓസോണ്‍ നിര്‍മിക്കുന്നത്. ഈ വികിരണങ്ങള്‍ ഭൌമോപരിതലത്തിലെത്തിയാല്‍ അത് ‘ഭൌമജീവന് ഹാനികരമാണ്. ‘ഭൌമാന്തരീക്ഷത്തില്‍ 35 കിലോമീറ്റര്‍ ഉയരത്തില്‍വച്ചുതന്നെ ഓസോണ്‍പാളി ഈ കിരണങ്ങളെ ആഗിരണംചെയ്യും. അള്‍ട്രാവയലറ്റ്-ബി കിരണങ്ങള്‍ തൊലിപ്പുറത്തുണ്ടാവുന്ന ക്യാന്‍സറിനും, ജനിതകവൈകല്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. തരംഗദൈര്‍ഘ്യം കൂടിയ അള്‍ട്രാവയലറ്റ്-എ വികിരണങ്ങള്‍ സാധാരണയായി ഓസോണ്‍ തന്മാത്രകളുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറില്ല. ഇവയുടെ ഉയര്‍ന്ന തരംഗദൈര്‍ഘ്യം തടസ്സങ്ങളെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. ‘ഭാഗ്യവശാല്‍ യുവി-എ വികിരണങ്ങള്‍ ‘ഭൌമജീവന് ഹാനികരമല്ല. ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാകുമ്പോള്‍ ‘ഭൌമോപരിതലത്തില്‍ എത്തിച്ചേരുന്ന അള്‍ട്രാവയലറ്റ്-ബി വികിരണങ്ങളാണ് ജീവന് ഹാനികരമാകുന്നത്.

അള്‍ട്രാവയലറ്റ് ആക്രമണം
അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ എങ്ങനെയാണ് ‘ഭൌമജീവനെ പ്രതികൂലമായി ബാധിക്കുന്നതെന്നു നോക്കാം. ഈ വികിരണങ്ങള്‍ തുടര്‍ച്ചയായി പതിക്കുന്നത് ശരീരകോശങ്ങള്‍ക്കും മൃദുവായ കലകള്‍ക്കും കേടുപാടുകളുണ്ടാകാന്‍ കാരണമാകും. ജനിതകവൈകല്യങ്ങള്‍ക്കും, തിമിരം, ശ്വാസകോശരോഗങ്ങള്‍, സ്കിന്‍ ക്യാന്‍സര്‍, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവ വര്‍ധിക്കുന്നതിനും ഇടയാക്കും. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധസംവിധാനം താറുമാറാക്കുന്ന ഈ വികിരണങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും പരോക്ഷമായി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. കാര്‍ഷികമേഖല പരിഗണിച്ചാല്‍ ഈ വികിരണങ്ങള്‍ പ്രകാശസംശ്ളേഷണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും തന്മൂലം വിളവു കുറയുകയും ചെയ്യും. സസ്യപ്ളവകങ്ങളെ നേരിട്ട് ആക്രമിക്കുന്നതുകൊണ്ട് ‘ഭക്ഷ്യശൃംഖലയിലെ ആദ്യത്തെ കണ്ണിതന്നെ തകരുന്നതിനും ഈ വികിരണങ്ങള്‍ കാരണമാകുന്നുണ്ട്. അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ആക്രമണം സസ്യങ്ങളുടെ കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണശേഷിയെ പ്രതികൂലമായി ബാധിക്കും. ഇക്കാരണത്താല്‍ അന്തരീക്ഷത്തിലെ ഓക്സിജന്‍-കാര്‍ബണ്‍ഡയോക്സൈഡ് അനുപാതം വ്യത്യാസപ്പെടുന്നതിനും അന്തരീക്ഷ താപനിലയില്‍ വര്‍ധനവുണ്ടാകുന്നതിനും അതേത്തുടര്‍ന്നുണ്ടാകുന്ന പരിസ്ഥിതിദുരന്തങ്ങള്‍ക്കും കാരണമാകും. ഭൌമോപരിതലത്തില്‍ 70 ശതമാനത്തിലേറെയുള്ള സമുദ്രങ്ങളിലാണ് അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ആക്രമണം ഏറ്റവും തീവ്രമാകുന്നത്. കടല്‍ജീവികളുടെ പ്രജനനനിരക്കിനെ പ്രതികൂലമായി ബാധിക്കുന്നതിനും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും ഇതു കാരണമാകും.

റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍, ഫൈബര്‍ഫോം, എയ്റോസോള്‍ സ്പ്രേകള്‍, പലതരം സൌന്ദര്യവര്‍ധക വസ്തുക്കള്‍, ഫാസ്റ്റ്ഫുഡ് കാര്‍ട്ടണുകള്‍, ആസ്ത്മ മരുന്നുകള്‍, നെയില്‍പോളിഷുകള്‍ എന്നിവയിലെല്ലാം ഓസോണ്‍പാളിയെ തകരാറിലാക്കുന്ന ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍പോലെയുള്ള രാസവസ്തുക്കള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

വികസിതരാഷ്ട്രങ്ങള്‍ സിഎഫ്സി ഉല്‍പ്പാദനവും ഉപയോഗവും അവസാനിപ്പിച്ചുവെങ്കിലും  സിഎഫ്സിക്കു പകരം അത്തരം രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്‍ ബന്ധനമുള്ള കാര്‍ബണ്‍സംയുക്തങ്ങള്‍ (ഒ്യറൃീ ഇഹീൃീ എഹൌൃീ ഇമൃയീി ഒഇഎഇ)സിഎഫ്സിയെ അപേക്ഷിച്ച് അപകടസാധ്യത കുറവുള്ളതാണെങ്കിലും പൂര്‍ണമായി സുരക്ഷിതമാണെന്ന് അര്‍ഥമില്ല. 2030 ഓടെ എച്ച്സിഎഫ്സി ഉല്‍പ്പാദനവും പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിവിഭാഗം വികസിതരാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്താണ് ഓസോണ്‍;  ഉണ്ടാകുന്നതെങ്ങനെ?
ഭൌമാന്തരീക്ഷത്തില്‍ ആപേക്ഷികമായി ഉയര്‍ന്ന സാന്ദ്രതയില്‍ ഓസോണ്‍ വാതകം കാണപ്പെടുന്ന മേഖലയാണ് ഓസോണ്‍ പാളിയെന്ന ഓസോണോസ്ഫിയര്‍.
  ആപേക്ഷികമായി ഉയര്‍ന്നതെന്നു പറയുമ്പോള്‍ ഇതത്ര അധികമൊന്നുമുണ്ടെന്നു കണക്കാക്കേണ്ടതില്ല. ഭൌമാന്തരീക്ഷത്തിലെ മറ്റു വാതകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഓസോണിന്റെ അളവ് കേവലം 0.6 ുുാ (പാര്‍ട്സ് പെര്‍ മില്യണ്‍) മാത്രമാണ്. അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍വാതകത്തിന്റെ 90 ശതമാനവുമുള്ളത്. ഭൌമാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അളവുകോലാണ് അന്തരീക്ഷപാളികളെന്നു പറയാം. കൃത്യമായി നിര്‍ണയിക്കാന്‍കഴിയുന്ന അതിരുകളില്ലെങ്കിലും താപനിലയിലും, വാതക വിതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഈ പാളികള്‍. ഭൌമാന്തരീക്ഷത്തിന്റെ ആകെ ‘ഭാരം 5ഃ10 ഫ18 കിലോഗ്രാമാണ്. ഇതിന്റെ മുക്കാല്‍ഭാഗവും ‘ഭൌമോപരിതലത്തില്‍നിന്ന് 11 കിലോമീറ്റര്‍വരെ വ്യാപിച്ചുകിടക്കുന്ന ട്രോപ്പോസ്ഫിയര്‍ എന്ന അന്തരീക്ഷപാളിയാണെന്നു പറയുമ്പോള്‍ ബാക്കി ഭാഗത്തെ വാതകസാന്ദ്രത ഊഹിക്കാവുന്നതേയുള്ളൂ. ഉയരം കൂടുന്നതിനനുസരിച്ച് ‘ഭൌമാന്തരീക്ഷം നേര്‍ത്തുവരും. ഭൌമാന്തരീക്ഷവും ബഹിരാകാശവും തമ്മില്‍ കൃത്യമായ അതിര്‍വരമ്പുകളൊന്നുമില്ല. ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്കു തിരിച്ചുവരുന്ന സ്പേസ്ക്രാഫ്റ്റുകള്‍ക്ക് റി-എന്‍ട്രി സമയത്ത് അന്തരീക്ഷത്തിന്റെ പ്രകടമായ സ്വാധീനം അനുഭവപ്പെടുന്ന മേഖലയെ വേണമെങ്കില്‍ അന്തരീക്ഷത്തിന്റെ അതിര്‍ത്തിയായി കണക്കാക്കാന്‍കഴിയും. ഇത് ഭൌമോപരിതലത്തില്‍നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ഉയരത്തിലാണ്.

ഭൌമോപരിതലത്തിനു സമീപം മറ്റു രീതികളിലും ഓസോണ്‍ ഉണ്ടാകുന്നുണ്ട്. ഇടിമിന്നലും മറ്റു വൈദ്യുത സ്പാര്‍ക്കുകളുമാണ് ഇതിന്റെ കാരണം. ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ മോട്ടോറുകളും, ഫോട്ടോകോപ്പിയര്‍, ടെലിവിഷന്‍ സെറ്റുകള്‍, ലേസര്‍ പ്രിന്ററുകള്‍ തുടങ്ങി ഉയര്‍ന്ന വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളും ഓസോണ്‍ ഉല്‍പ്പാദനത്തിന് കാരണമാകുന്നുണ്ട്. നൈട്രജന്റെ ഓക്സൈഡുകള്‍, കാര്‍ബണ്‍ മോണോക്സൈഡ്, മീഥൈന്‍പോലെ എളുപ്പത്തില്‍ ബാഷ്പീകരിക്കുന്ന രാസവസ്തുക്കള്‍ എന്നിവ സൂര്യപ്രകാശവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴും ഓസോണ്‍ ഉണ്ടാകുന്നുണ്ട്. പ്രധാനമായും നഗരപ്രദേശങ്ങളിലാണ് ഇത്തരം രാസവസ്തുക്കള്‍ ഉണ്ടാകുന്നത്. എങ്കിലും കിലോമീറ്ററുകള്‍ ദൂരെവരെ ഇവ എത്താറുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഓസോണ്‍, ഫോട്ടോകെമിക്കല്‍ സ്മോഗ്  എന്നറിയപ്പെടുന്ന വായുമലിനീകരണത്തിനു കാരണമാകാറുണ്ട്.

ഓസോണ്‍ പാളി കണ്ടെത്തല്‍
അന്തരീക്ഷ പാളികളെക്കുറിച്ച് പഠനം നടത്തുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രി, ഹെന്റി ബ്യുസണ്‍ എന്നിവരാണ് ഓസോണ്‍ പാളി ആദ്യമായി കണ്ടെത്തുന്നത്. 1913ലായിരുന്നു ഇത്.

പിന്നീട് ബ്രിട്ടീഷ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജി എം ബി ഡോബ്സണ്‍ ഓസോണ്‍പാളിയുടെ സവിശേഷതകള്‍ ഓരോന്നായി അനാവരണംചെയ്തു. അന്തരീക്ഷ ഓസോണിന്റെ അളവ് ഭൂമിയില്‍നിന്നുകൊണ്ടുതന്നെ കണക്കുകൂട്ടുന്നതിനുള്ള ഒരു ഉപകരണവും അദ്ദേഹം വികസിപ്പിച്ചു. ഡോബ്സണ്‍ മീറ്റര്‍ എന്നാണ് ഈ ഉപകരണം അറിയപ്പെടുന്നത്. 1928നും 1958നും ഇടയിലുള്ള 30 വര്‍ഷങ്ങളില്‍ ഓസോണ്‍പാളിയെക്കുറിച്ചുള്ള പഠനത്തിനുള്ള നിരവധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഡോബ്സണ്‍ മുന്‍കൈയെടുത്തു. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുവേണ്ടി അന്തരീക്ഷ ഓസോണ്‍സാന്ദ്രതയുടെ ഏകകത്തെ ഡോബ്സണ്‍ യൂണിറ്റ് എന്നാണ് വിളിക്കുന്നത്.
   ഓസോണ്‍പാളിയുടെ ഘടനയെക്കുറിച്ചും അതിന്റെ ധര്‍മത്തെക്കുറിച്ചും നിരവധി പഠനങ്ങള്‍ പിന്നീടും നടന്നിട്ടുണ്ട്. നൊബേല്‍ സമ്മാനാര്‍ഹരായ പോള്‍ ക്രൂറ്റ്സണ്‍, മരിയോ മോളിനോ, ഫ്രാങ്ക് എസ് റോള് എന്നീ രസതന്ത്രജ്ഞരുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്.

സൂര്യപ്രകാശത്തോടൊപ്പമുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു. യുവി-അ, യുവി-ആ, യുവി-ഇ എന്നിങ്ങനെ. 315 മുതല്‍ 400 നാനോമീറ്റര്‍വരെ തരംഗദൈര്‍ഘ്യമുള്ള ഭാഗമാണ് യുവി-അ. യുവി-ആ എന്നത് 280 ിാ മുതല്‍ 315 ിാ വരെയും യുവി-ഇ എന്നത് 100 ിാ മുതല്‍ 280 ിാ വരെയുമാണ്. ഇവയില്‍ യുവി-ഇ ഓക്സിജന്‍ തന്മാത്രകളില്‍ പതിക്കുമ്പോള്‍ അവ വിഘടിച്ച് ഓക്സിജന്‍ ആറ്റങ്ങളായി മാറും. എന്നാല്‍ വായുവിലെ മിക്ക മൂലകങ്ങളുടെയും പരമാണുക്കള്‍ക്ക് ഒറ്റയ്ക്കു നില്‍ക്കാനാവില്ല. ഓക്സിജന്റെ കാര്യത്തില്‍ സ്വതന്ത്രമാക്കപ്പെടുന്ന ആറ്റങ്ങള്‍ മറ്റൊരു ഓക്സിജന്‍ തന്മാത്രയുമായി ചേര്‍ന്ന് ഓസോണ്‍ തന്മാത്രയായി മാറും. സിഡ്നി ചാപ്മാന്‍ (1888-1970) എന്ന ഗണിതശാസ്ത്രജ്ഞനാണ് ഈ പ്രക്രിയ കണ്ടുപിടിച്ചത്.
 

 

പ്രധാന വാർത്തകൾ
Top