19 October Friday

ആത്മവേദനയോടെ, ഉല്‍ക്കണ്ഠയോടെ...

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

സുപ്രീംകോടതി കൊളീജിയം അംഗങ്ങളായ നാലു ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിന്  അയച്ച കത്തിന്റെ പൂര്‍ണ രൂപം

പ്രിയ ചീഫ്ജസ്റ്റിസ്,
സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെയും ഹൈക്കോടതികളുടെ സ്വാതന്ത്യ്രത്തെയും നീതിന്യായ സംവിധാനത്തിന്റെ നിര്‍വഹണത്തെയും പ്രതികൂലമായി ബാധിച്ച ചില കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ആത്മവേദനയോടെയും ഉല്‍ക്കണ്ഠയോടെയും ഈ കത്തെഴുതാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. കല്‍ക്കട്ട, ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ രൂപീകരിച്ച കാലംമുതല്‍ നമ്മുടെ നിയമസംവിധാനം സ്വീകരിച്ചുപോന്നത് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് വേരുറച്ച ചില പരമ്പരാഗതരീതികളാണ്. 'ഏത് കേസ് ആര്‍ക്ക് കൈമാറണം' എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള സവിശേഷാധികാരം ചീഫ്ജസ്റ്റിസിനാണെന്ന അംഗീകൃത തത്വം ഇതില്‍ ഒന്നാണ്. മറ്റ് ജഡ്ജിമാര്‍ക്കു മുകളില്‍ ചീഫ്ജസ്റ്റിസിന് നിയമപരമായോ വസ്തുതാപരമായോ മേധാവിത്വമുണ്ടെന്ന് ഇതിന് അര്‍ഥമില്ല. കോടതിനടപടികള്‍ കാര്യക്ഷമമായും അച്ചടക്കത്തോടെയും നടക്കാനുള്ള ഒരു വ്യവസ്ഥ മാത്രമാണിത്.

ഈ രാജ്യത്തെ നിയമസംവിധാനം അനുസരിച്ച് ചീഫ്ജസ്റ്റിസ് 'തുല്യന്മാര്‍ക്കിടയിലെ ഒന്നാമന്‍ മാത്രമാണ്'- ഇതില്‍ കൂടുതലുമല്ല; കുറവുമല്ല. കേസുകള്‍ കൈമാറുന്ന കാര്യത്തില്‍ കാലങ്ങളായി പിന്തുടരുന്ന ചില സമ്പ്രദായങ്ങള്‍ അനുസരിച്ചാണ് ചീഫ്ജസ്റ്റിസുമാര്‍ തീരുമാനമെടുക്കാറുള്ളത്. വിവിധ ബെഞ്ചുകളുടെ ഘടന സംബന്ധിച്ച് ചീഫ്ജസ്റ്റിസ് തീരുമാനമെടുത്താല്‍ മറ്റ് ജഡ്ജിമാര്‍ വിയോജിക്കാറുമില്ല. ഈ തത്ത്വങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന അതൃപ്തികരവും അനഭിലഷണീയവുമായ സംഭവങ്ങള്‍ക്കിടയാകും. നിര്‍ഭാഗ്യവശാല്‍, ഈയിടെയായി മേല്‍പ്പറഞ്ഞ തത്ത്വങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. രാജ്യത്തും സുപ്രീംകോടതിയിലും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന ചില കേസുകള്‍ ചീഫ്ജസ്റ്റിസ് 'സ്വന്തം താല്‍പ്പര്യം' അനുസരിച്ചുള്ള ബെഞ്ചുകള്‍ക്ക് കൈമാറുന്നത് പതിവായിട്ടുണ്ട്. എന്തു വിലകൊടുത്തും ഈ പ്രവണത ചെറുക്കേണ്ടതുണ്ട്. പരമോന്നത നീതിപീഠത്തിന് നാണക്കേടുണ്ടാക്കും എന്നതുകൊണ്ട് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല; എന്നാല്‍, ഇത്തരം വഴിവിട്ട നീക്കങ്ങള്‍ നമ്മുടെ സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക് ഇതിനകം കാര്യമായ കോട്ടമുണ്ടാക്കി.

2016ല്‍ സുപ്രീംകോടതി അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് അസോസിയേഷനും ഇന്ത്യ ഗവണ്‍മെന്റും തമ്മിലുള്ള കേസിലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്ന് താങ്കള്‍ ഉള്‍പ്പെടെ കൊളീജിയത്തിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ചേര്‍ന്ന് ജഡ്ജിമാരുടെ നിയമനത്തിനുള്ള മാര്‍ഗരേഖയായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ (എംഒപി) തയ്യാറാക്കിയിരുന്നു. അന്നത്തെ ചീഫ്ജസ്റ്റിസ് 2017 മാര്‍ച്ചില്‍ എംഒപി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍, ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ല. സര്‍ക്കാര്‍ മൌനം തുടരുന്ന സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊളീജിയം തയ്യാറാക്കിയ എംഒപി സര്‍ക്കാര്‍ അംഗീകരിച്ചതായി കണക്കാക്കേണ്ടതാണ്. എന്നാല്‍, 2017 ഒക്ടോബര്‍ 27ന് ആര്‍ പി ലൂത്ര-യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതിയുടെ തന്നെ രണ്ടംഗ ബെഞ്ച് എംഒപി അംഗീകരിക്കുന്നത് വൈകിക്കാന്‍ പാടില്ലെന്ന അനാവശ്യനിരീക്ഷണം നടത്തി. ഭരണഘടനാ ബെഞ്ച് പരിഗണിച്ച വിഷയം പിന്നീട് മറ്റേതെങ്കിലും ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്.

2017 ജൂലൈ നാലിന് ജസ്റ്റിസ് സി എസ് കര്‍ണന്‍ കേസ് പരിഗണിച്ച ഏഴംഗ ബെഞ്ചില്‍ അംഗങ്ങളായിരുന്ന ഞങ്ങള്‍ രണ്ടുപേര്‍ ജഡ്ജിമാരുടെ നിയമനപ്രക്രിയയില്‍ മാറ്റംവേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇംപീച്ച്മെന്റിന് പകരം തിരുത്തല്‍ നടപടികള്‍ വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അതേസമയം, എംഒപി വിഷയത്തെക്കുറിച്ച് ഏഴ് ജഡ്ജിമാരും ഒന്നും പരാമര്‍ശിച്ചില്ല. എംഒപി സംബന്ധിച്ച ഏത് വിഷയവും ചീഫ്ജസ്റ്റിസുമാരുടെ സമ്മേളനത്തിലോ ഫുള്‍കോര്‍ട്ടിലോ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂ. നിയമപരമായി നോക്കിയാല്‍ ഭരണഘടനാ ബെഞ്ചിനു മാത്രമേ ഈ വിഷയം പരിഗണിക്കാന്‍ അവകാശമുള്ളൂ. വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത് കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളുമായി ചര്‍ച്ചചെയ്ത് ചീഫ്ജസ്റ്റിസ് ഇടപെട്ട് അടിയന്തര തിരുത്തല്‍നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഈ കോടതിയിലെ എല്ലാ ജഡ്ജിമാരുമായും വിഷയം ചര്‍ച്ചചെയ്യണം.

ആര്‍ പി ലൂത്ര-യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ ഉത്തരവിലുണ്ടായ പാകപ്പിഴകളാണ് ഞങ്ങള്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടിയത്. ഈ വിഷയം താങ്കള്‍ പരിഹരിക്കുന്ന ക്രമത്തില്‍ സമാനമായ രീതിയില്‍ പരിഹരിക്കേണ്ട മറ്റ് ഉത്തരവുകളുടെ വിശദാംശങ്ങളും ഞങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം.

പ്രധാന വാർത്തകൾ
Top