10 December Monday

ഭയ്യാജി നിലപാട‌് മാറ്റിയോ?

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

തിരുവനന്തപുരം
ആർഎസ്എസിന്റെ അഖിലേന്ത്യാ കാര്യവാഹക‌് സുരേശ് ജോഷിയെന്ന ഭയ്യാജി ജോഷിയുമായി ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് 2016 ജൂലൈ 7ന് ജനം ടിവി സംപ്രേഷണംചെയ്ത അഭിമുഖത്തിന്റെ പൂർണരൂപം

ചോദ്യം: ചോദ്യം ശബരിമലയെപ്പറ്റിയാണ്. അവിടെ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക‌് പ്രവേശനമില്ല. ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം അന്തിമമാവുകയും ചെയ്യും. എന്നാലും ചോദിക്കട്ടെ. പുരുഷന്മാർക്ക‌് പ്രവേശനമുള്ളയിടംവരെ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന  സംഘത്തിന്റെ നിലപാട് ശബരിമലയ‌്ക്കും ബാധകമാണോ?

ഉത്തരം: എല്ലാ ക്ഷേത്രങ്ങൾക്കും ആവാമെങ്കിൽ ശബരിമലയിൽ എന്തുകൊണ്ട് പാടില്ല എന്നൊരു ചോദ്യമുണ്ടല്ലോ. ഈ പത്ത്, അമ്പത് എന്ന വയസ്സൊക്കെ പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങൾ പരിശോധിക്കപ്പെടണം. അതിൽ സയൻസിന്റെ അംശമുണ്ടോ? പെരുമാറ്റച്ചട്ടമാകാം.

എന്നാൽ, പൂർണമായും പ്രവേശനം നിഷേധിക്കുന്നത് ഉചിതമല്ല. പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങൾ വെളിച്ചത്തുവരട്ടെ. അത് ആവശ്യമെന്നു തോന്നുകയാണെങ്കിൽ ചർച്ചയാകാം. അല്ലാതെ പണ്ടുമുതൽ നടന്നുവന്നതുകൊണ്ടുമാത്രം തുടരണമെന്ന നിലപാട് അനുചിതമാണ്.

ചോദ്യം:  സാമൂഹ്യശാസ്ത്രജ്ഞന്മാരും സാമൂഹ്യപ്രവർത്തകരുമായ പലരും പറയുന്നത് ഹിന്ദുസമൂഹത്തിന് പോപ്പ് ഒന്നുമില്ലല്ലോ. ചർച്ചയ്ക്ക‌് ആര് മുൻകൈ എടുക്കും? ആരുടെ വാക്കിനാണ് മൂല്യം? ആര് ആരെ അംഗീകരിക്കും? ചരിത്രം നോക്കിയാൽ ഹിന്ദുസമാജത്തിനുവേണ്ടി തീരുമാനങ്ങളെടുത്തിരുന്നത് രാജാക്കന്മാരായിരുന്നു. അല്ലെങ്കിൽ അസാധാരണ സ്വാധീനമുള്ള സന്യാസിവര്യന്മാർ. ഇപ്പോൾ ജനാധിപത്യമാണ്.

അവിടെ സർക്കാരിനാണ് പ്രാധാന്യം. അല്ലെങ്കിൽ കോടതിക്ക്. അതിനാൽ സർക്കാർ തീരുമാനം അംഗീകരിക്കുക അല്ലെങ്കിൽ കോടതി, ഭരണഘടന എന്നിവയുടെ വാക്കുകൾ അനുസരിക്കുക. കൂടിയിരുന്നാലോചിച്ച് നിങ്ങൾ ഒന്നും തീരുമാനിക്കാൻ പോകുന്നില്ല. കാരണം നിങ്ങൾക്ക‌് ഒരു സംവിധാനമില്ല.

ഉത്തരം : ശരിയാണ്. ഇതൊരു പ്രശ്‌നമാണ്. ഇതിനാൽ നമുക്ക് കോടതിയെ ആശ്രയിക്കേണ്ടിവരുന്നു. വാസ്തവത്തിൽ ഇത്തരം പ്രശ്‌നങ്ങൾ കോടതിയിൽ പോകേണ്ടതല്ല. എന്നാൽ ഇന്ന്, ഇന്നത്തെ അവസ്ഥയിൽ കോടതിയാണ് ഒരു ശക്തികേന്ദ്രം.

സർക്കാരും അങ്ങനെതന്നെ. എനിക്ക് തോന്നുന്നത് സർവ സമ്മതരും വ്യത്യസ്ത ചിന്താധാരകൾ വച്ചുപുലർത്തുന്നവരുമായ വിദ്വജ്ജനങ്ങളുടെ ചെറിയൊരു സമിതിയുണ്ടാകണം. ആ സമിതിയിൽ വിശ്വാസമർപ്പിച്ച് അവരുടെ തീരുമാനത്തിന് ക്ഷേത്രനടത്തിപ്പുകാർ വഴങ്ങണം. ഇതാണ് ഒരു വഴി. ഇല്ലെങ്കിൽ കോടതിയുടെ തീർപ്പിന് വഴങ്ങണം. അത് ധിക്കരിക്കാൻ സാധ്യമല്ലല്ലോ.''

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top