Top
19
Monday, February 2018
About UsE-Paper

മാങ്ങയിലെ പുഴുക്കേട് തടയാന്‍ ജൈവമാര്‍ഗങ്ങള്‍

Thursday Jan 12, 2017
മലപ്പട്ടം പ്രഭാകരന്‍

വരാനിരിക്കുന്ന മാമ്പഴക്കാലം സമൃദ്ധമാകണമെങ്കില്‍ പൂക്കാലംമുതല്‍ ആരംഭിക്കുന്ന പുഴുക്കേടുകള്‍ അതത് അവസരത്തില്‍ തടയണം. പൂങ്കുല വരുമ്പോള്‍ കരിച്ചുകളയുക, ഉണ്ണിമാങ്ങ പൊഴിഞ്ഞുപോവുക, വലിയ മാങ്ങ ആകുമ്പോഴേക്കും അകത്തുമുഴുവന്‍ പുഴുബാധിച്ച് ഉപയോഗയോഗ്യമല്ലാതാവുക, തളിരിലകള്‍ പ്രാണികള്‍ തിന്ന് നാശംവരുത്തുക തുടങ്ങിയ പലവിധ കീട ആക്രമങ്ങളും ഉണ്ടാകാറുണ്ട്. പൂങ്കുലക്കാലംമുതല്‍ വിളവെടുപ്പുവരെ കീടബാധയ്ക്ക് വിധേയമാകുന്ന ഫലവര്‍ഗമാണ് മാങ്ങ. അതുകൊണ്ട് ആദ്യഘട്ടംമുതല്‍ പ്രതിരോധപ്രവര്‍ത്തനം സജ്ജമാക്കണം.

സമീപകാലംവരെ ഇത്തരം പ്രശ്നങ്ങളെ നേരിട്ടത് രാസകീടനാശിനിപ്രയോഗംവഴിയാണ്. എന്നാല്‍ ഈ മുറ പരമാവധി നിരുത്സാഹപ്പെടുത്തുകയാണിപ്പോള്‍. ഭക്ഷ്യവിഷം തടയാനും പരിസരമലിനീകരണം തടയാനും ഈ മാര്‍ഗംവിട്ട് ജൈവിക നിയന്ത്രണ വഴികള്‍ സ്വീകരിക്കാം. ഇവ എങ്ങനെയെന്നു നോക്കാം.

മാവലി തളിര്‍ക്കുമ്പോള്‍ ഇല തിന്നും മുറിച്ചും നശിപ്പിക്കുന്ന ഹോപ്പറുകള്‍, ചിലയിനം പുഴുക്കള്‍ എന്നിവയെ കാണാം. പൂങ്കുല നശിപ്പിക്കുന്ന തേയിലകൊതുക് കശുമാവിലെന്നപോലെതന്നെ മാമ്പൂവുകളെയും ആക്രമിക്കും. കൊതുകിനു സമാനമായ ഈ പ്രാണി പൂങ്കുലത്തണ്ടില്‍നിന്നും ഉണ്ണിമാങ്ങയില്‍നിന്നും നീരൂറ്റിക്കുടിക്കും. വദനസൂചി കുത്തിയഭാഗത്ത് കറുത്തപാട് പടരുകയും വായിലെ വിഷംവഴി കുല ഉണങ്ങുകയും ചെയ്യും. മാങ്കൊ ഫ്രൂട്ട്ഫ്ളൈ എന്ന ഒരുതരം ഈച്ചയാണ് ഉണ്ണിമാങ്ങ പ്രായംമുതല്‍ മൂപ്പെത്തുന്ന ഘട്ടംവരെ മാങ്ങയെ ഉപദ്രവിക്കുന്ന മറ്റൊരു കീടം. ഇവ ഉദരഭാഗത്തുള്ള സൂചികൊണ്ട് മാങ്ങയുടെ പുറംതൊലിയില്‍ കുത്തി ദ്വാരമുണ്ടാക്കി അതിനകത്ത് മുട്ടയിടും. കുത്തിയഭാഗം തൊലിവന്ന് മൂടുന്നതിനാല്‍ പുറമെ അടയാളമൊന്നും കാണില്ല. ഉള്ളിലെ മുട്ടവിരിഞ്ഞ് പുഴുക്കള്‍ അകക്കാമ്പ് തിന്നുനശിപ്പിക്കും. മാങ്ങ വാടി പൊഴിഞ്ഞുവീഴും. മൂന്നാമത്തേത് മാങ്ങവണ്ടാണ്. ഇതും ചെയ്യുന്നത് അകത്ത് മുട്ട നിക്ഷേപിക്കുകയാണ്. മാങ്ങയുടെ അണ്ടിക്കകത്തെ പരിപ്പാണ് ഇഷ്ടഭോജ്യം. ഇവയുടെ പുഴുക്കളും, സമാധിയും തുടര്‍ന്നുള്ള വണ്ടും ഇതിനകത്തുതന്നെയുണ്ടാകും. മാങ്ങ അണ്ടി പിളര്‍ത്തുമ്പോള്‍ കാണുന്ന വണ്ടുകള്‍ ഇങ്ങനെയാണ് അതില്‍ എത്തുന്നത്.

നിയന്ത്രണം: വേപ്പധിഷ്ഠിത ജൈവകീടനാശിനി പ്രയോഗം നടത്തി നിയന്ത്രിക്കാം.

വേപ്പെണ്ണ എമള്‍ഷന്‍: സ്വന്തമായി ഉണ്ടാക്കാം. ഒരുലിറ്റര്‍ വേപ്പെണ്ണ ഒരു പാത്രത്തില്‍ എടുക്കുക. 60 ഗ്രാം അലക്കുസോപ്പ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ സോപ്പ്വെള്ളം വേപ്പെണ്ണയില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇവയെ 10-15 ഇരട്ടിവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് മാവില്‍ തളിക്കുക.

വേപ്പിന്‍കുരു സത്ത്: ഇലതീനിക്കും, നീരൂറ്റിക്കുടിക്കുന്നവയ്ക്കും ഇത് ഫലപ്രദമാണ്. 50 ഗ്രാം വേപ്പിന്‍കരു നന്നായി ചതച്ച് തുണിയില്‍കെട്ടി ഒരുലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്‍ക്കുക. പിഴിഞ്ഞെടുത്ത് മാവില്‍ തളിക്കുക.

ബ്യൂവേറിയ: ഇത്തരം കീടങ്ങള്‍ക്കെതിരെ മാര്‍ക്കറ്റില്‍ കിട്ടുന്ന ജൈവകീടനാശിനിയായ ബ്യൂവേറിയയും തളിക്കാം. 10 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.ഇവ ആവശ്യാനുസരണം മാറിമാറി വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

മഞ്ഞക്കെണി: കായീച്ചയെ തടയാന്‍പറ്റിയ മറ്റൊരു മാര്‍ഗമാണ് മഞ്ഞക്കെണി. മഞ്ഞനിറത്തോട് ആകര്‍ഷണമുള്ള ഇവ ഈ നിറം കാണുമ്പോള്‍ അവിടെ പറന്നെത്തും. ഈ സ്വഭാവം ഉപയോഗിച്ച് നമുക്ക് കെണിയൊരുക്കാം. ഒരടി സമചതുരമുള്ള പ്ളൈവുഡ് പലകയെടുത്ത് അതിന്റെ ഇരുപുറവും മഞ്ഞപെയിന്റ് പൂശുക. ഉണങ്ങിയശേഷം അല്‍പ്പം ആവണക്കെണ്ണ പുരട്ടുക. ഇവ മാവിന്റെ കമ്പുകളില്‍ കെട്ടിത്തൂക്കുക. ഒരു മാവില്‍ രണ്ടോ മൂന്നോ വയ്ക്കാം. ആകര്‍ഷിച്ചുവരുന്ന പ്രാണി ആവണക്കെണ്ണയില്‍ പറ്റിപ്പിടിച്ച് നശിക്കും.

അവശിഷ്ട മാങ്ങ നശിപ്പിക്കുക: താഴെ കൊഴിഞ്ഞുവീഴുന്ന മാങ്ങ പെറുക്കിയെടുത്ത് തീയിട്ടുനശിപ്പിക്കുന്നത് മുട്ടയെയും പുഴുക്കളെയും വണ്ടുകളെയും നശിപ്പിക്കാന്‍ സഹായകമാകും.