Top
24
Saturday, June 2017
About UsE-Paper

ഓട്ടിസം ഭക്ഷണക്രമം

Thursday May 11, 2017
സുഭശ്രീ പ്രശാന്ത്

പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന ശാരീരിക-മാനസിക വൈകല്യമാണ് ഓട്ടിസം. ഇങ്ങനെയുള്ളവര്‍ക്ക് തന്മയീഭാവ ശക്തി നഷ്ടപ്പെടുന്നു.

ഭയം, ഉല്‍കണ്ഠ, സ്വഭാവവൈകല്യം, കാഴ്ചവൈകല്യം, സ്പര്‍ശനവൈകല്യം എന്നിങ്ങനെ പലതരംവൈകല്യങ്ങള്‍ ഇവരില്‍ പ്രകടമാകാറുണ്ട്.

വിദഗ്ധ ചികിത്സക്കൊപ്പം ന്യൂട്രീഷന്‍ തെറാപ്പികൂടി ചികിത്സയില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഇത്തരക്കാരില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നതായും, ന്യൂട്രീഷന്‍ തെറാപ്പി ഓട്ടിസം ചികിത്സയില്‍ ഒരു വഴിത്തിരിവാകുന്നതായും പല  പഠനങ്ങളും റിപ്പോര്‍ട്ടുകളും പറയുന്നു. ഉള്‍പ്പെടുത്തേണ്ടതും, ഉപേക്ഷിക്കേണ്ടതും ആയ ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കുവാന്‍ കഴിയുക എന്നതാണ് ഓട്ടിസത്തിന്റെ ഭക്ഷണക്രമത്തിലെ ആദ്യപടി. ചില ഭക്ഷ്യവസ്തുക്കള്‍ ഇവരില്‍ ശാരീരികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഉദാഹരണം ഗ്ളുടണ്‍, കാസീന്‍, അമിതമായ പഞ്ചസാര അന്നജത്തിന്റെ അമിത ഉപയോഗം തുടങ്ങിയവ.

ഇത്തരക്കാരില്‍ അസ്വസ്ഥത ഉളവാക്കുന്ന ഭക്ഷ്യവസ്തുക്കളും അവ അടങ്ങിയ ഉല്‍പ്പന്നങ്ങളും പൂര്‍ണമായോ, ഭാഗികമായോ ഇവരുടെ ഭക്ഷണക്രമത്തില്‍നിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം ഇവര്‍ക്ക് ഗുണകരമായ ഭക്ഷ്യവസ്തുക്കള്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണം.

മൂന്ന് വ്യത്യസ്ത ഭക്ഷണക്രമീകരണ രീതികള്‍ ഓട്ടിസവുമായി ബന്ധപ്പെട്ട് അനുവര്‍ത്തിച്ചുവരുന്നു.  എസ്സിഡി ഡയറ്റ്(Specific Carbohydrate diet),,ബിഇഡി ഡയറ്റ് (Body Ecology Diet),, ജിഎഫ്സിഎഫ് ഡയറ്റ് (Gluten Free Casien Free diet). ജിഎഫ്സിഎഫ് ഡയറ്റാണ് നമ്മള്‍ പൊതുവായി സ്വീകരിക്കുന്നത്.

എസ്സിഡി ഡയറ്റ് (സ്പെസിഫിക് കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ്)
എസ്സിഡിഡയറ്റ് ജിഎപിഎസ് ഡയറ്റ് എന്നും അറിയപ്പെടുന്നു. ഓട്ടിസവും എഡിഎച്ച്ഡിയും ആയി ബന്ധപ്പെട്ട ധാരാളം വൈകല്യങ്ങള്‍ ഗട്ടുമായി ബന്ധപ്പെട്ടു കിടക്കുന്നു. മൈക്രോഫ്ളോറാ പ്രോസൈയോറ്റിക്സിന്റെ തുലനതയില്‍ വരുന്ന വ്യതിയാനങ്ങള്‍ ദഹനത്തെ ബാധിക്കുന്നു. ഇത് ദഹനസംബന്ധമായും പോഷകസംബന്ധമായും ഉള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും. അതായത് ഡയേറിയ, മലബന്ധം, വയറ്റുവേദന, വിറ്റമിന്‍ ബി 12 ന്റെ അഭാവം, ഫോളിക് ആസിഡിന്റെ കുറവ് തുടങ്ങിയവ.

എസ്സിഡി ഡയറ്റില്‍ കോംപ്ളക്സ് ഷുഗറിനെ ഭക്ഷണത്തില്‍നിന്നു മാറ്റിക്കൊണ്ടുള്ള ഒരു സമീപനമാണ് പിന്തുടരുന്നത്. ഫലവര്‍ഗങ്ങളിലെ ഷുഗര്‍ (പഞ്ചസാര, മധുരം) ഒഴികെ മറ്റെല്ലാംതന്നെ ഈ ഭക്ഷണക്രമത്തില്‍നിന്നു  മാറ്റിനിര്‍ത്തുന്നു. കൂടാതെ അന്നജം  ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കളായ ധാന്യങ്ങളും, ഉരുളക്കിഴങ്ങും, മധുരക്കിഴങ്ങും മാറ്റിനിര്‍ത്തുന്നു.

അന്നജത്തിന്റെ അളവില്‍ കുറവുള്ള പച്ചക്കറികളും, പഴവര്‍ഗങ്ങളും കൂടാതെ മീന്‍, മുട്ട, നട്സ്, ചില ബീന്‍സുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു പ്രത്യേകതരം കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമമാണിത്. എസ്സിഡി ഭക്ഷണക്രമം ഗട്ടിന്റെ നീര്‍വീക്കം കുറയ്ക്കാനും, ഡയേറിയയില്‍നിന്ന് ആശ്വാസം ലഭിക്കാനും സഹായകമാണ്.

ബിഇഡി ഡയറ്റ്  (ബോഡി എക്കോളജി ഡയറ്റ്)
ബിഇഡി ഡയറ്റ് പ്രധാനമായും ഏഴ് തത്വങ്ങളെ ആധാരമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
എന്തു കഴിക്കണം, എന്നാല്‍ എപ്പോള്‍, എങ്ങനെ കഴിക്കണം. കള്‍ചര്‍ചെയ്തതും, ഫെര്‍മന്റ് ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ എങ്ങനെ ഉള്‍പ്പെടുത്തണം തുടങ്ങിയവ ഇതില്‍ പറയുന്നു.

പച്ചക്കറികളാണ്ഈ ഭക്ഷണക്രമത്തിന്റെ നെടുംതൂണ്.  ബദാം (മുളപ്പിച്ചതോ കുതിര്‍ത്തതോ) മാത്രമാണ് നട്സില്‍നിന്ന് ഉള്‍പ്പെടുത്താവുന്നത്.
എന്നാല്‍ ശരീരത്തിലെ ആസിഡ് ആല്‍ക്കലിയും ഭക്ഷണവും തമ്മിലുള്ള പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും കണക്കാക്കുന്ന തത്വത്തെ സംരക്ഷിക്കാന്‍ ഈ ഭക്ഷണക്രമത്തിന് സാധിക്കില്ല.

ജിഎഫ്സിഎഫ് ഡയറ്റ്(ഗ്ളൂടണ്‍ഫ്രീ കസീന്‍ഫ്രീ ഡയറ്റ്)
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കുപ്രകാരം ആയിരത്തില്‍ ഒരു കുട്ടിക്ക് ഓട്ടിസം ബാധിക്കുന്നുണ്ട്.
ജിഎഫ്സിഎഫ് ഭക്ഷണക്രമം പ്രധാനമായും രണ്ടു ഘടകങ്ങളില്‍ അധിഷ്ഠിതമാണ്. ഗ്ളൂടണ്‍, കസീന്‍ എന്നീ മാംസ്യ (ജൃീലേശി) ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമീപനമാണ് അനുവര്‍ത്തിക്കുന്നത്.
ഗ്ളൂടണ്‍ എന്നത് മാംസ്യത്തിന്റെ ഒരു ഘടകമാണ്. അത് ഗോതമ്പ്, ബാര്‍ലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. പാലിലും, പാല്‍ ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന മാംസ്യത്തിന്റെ ഘടകമാണ് കസീന്‍.

ഗ്ളൂടണ്‍, കസീന്‍ തുടങ്ങിയ ഘടകങ്ങള്‍ കുട്ടികളില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കൂടാതെ ഡയേറിയ, മലബന്ധം, ഗ്യാസ്, അലര്‍ജി തുടങ്ങിയവയ്ക്കും വഴിയൊരുക്കുന്നതായും പഠനങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ജിഎഫ്സിഎഫ്ഭക്ഷണക്രമം അനുവര്‍ത്തിക്കുകവഴി എഎസ്ഡിഎസ് മെച്ചപ്പെടുന്നതായി മനസ്സിലാക്കാന്‍ പഠനങ്ങള്‍ക്ക് കഴിഞ്ഞു.
ജിഎഫ്സിഎഫ് ഭക്ഷണക്രമം പിന്തുടരാന്‍ തുടങ്ങുന്നതിനുമുമ്പ ഗ്ളൂടണ്‍, കസീന്‍ ഇവ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയെന്ന് പൂര്‍ണമായ ബോധം അത്യാവശ്യമാണ്. കാരണം ചില ഫ്രൈഡ് ഭക്ഷണത്തിലും, ചില സൌന്ദര്യവര്‍ധക വസ്തുക്കളിലുംവരെ ഗ്ളൂട്ടണ്‍ അതിന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

(തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ ഡയറ്റീഷ്യനാണ് ലേഖിക)