23 September Sunday

'പ്രതി' നായകനാണ്

വെബ് ഡെസ്‌ക്‌Updated: Monday Jul 10, 2017

കൊച്ചി > ജനപ്രിയ നായകന്‍ എന്ന സിംഹാസനം തീര്‍ത്ത് വിജയസമവാക്യങ്ങളുടെ അവസാനവാക്കായി വളര്‍ന്ന ദിലീപിന്റെ സിനിമാജീവിതം സ്വയം തീര്‍ത്ത തിരക്കഥയിലൂടെ ദുരന്തപര്യവസാനത്തിലേക്ക്. മഹാവിജയങ്ങളിലൂടെ മാത്രം സഞ്ചരിച്ച ദിലീപ് അഭിനയജീവിതം ആരംഭിച്ചതിന്റെ 25-ാം വര്‍ഷത്തിലാണ് പൊതുസമൂഹത്തിനു മുന്നില്‍ പ്രതിനായകവേഷത്തിലേക്ക് മാറുന്നതെന്നതും യാദൃച്ഛികം.

1992ല്‍ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലെ ചെറു വേഷത്തിലൂടെയാണ് ദിലീപ് അഭിനയരംഗത്തെത്തിയത്. ജയറാമിനെപ്പോലെ മിമിക്രിയില്‍ തിളങ്ങിയാണ് ദിലീപിന്റെയും സിനിമാപ്രവേശം. മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം അര ഡസനോളം സിനിമയില്‍ സഹസംവിധായകനായാണ് തുടക്കം.1994ല്‍ സുനില്‍ സംവിധാനംചെയ്ത മാനത്തെ കൊട്ടാരം ദിലീപിന് ബ്രേക്കായി.

1995ല്‍ ഇറങ്ങിയ ഏഴരക്കൂട്ടവും പിന്നീടുവന്ന ഒരുഡസനോളം ചിത്രങ്ങളും ദിലീപിന് മെച്ചമായില്ലെങ്കിലും 1997ല്‍ ഇറങ്ങിയ ഈ പുഴയും കടന്ന് വ്യത്യസ്ത നായകസങ്കല്‍പ്പത്തിലേക്ക് ദിലീപിനെ കുടിയിരുത്തി. പഞ്ചാബി ഹൌസ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നിവയും മലയാളത്തിലെ സൂപ്പര്‍, മെഗാ താരങ്ങളോട് ഇടയാത്ത താരസിംഹാസനത്തില്‍ ദിലീപിനെ എത്തിച്ചു. ഇടയ്ക്ക് ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും 2000ല്‍ ഇറങ്ങിയ ജോക്കര്‍ ദിലീപിനെ വീണ്ടും ഉയര്‍ത്തി.

ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ താരരാജാക്കന്മാര്‍ വാഴുകയും വീഴുകയുമൊക്കെ ചെയ്തപ്പോള്‍ വലിയ പണച്ചെലവില്ലാത്ത മിമിക്രി ചിത്രങ്ങളെന്ന് ജനം പുച്ഛത്തോടെയും പിന്നീട് അതിശയത്തോടെയും വിളിച്ച ചിത്രങ്ങളിലൂടെ ദിലീപ് കൊയ്തുകയറുകയായിരുന്നു. ട്രെന്‍ഡ് സെറ്ററുകളായി മാറിയ വിജയച്ചേരുവകള്‍ പലരും പരീക്ഷിച്ചുനോക്കിയെങ്കിലും ദിലീപിനോളം വിജയത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല.

ഉള്‍ക്കാമ്പില്ലെന്ന് വിമര്‍ശനം കേള്‍പ്പിച്ച ദിലീപ് ചിത്രങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും പ്രിയപ്പെട്ടതായി. സിഐഡി മൂസയും തിളക്കവും ചാന്തുപൊട്ടും ക്രേസി ഗോപാലനും മീശ മാധവനുമൊക്കെ ദിലീപിന്റെ ആരാധക ക്കൂട്ടത്തിലേക്ക് ആളെക്കൂട്ടി. സിനിമക്ക് പുറത്തേക്കും വളര്‍ന്ന താര സാമ്രാജ്യത്തിലെ കുടിപ്പകയുടെ ബാക്കിയാകാം ഇപ്പോഴത്തെ ആന്റി കൈമാക്സ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top