പുതിയ പ്രമേഹചികിത്സകള്‍

പ്രമേഹ പ്രതിരോധചികിത്സയില്‍ പുതുതായി ധാരാളം കാര്യങ്ങള്‍ വന്നെത്തിയിട്ടുണ്ട്. നല്ല വാര്‍ത്ത. ആ കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും എല്ലാംതന്നെ നമ്മുടെ രാജ്യത്തും ലഭ്യമാണ് എന്നതാണ് അതിശയകരം. എല്ലാ ചികിത്സാവിധികളും ഔഷധങ്ങളും, സാങ്കേതികവിദ്യയും ലഭ്യമാണെങ്കില്‍ക്കൂടിയും 96% ശതമാനം രോഗികളിലും പതിനഞ്ചോ, ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമേഹചികിത്സ പരാജയപ്പെടുന്നതായാണ് ഇന്ത്യയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ചികിത്സാ പരാജയത്തിന്റെ ഫലമാണ് നാം ഇപ്പോള്‍ കാണുന്ന വര്‍ധിച്ചുവരുന്ന പ്രമേഹ അനുബന്ധരോഗങ്ങളായ ഹൃദയാഘാതങ്ങള്‍, വൃക്കരോഗങ്ങള്‍, അന്ധത, നാഡീവ്യൂഹതകര്‍ച്ച തുടങ്ങി അനേകം അവസ്ഥകള്‍.
പ്രമേഹത്തിനായി പുതുതായി കണ്ടെത്തിയ ഔഷധങ്ങളും സാങ്കേതികവിദ്യകളും താരമ്യേന ചെലവേറിയതാണ്. എന്നാല്‍ ഇവ ഒന്നും പ്രയോജനപ്പെടുത്താത്തപക്ഷം ഭാവിയിലെ അനുബന്ധരോഗങ്ങളുടെ ചികിത്സാചെലവ് എട്ടും പത്തും മടങ്ങാകും വര്‍ധിപ്പിക്കുക. സാധാരണക്കാരന്‍ അവന്റെ വരുമാനത്തിന്റെ 60 ശതമാനംവരെ പ്രമേഹചികിത്സക്കായി മാത്രം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനായിട്ടാകണം ഓരോ രോഗിക്കും അനുയോജ്യമായ വിധത്തിലുള്ള ആധുനിക ചികിത്സാസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍.
തുടര്‍ച്ചയായ ഗ്ളൂക്കോസ് നിരീക്ഷണപദ്ധതി?
2005ലാണ് ഞങ്ങളാദ്യമായി കേരളത്തില്‍ കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിറ്ററിങ് ഉപയോഗിച്ചുതുടങ്ങിയത്. ആ സാങ്കേതികവിദ്യ ഇന്ന് ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. ഐപ്രോ 2 (Ipro 2) എന്ന സെന്‍സര്‍ കൂടാതെ ലൈബര്‍ പ്രോ (Libre pro) എന്ന പുത്തന്‍ സെന്‍സര്‍കൂടി ഇപ്പോഴുണ്ട്. ലൈബര്‍ പ്രോ കൈയിലാണ് പതിപ്പിക്കുക. ഓരോ 15 മിനിറ്റും ഇത് രക്തത്തിലെ പഞ്ചസാര തനിയെതന്നെ അതില്‍ രേഖപ്പെടുത്തും. 24 മണിക്കൂറില്‍ 96 പ്രാവശ്യം. അങ്ങനെ തുടര്‍ച്ചയായി 14 ദിവസം, അതും ഗ്ളൂക്കോമീറ്റര്‍ ഉപയോഗിക്കുകയോ, സൂചികൊണ്ട് രക്തപരിശോധന നടത്തുകയോ ചെയ്യേണ്ടതില്ല! ഇത് അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടുപിടിത്തമാണ്. പ്രമേഹരോഗികള്‍ക്ക് പ്രമേഹത്തിന്റെ ആരംഭാവസ്ഥയിലാണെങ്കില്‍പ്പോലും വളരെ അപ്രതീക്ഷിതമായാണ് പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും. ഇത് ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് മാസത്തിലൊരിക്കല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്തി പ്രമേഹം ചികിത്സിക്കുന്നത് വിഡ്ഢിത്തമാണെന്ന് കഴിഞ്ഞ 20 വര്‍ഷങ്ങളിലേറെയായി ഞങ്ങള്‍ ഗവേഷകര്‍ ആവര്‍ത്തിച്ചുപറയുന്നത്.
രക്തത്തിലെ പഞ്ചസാര രാത്രി കിടന്നുറങ്ങുന്ന വേളയിലും ആഹാരം കഴിച്ച് ഒരുമണിക്കൂര്‍, രണ്ടുമണിക്കൂര്‍, മൂന്നുമണിക്കൂര്‍, വ്യായാമത്തിന് മുമ്പും, വ്യായാമവേളയിലും, അതിനുശേഷവും അങ്ങനെ പലപല കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുമ്പോഴുള്ള പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ ഇതിലൂടെ നമുക്ക് അളന്നുതിട്ടപ്പെടുത്താനും, അതിലൂടെ ഔഷധങ്ങളുടെ ഉപയോഗത്തില്‍ വ്യത്യാസങ്ങള്‍ വരുത്താനും സാധിക്കുന്നു. പ്രമേഹ ചികിത്സാസംഘത്തിന്റെ നിര്‍ദേശപ്രകാരം 14 ദിവസത്തെ ഗ്രാഫ്, അതായത് ആംബുലേറ്ററി ഗ്ളൂക്കോസ് പ്രൊഫൈല്‍ (ambulatory glucose profile)വിശകലനംചെയ്ത് ഭക്ഷണത്തിലും വ്യായാമത്തിലും പുനക്രമീകരണങ്ങള്‍ വരുത്താനും സാധിക്കും.
640ജി ഇന്‍സുലിന്‍ പമ്പ്
കൃത്രിമ പാന്‍ക്രിയാസ് ഗണത്തില്‍പ്പെടുന്ന ആദ്യത്തെ ഉപകരണമാണ് 640ജി ഇന്‍സുലിന്‍ പമ്പ്. 640ജി എന്ന ആധുനിക ഇന്‍സുലിന് നിരവധി സവിശേഷതകളാണുള്ളത്. രക്തത്തിലെ പഞ്ചസാര അപകടകരമാംവിധം കുറഞ്ഞുപോയാല്‍ പെട്ടെന്ന് മരണംവരെ സംഭവിക്കാം. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കും, ഇതൊരു സാധാരണ കാരണമാണ്, പ്രത്യേകിച്ച് ഉറക്കത്തില്‍. പഞ്ചസാര കുറയാതെ അരമണിക്കൂറിനു മുമ്പുതന്നെ അതിനെക്കുറിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് ഇന്‍സുലിന്‍ ഉള്ളിലേക്കു കടക്കുന്നത് ഈ ഉപകരണം നിര്‍ത്തലാക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലേക്കെത്തുമ്പോള്‍ ഇന്‍സുലിന്‍ പഴയതുപോലെ ഉള്ളിലേക്ക് കടന്നുതുടങ്ങും. ആര്‍ട്ടിഫിഷ്യ പാന്‍ക്രിയാസ് ഗണത്തില്‍പ്പെടുന്ന ഈ ഉപകരണത്തിന് ഏകദേശം ആറുലക്ഷം രൂപയാണ് വില. പ്രതിമാസം 10,000 രൂപ മുതല്‍, 15,000 രൂപവരെ ചെലവായിക്കൊണ്ടിരിക്കും. അതീവ ഗുരുതരങ്ങളായ അനുബന്ധരോഗങ്ങള്‍ പ്രധാന അവയവങ്ങളില്‍ തടയാന്‍കഴിയും എന്നതിനാല്‍ വൈദ്യശാസ്ത്രരംഗത്ത് ഇതൊരു പ്രധാന കണ്ടുപിടിത്തമായാണ് കണക്കാക്കപ്പെടുന്നത്.
ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കും, ഗുരുതരമായ ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും, ഇത് പ്രയോജനപ്പെടും. അവശത അനുഭവിക്കാത്ത ജോലികളിലൊന്നും ഏര്‍പ്പെടാന്‍ കഴിയാത്തവര്‍ക്ക്, ഇത് ഉപയോഗിക്കണമെന്നില്ല.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വളരെ വ്യാപകമായി ലോകംമുഴുവന്‍ ഉപയോഗിച്ചുതുടങ്ങിയ ഇന്‍ജക്ഷനുകളാണ് ഇന്‍ക്രെടിന്‍സ്. ഇന്‍സുലിന്‍ കൂടാതെ പ്രമേഹരോഗചികിത്സയില്‍ ഉപയോഗിക്കുന്ന കുത്തിവയ്പുകള്‍ ഇവ മാത്രമാണ്.
പഞ്ചസാര സാധാരണ നിലയിലാക്കുന്നതു കൂടാതെ മറ്റ് നിരവധി ഉപയോഗപ്രദമായ ഫലങ്ങള്‍കൂടി; പ്രധാനമായും ഹൃദയത്തിന്റെ സംരക്ഷണച്ചുമതലകൂടി ഇത്തരം ഔഷധങ്ങള്‍ക്കുണ്ട്. പ്രതിമാസം 10,000 രൂപമുതല്‍ 15,000 രൂപവരെയാണ് ചെലവാകുക. പ്രാരംഭത്തില്‍ ചില രോഗികള്‍ക്ക് മനംപിരട്ടലും, ഛര്‍ദിലും അനുഭവപ്പെട്ടുവെന്നുവരാം. പക്ഷെ, ഇതൊരു ഗുരുതര പാര്‍ശ്വഫലമല്ല. ഈ ഔഷധശൃംഖലയുടെ പ്രവര്‍ത്തനരീതിയാണിത്. ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
ഗ്ളിഫ്ളോസിന്‍സ് വളരെ പ്രചാരത്തിലായിക്കഴിഞ്ഞ മറ്റൊരു ചികിത്സോപാധിയാണ്. രക്തത്തിലെ അധികമുള്ള പഞ്ചസാര മൂത്രത്തിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയുന്ന ഗുളികകളാണിവ. ഈ വിഭാഗത്തില്‍പെട്ട നിരവധി അംഗങ്ങള്‍ ഇപ്പോഴുണ്ട്്. ഇവ ഉപയോഗിക്കുമ്പോള്‍ രോഗികള്‍ സാധാരണയെക്കാളും കുറച്ചുകൂടി വെള്ളം ദിവസേന കുടിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനും ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇവയ്ക്ക് താരതമ്യേന വില കൂടുതലാണ്.
പ്രമേഹ പ്രതിരോധത്തിന് 5 മാര്‍ഗങ്ങള്‍
ഇന്ന് ചികിത്സക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരുന്ന ഒരു രോഗമാണ് പ്രമേഹം. ചില നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ രണ്ടു കാരണങ്ങളാല്‍ ‘ഭാവിയില്‍ സന്തോഷിക്കാം. ഒന്ന് അവശതകള്‍ വന്നുവിളിക്കില്ല. രണ്ട് അനാവശ്യമായ ചികിത്സാചെലവും ഉണ്ടാകില്ല.
1. പ്രമേഹം കണ്ടെത്തുന്ന മാത്രയില്‍ തന്നെ രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, രക്തസമ്മര്‍ദ്ദം ഇവ കൂടുതലാണ് എങ്കില്‍ ഔഷധങ്ങള്‍ സ്വീകരിക്കുക തന്നെ വേണം. ഹൃദയാഘാതമോ, ഉണങ്ങാത്ത ഒരു മുറിവോ വരുമ്പോള്‍ മാത്രം വിദഗ്ധ ചികിത്സ തേടിപോകുന്നത് വൈകിപ്പോകും.
2. 30 മിനിട്ട് നടത്തം.
പ്രമേഹചികിത്സയില്‍ ഔഷധങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ള ഒന്നാണ് എല്ലാ ദിവസവും അരമണിക്കൂറെങ്കിലും അല്‍പ്പം വേഗത്തില്‍ നടക്കുക എന്നത്. എല്ലാ ദിവസവും സാധിച്ചില്ല എങ്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മതിയാകും.
3. ഉറക്കം.
രാത്രി കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ‘ഭംഗിയായി ഉറങ്ങുവാന്‍ സാധിക്കണം. അമിതവണ്ണമുള്ള പ്രമേഹരോഗികള്‍ക്ക് പ്രത്യേകിച്ചും കൂര്‍ക്കംവലി കൂടെയുണ്ട് എങ്കില്‍ ഉറക്കത്തിനും ശ്വാസത്തിനും തടസ്സം സംഭവിച്ചുകൊണ്ടേയിരിക്കും. ഉറക്കം കുറവാണ് എങ്കില്‍ പ്രമേഹ ചികിത്സാസംഘവുമായി അത് തുറന്നു സംസാരിക്കുക.
4. രക്തപരിശോധന
പ്രമേഹരോഗികള്‍ രക്തപരിശോധന നടത്തേണ്ടത് രക്തത്തിലെ പഞ്ചസാര നിര്‍ണയിക്കുവാന്‍ വേണ്ടി മാത്രമല്ല. പ്രമേഹം രക്തത്തില്‍ മാത്രം സംഭവിക്കുന്ന ഒരു രോഗമല്ല. എവിടെയെല്ലാം ശരീരത്തില്‍ രക്തം ഓടുന്നുവോ അവിടെയെല്ലാം രോഗബാധ സംഭവിക്കാം. മൂന്നു മാസത്തിലൊരിക്കലെങ്കിലും രക്തത്തിലെ കൊഴുപ്പ്, യൂറിക് ആസിഡ്, വൃക്ക, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കണം.
5. രക്തത്തിലെ പഞ്ചസാരയുടെ പരിശോധന രോഗി നടത്തേണ്ടതാണ്. പ്രമേഹ ചികിത്സാസംഘത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ആഹാരത്തിനു മുമ്പും ആഹാരത്തിനു ശേഷവും രക്തപരിശോധന നടത്തണം. ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് പലയാവര്‍ത്തി ഇതെല്ലാ ദിവസവും വേണ്ടിവരും. പ്രാരംഭത്തിലേതന്നെ ശരിയായ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഇത് ഒന്നോ രണ്ടോ ആഴ്ചകളില്‍ ഒരിക്കല്‍ മാത്രം മതിയാകും.
(പ്രശസ്ത പ്രമേഹചികിത്സാവിദഗ്ധനും കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഡോ. ജോതിദേവ്സ് ഡയബറ്റിസ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)
www.youtube.com/jothydev
www.jothydev.net










0 comments