17 October Wednesday

എച്ച് ഐ വി സത്യവും മിഥ്യയും

ഡോ. ഷെരീഖ് പി എസ് Updated: Thursday Dec 7, 2017

ഈ ഡിസംബര്‍ ഒന്നിന് ഒരു എയ്ഡ്സ്ദിനംകൂടി കടന്നുപോയി. എയ്ഡ്സ് രോഗി എന്നു കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മനസ്സില്‍ പലവിധ ചിന്തകള്‍ വരാറുണ്ട്. എന്നാല്‍ ആളുകള്‍ ധരിച്ചുവച്ചിരിക്കുന്ന പല കാര്യങ്ങളും യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മിഥ്യകളാണ്.

എന്താണ് എയ്ഡ്സ്
ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന പേരുള്ള വൈറസ്മൂലം ഉണ്ടാകുന്ന രോഗമാണ് എയ്ഡ്സ്. എച്ച്ഐവി   അണുബാധമൂലം ഉണ്ടാകുന്ന ഈ രോഗം പകരുന്നത് ലൈംഗികബന്ധങ്ങളിലൂടെയും രോഗംബാധിച്ച ആളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗര്‍ഭിണിയായ സ്ത്രീയില്‍നിന്ന്കുഞ്ഞിലേക്കും ആണ്. കൃത്യമായി അണുവിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ള കുത്തിവയ്പുകളും അപൂര്‍വം അവസരങ്ങളില്‍ രോഗം പകര്‍ത്താറുണ്ട്. ശരീരത്തിനകത്തേക്ക് കയറുന്ന വൈറസ് ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്നു. ശ്വേതാണുക്കളിലെ ഒരുവിഭാഗമായ ഇഉ4 കോശങ്ങളുടെ അളവ് ശരീരത്തില്‍ കുറഞ്ഞുവരും. ഇങ്ങനെ പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് പുതിയ അണുബാധകള്‍ ശരീരത്തില്‍ ഉണ്ടാവുകയും രോഗിയുടെ നില വഷളാവുകയും ചെയ്യുന്നു. ഇന്ത്യയില്‍ അധികം രോഗികളും കീഴടങ്ങുന്നത് ക്ഷയരോഗത്തിലാണ്. അപൂര്‍വമായി ഫംഗസ് അണുബാധകളും കാണുന്നുണ്ട്.

ലക്ഷണങ്ങള്‍
അസുഖം ബാധിച്ച ആള്‍ക്ക് വിട്ടുമാറാത്ത പനി, വിശപ്പുകുറവ്, ശരീരഭാരം കുറയുക, വിട്ടുമാറാത്ത വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ചില ആളുകള്‍ക്ക് ഈ രോഗം മൂര്‍ച്ഛിക്കുന്നതുവരെപ്രത്യേക ലക്ഷണങ്ങളൊന്നും  കാണാറുമില്ല. ചില പ്രത്യേകതരം അണുബാധകള്‍കൊണ്ടുണ്ടാകുന്ന മസ്തിഷ്കജ്വരം, ശ്വാസകോശങ്ങളിലെ അണുബാധകള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവയും ഇത്തരം രോഗികളില്‍ കാണാറുണ്ട്.

രോഗനിര്‍ണയം
ഈ രോഗം കൃത്യമായ രോഗനിര്‍ണയ പരിശോധനയായ എലിസടെസ്റ്റിലൂടെ നേരത്തെ കണ്ടുപിടിക്കാവുന്നതാണ്. ഇതാകട്ടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൌജന്യമായിതന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ രോഗനിര്‍ണയംചെയ്യപ്പെട്ട രോഗിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗത്തിന്റെ തീവ്രത കണ്ടുപിടിക്കാം.

ചികിത്സ
മറ്റ് അണുബാധകളെ അപേക്ഷിച്ച് എച്ച്ഐവിബാധ ഉള്ളയാള്‍ ആയുഷ്കാലം മുഴുവനുംമരുന്നുകഴിക്കണം.മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗികഴിക്കേണ്ട ഗുളികകളുടെ എണ്ണംവളരെകുറവാണ്. ഒന്നോ രണ്ടോ ഗുളികയെ ഒരുദിവസം രോഗികഴിക്കേണ്ടതുള്ളു.എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായി മരുന്നുകഴിക്കുക എന്നത് രോഗത്തെ പിടിച്ചുനിര്‍ത്താന്‍ വളരെ അത്യന്താപേക്ഷിതമാണ്. ഇങ്ങനെ കൃത്യമായി മരുന്നുകഴിക്കുന്ന ഒരു രോഗി സാധാരണ ഒരുമനുഷ്യന്റെ ശരാശരി ആയുസ്സുവരെജീവിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പകരുന്നവിധം, ആശങ്ക വേണ്ട
ഈ രോഗമുള്ള ഒരു രോഗിയുടെ കൂടെ താമസിക്കുന്നതിലൂടെയോ, ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിലൂടെയോ അസുഖം പകരുന്നതല്ല. എന്നാല്‍ രോഗി ഉപയോഗിച്ച ഷേവിങ് ബ്ളേഡുകള്‍, ബ്രഷുകള്‍ എന്നിവ വേറെ ആരും ഉപയോഗിക്കരുത്. അസുഖം ഇല്ലാത്ത ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധ ഉറ ധരിക്കേണ്ടതാണ്. അറിയേണ്ട ഒരു വസ്തുത ഗര്‍ഭിണിയായ ഒരു സ്ത്രീ കൃത്യമായി മരുന്നുകഴിച്ചാല്‍ കുഞ്ഞിന് ഈ വൈറസ്ബാധ വരാനുള്ള സാധ്യത വളരെ കുറവാണ്.
എച്ച്ഐവി ബാധയുള്ള രോഗിയെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് രോഗിക്കും കുടുംബത്തിനും തീരാദുഃഖമാണ് നല്‍കുന്നത്. ഒരു ബെഞ്ചിലിരുന്ന് പഠിക്കുന്നതിലൂടെയൊന്നും ഈ അസുഖം പകരില്ല. സാധാരണ ഒരു പൌരന്റെ എല്ലാ അവകാശങ്ങളും ഈ രോഗിക്കും ഉണ്ടെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം.
(തിരുവനന്തപുരം പട്ടം എസ്യുടി ആശുത്രിയില്‍ ഇന്‍ഫക്ഷണല്‍ ഡിസീസസില്‍കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

എയ്ഡ്സ് കേരളത്തില്‍ കുറയുന്നു
കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന നല്ല റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലും അതുപോലെ ഇത്തവണത്തെ എയ്ഡ്സ് ദിനത്തിലും  പുറത്തുവന്നത്.

ലോകത്ത് 36.7 ദശലക്ഷംപേരാണ് എച്ച്ഐവി ബാധിതരെന്ന് ഈ ഡിസംബര്‍ ഒന്നിന്റെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 1984ല്‍ ഈ വൈറസ് സ്ഥിരീകരിക്കപ്പെട്ടശേഷം 35 ദശലക്ഷംപേര്‍ രോഗബാധയാല്‍ മരിച്ചിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും രോഗബാധയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ലോകമാകെതന്നെ എച്ച്ഐവി ബാധ കുറയ്ക്കുവാന്‍ കാരണമായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഇതിനെതിരായ ബോധവല്‍ക്കരണം തുടര്‍ന്നുകൊണ്ടേയിരുന്നാലേ ഭാവിതലമുറയെ രക്ഷിക്കാനാവൂ.

 

പ്രധാന വാർത്തകൾ
Top