11 December Tuesday

"പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ മേല്‍ശാന്തിയാണ് ഞാനെന്ന് അറിയില്ലായിരുന്നു. - മേല്‍ശാന്തിയാകുന്ന ആദ്യ ദളിത് യുവാവായ യദുകൃഷ്ണന്‍ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 3, 2017

യദുകൃഷ്ണന്‍ ഫോട്ടോ: മനു വിശ്വനാഥ്

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയാകുന്ന
ആദ്യ ദളിത് യുവാവായ  യദുകൃഷ്ണന്‍ സംസാരിക്കുന്നു...

? യദുകൃഷ്ണന്‍ ഇപ്പോള്‍ കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എങ്ങനെ കാണുന്നു.

= പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ മേല്‍ശാന്തിയാണ് ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു. ഗുരുനാഥന്റെയും അച്ഛനമ്മമാരുടെയും അനുഗ്രഹമായി ഞാന്‍ ഇതിനെ  കാണുന്നു.

? താങ്കളുടെ ജീവിത പശ്ചാത്തലം ഒന്നു വിശദമാക്കാമോ.

= തൃശൂര്‍ ജില്ലയിലെ കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത് വീട്ടിലാണ് ഞാന്‍ ജനിച്ചത്. പി കെ രവിയും ടി എ ലീലയുമാണ് മാതാപിതാക്കള്‍. രണ്ട് ആണ്‍മക്കളില്‍ ഇളയവനാണ് ഞാന്‍. കൂലിപ്പണിയെടുത്താണ് അച്ഛനും അമ്മയും ഞങ്ങളെ വളര്‍ത്തിയത്. 

 ? ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ക്ഷേത്രത്തിനുള്ളില്‍ കയറാനുള്ള അവകാശമാണ് ലഭിച്ചത്. പക്ഷേ, ഇന്ന് ക്ഷേത്രത്തിലെ പൂജാദികര്‍മങ്ങളുടെ മുഖ്യകാര്‍മികനാകാനുള്ള അവകാശംകൂടി ലഭിച്ചിരിക്കുന്നു. ഇതിനെ എങ്ങനെ വിലയിരുത്തുന്നു.


= അത് എന്റെ സമുദായത്തിന്റെ ഭാഗ്യമായി കരുതുന്നു. പത്ത് വര്‍ഷത്തിലേറെയായി ഞാന്‍ വൈദികപഠനം നടത്തുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഒരു ജീവിതം എനിക്ക് ചെറുപ്പം മുതലേയുണ്ട്. അങ്ങനെയാണ് ഞാന്‍ ശ്രീ ഗുരുദേവ വൈദികതന്ത്ര വിദ്യാപീഠത്തില്‍ എത്തുന്നത്.

 ? ഗുരുനാഥനെക്കുറിച്ച് കൂടുതല്‍ പറയാമോ.

= വിദ്യാപീഠത്തിലെ ബ്രഹ്മശ്രീ കെ കെ അനിരുദ്ധനാണ് എന്റെ ഗുരുനാഥന്‍. എന്റെ കുലമോ ജാതിയോ ഒന്നും ഗുരു ചോദിച്ചില്ല. വൈദിക പഠനത്തിന് അദ്ദേഹം ഒരു ഫീസുപോലും വാങ്ങിയില്ല.

 ? ഇതുവരെ യദുവിനെപ്പോലൊരാള്‍ എന്തുകൊണ്ടാണ് സമുദായത്തില്‍നിന്ന് ഉണ്ടാകാതിരുന്നത്.

= ഇത് എല്ലാവര്‍ക്കും എളുപ്പം കഴിയുന്ന ഒരു കാര്യമാണെന്ന് കരുതുന്നില്ല. ഇതൊരു ജോലിയല്ല. ഉപാസനയാണ്. ഞാന്‍ തന്നെ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ രംഗത്തേക്ക് വന്നത് യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെയാണ്.

തിരുവല്ല മണപ്പുറം മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമിതനായ യദുകൃഷ്ണനെ ദേവസ്വം ബോര്‍ഡ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിക്കുന്നു

തിരുവല്ല മണപ്പുറം മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമിതനായ യദുകൃഷ്ണനെ ദേവസ്വം ബോര്‍ഡ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിക്കുന്നു

? സംസ്കൃതത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍ അക്കാദമിക് മേഖലയിലേക്ക് പോകാതെ വൈദിക പഠനം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്.

= വീട്ടിനടുത്തുള്ള ക്ഷേത്രത്തില്‍ ജ്യേഷ്ഠനോടൊപ്പം ചെറുപ്പത്തില്‍ തൊഴാന്‍ പോകുമായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വിളക്കുവയ്ക്കുകയും മറ്റ് കാര്യങ്ങളിലൊക്കെ സഹായിക്കുകയും ചെയ്യുമായിരുന്നു. ആത്മീയജീവിതത്തോടായിരുന്നു എനിക്ക് പണ്ടേ താല്‍പ്പര്യം. പത്താംക്ളാസ് കഴിഞ്ഞ് സംസ്കൃത പഠനത്തിലേക്ക് തിരിഞ്ഞു. പ്ളസ്ടു പഠിക്കുമ്പോള്‍ പറവൂര്‍ കട്ടത്തുരുത്ത് വാലത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലും പിന്നീട് വലിയകുളങ്ങര ദുര്‍ഗാഭഗവതി ക്ഷേത്രത്തിലും കീഴ്ശാന്തിയായി. ഇത്തരം അനുഭവങ്ങളാണ് എന്നെ ഈ മേഖലയിലേക്ക് കൊണ്ടെത്തിച്ചത്.

 ? ഈ ജീവിതം തെരഞ്ഞെടുത്തപ്പോള്‍ കുടുംബത്തില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നോ.

= അമ്മ വലിയ ഭക്തിയുള്ള ഒരാളായിരുന്നു. അതുകൊണ്ട് എതിര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ല. അവരാണ് എനിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നത്. അച്ഛനും അങ്ങനെതന്നെ.

? ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ദളിത് സമൂഹങ്ങള്‍ പലതരത്തിലുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്.

= ശരിയാണ്. പക്ഷേ, കേരളത്തില്‍ അങ്ങനെയൊന്ന് ഇല്ലല്ലോ. നമ്മള്‍ കുറെക്കൂടി സാംസ്കാരികമായി മുന്‍പന്തിയിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം ഇവിടെയുണ്ട്. അതുപോലെ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും കാലാന്തരേണ കാര്യങ്ങള്‍ മാറി വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 ? ഗുരുവായൂരിലും ശബരിമലയിലും ദളിത് വിഭാഗത്തില്‍നിന്ന് മേല്‍ശാന്തിമാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ.

= ഗുരുവായൂര്‍ സ്വതന്ത്ര ദേവസ്വമാണ്. അവിടത്തെ കാര്യം പറയാന്‍ കഴിയില്ല. ശബരിമലയിലും മറ്റും അങ്ങനെ വരുന്നത് നല്ലതാണ് .


(ദേശാഭിമാനി വാരികയില്‍ നിന്ന് )

 

പ്രധാന വാർത്തകൾ
Top