25 September Tuesday

ഗൂഢാലോചനക്കുറ്റം നിലനില്‍ക്കാന്‍

അഡ്വ. മിനി ഫ്രാന്‍സിസ്Updated: Thursday Jul 27, 2017

ഗൂഢാലോചന നടത്തിയ കുറ്റം വിസ്തരിക്കുന്നത് ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയിലാണ്. കുറ്റകരമായ ഗൂഢാലോചനയ്ക്ക് പ്രത്യക്ഷമായ തെളിവുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. ഗൂഢാലോചന എപ്പോഴും രഹസ്യമായാണ് നടക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ അതില്‍ ചില ഘടകങ്ങള്‍ വേണം. ഈ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്ന പല കോടതിവിധികളും ഉണ്ട്. ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന പ്രതികള്‍ തമ്മില്‍ ഒരു കരാര്‍ ഉണ്ടാകണമെന്നും അങ്ങനെയുള്ള കരാര്‍ നിയമവിരുദ്ധമായ ഒരു കൃത്യംചെയ്യാന്‍ വേണ്ടിയോ, ഒരു കൃത്യം താനെ നിയമ വിരുദ്ധമാക്കാത്തിടത്ത് അത് നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ചെയ്യാന്‍വേണ്ടിയോ ഉള്ളതാകണമെന്നും ബഹു.സുപ്രീം കോടതിPratap Bhai Hamir Bahai Solanki vs State of Gujarath and Anr. -2012 KHC 4603: 2013(1) SCC 613 എന്ന കേസില്‍ വിധിച്ചിട്ടുണ്ട്.

ഗൂഢാലോചന സംബന്ധിച്ച് ആരോപണം മാത്രം പോര, അതിനു തെളിവും വേണം. കുറ്റത്തെക്കുറിച്ചുള്ള അറിവോ ചര്‍ച്ചയോ ഒരു പ്രതിയുടെ മനസ്സില്‍ കുറ്റം ഉത്ഭവിച്ചുവെന്നതോ ഗൂഢാലോചനക്കുറ്റം രൂപീകരിക്കാന്‍ പര്യാപ്തമായ സംഗതിയല്ല. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് നേരിട്ട് തെളിവ് ലഭിക്കില്ലെങ്കിലും സാഹചര്യതെളിവുകള്‍ തെളിയിക്കുന്നതുവഴിയോ സാഹചര്യതെളിവുകളുടെ വ്യഞ്ജിപ്പിക്കല്‍വഴിയോ പ്രോസിക്യൂഷനു കുറ്റകരമായ ഗൂഢാലോചന തെളിയിക്കാം. (Gulam Sarbar vs State of Bihar, 2013 KHC 4810) ഗൂഢാലോചനക്കുറ്റം രൂപീകരിക്കുന്നതിന് കുറ്റത്തില്‍ ഉള്‍പ്പെട്ടയാള്‍ക്കു ഒരു കുറ്റ പ്രവൃത്തിയുടെ എല്ലാ ഘട്ടങ്ങളെക്കുറിച്ചും അറിവുവേണമെന്നില്ലെന്നും ഒരു ഗൂഢാലോചനയുടെ മുഖ്യലക്ഷ്യത്തെക്കുറിച്ചുള്ള അറിവുകൊണ്ടുമാത്രം പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍കഴിയുമെന്നും Shaji R vs State of Kerala (2013 KHC 4098)  എന്ന കേസില്‍ ബഹു. കേരളാ ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. രണ്ടോ അതിലധികമോ ആളുകള്‍ നിയമവിരുദ്ധമായ ഒരു കൃത്യമോ അല്ലെങ്കില്‍ നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ നിയമവിരുദ്ധമല്ലാത്ത ഒരു കൃത്യമോ ചെയ്യാമെന്നോ ചെയ്യിക്കാമെന്നോ പരസ്പരം സമ്മതിക്കുമ്പോള്‍ കുറ്റകരമായ ഗൂഢാലോചനാ കുറ്റം ചെയ്യപ്പെടുന്നു എന്നും ഉദ്ദേശ്യമുള്ളതുകൊണ്ടു മാത്രം കുറ്റമായിതീരാത്ത കുറ്റകരമായ ഗൂഢാലോചനാകുറ്റം പൊതുനിയമത്തിന് അപവാദമാണെന്നും Dharmarajan vs State of Kerala , (2014 KHC 251) ബഹു. കേരളാ ഹൈക്കോടതി വിധിക്കുകയുണ്ടായി.State of Himachal Pradesh vs Krishan Lal Pardhan And Ors. (AIR 1987 SC 773)  എന്ന കേസില്‍ ബഹു. സുപ്രീം കോടതിയും ഇങ്ങനെ സമാനമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. ഒരു കേസില്‍ തെളിയിക്കാന്‍ ഏറെ പ്രയാസമുള്ളതാണ് ഗൂഢാലോചനാ കുറ്റം.

ഗൂഢാലോചനാ കുറ്റം ചുമത്തിയ ഒരു കേസില്‍ രണ്ടു പ്രതികളില്‍ ഒരാള്‍ നിര്‍ദോഷിയാണെന്ന് വിചാരണവേളയില്‍ കണ്ടെത്തിയാല്‍ രണ്ടു പേരെയും കുറ്റവിമുക്തരാക്കേണ്ടിവരും. ഗൂഢാലോചനാ കുറ്റം ചാര്‍ജ്ചെയ്ത് കോടതിയില്‍ എത്തുമ്പോള്‍ പൊലീസ് നിരത്തുന്ന തെളിവുകള്‍ വിചാരണക്കോടതി തലനാരിട കീറി പരിശോധിക്കും. കേസില്‍ സംശയത്തിന്റെ നേരിയ ആനൂകൂല്യംപോലും പ്രതികള്‍ക്ക് ലഭിക്കും. അതിനാല്‍ ഇത്തരം കേസുകളില്‍ തെളിവുകളുടെ കാര്യത്തില്‍ പൊലീസും പ്രോസിക്യൂഷനും അതീവജാഗ്രത പുലര്‍ത്താറുണ്ട്.

email: mpapw@yahoo.com

പ്രധാന വാർത്തകൾ
Top