ad
Deshabhimani

മൈക്രോഗ്രീന്‍ എളുപ്പം തയ്യാറാക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 25, 2017, 04:29 PM | 0 min read


മൈക്രോഗ്രീന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതോ ന്യൂജെന്‍ വിളയാണെന്നേ തോന്നൂ. എന്നാല്‍ വിത്തുമുളച്ച് 15 ദിവസം മാത്രം പ്രായമുള്ള തൈകളാണ് മൈക്രോഗ്രീന്‍. നീളംകുറഞ്ഞ തണ്ടും രണ്ട് ബീജപത്രങ്ങളും രണ്ട് കുഞ്ഞിലകളുമാണ് മൈക്രോഗ്രീനിന്റെ കൈമുതല്‍.

ജീവകം സി, എ, കെ, ഇ എന്നിവയ്ക്കൊപ്പം ധാതുക്കളുടെയും കലവറയാണ്. ഒന്നരയിഞ്ചില്‍ താഴെ മാത്രം പൊക്കമുള്ള മൈക്രോഗ്രീനില്‍ ഒരുവിധ കീടനാശിനിയും ഉണ്ടെന്ന പേടിയും വേണ്ട. പോഷകാംശത്തിന്റെ അളവ് സാധാരണ പച്ചക്കറിയെക്കാള്‍ നാലിരട്ടിയും.

നെല്ല്, ചോളം, തിന, പയര്‍വര്‍ഗങ്ങള്‍, കടുക് തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. പച്ചക്കറി കൃഷിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്കുപോലും മൈക്രോഗ്രീന്‍ തയ്യാറാക്കാം. സുഷിരങ്ങളിട്ട ഒരു പ്ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീന്‍ കൃഷിക്ക് ധാരാളം. മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് വിത്തുപാകാം. എട്ടുമണിക്കൂര്‍ കുതിര്‍ത്ത വിത്താണ് പാകാന്‍ ഉപയോഗിക്കേണ്ടത്. ട്രേയുടെ എല്ലാ‘ഭാഗത്തും വരത്തക്കവണ്ണം കുറച്ച് വിത്തുമാത്രം വിതച്ചാല്‍ മതി. വിത്തിനു മുകളില്‍ നേരിയ കനത്തില്‍ മണ്ണിടണം. നേര്‍ത്ത നന നല്‍കാം. മുളച്ചുവരുന്ന തൈകള്‍ക്ക് രണ്ടില പ്രായമായാല്‍ മൈക്രോഗ്രീന്‍ വിളവെടുക്കാം. വളര്‍ച്ച കൂടുന്നതനുസരിച്ച് മൈക്രോഗ്രീനിന്റെ പോഷകഗുണം കുറയും. ഉലുവയും കടുകും പയറും ഉള്‍പ്പെടെ അടുക്കളയിലും ഏതു വിത്തും മൈക്രോഗ്രീനാക്കി നോക്കൂ…വിജയം സുനിശ്ചിതം.

വീണാറാണി ആര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  നീലേശ്വരം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home