ഹൃദയാരോഗ്യം... ശീലങ്ങള്‍ മാറണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2017, 04:28 PM | 0 min read

കഴിഞ്ഞ ലക്കത്തിന്റെ തുടര്‍ച്ച

ശീലം 4.

കൊളസ്ട്രോളും ബിപിയും കുറഞ്ഞാല്‍ മരുന്നു നിര്‍ത്താം
കൊളസ്ട്രോളിന്റെയും പ്രഷറിന്റെയും കാര്യത്തില്‍ മാത്രമല്ല, പല രോഗാതുരതകളുടെയും കാര്യത്തില്‍ മലയാളിയുടെ മനോഭാവം അതിശയം ഉളവാക്കുന്നു. പനിക്കോ തലവേദനയ്ക്കോ ഒക്കെ മരുന്നുകള്‍ സേവിച്ചാല്‍ അഞ്ചോ ആറോ ദിവസംകൊണ്ട് രോഗം സുഖപ്പെടുന്നു. അപ്പോള്‍ അവയ്ക്കുള്ള മരുന്നുകള്‍ പൂര്‍ണമായി നിര്‍ത്തുകയും ചെയ്യാം. സാധാരണ പനിക്കുള്ള മരുന്നുകള്‍ ഏതാണ്ട് അഞ്ചുദിവസത്തേക്കാണ് കൊടുക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ അത്രമാത്രം കൊടുത്താല്‍ മതി. എന്നാല്‍ വിവിധ രോഗാവസ്ഥകളുടെ ചികിത്സാ കാലാവധി തികച്ചും വിഭിന്നമാണ്. പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ കാര്യമെടുത്താല്‍ ഏതാണ്ട് എല്ലാ മരുന്നുകളും കൊടുക്കേണ്ടത് ആജീവനാന്ത കാലമാണ്.

കൊളസ്ട്രോളും പ്രഷറും ശരീരത്തില്‍ കൂടുന്നത് പല കാരണങ്ങളാലാണ്. പാരമ്പര്യപ്രവണത, ജീവിത-ഭക്ഷണ ചര്യകളിലെ വികലതകള്‍, തെറ്റായ ശീലങ്ങള്‍, മറ്റു രോഗാവസ്ഥയില്‍ അനന്തരഫലമായിഉണ്ടാകുന്ന അവസ്ഥകള്‍, ഹോര്‍മോണ്‍വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ മുതലായവയാണ് പ്രധാന കാരണങ്ങള്‍. അപ്പോള്‍ ഈ മൂലകാരണങ്ങളെ നിയന്ത്രിച്ച് കൊളസ്ട്രോളും പ്രഷറും ക്രമപ്പെടുത്താനുള്ള പ്രത്യേക ഔഷധങ്ങളാണ് ഡോക്ടര്‍ നല്‍കുക. അതായത് ഓരോരുത്തരിലും ഓരോ രോഗത്തിനു കൊടുക്കുന്ന മരുന്നുകള്‍ മിക്കവാറും വിഭിന്നമാകും എന്നര്‍ഥം. ഉദാഹരണത്തിന്, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവംമൂലം വര്‍ധിക്കുന്ന കൊളസ്ട്രോളിന്റെ ചികിത്സ, സ്റ്റാറ്റിന്‍ മരുന്നുകളോടൊപ്പം ഹോര്‍മോണും പ്രത്യേക അളവില്‍ കൊടുക്കണം.

ഒപ്പം ജീവിത-ഭക്ഷണ ക്രമീകരണവും. ഈ സാഹചര്യത്തില്‍ കൊളസ്ട്രോള്‍ അല്‍പ്പം കുറഞ്ഞുകണ്ടാല്‍ മരുന്നുകള്‍ നിര്‍ത്തുന്നതും സ്വീകാര്യമാണോ? വികലമായ ജീവിതചര്യകളെയും അപഥ്യമായ ഭക്ഷണശൈലികളെയും ക്രമീകരിക്കുന്നതോടെ കൊളസ്ട്രോളും പ്രഷറും ഒരുപരിധിവരെ നിയന്ത്രണവിധേയമാകും. എന്നാല്‍ അവ എപ്പോഴും നിശ്ചിത പരിധികള്‍ക്കുള്ളിലായാലേ പ്രയോജനമുള്ളു. ചിലര്‍ പറയാറുണ്ട്, ഡോക്ടറെ മരുന്നു വേണ്ട, ഞാന്‍ ഭക്ഷണം നിയന്ത്രിച്ച് കൊളസ്ട്രോള്‍ കുറച്ചുകൊള്ളം, മരുന്നു തുടങ്ങിയാല്‍ പിന്നെയത് നിര്‍ത്താന്‍പറ്റുമോ?'. അക്കൂട്ടരോട് ഞാന്‍ പറയുന്നതിതാണ്, 'മരുന്നു താങ്കള്‍ കഴിക്കേണ്ട, എന്നാല്‍ താങ്കളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ എപ്പോഴും പരിധിക്കുള്ളിലാവണം'. അക്കൂട്ടര്‍ ചെയ്യുന്നതിതാണ്. ഒന്നുരണ്ടു മാസത്തേക്ക് ഭക്ഷണം നിയന്ത്രിക്കും. പിന്നെ അതങ്ങ് സൌകര്യപൂര്‍വം മറക്കും. അല്‍പ്പംകുറഞ്ഞ കൊളസ്ട്രോള്‍ പിന്നെയും അധികരിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് വൈദ്യനിര്‍ദേശം കൂടാതെ ഒരിക്കലും ഔഷധസേവ നിര്‍ത്തരുതെന്ന് നിഷ്കര്‍ഷിക്കുന്നത്. പലര്‍ക്കും ജീവിത-ഭക്ഷണ ക്രമീകരണം പറയുന്നതുപോലെ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നില്ല. അതിനുള്ള നിശ്ചയദാര്‍ഢ്യം മലയാളിക്ക് പൊതുവെ കുറവാണ്്.  പിന്നെയെന്തിന് സ്വയംചികിത്സകനാകണം. മരുന്നു കഴിക്കേണ്ടതിന്റെ കാലാവധി നിശ്ചയിക്കുന്നത് ഡോക്ടറാണ്്. ഡോക്ടറെ പൂര്‍ണവിശ്വാസത്തോടെ അനുസരിക്കുക മാത്രം ചെയ്യുക.
 

ശീലം 5 

5. ആന്‍ജിയോ പ്ളാസ്റ്റിയും ബൈപാസ് സര്‍ജറിയും ഉള്ളപ്പോള്‍ പിന്നെന്തു ഭയപ്പാട്?
'എന്ത് ഹാര്‍ട്ട് അറ്റാക്കും വന്നോട്ടെ, ആന്‍ജിയോപ്ളാസ്റ്റിയും ബൈപാസുമുള്ളപ്പോള്‍ പിന്നെന്തിനു പേടിക്കണം? ഈ മനോഭാവം മലയാളിക്കു സ്വന്തം. പ്രത്യേകിച്ച് പണക്കാരന്‍കൂടിയായാല്‍ പിന്നെ സാങ്കേതിക ചികിത്സാവിധികളുടെ അത്ഭുതസിദ്ധികളില്‍ മാത്രമാണ് വിശ്വാസം. ഒരാള്‍ക്ക് ഹൃദ്രോഗമോ സംഹാരതാണ്ഡവമാടുന്ന ഹാര്‍ട്ട് അറ്റാക്ക്തന്നെയോ ഉണ്ടാകാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് പ്രവചിക്കാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അയാളുടൈ ജീവിതരീതിയും ആഹാരശൈലിയും ഭാരവും ശരീരവടിവും വ്യായാമനിലവാരവും ആപത്ഘടകങ്ങളുടെ അതിപ്രസരവും ഒക്കെ വിലയിരുത്തി അയാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് പ്രവചിക്കാന്‍ സാധിക്കും. വിദേശത്ത് ആപത്ഘടകങ്ങളുടെ രൂക്ഷതയെപ്പറ്റി അറിവുണ്ടായപ്പോള്‍ അത് ക്രമീകരിക്കാന്‍ അവര്‍ സന്നദ്ധരായി. അങ്ങനെ അവിടെ ഹൃദ്രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്ത്യയിലാകട്ടെ അറിവ് പലര്‍ക്കുമില്ല, ഇനി അറിവുള്ളവര്‍തന്നെ അതത്ര കാര്യമാക്കുന്നുമില്ല.
വളരെ ചെറിയ പ്രായത്തില്‍പ്പോലും ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗം ഉണ്ടാകുന്നു എന്ന യാഥാര്‍ഥ്യം ലോകം അംഗീകരിച്ചുകഴിഞ്ഞു.  ശക്തമായ പാരമ്പര്യപ്രവണത ഉള്ളവര്‍പോലും ആപത്ഘടകങ്ങളുടെ നേര്‍ക്ക് ലാഘവത്വം കാട്ടുന്നു. രോഗാതുരതയിലേക്കു നയിക്കുന്ന അപകടങ്ങള്‍ ഏതെന്നു തിരിച്ചറിഞ്ഞ് അവയെ കാലോചിതമായി പിടിയിലൊതുക്കി ജീവിതഗതി മെച്ചപ്പെടുത്തണം. അതിനുപകരം, 'ആന്‍ജിയോപ്ളാസ്റ്റിയും ബൈപാസ് സര്‍ജറിയും ചെയ്യുന്ന ആശുപത്രി അടുത്തുള്ളപ്പോള്‍ പിന്നെന്തിന് വ്യാകുലരാകണം' എന്ന തെറ്റായ മനോഭാവമാണ് മിക്കവര്‍ക്കും. ആന്‍ജിയോപ്ളാസ്റ്റിയും ബൈപാസ് സര്‍ജറിയും ഹൃദ്രോഗ പരിപാലനരംഗത്തെ വിശിഷ്ടങ്ങളായ ചികിത്സാവിധികളാണ്. അവകൊണ്ടുള്ള പ്രയോജനവും ഏറെ. എന്നാല്‍ അവ ഒഴിവാക്കാന്‍ പറ്റുമെന്നു പറഞ്ഞാല്‍ അതല്ലേ മെച്ചം. രോഗം വന്നിട്ട് ഹൃദയഭാഗങ്ങളില്‍ മിനുക്കുപണികള്‍ ചെയ്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നതാണ്. എത്ര അത്യാധുനിക മിനുക്കുപണിക്കും ശരീരത്തെ സമൂലമായി രോഗാതുരമാക്കുന്ന പ്രതിഭാസങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്നുവരില്ല. ഇനി നിങ്ങള്‍ അന്‍ജിയോപ്ളാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ ചെയ്തെന്നിരിക്കട്ടെ. നിങ്ങള്‍ അന്നുവരെ അനുവര്‍ത്തിച്ചുപോന്ന വികലമായ ജീവിതരീതിയും അശാസ്ത്രീയമായ ഭക്ഷണശൈലിയും തുടര്‍ന്നുകൊണ്ടുപോയാല്‍ നിങ്ങളുടെ മറ്റ് ഹൃദയധമനികളിലും അധികംതാമസിയാതെ ബ്ളോക്കുകളുണ്ടാകും. അപ്പോള്‍ പ്രതിരോധമാണ് ഹൃദ്രോഗചികിത്സക്ക് കാതല്‍.

അഞ്ചു കാര്യങ്ങള്‍  ഓര്‍മിക്കുക.
1. അനേകരെ കൊന്നൊടുക്കുന്ന സര്‍വസാധാരണവും ഭീതിതവുമായ ഒരു രോഗതുരയായി മാറിക്കഴിഞ്ഞു ഹൃദ്രോഗം.
2. സമുചിതമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങള്‍കൊണ്ട് നിയന്ത്രണവിധേയമാക്കാവുന്നതാണ് ഈ രോഗം.
3. രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ ദീര്‍ഘകാലമെടുക്കും.
4. രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഹാര്‍ട്ട് അറ്റാക്കോ പെട്ടെന്നുള്ള മരണമോ സാധിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്.
5. ധമനികളില്‍ ബ്ളോക്കുണ്ടാക്കുന്ന പൊതുവായ ദുരിതാവസ്ഥ ഗുരുതരമായാല്‍ ശാശ്വതമായ ഒരു പരിഹാരവുമില്ല.

(എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

കഴിഞ്ഞ ലക്കം ഇവിടെ വായിക്കാം:

ഹൃദയാരോഗ്യം... മാറണം മലയാളിയുടെ ശീലങ്ങള്‍


 



deshabhimani section

Related News

View More
0 comments
Sort by

Home