24 September Monday

തേനിലെ മായം കണ്ടെത്താം

സോമു മലപ്പട്ടംUpdated: Thursday Oct 19, 2017



ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച കൊഴുപ്പുരഹിത ഭക്ഷണ പദാര്‍ഥങ്ങളിലൊന്നാണ് തേന്‍.
അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ഔഷധമെന്ന കീര്‍ത്തിയും തേനിനുണ്ട്. പഞ്ചസാര, ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ്, പ്രോട്ടീന്‍, ഇരുമ്പ്, അമിനോ ആസിഡ്, എന്നിവയെല്ലാം അടങ്ങിയ ഒന്നാന്തരം ഊര്‍ജദായക ഔഷധപദാര്‍ഥംകൂടിയാണിത്.

താരതമ്യേന കുറഞ്ഞ ഉല്‍പ്പാദനവും കൂടിയ ആവശ്യവും കാരണം മായംചേര്‍ക്കല്‍ ഏറ്റവുമധികം നേരിടുന്ന ഉല്‍പ്പന്നമായാണ് ഭക്ഷ്യസുരക്ഷാവകുപ്പ് തേനിനെ പട്ടികപ്പെടുത്തിയിട്ടുള്ളത്. ടാര്‍ട്രാസിന്‍, സണ്‍സെറ്റ്, കാര്‍മോഡി തുടങ്ങിയ രാസവസ്തുക്കള്‍ തേനിന് കളറുകള്‍ ലഭിക്കുന്നതിനായി ചേര്‍ക്കുന്നവയാണ്. ഇതിനുപുറമെ പഞ്ചസാര, ശര്‍ക്കര, ജിപ്‌സം, ഗ്രീസ്, കരിഓയില്‍ തുടങ്ങിയവയും മായംചേര്‍ക്കുന്നതിനായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മായം കലര്‍ന്ന തേന്‍ തിരിച്ചറിയുന്നതെങ്ങനെ?

  ചെറിയ ചെറിയ പരിശോധന, നിരീക്ഷണങ്ങള്‍ തുടങ്ങിയവകൊണ്ട് നമ്മുക്കുതന്നെ തേനിലുള്ള മായം തിരിച്ചറിയാന്‍ സാധിക്കും.
* കുറച്ച് പഞ്ഞിയെടുത്ത് നീളത്തില്‍ ചുരുട്ടി തേനില്‍ മുക്കുക. അല്‍പ്പംകഴിഞ്ഞ് പ്രസ്തുത പഞ്ഞി കത്തിച്ചുനോക്കുക. പഞ്ഞി നന്നായി കത്തുന്നുണ്ടെങ്കില്‍ ആയതില്‍ മായമില്ല. കത്തുമ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടാകുന്നുണ്ടെങ്കില്‍ ആയതില്‍ മായം ചേര്‍ന്നിട്ടുണ്ട്.

* മറ്റൊരു രീതി ഇതാണ്
ഒരു കുപ്പിഗ്ലാസില്‍ വെള്ളമെടുത്ത് മേശപ്പുറത്തുവയ്ക്കുക. വെള്ളം  നിശ്ചലമായശേഷം പ്രസ്തുത വെള്ളത്തിലേക്ക് മൂന്നുതുള്ളി തേന്‍ ഇറ്റിക്കുക. ഇറ്റിച്ച തേന്‍ അലിയാതെ തുള്ളിയായിത്തന്നെ നില്‍ക്കുന്നുണ്ടെങ്കില്‍ പ്രസ്തുത തേന്‍ ശുദ്ധമാണ്. തേന്‍തുള്ളി സാവകാശം അലിയുന്നുണ്ടെങ്കില്‍ ആയതില്‍ പഞ്ചസാര ചേര്‍ത്തിട്ടുണ്ടെന്ന് അര്‍ഥം.

* ഇതാ വേറൊരു രീതി
ഒരു കുപ്പിഗ്ലാസില്‍ അല്‍പ്പം തേന്‍ എടുക്കുക. അതില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് തേന്‍ നേര്‍പ്പിക്കുക. ഇതിലേക്ക് രണ്ടുതുള്ളി വിനാഗിരി ചേര്‍ക്കുക. ഉടന്‍തന്നെ തേന്‍വെള്ളം പതഞ്ഞുയരാന്‍ തുടങ്ങുന്നുണ്ടെങ്കില്‍ ആയതില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന കാര്യം ഉറപ്പ്. ജിപ്‌സം ചേര്‍ത്ത തേനിലാണ് വിനാഗിരി പ്രതിപ്രവര്‍ത്തിക്കുന്നത്.

* ഇങ്ങനെയും മായം പരിശോധിക്കാം
ഒരു ടീസ്പൂണില്‍ തേനെടുത്ത് അതില്‍ അല്‍പ്പം അയഡിന്‍ ചേര്‍ക്കുക. തേനിന്റെ നിറം നീലയായി മാറുന്നുവെങ്കില്‍ തേനില്‍ മായം ഉറപ്പ്.

* മറ്റൊരു രീതി
ഒരു കഷണം ബ്രെഡ് തേനില്‍ മുക്കിവയ്ക്കുക. അല്‍പ്പം കഴിഞ്ഞ് ബ്രെഡ് പുറത്തെടുത്താല്‍ ബ്രെഡ് മാര്‍ദവമില്ലാതായി മാറിയിട്ടുണ്ടെങ്കില്‍ പ്രസ്തുത തേന്‍ മായമില്ലാത്തതാണ്. മായം ചേര്‍ത്ത തേനാണെങ്കില്‍ ബ്രഡ് മൃദുവാകും.

* തേന്‍ അല്‍പ്പമൊരു പാത്രത്തിലെടുത്ത് ചൂടാക്കുക. പത വരാതെ, തേന്‍ കറുപ്പുനിറമായി മാറുന്നുണ്ടെങ്കില്‍ അത് മായമില്ലാത്ത തേനാണ്. നിറമാറ്റം സംഭവിക്കാതെ കുമിളകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അതില്‍ മായമുണ്ടെന്ന് അര്‍ഥം.

 

പ്രധാന വാർത്തകൾ
Top