14 November Wednesday

അക്വേറിയം പരിപാലനം: വെള്ളം എപ്പോഴൊക്കെ മാറ്റണം?

സഹദേവൻ പിUpdated: Saturday May 12, 2018

 


അക്വേറിയം ടാങ്കിൽനിന്ന് എത്രമാത്രം ജലം എപ്പോഴൊക്കെ മാറ്റണം? കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർപോലും ഉന്നയിക്കുന്ന ചോദ്യമാണിത്.

ഫിൽറ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽകുകയും ചെയ്യുന്നുവെങ്കിൽ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കിൽ ഒഴിച്ചാൽ മതിയാവും.

ഫിൽറ്ററുകൾ ഉപയോഗിക്കാത്ത ടാങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യണം. എന്നാൽ ടാങ്കിലെ ജലം മൊത്തത്തിൽ മാറ്റാൻ തുനിയരുത്. മാലിന്യങ്ങൾ മാറ്റുന്നതോടൊപ്പം മൊത്തം ജലത്തിന്റെ നാലിൽ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാൽ മതി. പൊതുവിതരണ സംവിധാനത്തിലെ ജലത്തിൽ ക്ലോറിൻ അടങ്ങിയിരിക്കുന്നതിനാൽ അത്തരം ജലം ഒരു ബക്കറ്റിൽ പിടിച്ച് വെച്ചശേഷം ഏറെ നേരം വാതനം നടത്തി ക്ലോറിൻ നിർമാർജനം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അക്വേറിയം ടാങ്കിൽ നിറക്കാൻ പാടുള്ളു. ക്ലോറിൻ മത്സ്യങ്ങൾക്ക് മാരകമാണ്.

ഏകദേശം 5 മി. മീ. വ്യാസമുള്ള ഒരു റബർ ട്യൂബ് സൈഫൺ ആയി ഉപയോഗിച്ച് മലിന വസ്തുക്കൾ മാറ്റാം. ട്യൂബിൽ വെള്ളം നിറച്ച് വിരലുകൾ കൊണ്ട് അടച്ചുപിടിക്കുക. ഒരറ്റം മാലിന്യങ്ങൾക്ക് തൊട്ട് മുകളിലായ പിടിക്കുക. മറ്റേ അറ്റം ടാങ്കിന്റെ നിരപ്പിനു താഴെ വെച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്ക് വെക്കുക. വിരലുകൾ മാറ്റുമ്പോൾ ജലവും മലിനവസ്തുക്കളും ബക്കറ്റിലേക്ക് ഒഴുകുന്നു. മാലിന്യങ്ങൾക്ക് അൽപ്പം മുകളിലൂടെ ട്യൂബ് ചലിപ്പിച്ച് ടാങ്കിന്റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങൾ നീക്കംചെയ്യാൻ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോൾ വെള്ളം കലങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചില സന്ദർഭങ്ങളില വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണൽ കറുക്കുകയും ചെയ്യാറുണ്ട്. ആഹാരം കൂുടതലാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസരത്തിൽ അധികം വരുന്ന ആഹാരം സൈഫൺ ചെയ്ത് കളയുകയും മത്സ്യങ്ങൾക്ക് ജൈവാഹാരം നൽകുകയും വേണം. ഇത്തരം ടാങ്കുകളിൽ നല്ലപോലെ വാതനം നടത്തുന്നതും ഉചിതമായിരിക്കും.

അക്വേറിയം ടാങ്കിലെ ജലം പാൽപോലെ ആയിത്തീരുന്ന അവസരങ്ങളുണ്ട്. വെള്ളത്തിലെ ഓക്സിജന്റെ അളവ് നന്നേ കുറയുന്നതാണ് ഇതിന് കാരണം. സസ്യങ്ങൾ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങൾ കൂടുന്നതുമായ അവസരങ്ങളിലും ആവശ്യമായ അളവിൽ വാതനം ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക. അതുപോലെ ടാങ്കിൽ ചെടികൾ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ജലം നന്നായി വാതനം നടത്തുകയും ചെയ്യുക.

ഹരിത ആൽഗകൾ ജലത്തിൽ നിറഞ്ഞാൽ ജലം പച്ചയായി മാറും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്നതും തീറ്റ ആവശ്യത്തിൽ കൂടുതൽ നൽകുന്നതും ആൽഗകളുടെ പെരുപ്പത്തിന് കാരണമാവുന്നു. വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക, നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതിടങ്ങളിലേക്ക് ടാങ്കിന്റെ സ്ഥാനം മാറ്റുക, ലൈറ്റുകൾ പ്രകാശിപ്പിക്കുന്ന സമയം കുറക്കുക, ആവശ്യത്തിന് മാത്രം തീറ്റ നൽകുക എന്നിവയിലൂടെ ആൽഗകളുടെ ക്രമാതീതമായ വളർച്ച നിയന്ത്രിക്കാം. ടാങ്കിന്റെ പിൻഭാഗത്ത് സീനറി പേപ്പർ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിച്ചും ആൽഗകളുടെ വളർച്ച നിയന്ത്രിക്കാം. സിൽവർ കാർപ്പ്, പൂമീൻ എന്നിവയെ ടാങ്കിൽ നിക്ഷേപിക്കുന്നതും ആൽഗകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.

അക്വേറിയം ടാങ്കിെൻറ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ആൽഗകളെ മാറ്റാൻ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് താഴെ നിന്നും മുകളിലേക്ക് അമർത്തി തുടച്ചാൽ മതി. എന്നാൽ പറ്റിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള ആൽഗകളെ മാറ്റാൻ ബുദ്ധിമുട്ടാണ്. ഗാഢതയുള്ള കറിയുപ്പ് ലായനി ഉപയോഗിച്ച് തുടച്ചാൽ ഇവ ഒരുപരിധിവരെ മാറികിട്ടും. ആൽഗകളെ മാറ്റുന്ന മാഗ്നറ്റിക് ആൽഗൽ സ്ക്രാപ്പറുകൾ വിപണിയിൽ ലഭ്യമാണ്. സക്കർ മത്സ്യങ്ങളെ ടാങ്കിൽ നിക്ഷേപിച്ച് ഇത്തരം ആൽഗകളെ നിയന്ത്രിക്കാം. ജലോപരിതലത്തിൽ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കിൽ ഒരു ഫിൽട്ടർ പേപ്പർ ജലോപരിതലത്തിലൂടെ വലിച്ച് നീക്കം ചെയ്യാം.

പ്രധാന വാർത്തകൾ
Top