20 April Friday

റാഞ്ചിയുടെ ദാനം, ക്രിക്കറ്റിന്റെ യശസ്സ്...

എ എന്‍ രവീന്ദ്രദാസ് Updated: Thursday Jan 12, 2017

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം പ്രമുഖ താരങ്ങളില്‍ പലരും അപസ്വരം കേട്ടശേഷമായിരുന്നു വിടവാങ്ങാന്‍ തയ്യാറായത്. സച്ചിന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിന് മതിയാക്കണമെന്നു തോന്നുമ്പോള്‍ മാത്രം അതേക്കുറിച്ച് ചിന്തിച്ചാല്‍ പോരേ എന്ന ചോദ്യവും ബിസിസിഐ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി എന്നതും  മറന്നുകൂടാ. 

കളിജീവിതം അവസാനിപ്പിക്കേണ്ട സമയത്ത് അതിനു തയ്യാറാകാത്തവരെക്കുറിച്ചല്ല ഇപ്പോള്‍ പറയേണ്ടത്. മറിച്ച് മറ്റാരുടെയും പ്രേരണയോ സമ്മര്‍ദമോ ഇല്ലാതെ താന്‍ സ്വയം തീരുമാനിച്ചുറപ്പിച്ച വിടവാങ്ങല്‍ തുറന്നുപറഞ്ഞ് ഇന്ത്യയുടെ ഏകദിന, ട്വിന്റി 20 ടീമുകളുടെ നായകപട്ടം ത്യജിച്ചിറങ്ങുന്ന മഹേന്ദ്രസിങ് ധോണിയെക്കുറിച്ചാണ്. ഇന്ത്യന്‍  ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്‍ ആരെന്ന അന്വേഷണത്തിനും മറ്റൊരു ഉത്തരം കിട്ടില്ല.

ക്രിക്കറ്റിന്റെ വരേണ്യമായ സ്കൂളുകളില്‍നിന്നല്ല ധോണിയുടെ വരവ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഈ കളിയെ ഇപ്പോഴും ഏറ്റുവാങ്ങാന്‍ മടിച്ചുനില്‍ക്കുന്ന ഝാര്‍ഖണ്ഡിന്റെ സാധാരണത്വത്തില്‍നിന്നെത്തിയ മഹേന്ദ്രസിങ് ധോണി മറ്റൊരു നായകനും കഴിയാത്ത നേട്ടങ്ങളുടെ നെറുകയില്‍ ഇന്ത്യയെ കൊണ്ടെത്തിച്ചു. വന്‍നഗരങ്ങളുടെ മുഖമുദ്രയായ ക്രിക്കറ്റില്‍ 2007ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പിലേക്കും 2011ല്‍ ഏകദിന ലോകകപ്പിലേക്കും 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്കും രാജ്യത്തെ ആനയിച്ച് സമാനതകളില്ലാത്ത റെക്കോഡിലേക്ക് നടന്നുകയറിയ ഈ റാഞ്ചിക്കാരന്‍ ക്രിക്കറ്റിനെ വിയര്‍പ്പുമുത്തിന്റെ കളിയാക്കിയെന്നു മാത്രമല്ല, ജനകീയമാക്കുകയും ചെയ്തു.

വിക്കറ്റിനു പിന്നിലും മുന്നിലും തന്റേതായ ശൈലിയും ഈടുവയ്പുകളുംകൊണ്ട് വേറിട്ടുനില്‍ക്കുകയും കൈവശമുള്ള വിഭവശേഷി വിവേകത്തോടെ ഉപയോഗിച്ചും കര്‍ക്കശ തീരുമാനങ്ങളിലും സൌമ്യമായ ശാന്തതയോടെ കടിഞ്ഞാണേന്തിയും മഹത്വത്തിന്റെ ഗോപുരമേറിയ ഈ നായകന്റെ കഥ വെറും റെക്കോഡുകളുടെ പുസ്തകമല്ല. ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍നിന്നെത്തി രംഗവേദിയിലെ പ്രധാന വേഷം തിമര്‍ത്താടിയ അന്യൂനമായ ഉയര്‍ച്ചയുടെയും നേട്ടങ്ങളുടെയും പ്രഭാവലയം മാത്രമല്ല, സമൂഹത്തില്‍ അതിലൂടെ തനിക്ക് ചെലുത്താന്‍കഴിഞ്ഞ സ്വാധീനത്തിന്റെയും അതുണ്ടാക്കിയ മാറ്റത്തിന്റെയുംകൂടി നെടുനായകനാണ് എം എസ് ധോണി എന്ന ഈ മുപ്പത്തഞ്ചുകാരന്‍.

മറ്റെന്തിനെക്കാളും ധോണിയുടെ ക്രിക്കറ്റ് സപര്യയാണ് ഝാര്‍ഖണ്ഡിനും അവിടത്തെ ചെറുപട്ടണമായ റാഞ്ചിക്കും ദേശീയ സ്പോര്‍ട്സില്‍ അതുല്യമായൊരു സ്ഥാനം അടയാളപ്പെടുത്താന്‍ വഴിയൊരുക്കിയതെന്ന കാര്യം മറന്നുകൂടാ. ഇന്നിപ്പോള്‍ ഝാര്‍ഖണ്ഡ് രഞ്ജി ട്രോഫിയില്‍ സെമിയിലെത്താന്‍വരെ പോന്ന ഒരു നാടായി മാറിയിട്ടുണ്ടെങ്കിലും ധോണി റാഞ്ചിയില്‍ കളിതുടങ്ങിയകാലത്ത് ഈ പയ്യന്‍ ഒരുനാള്‍ രാജ്യത്തിനുവേണ്ടി കളിക്കുമെന്നോ, മഹാരഥന്മാരായ ലോക ക്രിക്കറ്റ് നായകന്മാരുടെ അഭിജാതനിരയില്‍ അവരോധിക്കപ്പെടുമെന്നോ കരുതിയ ഒരാള്‍പോലും ഉണ്ടാവില്ല.

സ്വന്തം കഴിവിലുള്ള വിശ്വാസവും ലക്ഷ്യപ്രാപ്തിക്കായി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ആത്മസമര്‍പ്പണവും ഉള്ളവര്‍ക്കേ ഉയരങ്ങള്‍ കീഴടക്കാനാവൂ. തീരുമാനങ്ങള്‍ എടുക്കുന്നതിലെ ചങ്കൂറ്റവും അത് സമചിത്തതയോടെ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ധിഷണാവൈഭവവും കല്‍പ്പനാശേഷിയുമാണ് ധോണിയിലെ ക്രിക്കറ്റ് നായകനെ വേറിട്ടുനിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ സ്റ്റീവ്വോയോടും അര്‍ജുന രണതുംഗയോടുമാണ് ധോണിയെ താരതമ്യപ്പെടുത്തുന്നത്.

2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ധോണിയുടെ ഇന്നിങ്സ് പ്രതിസന്ധികളില്‍ എങ്ങനെ പെരുതണമെന്നതിന് ഉത്തമോദാഹരണമാണ്. മറ്റുള്ളവരെ ഭാരമേല്‍പ്പിക്കുകയല്ല, അത് സ്വയം ചുമലിലേറ്റി വിജയം പിടിച്ചെടുക്കുകയാണ് വേണ്ടതെന്ന് 28 വര്‍ഷത്തിനുശേഷമെത്തിയ ഇന്ത്യയുടെ രണ്ടാംലോക കിരീടത്തിലൂടെ ആ നായകന്‍ തെളിയിച്ചു.

വിദ്യാഭ്യാസം, ആധുനികത, ലോബികളുടെ പിന്തുണ എന്നിവയൊക്കെ മുഖമുദ്രയാക്കി നിര്‍മിച്ചെടുക്കുന്ന പരിവേഷങ്ങളോട് പൊരുതിയും പിണങ്ങിയും ലോകക്രിക്കറ്റില്‍ തന്റേതായ ഇടവും കാലഘട്ടവും അടയാളപ്പെടുത്തിയ കളിക്കാരനും നായകനുമാണ് മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസ്സ് ഉയര്‍ത്തിയ റാഞ്ചിയുടെ ദാനമാണിവന്‍. അനിശ്ചിതത്വങ്ങളുടെ കളിയായ ക്രിക്കറ്റില്‍ ധോണിയെന്ന നായകനും ആ കളിസംഘവും കുറിച്ചിടുന്നത് വെറുമൊരു കാലഘട്ടമല്ല, ഒരു യുഗംതന്നെയാണ്.

പ്രധാന വാർത്തകൾ
Top