Top
18
Monday, December 2017
About UsE-Paper

നായ്ക്കളിലെ ചര്‍മരോഗങ്ങള്‍

Thursday Dec 7, 2017
ഡോ. സാബിന്‍ ജോര്‍ജ്


നായ്ക്കളുടെ ആരോഗ്യത്തിന്റെയും സൌന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. പലവിധത്തിലും തരത്തിലുമുള്ള ചര്‍മരോഗങ്ങള്‍ നായ്ക്കളെ ബാധിക്കാം. ഇവ തുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്.

ബാക്ടീരിയ, ഫംഗസ് അഥവാ കുമിള്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍, മലസേസിയ എന്ന പ്രത്യേകതരം യീസ്റ്റ് തുടങ്ങിയവയാണ് ചര്‍മരോഗത്തിന്റെ പ്രധാന കാരണങ്ങള്‍. കൂടാതെ പോഷകാഹാരക്കുറവ്, അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശരീരത്തിലെ മറ്റു രോഗങ്ങള്‍, ഉപാപചയ പ്രവര്‍ത്തന തകരാറുകള്‍, ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദം, ചില ജനുസ്സുകളുടെ പാരമ്പര്യം തുടങ്ങിയവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകാം. കാലാവസ്ഥാ മാറ്റം, പരിസരശുചിത്വമില്ലായ്മ, ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലെ കുറവ് എന്നിവ ചര്‍മരോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ചിലപ്പോള്‍ കാരണങ്ങള്‍ ഒന്നിലധികമാകാം. രോഗബാധ കണ്ടാലുടന്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടണം.

പല ചര്‍മരോഗങ്ങള്‍ക്കും കൃത്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. ചൊറിച്ചില്‍, രോമം കൊഴിയല്‍, അസ്വസ്ഥത, രോമം കൊഴിഞ്ഞ ഭാഗത്തെ ചുവന്നുവീര്‍ത്ത അവസ്ഥ എന്നിവ പൊതുവായ ലക്ഷണമായി കരുതാം. സ്വാഭാവികമായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നായയുടെ ശരീരത്തിലെ രോമം കൊഴിഞ്ഞുപോകും. എന്നാല്‍ പ്രത്യേക ഭാഗങ്ങളില്‍നിന്ന് ചെറിച്ചിലിന്റെ അകമ്പടിയോടെയുള്ള രോമം കൊഴിച്ചില്‍ ചര്‍മരോഗമാകാം.

ബാക്ടീരിയ കാരണം ഉണ്ടാകുന്ന ചര്‍മരോഗമാണ് പയോഡെര്‍മ. ചലം നിറഞ്ഞ പോളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. ശരീരത്തിന്റെ ഏതു ഭാഗത്തും രോഗബാധ ഉണ്ടാകാമെങ്കിലും കൂടുതലായി കണ്ടുവരാറുള്ളത് വയറിനടിഭാഗത്തും കൈമുട്ടുകളിലുമാണ്. അല്‍സേഷ്യന്‍ നായകള്‍ ഇത്തരം ചര്‍മരോഗത്തിന് കൂടുതല്‍ കീഴടങ്ങാറുണ്ട്. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കുന്ന ആന്റിബയോട്ടിക് ചികിത്സയാണ് പരിഹാരം.

ഫംഗസ് അഥവാ കുമിള്‍ബാധമൂലം ഉണ്ടാകുന്ന ചര്‍മരോഗത്തെ ഡെര്‍മാറ്റോ മൈകോസിസ് (റലൃാമീാ്യരീശെ) എന്നാണ് വിളിക്കുന്നത്. മണ്ണില്‍നിന്നും, രോഗംബാധിച്ച മറ്റു നായ്ക്കളില്‍നിന്നുമാണ് രോഗം പകരുന്നത്. രോഗംബാധിച്ച ഭാഗം മറ്റു ഭാഗങ്ങളില്‍നിന്ന് അല്‍പ്പം ഉയര്‍ന്നിരിക്കും. നല്ല ചൊറിച്ചിലും രോമം പൊഴിയലും ഉണ്ടാകും. രോഗംബാധിച്ച ഭാഗത്തെ രോമങ്ങള്‍ വട്ടത്തിലാകും കൊഴിയുകയെന്നതിനാല്‍ ഇതിനെ വട്ടച്ചൊറി അഥവാ റിങ്വേം എന്നു പറയുന്നു. തല, കഴുത്ത്, തുട, പുറംഭാഗം എന്നിവിടങ്ങളിലാണ് കൂടുതലായും കണ്ടുവരാറുള്ളത്. രോഗകാരണം കുമിള്‍ബാധയാണെന്ന് നിര്‍ണയിച്ചാല്‍ ഫംഗസിനെതിരെയുള്ള ഓയിന്‍മെന്റ്, ക്രീം, ഷാംപു എന്നിവ ഉപയോഗിക്കണം. ഗുളികകള്‍ ഉള്ളിലേക്ക് നല്‍കുകയും വേണം. കുമിള്‍ബാധ പൂര്‍ണമായും മാറാന്‍ ചികിത്സഒരുമാസമെങ്കിലും വേണം. രോഗശമനം ഉണ്ടായാലും ഇടയ്ക്ക് ചികിത്സ നിര്‍ത്തരുത്. മനുഷ്യനിലേക്ക് പകരാറും സാധ്യതയുള്ള രോഗമാണിത്.

ഡെമോഡക്സ് എന്ന പരാദം ഉണ്ടാക്കുന്ന ചര്‍മരോഗമാണ് ഡെമോസിക്കോസിസ്. ആദ്യം കണ്ണ്, വായ ഇവയുടെ ചുറ്റും, തല, കഴുത്ത്, മുന്‍കാല്‍ എന്നിവിടങ്ങളിലും രോഗബാധ പ്രത്യക്ഷപ്പെടുന്നു.  പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാം. രോമം കൊഴിച്ചില്‍, രോമം കൊഴിഞ്ഞ ഭാഗത്ത് ചുവപ്പുനിറം, പരുക്കള്‍, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളും കാണിക്കാം. ചികിത്സ ലഭ്യമാണ്. പേന്‍, പട്ടുണ്ണി, ചെള്ള് തുടങ്ങിയ ബാഹ്യപരാദങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതമൂലം നായ ശരീരഭാരങ്ങള്‍ കടിക്കുകയും, ചൊറിയുകയും ചെയ്താല്‍ ആ ഭാഗത്തെ രോമം പൊഴിയുകയും തൊലി പൊട്ടി പഴുത്ത് വ്രണമാകുകയും ചെയ്യാം. ദുര്‍ഗന്ധം വമിക്കുന്ന ഈ അവസ്ഥ നായ്ക്കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകളില്‍ ഈച്ച മുട്ടയിട്ട് പുഴുക്കള്‍ ഉണ്ടാകുന്ന അവസ്ഥയും കാണാറുണ്ട്. ഈ അവസ്ഥയില്‍ യൂക്കാലിപ്റ്റസ് ഓയില്‍ ഒഴിച്ച് പുഴുക്കളെ പുറത്തെടുത്തശേഷം മുറിവുണങ്ങാനുള്ള മരുന്നുകള്‍ നല്‍കണം. ബാഹ്യപരാദങ്ങളെ ഒഴിവാക്കാന്‍ നായ്ക്കളെ ആഴ്ചയിലൊരിക്കല്‍ കുളിപ്പിക്കുകയും രോഗം ചീകുകയും വേണം. ഡെറ്റോള്‍, മനുഷ്യന്‍ ഉപയോഗിക്കുന്ന സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഡെറ്റോള്‍ നായയുടെ ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും.

(മണ്ണൂത്തി വെറ്ററിനറി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
റൃമെയശിഹുാ@്യമവീീ.രീാ