26 September Wednesday

ഈ അധ്യാപകൻ നൽകും കൃഷിപാഠവും

സോമു മലപ്പട്ടംUpdated: Thursday Apr 5, 2018

ദിനേശൻ, ഒരു സാധാരണ അധ്യാപകൻ മാത്രമല്ല, കണ്ണൂർ പെരളശേരിയിൽ കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം നാട്ടുകാരെയും ദിനേശൻ പഠിപ്പിക്കുന്നുണ്ട്; മത്സ്യക്കൃഷിയിൽനിന്ന് എങ്ങനെ നല്ല വരുമാനം ഉണ്ടാക്കാമെന്ന്!

പെരളശേരി പഞ്ചായത്തിലെ ഐവർകുളത്തെ മാവിലായി നോർത്ത് എൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് ദിനേശൻ. വീട്ടുപറമ്പിൽ മൂന്നു കുളങ്ങളിലായി മൂവായിരത്തോളം മത്സ്യങ്ങളെയാണ് നാട്ടുകാരുടെ 'മത്സ്യമാഷ്' വളർത്തുന്നത്. വീട്ടുപറമ്പിന് തൊട്ടുതാഴെ മറ്റൊരു നാടൻകുളത്തിലും ദിനേശൻ മാഷിന്റെ മത്സ്യങ്ങൾ വളരുന്നുണ്ട്. വീട്ടുമുറ്റത്ത് ടാർപോളിൻ ഷീറ്റുകൊണ്ട് നിർമിച്ച ഒരു ചെറുകുളത്തിലും തൊട്ടടുത്തായി മണ്ണുമാറ്റി നിർമിച്ച് രണ്ട് കുളങ്ങളിലുമായാണ് മത്സ്യങ്ങൾ വളരുന്നത്.

പെരളശേരി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നാണ് ദിനേശൻ മാസ്റ്റർ താമസിക്കുന്ന പ്രദേശം. മത്സ്യക്കൃഷിക്ക് ആവശ്യമായ മുഴുവൻ വെള്ളവും ശേഖരിച്ചത് വീടിനു മുകളിൽ വീണ മഴയിൽനിന്നാണ്. നാലുവർഷം മുമ്പ് ആരംഭിച്ചതാണ് ദിനേശൻ മാഷിന്റെ മത്സ്യക്കൃഷി സ്നേഹം. പരിചയക്കുറവ് നന്നായി സാമ്പത്തികനഷ്ടം വരുത്തി.

ചെറിയതോതിൽ വളർത്തി പരിചയം നേടി വേണം മത്സ്യക്കൃഷി വികസിപ്പിക്കാനെന്ന പക്ഷക്കാരനാണ് ദിനേശൻ മാസ്റ്റർ.
വെള്ളത്തിന്റെ പിഎച്ച് നിലവാരം പരിശോധിക്കുകയും വെള്ളത്തിൽ പ്ലവങ്ങൾ ധാരാളം വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വേണം. പിഎച്ച് കൂടിയാൽ മത്സ്യങ്ങൾ ചത്തുപോകാൻ ഇടയുണ്ട്. പിഎച്ച് മൂല്യം പരിശോധിച്ച് ആവശ്യമായ അളവിൽ കുമ്മായംചേർത്ത് അവ ക്രമപ്പെടുത്തണം. ചാണകം ചേർക്കുന്നത് മത്സ്യങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണ്. അസംവാഴ, ഗിഫ്ട്, തിലോപ്പിയ തുടങ്ങിയവയാണ് ഇത്തരം കൃഷിചെയ്യാൻ പറ്റിയ ഇനങ്ങളെന്നും ദിനേശൻ മാസ്റ്റർ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.

ഭക്ഷണം തയ്യാറാക്കിനൽകുന്നതിലും ദിനേശൻ മാസ്റ്റർ തനതു രീതി വികസിപ്പിച്ചു. ഗോതമ്പും തവിടും വേവിച്ച്, പിണ്ണാക്ക് ചേർയൊരളവിൽ മത്സ്യത്തീറ്റയും നൽകും. വൈകുന്നേരമാണ് തീറ്റ നൽകുക. മത്സ്യകുളങ്ങളുടെ മുകളിലായി നെറ്റ് കെട്ടി മറ്റ് ജീവികളുടെ ആക്രമണം തടയാനും മാർഗങ്ങളുണ്ടാക്കി.

ഏതു കാലാവസ്ഥയിലും മത്സ്യക്കൃഷി ചെയ്യാമെന്ന കാര്യം ദിനേശൻ മാസ്റ്റർ തിരിച്ചറിഞ്ഞു. മത്സ്യക്കുളങ്ങളിലെ വെള്ളം ഇടയ്ക്കിടെ മാറ്റേണ്ട കാര്യമില്ലെന്നാണ് ദിനേശൻ മാസ്റ്ററുടെ അനുഭവം. കട്ല ഇനങ്ങളാണ് വളർത്തുന്നതെങ്കിൽ വെള്ളം രണ്ടുമാസത്തിലൊരിക്കൽ മാറ്റണം. അല്ലാത്തവയ്ക്ക് ഒരുതവണ ശേഖരിക്കുന്ന വെള്ളത്തിൽതന്നെ പൂർണവളർച്ചയെത്തുംവരെ വളർത്താൻ സാധിക്കും.

ചുരുങ്ങിയ മുതൽമുടക്കിൽ നല്ല വരുമാനം, കുറഞ്ഞ അധ്വാനം, മാർക്കറ്റ് തേടിപോകേണ്ട കാര്യമില്ല. വിളവെടുപ്പുവിവരം അറിഞ്ഞാൽ പിന്നെ വൻ ജനക്കൂട്ടമാണ്. ഇങ്ങനെ ലളിതമായ ഒരു ഉപജീവനമാർഗമായി വളർത്താവുന്നതാണ് മത്സ്യക്കൃഷിയെന്ന കാര്യം സാക്ഷ്യപ്പെടുത്തുകയാണ് ദിനേശനെന്ന മാതൃകാ മത്സ്യകർഷകനായ അധ്യാപകൻ.

പ്രധാന വാർത്തകൾ
Top