23 July Monday

ബീന്‍സ് വളര്‍ത്താം ഈസിയായി

വീണാറാണി ആര്‍Updated: Thursday Jan 4, 2018

നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണില്‍ നന്നായി വളരുന്ന പച്ചക്കറിയാണ് ബീന്‍സ്. ശീതകാല പച്ചക്കറിയായ ക്യാബേജും കോളിഫ്ളവറും നമ്മുടെ മുറ്റത്ത് കുടിയേറിയിട്ട് നാളുകളായെങ്കിലും എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന ബീന്‍സ്  വേരോടാത്തതിന്റെ കാരണം അജ്ഞാതം.  തണുത്ത കാലാവസ്ഥയാണ് ഫ്രഞ്ച് ബീന്‍സ് വളരാന്‍ അനുയോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് ആവശ്യമില്ല.  അതായത് നമ്മുടെ നാട്ടില്‍ നവംബര്‍-ഫെബ്രുവരിമാസങ്ങള്‍ ബീന്‍സ്കൃഷിക്ക് തെരഞ്ഞെടുക്കാം.

ബീന്‍സ് രണ്ടുതരം. പടര്‍ന്നുവളരുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും. ബട്ടര്‍ ബീന്‍സും കെന്റക്കി വണ്ടറും പടര്‍ന്നുവളരുന്ന ഇനങ്ങളില്‍ കേമന്‍മാരാണെങ്കില്‍, പൂസ പാര്‍വതിയും, അര്‍ക്കാകോമളവും കുറ്റിച്ചെടികളിലെ മിടുക്കി. വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ അരയടിയുമാണ് നടീല്‍ അകലം. മണ്ണ് നന്നായി കിളച്ചിളക്കി നനച്ചുകൊടുക്കുന്നത് ബീന്‍സ് കൃഷിയുടെ ആദ്യഘട്ടം.  സെന്റൊന്നിന് രണ്ടുകിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണ് ഇളക്കണം. രണ്ടാഴ്ചയ്ക്കുശേഷം 80 കി.ഗ്രാം ജൈവവളവും അരക്കിലോഗ്രാം അമോണിയം സള്‍ഫേറ്റും രണ്ടര കി.ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റും കാല്‍ കി.ഗ്രാം  മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും  അടിവളമായി നല്‍കാം. രണ്ടാഴ്ചയിലൊരിക്കല്‍ കളകള്‍ നീക്കി മണ്ണ് കൂട്ടണം. 

രണ്ടാഴ്ചത്തെ ഇടവേളകളില്‍ അരക്കിലോഗ്രാം അമോണിയം സള്‍ഫേറ്റും കാല്‍ക്കിലോഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കാം. നട്ട് ഒരുമാസത്തോടെ പൂക്കാന്‍ തുടങ്ങും. കുറ്റിയിനങ്ങള്‍ വിത്തു പാകി 45-60 ദിവസത്തിനകവും പടരുന്നവ 70-80 ദിവസംകൊണ്ടും വിളവെടുക്കാറാകും. കേരളത്തിലെ ശീതകാല പച്ചക്കറികളില്‍ പോഷകമൂല്യംകൊണ്ട് മുമ്പനാണ് ബീന്‍സ്. പ്രോട്ടീനും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ബീന്‍സിന് കേരളത്തില്‍ കീടരോഗ ഗണത്തില്‍പ്പെട്ട ശത്രുക്കള്‍ ഇല്ലെന്നുതന്നെ പറയാം.

പ്രധാന വാർത്തകൾ
Top