Top
23
Tuesday, January 2018
About UsE-Paper

ആടിന്റെ ഗര്‍ഭകാല പരിചരണം; ഗര്‍ഭനിര്‍ണയം

Thursday Jan 4, 2018
ഡോ. എന്‍ അജയന്‍

 ആടിന്റെ ഗര്‍ഭകാല പരിചരണം എങ്ങനെയാണ്? ആട് ഗര്‍ഭിണിയാണെന്ന് എങ്ങനെ തിരിച്ചറിയാം?
മുഹമ്മദ് ഷഫീഖ്, ഫറോക്ക്, കോഴിക്കോട്

  ആടുകളുടെ ഗര്‍ഭകാലം 145-150 ദിവസമാണ്. ഇണചേര്‍ത്തുകഴിഞ്ഞ് ഒരുമാസത്തിനകം മദി കാണിക്കുന്നില്ലെങ്കില്‍ ആടിന് ഗര്‍ഭമുണ്ടാകാനാണ് സാധ്യത. എന്നാല്‍ ഗര്‍ഭിണിയായ ആടും ചിലപ്പോള്‍ മദി കാണിച്ചെന്നുവരാം. രണ്ടുമാസത്തിനുശേഷം ഒരു കൈകൊണ്ട് ആടിന്റെ വയര്‍ മുകളിലേക്ക് തള്ളി മറ്റേ കൈകൊണ്ട് വയറിന്റെ വലതുഭാഗത്ത് അമര്‍ത്തിനോക്കി ഗര്‍ഭസ്ഥാവസ്ഥ മനസ്സിലാക്കാവുന്നതാണ്. പരിചയസമ്പന്നനായ വെറ്ററിനറി ഡോക്ടര്‍ക്ക് ആടിന്റെ വയറ് ഒരു കൈ ഉപയോഗിച്ച് ചെല്‍വിക് റീജിയനിലേക്കുയര്‍ത്തി മറ്റേ കൈയുടെ ചൂണ്ടുവിരല്‍ മലദ്വാരത്തിലൂടെ കടത്തി ഗര്‍ഭാശയത്തിന്റെ വലുപ്പംനോക്കി ചെന നിര്‍ണയിക്കാനാവും. ഇസ്ട്രോണ്‍ സള്‍ഫേറ്റ് ടെസ്റ്റ്, പ്രൊജസ്റ്ററോണ്‍ടെസ്റ്റ്, അള്‍ട്രാ സോണോഗ്രഫി, റേഡിയോഗ്രഫി എന്നീ നൂതന സങ്കേതങ്ങളുമുണ്ട്.

ഗര്‍ഭിണിയായ ആടുകള്‍ക്ക് അധിക പരിചരണമൊന്നും തുടക്കത്തില്‍ ആവശ്യമില്ല. സാന്ദ്രീകൃതാഹാരം അല്‍പ്പം കൂട്ടണം (250 ഗ്രാംവരെയെങ്കിലും). വെള്ളം യഥേഷ്ടം കൊടുക്കണം. അഞ്ചുമാസത്തിനുള്ളില്‍ രണ്ടുപ്രാവശ്യംവരെ വിരമരുന്നു നല്‍കാം.ദിവസം അഞ്ചുമണിക്കൂറെങ്കിലും മേയാന്‍ വിടണം. മുട്ടനാടുകളുടെ സാമീപ്യം ഒഴിവാക്കണം.

പ്രസവത്തിന് ഒരുമാസം മുമ്പെങ്കിലും കറവ നിര്‍ത്തണം. നാലരമാസമാകുമ്പോള്‍ തീറ്റയില്‍ നാരിന്റെ അംശം കൂട്ടണം. പ്ളാവില, റബറിന്‍ പിണ്ണാക്ക്, കപ്പ എനിവയോടൊപ്പം സാന്ദ്രീകൃതാഹാരവും നല്‍കണം.സമീകൃതാഹാരം പലതവണകളായി നല്‍കുന്നതാണ് ഉചിതം. പ്രസവം അടുക്കുന്തോറും ആടിനെ നിരീക്ഷിക്കണം. പ്രസവം അടുത്ത ആടുകളെ പ്രത്യേകം പാര്‍പ്പിക്കണം. കിടക്കാന്‍ ചാക്കോ വൈക്കോലോ മറ്റോ ഇട്ടുകൊടുക്കാം. പ്രസവതടസ്സം കണ്ടാലോ മറുപിള്ള വീഴാന്‍ താമസിച്ചാലോ വെറ്ററിനറി സഹായം തേടുക. പ്രസവശേഷം തീറ്റയില്‍ പെട്ടെന്നു മാറ്റം വേണ്ട. മറുപിള്ള ആടു തിന്നാതെ നോക്കണം. പ്രസവംകഴിഞ്ഞ ആടിന്റെ പിന്‍ഭാഗം രണ്ടാഴ്ചത്തേക്കെങ്കിലും കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

 രണ്ടുദിവസം മുമ്പ് പ്രസവിച്ച എന്റെ ആടിന്റെ ഈനത്തില്‍ (ഈറ്റ) മുറിപ്പാടും അതില്‍ പുഴുക്കളും കാണുന്നു എന്തുചെയ്യണം?
രാജന്‍, കൊരണ്ടിപ്പള്ളി, ഓച്ചിറ

  പ്രസവത്തെത്തുടര്‍ന്ന് ഗര്‍ഭാശയത്തില്‍നിന്ന് ഊറുന്ന അഴുക്ക് ഈച്ചയെ ആകര്‍ഷിക്കും. പ്രസവസമയത്ത് ഈനത്തിലുണ്ടാകുന്ന ചെറിയ മുറിവുകളില്‍ ഈച്ച മുട്ടയിട്ടാണ് പുഴുക്കേടുണ്ടാകുന്നത്. ഒന്നുരണ്ടു തുള്ളി യൂക്കാലി ഓയിലോ ടര്‍പ്പന്റൈന്‍ ഓയിലോ മുറിവില്‍ ഒറ്റിക്കുക. രണ്ടുമണിക്കൂറിനുശേഷം ആത്തയില അരച്ച് മുറിവിലിടുക. ഒരുദിവസത്തിനുശേഷം ടോപിക്യൂര്‍ സ്പ്രേ, ലോറെക്സേന്‍ സ്പ്രേ (TOPICUR SPRAY, LOREXANE SPRAY)  ഇവയിലൊന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ദിവസം രണ്ടുനേരം മുറിവില്‍ അടിച്ചുകൊടുക്കുക. എല്ലാ ദിവസവും പൊട്ടാസ്യം പെര്‍മാംഗനേറ്റ്ലായനികൊണ്ടോ ചെറുചൂടിലുള്ള ഉപ്പുവെള്ളംകൊണ്ടോ മുറിവ് കഴുകിവൃത്തിയാക്കണം.