20 January Sunday

ഭക്ഷണംതന്നെ മരുന്ന്

ഡോ. ജോര്‍ജ് തയ്യില്‍Updated: Friday Feb 2, 2018

പരിശോധനയ്ക്കിടയില്‍  ഒരു കമ്പനിയുടെ നൂഡില്‍സില്‍ അപകടകാരിയായ ഈയത്തിന്റെ അംശം അമിതമായി കണ്ടെത്തിയിട്ട് അധികകാലമായില്ലല്ലോ.   ഇങ്ങനെ കണ്ടുപിടിക്കപ്പെടാത്ത വിഷലിപ്തഭക്ഷണപദാര്‍ഥങ്ങള്‍ ഇന്ത്യന്‍വിപണിയില്‍ ഇനിയും ധാരാളമുണ്ടെന്നോര്‍ക്കണം. അങ്ങനെ എന്തെങ്കിലും കണ്ടുപിടിക്കപ്പെടുന്നതുവരെ നമ്മള്‍ ആഘോഷപൂര്‍വം ഉപയോഗിച്ചുകൊണ്ടിരിക്കും. 'ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍' ഏറ്റവും ദുര്‍ബലമായി കാണുന്ന രാഷ്ട്രങ്ങളിലെന്നാണ് ഇന്ത്യയെന്നോര്‍ക്കുക. അത്യാഹിതങ്ങളോ കൂട്ടമരണമോ ഉണ്ടാകുമ്പോള്‍ മാത്രം ഉറക്കമുണര്‍ന്ന് സജീവമാകുന്ന പരിശോധനകളാണ് നമ്മുടെ രാജ്യത്ത്. അമേരിക്കയിലെ എഫ്ഡിഎ (എീീറ മിറ ഉൃൌഴ അറാശിശൃമശീിേ) പോലെ കര്‍ശനമായ രീതിയില്‍ മാനദണ്ഡങ്ങളുപയോഗിച്ച് പരിശോധിച്ചശേഷം മാത്രം വിപണനാനുമതി നല്‍കുന്ന സമ്പ്രദായം ഇന്ത്യയിലില്ല.

വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാര്‍ഥങ്ങളും കായ്കള്‍ പെട്ടെന്ന് പഴുക്കാനും പച്ചക്കറികള്‍ ദീര്‍ഘനാള്‍ കേടുകൂടാതിരിക്കാനും ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും വിപണിയെ വിഷലിപ്തമാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനെതിരെയുള്ള മുന്നറിയിപ്പുകള്‍ കേള്‍ക്കുന്നതല്ലാതെ ഗൌരവമായും കര്‍ശനമായും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തുനിയുന്നില്ല.

ആഹാരത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജമാണ് ശരീരത്തില്‍ ജീവചൈതന്യം നിലനിര്‍ത്തുന്നത്. ആഹാരത്തിന്റെ അളവ് കൂട്ടുകയല്ല, അത് സമീകൃതവും പഥ്യവുമാക്കുകയാണ് അനിവാര്യം. കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ നിരന്തര ഉപയോഗമാണ് ജീവിതശൈലീരോഗങ്ങളുടെ ആധിക്യത്തിനു കാരണം. ശരീരമെന്ന മഹായന്ത്രത്തിനുള്ള പ്രവര്‍ത്തനോര്‍ജം പകരുന്നത് ഭക്ഷണമാണ്. ശരീരം വളരുമ്പോള്‍ ഓരോ കോശവ്യൂഹത്തിനും വികസനമുണ്ടാകുന്നു. ഈ കോശങ്ങളിലെ അടിസ്ഥാനപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്നവയാണ്. ശരീരം വളരാനും കാലാന്തരത്തില്‍ അതിനുണ്ടാകുന്ന തേയ്മാനങ്ങള്‍ നികത്താനും ഭക്ഷണത്തിലുള്‍ക്കൊണ്ടിരിക്കുന്ന വിവിധ ഘടകങ്ങള്‍ സഹായിക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ ജാരണം ചെയ്യപ്പെടുമ്പോഴാണ് ഉണ്ടാകുന്നത്. നാം ശ്വസിക്കുന്ന പ്രാണവായുവും പോഷകപദാര്‍ഥങ്ങളും യോജിച്ചാണ് ജാരണം നടക്കുന്നത്. കോശവളര്‍ച്ചയ്ക്കും അവയ്ക്കുണ്ടാകുന്ന തേയ്മാനങ്ങള്‍ പരിഹരിക്കുന്നതിനും അനിവാര്യമായ ഘടകമാണ് മാംസ്യം. കോശങ്ങള്‍ വളരുമ്പോള്‍ കൂടുതല്‍ മാംസ്യകണികകള്‍ ആവശ്യമായിവരുന്നു. കൂടാതെ വിവിധ ലവണങ്ങളും കോശനിര്‍മിതിയില്‍ പങ്കുവഹിക്കുന്നു. ദഹനത്തെയും ഊര്‍ജോല്‍പ്പാദനത്തെയും കോശവ്യൂഹങ്ങളുടെ നിര്‍മിതിയെയും ഉത്തേജിപ്പിക്കുന്ന മൂല്യങ്ങളാണ് അന്നജം, കൊഴുപ്പ്, മാംസ്യം, വിവിധ ലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയവ. ഈ പോഷകമൂല്യങ്ങള്‍ അപര്യാപ്തമാകുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും രോഗങ്ങള്‍ക്കടിമപ്പെടുകയും ചെയ്യുന്നു. വികലമായ ആഹാരശൈലി ഭക്ഷണശാസ്ത്രത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതകൊണ്ടാണെന്നോര്‍ക്കണം.

ഭക്ഷണശൈലിയിലെ താളപ്പിഴകളാണ് മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന് മുഖ്യ വൈദ്യശാസ്ത്രശാഖകളെല്ലാം ഒരേസ്വരത്തില്‍ പറയുന്നുണ്ട്. രോഗങ്ങളെ നേരിടാനും പിടിയിലൊതുക്കാനും ഒരുപക്ഷേ മരുന്നുകളെക്കാള്‍ ഫലപ്രദമായി ആരോഗ്യപൂര്‍ണമായ ഭക്ഷണശൈലിക്കു സാധിക്കുമെന്ന യാഥാര്‍ഥ്യം പല ബൃഹത്തായ പഠനങ്ങളിലൂടെയും വൈദ്യശാസ്ത്രസംഘടനകള്‍ സ്ഥിരീകരിക്കുകയാണ്. ഭക്ഷണംതന്നെ ചികിത്സ എന്ന സംജ്ഞ രൂപപ്പെടുകയാണ്. മരുന്നിനൊപ്പംനിന്ന് രോഗങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, മരുന്നുതന്നെയാണ് ചില ആഹാരങ്ങളെന്നും വെളിപ്പെടുകയാണ്. ശുദ്ധഭക്ഷണത്തിന്റെ ഔഷധമൂല്യത്തെ നാം അംഗീകരിക്കണം. ഹൃദ്രോഗം, പ്രഷര്‍, പ്രമേഹം, ഉദരരോഗങ്ങള്‍, മൈഗ്രേന്‍, അസ്ഥിക്ഷയം തുടങ്ങിയവയെ നല്ലൊരുപരിധിവരെ പ്രതിരോധിക്കാന്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണക്രമത്തിന് സാധിക്കുമെന്നോര്‍ക്കണം.

ഹൃദ്രോഗം വില്ലന്‍
മനുഷ്യനെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്ന അസ്വാസ്ഥ്യങ്ങളുടെ മുന്‍പന്തിയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത് ഹൃദ്രോഗംതന്നെ. പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ ഹൃദ്രോഗം ഒരു ജീവിതശൈലീരോഗംതന്നെ. അതായത് വികലമായ ജീവിതക്രമവും അപഥ്യമായ ആഹാരശൈലിയും ഒന്നിച്ചുചേരുമ്പോഴാണ് ഹൃദ്രോഗം ഉണ്ടാകുന്നതെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞു. ഹൃദയപ്രവര്‍ത്തനത്തിനു കടിഞ്ഞാണിടുന്ന കൊറോണറി ധമനികളുടെ ഉള്‍വ്യാസം ചെറുതായി ബ്ളോക്കുണ്ടാകാന്‍ സുപ്രധാന കാരണം രക്തത്തില്‍ കൊളസ്ട്രോള്‍ കുമിഞ്ഞുകൂടുന്നതുകൊണ്ടാണെന്ന് 1772ല്‍തന്നെ കണ്ടുപിടിക്കപ്പെട്ടു. അന്നുമുതല്‍ ഈ രംഗത്ത് ഗവേഷണനിരീക്ഷണങ്ങളുടെ പ്രളയംതന്നെ ഉണ്ടായി.

 

കേരളീയരില്‍ കൊഴുപ്പ് കൂടുന്നു
മലയാളികളുടെ കൊളസ്ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിക്കുന്നതായി ഈയടുത്തകാലത്തും കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. കേരളത്തിലെ മൃഗസംരക്ഷണവകുപ്പ് നടത്തിയ പഠനങ്ങള്‍പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികമായ അധ്വാനങ്ങളിലേര്‍പ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. ഒപ്പം കൊഴുപ്പേറിയ ഭക്ഷണപദാര്‍ഥങ്ങളായ ഫാസ്റ്റ്ഫുഡും ഫ്രൈയും പൊരിച്ചതും വറുത്തുതമായ മറ്റിനങ്ങളും ആര്‍ത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.

 സ്വന്തം പറമ്പിലെ കൃഷിയും വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താല്‍പ്പര്യവും സമയവും നഷ്ടപ്പെട്ട മലയാളികള്‍ എളുപ്പത്തില്‍ ലഭിക്കുന്ന  ഭക്ഷണപദാര്‍ഥങ്ങളെ അഭയംപ്രാപിച്ചുതുടങ്ങി. അങ്ങനെ ശുദ്ധസസ്യാഹാരം മാംസവിഭവങ്ങള്‍ക്കും മറ്റു കൃത്രിമ ഭക്ഷ്യവസ്തുക്കള്‍ക്കും വഴിമാറി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലുള്ള ഏകദേശം 50 ശതമാനം പേരിലും കൊളസ്ട്രോളിന്റെ അളവ് അതിരുകടന്നിട്ടുണ്ടെന്ന് 2013ല്‍ ഇവിടെ നടന്ന ഒരു പഠനം സ്ഥിരീകരിച്ചു. 30 വയസ്സ് കടന്ന സിംഹഭാഗം കേരളീയരും കൊളസ്ട്രോള്‍ രോഗികളായിത്തീരുന്നു. 14 വയസ്സില്‍ താഴെയുള്ള കുട്ടികളിലും കൊളസ്ട്രോള്‍ ക്രമംതെറ്റികാണുന്നു.

മായം കലരുന്നു
ഇന്ത്യന്‍ ഭക്ഷ്യവിപണിയില്‍ വേഗത്തില്‍ വിറ്റഴിക്കുന്ന പല ആഹാരപദാര്‍ഥങ്ങളിലും മായംകലരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ രുചിയും ഭംഗിയും വര്‍ധിപ്പിക്കാനും എളുപ്പം വിറ്റുപോകാനും പലതരം രാസവസ്തുക്കള്‍ കലര്‍ത്തുന്ന രീതി ആരോഗ്യരംഗത്ത് ഗുരുതര  പ്രശ്നങ്ങളുണ്ടാക്കും. ധാന്യങ്ങള്‍, പാല്‍, എണ്ണകള്‍, തയ്യാറാക്കിയ ഭക്ഷണം, കുപ്പിവെള്ളം, ശീതളപാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി തുടങ്ങി സുലഭമായ എല്ലാ ഭക്ഷ്യപദാര്‍ഥങ്ങളിലും മായം കലരുന്നുണ്ടെന്നുപറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന അജിനോമോട്ടോ അഥവാ മോണോസോഡിയം എല്‍ഗ്ളൂട്ടമേറ്റ് കലരാത്ത ഫാസ്റ്റ് ഫുഡില്ലെന്നുതന്നെ പറയാം.

(ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)

പ്രധാന വാർത്തകൾ
Top